Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാന മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച വാർത്താ അവതാരകൻ കെ ആർ ഗോപീകൃഷ്ണൻ, ടി വി റിപ്പോർട്ടർ ആശാ ജാവേദ്, ജനറൽ റിപ്പോർട്ടിങ് വിഭാഗത്തിൽ എസ് എൻ ജയപ്രകാശ്

സംസ്ഥാന മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച വാർത്താ അവതാരകൻ കെ ആർ ഗോപീകൃഷ്ണൻ, ടി വി റിപ്പോർട്ടർ ആശാ ജാവേദ്, ജനറൽ റിപ്പോർട്ടിങ് വിഭാഗത്തിൽ എസ് എൻ ജയപ്രകാശ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2014ലെ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി കെ സി ജോസഫാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. അവാർഡ് ജേതാക്കളുടെ പട്ടിക ചുവടെ. ജനറൽ റിപ്പോർട്ടിങ് എസ് എൻ ജയപ്രകാശ് (മാതൃഭൂമി), വികസനോന്മുഖ വാർത്ത മഹേഷ് ഗുപ്തൻ (മലയാള മനോരമ), ന്യൂസ് ഫോട്ടോ ബിമൽ തമ്പി (മാദ്ധ്യമം), കാർട്ടൂൺ, ടി കെ സുജിത് (കേരള കൗമുദി), ടിവി റിപ്പോർട്ടിങ് ആശാ ജാവേദ് (മനോരമ ന്യൂസ്), പ്രത്യേക പരാമർശം ടി വി പ്രസാദ് (ഏഷ്യാനെറ്റ്) ടി വി ന്യൂസ് എഡിറ്റിങ്, അനൂപ് കെ (ഏഷ്യാനെറ്റ്), പ്രത്യേക പരാമർശം ബിനോജ് എൻ (മനോരമ ന്യൂസ്), ടിവി ക്യാമറ സജീവ്.വി (മനോരമ ന്യൂസ്), ന്യൂസ് റീഡർ ഗോപീകൃഷ്ണൻ കെ ആർ (മീഡിയ വൺ).

ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രത്യേക ജൂറി പരാമർശത്തിന് പതിനയ്യായിരം രൂപയും പ്രശസ്തി പത്രവുമാണ് നൽകുക. ജനറൽ റിപ്പോർട്ടിംഗിന് മാതൃഭൂമി ദിനപത്രത്തിലെ ചീഫ് റിപ്പോർട്ടർ എസ് എൻ ജയപ്രകാശ് അർഹനായി. 2014 ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്നുവരെ പ്രസിദ്ധീകരിച്ച സെക്രട്ടേറിയറ്റ് വളരുന്നു: ഭരണം തളരുന്നു എന്ന ലേഖന പരമ്പരയാണ് അവാർഡ് നേടിയത്.

ഓരോ ഫയലും ഓരോ ജീവിതമാണ്, ഓരോന്നും ഓരോ പ്രതീക്ഷയാണ്, സ്വപ്നമാണ്, എന്നാൽ സെക്രട്ടേറിയറ്റ് എത്ര വളർന്നാലും ഫയലുകളിലെ തീരുമാനം ഇഴഞ്ഞു നീങ്ങും. സെക്രട്ടേറിയറ്റിലെ ചുവപ്പുനാടകൊണ്ട് മുറിവേറ്റ ജീവിതങ്ങളുടെ ദുരിതാനുഭവങ്ങൾ പറഞ്ഞാൽ തീരില്ല. ചുവപ്പുനാട ഒരിക്കലും അഴിയുകയുമില്ല എന്ന വസ്തുത ഈ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. വികസനോന്മുഖ റിപ്പോർട്ടിംഗിന് മലയാള മനോരമ സീനിയർ റിപ്പോർട്ടർ മഹേഷ് ഗുപ്തൻ തയ്യാറാക്കി മലയാള മനോരമയിൽ 2014 ഡിസംബർ എട്ട് മുതൽ 15 വരെ പ്രസിദ്ധീകരിച്ച വിസ്മയ ലങ്ക എന്ന ലേഖന പരമ്പരക്കാണ് അവാർഡ്. കേരളത്തിനു ശ്രീലങ്ക തരുന്ന വിനോദ സഞ്ചാര പാഠങ്ങളും ശ്രീലങ്കയുടെ ടൂറിസം മുന്നേറ്റത്തെക്കുറിച്ച് നടത്തിയ പഠനയാത്രാ റിപ്പോർട്ടുമാണ് ഈ ലേഖന പരമ്പര.

ന്യൂസ് ഫോട്ടോഗ്രാഫി വിഭാഗത്തിൽ മാദ്ധ്യമം ദിനപത്രത്തിൽ 2014 ഫെബ്രുവരി ഏഴിന് കാക്കിയുടെ കനിവിനായ് എന്ന അടിക്കുറിപ്പോടെ വന്ന ബിമൽ തമ്പിയുടെ ഫോട്ടോ അവാർഡിന് അർഹമായി. ബലപ്രയോഗത്തിലൂടെ പാലാരിവട്ടം ജനമൈത്രി പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച പൊലീസിന്റെ നടപടിയിൽ നിന്ന് രക്ഷനേടാൻ പൊലീസ് ഡപ്യൂട്ടി കമ്മീഷണറുടെ കാലുപിടിച്ച് യാചിക്കുന്ന ജസീറയാണ് ചിത്രത്തിൽ. കാർട്ടൂൺ വിഭാഗത്തിൽ 2014 മെയ് 18 ന് കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച ടി.കെ. സുജിത്തിന്റ കാർട്ടൂൺ അവാർഡിന് അർഹമായി.

ടിവി വാർത്താ വിഭാഗത്തിൽ മനോരമ ന്യൂസിൽ 2014 ഡിസംബർ 29, 30 തീയതികളിൽ സംപ്രേഷണം ചെയ്ത ആശാ ജാവേദിന്റെ ആദിവാസി എന്ന റിപ്പോർട്ടിനാണ് അവാർഡ്. ആദിവാസി മേഖലയിലെ കുട്ടികളിൽ പടരുന്ന അപൂർവ ജനിതക രോഗത്തെ ഫലപ്രദമായി ജനങ്ങളുടെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ഈ റിപ്പോർട്ടിന് കഴിഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൽ 2014 ജൂലായ് 27, 28, സെപ്റ്റംബർ അഞ്ച് തീയതികളിൽ സംപ്രേഷണം ചെയ്ത പ്രസാദ് ടി.വി.യുടെ ഹോർട്ടികോർപ്പ് സ്‌കാം ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ലഭ്യമാകേണ്ട പച്ചക്കറികൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് മറിച്ചുവിൽക്കുന്നതിനെ സംബന്ധിച്ച അന്വേഷണാത്മക റിപ്പോർട്ടിനാണ് പ്രത്യേക പരാമർശം. ടിവി ന്യൂസ് എഡിറ്റിങ് വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസിൽ 2014 ഫെബ്രുവരി എട്ടിന് സംപ്രേഷണം ചെയ്ത ടഫ് ടൈം എന്ന റിപ്പോർട്ടിന്റെ എഡിറ്റർ അനൂപ്.കെ അവാർഡിന് അർഹനായി.

വാർത്താ ശേഖരണത്തിനിടയിൽ ലഭിച്ച ഒരു ദൃശ്യത്തിന്റെ ചടുലമായ ചലനം അതിന്റെ എല്ലാ സജീവതയോടും പ്രേക്ഷകന്റെ ഉത്കണ്ഠ ഉണർത്തുന്ന വിധത്തിൽ എഡിറ്റിംഗിൽ കാണിച്ച മികവ് ഇതിൽ കാണാൻ കഴിയും. മനോരമ ന്യൂസിൽ 2014 മാർച്ച് അഞ്ചിന് സംപ്രേഷണം ചെയ്ത അപ്പൂപ്പൻ താടി എന്ന റിപ്പോർട്ടിന്റെ എഡിറ്റർ ബിനോജ്. എൻ ജൂറിയുടെ പ്രത്യേക പരാമർശം നേടി. താരതമ്യേന അപ്രധാനമായ ഒരു കാഴ്ചയെ ഒരു കഥ പറയുംവിധം അനുഭവമാക്കി മാറ്റുന്നതിൽ എഡിറ്റിങ് മികവ് ഈ എൻട്രിയിൽ കണ്ടതുകൊണ്ടാണ് പ്രത്യേക പരാമർശം നൽകിയിരിക്കുന്നത്. ടിവി ക്യാമറ വിഭാഗത്തിൽ ഭൂമാഫിയ എന്ന സ്റ്റോറി ചെയ്ത മനോരമ ന്യൂസിലെ ക്യാമറമാൻ സജീവ് വി അവാർഡിന് അർഹനായി.

മനോരമ ന്യൂസിൽ 2014 മെയ് എട്ടിന് സംപ്രേഷണം ചെയ്ത സ്റ്റോറിയിൽ കേരളത്തിന്റെ പലയിടങ്ങളിലും സാധാരണക്കാരുടെ ജീവിതത്തേയും പരിസ്ഥിതിയേയും ഭീഷണമായ വിധത്തിൽ ബാധിക്കുന്ന ഭൂമാഫിയയുടെ പ്രവർത്തനം പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിൽ ദൃശ്യങ്ങളിലൂടെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ന്യൂസ് റീഡർ വിഭാഗത്തിൽ മീഡിയ വൺ ചാനലിലെ ഗോപീകൃഷ്ണൻ കെ.ആർ 2014 ഒക്ടോബർ അഞ്ചിലെ സ്‌പെഷ്യൽ എഡിഷൻ ന്യൂസിലൂടെ ന്യൂസ് റീഡർ അവാർഡിന് അർഹനായി.

എൻ.പി. രാജേന്ദ്രൻ, സി. രാധാകൃഷ്ണൻ, അലക്‌സാണ്ടർ സാം (ജനറൽ റിപ്പോർട്ടിങ്), ഡോ. എം. ലീലാവതി, മണർകാട് മാത്യു, കെ.ജി. മുരളീധരൻ (വികസനോന്മുഖ റിപ്പോർട്ടിങ്), ഫിറോസ് ബാബു, ചിത്ര കൃഷ്ണൻകുട്ടി, രാജൻ പൊതുവാൾ (ന്യൂസ് ഫോട്ടോഗ്രാഫി), പി.വി. കൃഷ്ണൻ, രാജു നായർ, പ്രസന്നൻ ആനിക്കാട് (കാർട്ടൂൺ),സണ്ണിക്കുട്ടി എബ്രഹാം, എംപി. ബഷീർ, എ. സഹദേവൻ (ടിവി റിപ്പോർട്ടിങ്, എഡിറ്റിങ്, ക്യാമറ, ന്യൂസ് റീഡർ) എന്നിവരായിരുന്നു അവാർഡ് വിധിനിർണയ സമിതി അംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP