Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൽഡിഎഫിൽ നിലവിലുള്ള ഘടകകക്ഷികളേക്കാൾ യോഗ്യത ഞങ്ങളുടെ പാർട്ടിക്കുണ്ട്; സ്‌കറിയാ തോമസിന്റെ പാർട്ടിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല; ജീവിതത്തിൽ ആരോടും ഒരുപൈസ രസീതുകൊടുത്തോ അല്ലാതെയോ വാങ്ങിയിട്ടില്ല: ബാലകൃഷ്ണ പിള്ളയുമായുള്ള അഭിമുഖത്തിന്റെ അവസാനഭാഗം

എൽഡിഎഫിൽ നിലവിലുള്ള ഘടകകക്ഷികളേക്കാൾ യോഗ്യത ഞങ്ങളുടെ പാർട്ടിക്കുണ്ട്; സ്‌കറിയാ തോമസിന്റെ പാർട്ടിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല; ജീവിതത്തിൽ ആരോടും ഒരുപൈസ രസീതുകൊടുത്തോ അല്ലാതെയോ വാങ്ങിയിട്ടില്ല: ബാലകൃഷ്ണ പിള്ളയുമായുള്ള അഭിമുഖത്തിന്റെ അവസാനഭാഗം

എം എസ് സനിൽകുമാർ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആർ ബാലകൃഷ്ണപിള്ളയുമായുള്ള അഭിമുഖത്തിന്റെ രണ്ടുഭാഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും രാഷ്ട്രീയത്തിലെ അഴിമതികളും വെളിവാക്കുന്നതായിരുന്നു പിള്ളയുടെ പരാമർശങ്ങൾ. യു.ഡി.എഫിലെ അഴിമതികൾ പുറത്തുകൊണ്ടുവരാൻ ഏതറ്റംവരെയും പോകുമെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കി. കെ.എം.മാണിക്കെതിരെയും അനൂപ് ജേക്കബിനെതിരെയും കെ.പി. മോഹനനെതിരെയും ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് മറുനാടനിലൂടെ പിള്ള ഉന്നയിച്ചത്. യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയോടൊപ്പം സഹകരിച്ചുപോകുകയാണ് പിള്ളയുടെ കേരള കോൺഗ്രസ്. എന്നാൽ പാർട്ടിയെ എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. പാർട്ടിയുടെ ഭാവിയെക്കുറിച്ച് പിള്ള സംസാരിക്കുന്നു.

എൽ.ഡി.എഫുമായി ചർച്ചകൾ നടന്നുവരികയാണെന്നാണ് പിള്ള വ്യക്തമാക്കുന്നത്. എൽ.ഡി.എഫിലെ മറ്റ് ഘടകക്ഷികളേക്കാൾ യോഗ്യത തങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ എൽ.ഡി.എഫ് വൈകാതെ സാധ്യമാകുമെന്നും ബാലകൃഷ്ണപിള്ള വിശ്വസിക്കുന്നു. അഭിമുഖത്തിലേക്ക്

  • എൽഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകൾ ഏതുവരെയായി? ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ടോ?

സ്വാഭാവികമായും ഉണ്ടാകുമല്ലോ. എൽഡിഎഫിലേക്ക് ഞങ്ങൾക്ക് വരാനുള്ള യോഗ്യത അതിൽ നിലനിൽക്കുന്ന പാർട്ടികളേക്കാൾ കൂടുതൽ ഉണ്ട്. അതുണ്ടാകുമെന്നുതന്നെയാണ് വിശ്വാസം.

  • സ്‌കറിയാ തോമസിന്റെ പാർട്ടിയിൽ ലയിച്ച് അതുവഴി എൽഡിഎഫിലെത്താം എന്ന തരത്തിൽ ചർച്ചകൾ നടക്കുന്നതായി വാർത്തകൾ വന്നല്ലോ?

കേരള കോൺഗ്രാസുകാർ എല്ലാംകൂടി ഒന്നിക്കും എന്നതിനെക്കുറിച്ച് ഈ പത്രങ്ങളിൽ വന്ന വാർത്തയല്ലാതെ എനിക്കൊന്നും അറിയില്ല. അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ല. മാത്രമല്ല അങ്ങനെ ഒരു ചർച്ച നടക്കണമെങ്കിൽ അതിന് ഇടതുപക്ഷ മുന്നണിയുടെ ഒരു പച്ചക്കൊടി കാണാതെ പറ്റില്ലല്ലോ.. ചർച്ച അവിടെ വച്ചല്ലേ ആദ്യം നടക്കേണ്ടത്. അവരുടെ മുന്നണിയിൽപ്പെട്ട കക്ഷിയല്ലേ? ആ കക്ഷിയിൽ ചേരണമെങ്കിൽ അവരൊരുമിച്ച്.. ഞങ്ങൾ മുന്നണി കക്ഷിയല്ലെങ്കിൽപോലും ഞങ്ങൾ മുന്നണിയുമായി യോജിച്ച് പോകുന്നവരല്ലേ.. അവർതമ്മിൽ ധാരണയുണ്ടാവണമെങ്കിൽ... പ്രധാന കക്ഷികളെല്ലാം മറ്റേ ഭാഗത്തുള്ള കക്ഷികളെല്ലാം അംഗീകരിക്കണ്ടേ... അങ്ങനെ ഒരു ചർച്ച നടന്നിട്ടില്ല.

  • അങ്ങനെ ഒരു ചർച്ച നടന്നിട്ടേയില്ല എന്നാണോ?

നടന്നിട്ടില്ല. അതൊക്കെ ഇത് നടക്കാതിരിക്കാൻവേണ്ടി കണ്ടുപിടിക്കുന്ന മാർഗ്ഗങ്ങളാണ്. സ്‌കറിയാ തോമസിന്റെ പാർട്ടിക്ക് 25 കോടി രൂപ വാഗ്ദാനം നൽകിയെന്ന വാർത്ത മാദ്ധ്യമസൃഷ്ടിയാണ്. ഞാൻ 25 കോടി രൂപ വിചാരിച്ചാൽ ഇനി എന്നെക്കൊണ്ട് ഉണ്ടാക്കാൻ കഴിയില്ല. വസ്തുവിറ്റാൽ ചിലപ്പോൾ കഴിയുമായിരിക്കും. പക്ഷേ, വാങ്ങാൻ ആരുമില്ല. ഞാനൊരു പൈസ തെരഞ്ഞെടുപ്പിന് പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ല. പാർട്ടി ഓഫീസ് ഫങ്ഷൻ ചെയ്യുന്നത് എനിക്ക് തിരുവനന്തപുരത്തുനിന്ന് കിട്ടുന്ന വാടകകൊണ്ടാണ്. പാർട്ടി ഓഫീസ് ഉണ്ടാക്കിയത് എന്റെ കാശ് കൊണ്ടാണ്. ഇതുവരെ ജീവിതത്തിൽ ആരോടും ഒരുപൈസ രസീതുകൊടുത്തോ രസീതുകൊടുക്കാതെയോ പാർട്ടി പ്രവർത്തനത്തിനുവേണ്ടി പിരിച്ചിട്ടില്ല. ആരെങ്കിലും ഒരാൾ, ഞാൻ പാർട്ടിക്ക് ഇത്ര രൂപ കൊടുത്തുവെന്ന് പറഞ്ഞാൽ ഞാൻ എന്റെ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാം.

  • രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യകാലത്ത് ഒരുപാട് അനുഭവങ്ങളുണ്ടാകുമല്ലോ?

ഉണ്ട്. അതിലേറ്റവും പ്രധാനം കേരള കോൺഗ്രസ് രൂപീകരിക്കുന്നതാണ്. ജോർജ്ജ് സാറും ഞാനും ചേർന്നാണ് പാർട്ടി രൂപീകരിച്ചത്. കോൺഗ്രസിന്റെ ധിക്കാരം. കേന്ദ്രത്തിന്റെ ഇടപെടൽ, അഴിമതി, വലിയ അഴിമതി ഉണ്ടായി. അഴിമതിക്കെതിരെ നിന്ന പി.ടി. ചാക്കോയേ പുറത്തായി. ആർ. ശങ്കറായിരുന്നു മുഖ്യമന്ത്രി. പക്ഷേ, ഇന്നത്തെ അഴിമതിയുമായൊക്കെ തട്ടിച്ചുനോക്കുമ്പോൾ ഒന്നുമല്ല അത്. ആകപ്പാടെ ചെറിയ ചെറിയ ചിലകാര്യങ്ങൾ. അതല്ലാതെ മന്ത്രിമാർ അഴിമതി ഒന്നും കാണിക്കില്ല. പി.ടി. ചാക്കോ ഇഷ്യു, മന്നത്തുപത്മനാഭന്റെ നിലപാടുകൾ, മധ്യതിരുവിതാംകൂറിൽ അന്നുണ്ടായ പ്രത്യേകമായ ചില പൊളിറ്റിക്കൽ ആയ വികാരങ്ങൾ. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുണ്ടായ തിക്തമായ അനുഭവങ്ങൾ. ഇങ്ങനെ കുറേകാര്യങ്ങളാണ് കേരള കോൺഗ്രസ് രൂപീകരണത്തിന് കാരണമായത്. നിങ്ങളോട് പറഞ്ഞാൽ വിശ്വസിക്കില്ല. വികാരം വർദ്ധിച്ച് പണമില്ലാതെ ആയപ്പോൾ വയലാറിൽ മണ്ണുവാരിക്കൊണ്ടുവന്ന് ഈ മണ്ണ് ഓരോ നുള്ള് കൊടുത്ത് ആ വികാരമുണർത്തി പ്രസംഗിച്ച് ഒരുരൂപ വീതം വാങ്ങിച്ച് വെളിയം ഭാർഗ്ഗവന്റെ 1957 ലെ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു.

അങ്ങനെ വരെ രൂപയുണ്ടാക്കി പ്രവർത്തിച്ചപ്പോൾ എന്നോട് കാണിച്ചത് ക്രൂരതയായിരുന്നു. എന്നെ അറ്റാക്ക് ചെയ്തു. കുത്തി. ഞാൻ മരിച്ചുപോയേനെ. വളരെ സീരിയസായിരുന്നു. അങ്ങനെയുള്ള സാഹചര്യം വന്നപ്പോൾ പിടിച്ചുനിൽക്കാൻ വേണ്ടിയാണ് കോൺഗ്രസിൽ പോയത്. അല്ലാതെ കോൺഗ്രസിന്റെ ആദർശങ്ങളിൽ ആകൃഷ്ടനായല്ല. അങ്ങനെ തെറ്റിദ്ധരിക്കരുത്. ഞാൻ മഹാത്മാഗാന്ധിയുടെ അഭിപ്രായക്കാരനാ. അതായത് കോൺഗ്രസ് ഇന്ന് ഇന്ത്യയിലെ കോൺഗ്രസിന്റെ കാര്യത്തെപ്പറ്റിയോ ചരിത്രത്തെ പറ്റിയോ പുലബന്ധം പോലും അറിയാത്ത ഒരു വിഭാഗം നേതാക്കളുടെ കൈയിലെത്തിയിരിക്കുവാണ് എന്തിനുവേണ്ടിയാണ് കോൺഗ്രസ് ഉണ്ടായതെന്ന്പോലും അവർക്ക് അറിയില്ല. സ്വത്ത് സമ്പാദനമാണ് രാഷ്ട്രീയമായ ലക്ഷ്യവും അധികാരവുമെന്ന് വിശ്വസിക്കുന്ന ആളുകളുടെ കൈയിൽ കോൺഗ്രസ് രാഷ്ട്രീയമെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയൊന്നും അത്രയും വലിയ കുഴപ്പമില്ല. അവിടെ അത് പറ്റില്ല. ഇപ്പോൾ ഞങ്ങളുടെ ചർച്ചകൾ നടക്കുകയാണ്. ഫലപ്രാപ്തിയിലെത്തുമെന്നുതന്നെയാണ് വിശ്വാസം.

(കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായ ആർ.ബാലകൃഷ്ണപിള്ളയുമായുള്ള അഭിമുഖം ഇവിടെ പൂർണ്ണമാകുന്നു.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP