Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്‌പെയ്‌സും ഫെയ്‌സും ഇല്ലാത്ത ചെറിയാൻ ഫിലിപ്പ് ഉമ്മൻ ചാണ്ടിയുടെ ചിലവിൽ അതുണ്ടാക്കാൻ ശ്രമിക്കുന്നു: എംഐ ഷാനവാസ് മറുനാടൻ മലയാളിയോട്‌

സ്‌പെയ്‌സും ഫെയ്‌സും ഇല്ലാത്ത ചെറിയാൻ ഫിലിപ്പ് ഉമ്മൻ ചാണ്ടിയുടെ ചിലവിൽ അതുണ്ടാക്കാൻ ശ്രമിക്കുന്നു: എംഐ ഷാനവാസ് മറുനാടൻ മലയാളിയോട്‌

കോട്ടയം: ഒരു എംഎൽഎ എന്നതിനപ്പുറം കാര്യമായ റോൾ ഇല്ലാതെ വലഞ്ഞ കെ മുരളീധരൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു റോളിലേക്ക് ഉയരാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു ചാരക്കേസിന്റെ പേരിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ എന്ന് വിമർശനം ഉയരവേ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വരെയും പലരും എത്തുന്നു എന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത്. കെ കരുണാകരനെ താഴെയിറക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയായിരുന്നു ചാരക്കേസ് എന്ന് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ മുൻ കോൺഗ്രസ്സ് നേതാവും ഇപ്പോൾ സിപിഎമ്മിന്റെ വിശ്വസ്തനുമായ ചെറിയാൻ ഫിലിപ്പ് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ചുക്കാൻ പിടിച്ചത് താനും എംഐ ഷാനവാസുമാണെന്ന ചെറിയാന്റെ പ്രസ്ഥാവനയെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നിഷേധക്കുറിപ്പു മാത്രം പുറത്തിറക്കി ഒഴിഞ്ഞ എംഐ ഷാനവാസ് മറുനാടൻ മലയാളിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മനസ്സ് തുറന്നു.


രാഷ്ട്രീയത്തിൽ ഫെയ്‌സും സ്‌പെയ്‌സും ഇല്ലാതെ അവസരം നോക്കി നടക്കുന്ന ചെറിയാൻ ഫിലിപ്പ് ഉമ്മൻ ചാണ്ടിയുടെ ചെലവിൽ അത് നേടാൻ ശ്രമിക്കുമ്പോൾ താൻ എന്തിന് നിന്നുകൊടുക്കണം എന്നതാണ് ഷാനവാസ് ഉന്നയിച്ച ചോദ്യം. 'ചാരക്കേസിൽ ഒരു കോൺഗ്രസ്സ് നേതാവും ഗൂഢാലോചന നടത്തിയിട്ടില്ല. സിപിഎമ്മിന്റെ അംഗത്വം പോലുമില്ലാതെ പിണറായി വിജയന്റെ ബലത്തിൽ മാത്രം കഴിഞ്ഞു കൂടുന്ന ചെറിയാൻ ഫിലിപ്പ് ഒരു വിവാദത്തിന്റെ തണലിൽ ആളാകാൻ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ചെറിയാൻ ഫിലിപ്പിന് മറുപടി പറഞ്ഞ് അയാളെ ആളാക്കാൻ ഞാനില്ല.'ഷാനവാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

'ചാരക്കേസും കരുണാകരന്റെ രാജിയുമായി യാതൊരു ബന്ധവുമില്ല. അതിശക്തമായ കോൺഗ്രസ്സ് ഗ്രൂപ്പ് വഴക്ക് നില നിൽക്കുന്ന സമയമാണിത്. കരുണാകരന്റെ ശൈലി മാറ്റത്തിനു വേണ്ടി വലിയ മുറവിളി നടക്കുന്നു. ആ സമയത്താണ് മാദ്ധ്യമങ്ങളിൽ ചാരക്കേസ് വരുന്നത്. കേരളത്തിലെ സാധാരണ ജനങ്ങളെപ്പോലെ തന്നെ ഞങ്ങൾ നേതാക്കളും ഇത് സത്യമാണെന്നാണ് വിശ്വസിച്ചത്. എന്നാൽ കരുണാകരന് അതിൽ ബന്ധമുണ്ടെന്ന് ആരും കരുതുകയോ ആരോപിക്കുകയോ ചെയ്തില്ല. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കുന്നത് വിവരക്കേടാണ്.'-ഷാനവാസ് പറഞ്ഞു.

  • അപ്പോൾ യാതൊരു വിധ ഗൂഢാലോചനകളും പ്ലാനിങ്ങുകളും അക്കാലത്ത് നടന്നില്ലേ?

ഗൂഢാലോചന എന്നാണോ അതിനെ പറയുക എന്നറിയില്ല. കരുണാകരനെ താഴെയിറക്കാൻ വേണ്ടി പല ആലോചനകളും നടന്നു. തിരുത്തൽവാദം ഉപേക്ഷിച്ച് ആന്റണി ഗ്രൂപ്പിൽ എത്തിയ ഞാനും അതിൽ പങ്കാളിയായിരന്നു. എന്നാൽ ചാരക്കേസ് ഒരിക്കലും ഒരു കാരണമായില്ല. ഗ്രൂപ്പ് ബലത്തിൽ മാറ്റം വരുത്തി കരുണാകരന്റെ പിന്തുണ കുറയ്ക്കുകയായിരുന്നു പ്രധാന അജണ്ട. 22 എംഎൽഎമാരുടെ പിന്തുണയിൽ നിന്നും 28ലേക്ക് ഉയർത്താൻ ഞാൻ അടക്കമുള്ളവർ വലിയ പങ്ക് വഹിച്ചു. അന്ന് രമേശും കാർത്തികേയനും കരുണാകരനു വേണ്ടി ആയിരുന്നു നിലനിന്നിരുന്നത്. ഇതു പക്ഷേ, ഗൂഢാലോചനയായിരുന്നില്ല. അന്നത്തെ ഗ്രൂപ്പ് സമവാക്യത്തിന്റെ ഭാഗമായിരുന്നു.

  • ആ ഗൂഢാലോചനയിൽ താനും പങ്കാളിയായിരുന്നു എന്നാണല്ലോ ചെറിയാൻ ഫിലിപ്പ് പറയുന്നത്?

ഞങ്ങൾ ഏഴുപേരായിരുന്നു അന്ന് നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അതിൽ ചെറിയാൻ ഇല്ലായിരുന്നു. അയാൾ ഇപ്പോൾ വെറുതേ പറയുന്നതാണ്. വെറുതെ ആളായി ഉമ്മൻ ചാണ്ടിയെ വലിച്ചിഴയ്ക്കാൻ അയാൾ നുണ പറയുകയാണ്. മറുപടി പോലും അർഹിക്കുന്നില്ല ചെറിയാൻ പറയുന്ന കാര്യങ്ങൾക്ക്.

  • ചാരക്കേസ് വ്യാജമായിരുന്നെ്ന് ഇപ്പോൾ തെളിയുമ്പോൾ അന്ന് കരുണാകരനോട് ചെയ്തത് തെറ്റായി പോയി എന്നു തോന്നുന്നില്ലേ?

ഞാൻ ആദ്യമേ പറഞ്ഞല്ലോ. ചാരക്കേസും കരുണാകരന്റെ രാജിയുമായി ഒരു ബന്ധവുമില്ല. കരുണാകരന്റെ ശൈലീമാറ്റമായിരുന്നു അന്നത്തെ ആവശ്യം. അതിനുവേണ്ടിയായിരുന്നു ഞങ്ങൾ നിലപാടെടുത്തത്. ആ നിലപാടിൽ ഒരു തെറ്റും ഉണ്ടായിരുന്നില്ല. ചാരക്കേസ് വ്യാജമാണെങ്കിൽ അതിനു ഉത്തരവാദികളായവരെ കണ്ടെത്തണം. കഥ മെനയാൻ മുന്നിട്ടിറങ്ങിയ മാദ്ധ്യമ പ്രവർത്തകരോട് മറുപടി ചോദിക്കണം.

  • താങ്കൾ പറയുന്നത് ചാരക്കേസിൽ ഒരു തരത്തിലും ഗൂഢാലോചന നടന്നില്ലെന്നാണോ?

കോൺഗ്രസ്സ് നേതാക്കളുടെ ഭാഗത്തു നിന്നും ഒരു തരത്തിലും ഗൂഢാലോചന നടന്നിട്ടില്ല. ഇല്ലാത്ത കഥയുണ്ടാക്കി ഗ്രൂപ്പ് വിരോധം തീർക്കുന്ന തരക്കാർ ആയിരുന്നില്ല ഞങ്ങൾ ആരും. കരുണാകരന്റെ നിലപാടിനോടും ശൈലിയോടും കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. അതിനെ മാത്രമാണ് ചോദ്യം ചെയ്തത്. ഗൂഢാലോചന വെറുംഭാവനാസൃഷ്ടി മാത്രമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP