Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇക്കൊല്ലത്തെ എഴുത്തച്ഛൻ പുരസ്‌കാരം സി രാധാകൃഷ്ണന്; സാധാരണക്കാരന്റെ വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രങ്ങൾ വരച്ചു കാട്ടിയ എഴുത്തുകാരനു സർക്കാരിന്റെ ആദരം

ഇക്കൊല്ലത്തെ എഴുത്തച്ഛൻ പുരസ്‌കാരം സി രാധാകൃഷ്ണന്; സാധാരണക്കാരന്റെ വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രങ്ങൾ വരച്ചു കാട്ടിയ എഴുത്തുകാരനു സർക്കാരിന്റെ ആദരം

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന്. കേരളപ്പിറവി ദിനമായ ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം ഒന്നര ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.

പാരിസ്ഥിതിക ജാഗ്രതയോടെ കേരളീയ പ്രാദേശികതയെ സൂക്ഷ്മതലത്തിൽ അവതരിപ്പിക്കുന്നവയാണ് സി.രാധാകൃഷ്ണന്റെ രചനകൾ. നോവലിസ്റ്റ്, കഥാകാരൻ, സംവിധായകൻ, അദ്ധ്യാപകൻ, മാദ്ധ്യമ പ്രവർത്തകൻ എന്നിങ്ങനെ സാംസ്‌കാരികലോകത്തിന്റെ നിരവധി തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സർഗപ്രതിഭയാണ് അദ്ദേഹം. ശാസ്ത്രാന്വേഷണം ഒരേസമയം ഫിക്ഷനിലും ലേഖനങ്ങളിലും എങ്ങിനെ സമാന്തരമായി സന്നിവേശിപ്പിക്കാം എന്ന തുടരന്വേഷണവും ആധുനിക ഭാവുകത്വത്തോടുള്ള സംവാദവും സി. രാധാകൃഷ്ണന്റെ നടപ്പുവഴികളെ വേറിട്ടതാക്കുന്നു.

മനുഷ്യജീവിതത്തിന്റെ ആത്മസംതൃപ്തിയെയും ഉൾവിചാരങ്ങളെയും ഉൾവിചാരണകളെയും കുറിച്ച് മാനവികഭാഷ്യം ചമച്ച ഒരു രചനാലോകം സി.രാധാകൃഷ്ണൻ സൃഷ്ടിച്ചിട്ടുണ്ട്.

1939 ഫെബ്രുവരി 15ന് മലപ്പുറത്ത് പൊന്നാനി താലൂക്കിലെ ചമ്രവട്ടത്താണ് സി.രാധാകൃഷണൻ ജനിച്ചത്. അച്ഛൻ പരപ്പുർ മഠത്തിൽ മാധവൻ നായർ, അമ്മ ചക്കുപുരയ്ക്കൽ ജാനകി അമ്മ. കെ. വത്സലയാണ് ഭാര്യ. മകൻ ഡോ. കെ.ആർ. ഗോപാൽ. എല്ലാം മായ്ക്കുന്ന കടൽ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, പുഴ മുതൽ പുഴ വരെ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി, ഉള്ളിൽ ഉള്ളത്, തീക്കടൽ കടഞ്ഞ് തിരുമധുരം എന്നീ നോവലുകൾ പ്രസിദ്ധീകരണവേളയിൽത്തന്നെ ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജ്ഞാനപീഠസമിതിയുടെ മൂർത്തീദേവി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, പത്മപ്രഭാപുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP