Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച അദ്ധ്യാപകർക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് പട്ടികയിൽ കുവൈറ്റ് ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ പ്രിൻസിപ്പലും; കോട്ടയം സ്വദേശിയായ ഡോ വി ബിനുമോനും അവാർഡ് പട്ടികയിൽ ഇടംപിടിച്ചത് ശ്രദ്ധേമായ പ്രവർത്തനങ്ങളിലൂടെ

മികച്ച അദ്ധ്യാപകർക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് പട്ടികയിൽ കുവൈറ്റ് ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ പ്രിൻസിപ്പലും; കോട്ടയം സ്വദേശിയായ ഡോ വി ബിനുമോനും അവാർഡ് പട്ടികയിൽ ഇടംപിടിച്ചത് ശ്രദ്ധേമായ പ്രവർത്തനങ്ങളിലൂടെ

 മികച്ച അദ്ധ്യാപകർക്കുള്ള ഈ വർഷത്തെ രാഷ്ട്രപതിയുടെ അവാർഡ്ദാനം വ്യത്യസ്തതകൾ കൊണ്ട് ഏറെ ശ്രദ്ധേയമായി. സാധാരണ വർഷങ്ങളിൽ ദേശീയ അദ്ധ്യാപക ദിനത്തിൽ രാഷ്ട്രപതി നേരിട്ട് നൽകാറുള്ള നാഷണൽ ടീച്ചർ അവാർഡ് ഇത്തവണ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു ആണ് വിതരണം ചെയ്തത്. മാനവശേഷി വകുപ്പ്മന്ത്രി പ്രകാശ് ജാവഡേക്കർ, സഹമന്ത്രിമാരായ ശ്രീ. സത്യപാൽസിങ്, ശ്രീ. ഉപേന്ദ്ര കുശ്വാഹ, വകുപ്പ് സെക്രട്ടറി അനിൽ സ്വരൂപ് എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.

പതിവ് ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാർഡ് ജേതാക്കൾക്ക് രാഷ്ട്രപതി ഭവനിൽ ചുവന്ന പരവതാനി വിരിച്ച് സ്വീകരണം നൽകി. അതി വിശിഷ്ട ചടങ്ങുകൾ മാത്രം നടത്താറുള്ള ദർബാർ ഹാളിലായിരുന്നു രാഷ്ട്രപതിയുടെ വക സ്വീകരണം. ദർബാർ ഹാളിൽ ആദ്യമായി നടന്ന പ്രൗഢഗംഭീര അദ്ധ്യാപക അവാർഡ് ജേതാക്കളുടെ അനുമോദന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തിൽ, ലക്ഷക്കണക്കിനു വരുന്ന ഇന്ത്യൻ അദ്ധ്യാപകരുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അവാർഡ് ജേതാക്കളെ ഹാർദ്ദമായി അഭിനന്ദിക്കുകയുണ്ടായി. നാഷണൽ ബാലഭവൻ കുട്ടികളുടെ വക വിവിധ കലാപരിപാടികൾ ചടങ്ങിന് മോടിപിടിപ്പിച്ചു. തുടർന്ന് അശോകാ ഹാളിൽ നടന്ന ഗ്രൂപ്പ് ഫോട്ടോയിലും വിരുന്നു സൽക്കാരത്തിലും പങ്കെടുത്ത രാഷ്ട്രപതി തികഞ്ഞ ആതിഥ്യമര്യാദയോടെ ജേതാക്കളുടെ അടുത്തെത്തി കുശലം പറയുകയുണ്ടായി.

സി.ബി.എസ്.ഇ സ്‌കൂൾ പ്രിൻസിപ്പൽ വിഭാഗത്തിലെ രാഷ്ട്രപതിയുടെ നാഷണൽ ടീച്ചർ അവാർഡ്, കുവൈറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യാ നായിഡുവിൽ നിന്ന് ഏറ്റുവാങ്ങി. ഈ വർഷത്തെ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ വിജ്ഞാന ഭവനിൽ ചേർന്ന ചടങ്ങിൽ, ഇരുപത്തിനാലായിരത്തിലേറെ (24000) വരുന്ന സി.ബി.എസ്.ഇ. സ്‌കൂളുകളിൽ നിന്ന് ഡോ. വി. ബിനുമോനെ കൂടാതെ 15 പേർ കൂടി അവാർഡുകൾ സ്വീകരിച്ചു.

പ്രൈമറി, സെക്കണ്ടറി, സീനിയർ സെക്കണ്ടറി, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, ഐ.സി.റ്റി, സി.ബി.എസ്.ഇ. തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് ഏറ്റം മികച്ച പ്രകടനം കാഴ്ചവച്ചവർക്കാണ് അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ അവാർഡുകൾ നൽകുക.

എണ്ണായിരത്തിലധികം കുട്ടികൾ പഠിക്കുന്ന കുവൈറ്റ്, സാൽമിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ പ്രിൻസിപ്പലും സീനിയർ അഡ്‌മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ കോട്ടയം സ്വദേശിയാണ്. കുവൈറ്റിൽ ഇദംപ്രഥമമായി, രാജ്യത്തെ 22 സ്‌കൂളുകളിൽ മാറ്റുരച്ച ഇന്ത്യൻ സ്‌കൂൾസ് മെഗാ ആർട്ട്സ് ഫെസ്റ്റ് (കടങഅഎ) വിജയകരമായി സംഘടിപ്പിച്ചത് ഏറെ ജനശ്രദ്ധ ആകർഷിക്കുകയുണ്ടായി.

സി.ബി.എസ്.ഇ. കൗൺസിലർ, സി.ബി.എസ്.ഇ സ്‌കൂൾ അഫിലിയേഷൻ ഇൻസ്പെക്ഷൻ കമ്മറ്റി മെമ്പർ, സ്‌കൂൾസ് അക്രഡിറ്റേഷൻ പ്രിൻസിപ്പൽ എക്സാമിനർ സി.ബി.എസ്.ഇ. രജിസ്റ്റേർഡ് കൗൺസിലർ, നാഷണൽ ഓപ്പൺ സ്‌കൂൾ കോ-ഓർഡിനേറ്റർ, പരീക്ഷാ സെൻട്രൽ സൂപ്രണ്ട്, ഐ.എസ്.ഓ ഓഡിറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. ബിനുമോൻ പേഴ്സണാലിറ്റി ട്രെയിനർ, ഹിപ്നോതെറപ്പിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. 20 - ലേറെ വർഷത്തെ അദ്ധ്യാപന പരിചയമുള്ള ഡോ. ബിനുമോൻ തന്റെ അഞ്ചുവർഷത്തെ സാരഥ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിനെ പാഠ്യ-പാഠ്യേതര, കായിക-കലാരംഗങ്ങളിൽ രാജ്യത്തെ ഒന്നാംനിര സ്‌കൂളായി ഉയർത്തുകയുണ്ടായി.

എഡ്യൂക്കേഷനിൽ ഡോക്ടറേറ്റിനു പുറമെ MBA, M.Phil ഉൾപ്പെടെ ഏഴ് ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുള്ള ഡോ. വി. ബിനുമോന്റെ ഭാര്യ സീമ, സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയും മക്കൾ ശ്രീലക്ഷ്മി, ശ്രീപ്രിയ എന്നിവർ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ 6, 4 ക്ലാസ്സ് വിദ്യാർത്ഥികളുമാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്കു പുറമെ കുവൈറ്റ്, ബഹ്റിൻ, യു.എ.ഇ., സൗദി അറേബ്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ബർമ്മ, എത്യോപ്യ. ഇറാൻ, ലിബിയ, ഒമാൻ, നേപ്പാൾ, ഖത്തർ, ടാൻസാനിയ, നൈജീരിയ, വെസ്റ്റ് ആഫ്രിക്ക, റഷ്യ, യമൻ, ഇൻഡോനേഷ്യ, മലേഷ്യാ, സിംഗപ്പൂർ, ജപ്പാൻ, തായ്ലന്റ്, ഉഗാണ്ട എന്നീ രാജ്യങ്ങളിലും സി.ബി.എസ്.ഇ സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP