Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ദൈവങ്ങൾ പുനർവായിക്കപ്പെടുമ്പോൾ

ഇന്ത്യൻ ദൈവങ്ങൾ പുനർവായിക്കപ്പെടുമ്പോൾ

രോ കാലഘട്ടത്തിന്റെയും മനുഷ്യന്റെ സാമാന്യബോധമെന്നത് മതശാസ്ത്രദർശനങ്ങളുടെ കൂടിക്കലരലിന്റെ തോതിലാണ് നിലനിൽക്കുന്നത്. സത്യം കണ്ടുപിടിക്കുന്നവർ യുക്തിയുടെ പന്തത്തിന് തീ കൊളുത്തുകയാണെന്ന് ഇംഗർസോർ പറയുമ്പോൾ കുറച്ച് പേർക്കായി അറിവ് മൂടി വെയ്ക്കാൻ അവകാശമില്ലെന്ന് ഓർമ്മപ്പെടുത്തുകയാണ്.

ഗ്രന്ഥങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യൻ പാരമ്പര്യം സ്വയം അഭിമാനം പേറുമ്പോഴും അതിനെ സ്വകാര്യ സ്വത്തായി സൂക്ഷിക്കുകയായിരുന്നു. കർമ്മസിദ്ധാന്തത്തിലൂടെ ജാതിയെ അരക്കിട്ടുറപ്പിച്ച് പുനർജന്മത്തിന്റെ പേടിപ്പെടുത്തുന്ന കഥകൾ വിളമ്പി, മന്ത്രവാദത്തിന്റെയും, വേദാന്തത്തിന്റെയും, കൂടോത്തത്രത്തിന്റെയും ചേരുവകളിൽ ഭയത്തിന്റെ തത്വശാസ്ത്രം ഇളക്കിവിട്ട് ചില യാഥാർത്ഥ്യങ്ങൾ പോലും വളച്ചൊടിച്ചു. പുതിയ ദൈവങ്ങൾ, പുത്തൻ വിഭ്രമാനുഭങ്ങൾ, രോഗശാന്തി ശുശ്രൂഷകൾ, മനുഷ്യദൈവങ്ങളും, കച്ചവട ഭക്തിയും. അതിനിടയിലൂടെ വാരികൂട്ടുന്ന പണസൗധങ്ങൾ അങ്ങനെ ആധുനിക ഇന്ത്യയിൽ അന്ധവിശ്വാസത്തിന്റെ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഭാരതീയ ജീവിതത്തിന്റെ അന്തർധാര എന്നത് അതിന്റെ പുരാണങ്ങളും ഇതിഹാസങ്ങളും ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളുമാണ്.

ഓരോ കാലഘട്ടവും അതിനെ അതിന്റേതായ രീതിയിൽ വ്യാഖ്യാനിക്കുകയും സാമൂഹ്യജീവിതത്തിൽ നടപ്പിലാക്കുകയും ചെയ്തു. എന്നാൽ ദൈവങ്ങളും ക്ഷേത്രങ്ങളും ഇത്രമാത്രം സ്വാധീനം ചെലുത്തിയ മറ്റൊരു സമൂഹം ലോകചരിത്രത്തിൽ എവിടെയും കാണാനുണ്ടാവില്ല. ഇന്ത്യൻ പുരാണഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാനും പഠിക്കാനുമായി ഞങ്ങളുടെ ജീവിതത്തെ തന്നെ ചിലവഴിച്ച നിരവധി സ്വദേശികളെയും വിദേശികളെയും കാണാൻ കഴിയും.

ഭാരതീയ സംസ്‌കാരത്തിന്റെ പൊതു സ്വാഭാവമെന്നത് കുടിയേറ്റങ്ങളിലൂടെയും അതിന് നേരിടേണ്ടി വന്ന അക്രമണങ്ങളിലൂടെയും ഉരുവായി വന്നതാണ്. അതുകൊണ്ട് തന്നെ അതിന്റെ വ്യത്യസ്തതയും ആഴവും മറ്റൊരു നാടിനും അവകാശപ്പെടാനുമാവില്ല. ഇങ്ങോട്ടു കടന്നു വന്ന പല ആക്രമണകാരികൾക്കും സേനാനായകന്മാർക്കുമെല്ലാം പിന്നീട് ചരിത്രം ഇതിഹാസപദവികളാണ് കല്പിച്ചു നൽകിയിരിക്കുന്നത്. ഓരോ ജനതയെയും സംരക്ഷിച്ചു പോന്ന നേതാക്കന്മാരെ കാലഘട്ടം പലപ്പോഴും ദൈവിക പദവികളിലേക്ക് കൈ പിടിച്ച് ഉയർത്തി.
ഇടിമിന്നലുകൾ ഉണ്ടാവുന്നത് ദേവേന്ദ്രൻ വാളു വീശുമ്പോൾ ആണെന്നും, ഐരാവതത്തിന്റെ അലർച്ചയാണ് ഇടിമുഴക്കമെന്നും വിശ്വസിച്ചു കൊണ്ടിരുന്ന ഒരു ജനതയുടെ മുമ്പിലേക്കാണ് കായിക അഭ്യാസങ്ങളിൽ നിപുണരും, ബുദ്ധിപരമായ കഴിവുകൾ ഉള്ള നേതാക്കന്മാർക്ക് ദൈവിക പദവികൾ കൈവശം വന്നു ചേരുന്നത്.

ആധുനിക ലോകത്തിന്റെ ചരിത്രവീക്ഷണങ്ങളിലൂടെ ഇന്ത്യയുടെ തന്നെ ഏറ്റവും ഉഗ്രപ്രതാപിയായ ദൈവസങ്കൽപ്പത്തെ പുനർവായിക്കുകയാണ് 'മെലൂഹയിലെ ചിരഞ്ജീവികൾ' എന്ന ഗ്രന്ഥത്തിലൂടെ അമീഷ് ത്രിപാഠി. തിബിന്റെ താഴ്‌വാരങ്ങളിൽ നിന്ന് സാംസ്‌കാരികവും സാമ്പത്തികവുമായി വാകാസം പ്രാപിച്ച മെലൂഹ എന്ന സംസ്‌കാരത്തിലേക്ക് കുടിയേറുന്ന ശിവൻ എന്ന പച്ചയായ മനുഷ്യൻ തന്റെ കർമ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന, രക്ഷകനാകുന്ന കാഴ്ചയാണ് അമീഷ് അവതരിപ്പിക്കുന്നത്.
ഉഗ്രപ്രതാപി, ദുഷ്ടനിഗ്രഹകൻ, സമ്പൂർണ്ണനർത്തകൻ, സർവ്വശക്തൻ എന്നിങ്ങനെയുള്ള നിരവധി വിശേഷണങ്ങളിൽ നിന്നുകൊണ്ടു തന്നെ സാധാരണ ഗോത്രവർഗ്ഗ നേതാവിന്റെ ഭാവവും രൂപവു ഉള്ള കർമ്മം മൂലം ഈശ്വരരൂപം പ്രാപിച്ച ഒരു മനുഷ്യനെയാണ് ഇവിടെ കാണാൻ കഴിയുന്നത്. അതിശയോക്തികൾക്കും അതി ദൈവികതയ്ക്കും ഇടയിൽ ജീവിച്ചിരുന്ന ഒരു നേതാവിന്റെ സമൂഹത്തിനോടും ജീവിതത്തിനോടുമുള്ള കാഴ്ചപാടുകളാണ് ഇത്.

സാധാരണ വായിക്കപ്പെടാറുള്ള പുരാണ കഥാസന്ദർഭങ്ങളിലെ ദൈവിക ശക്തിയല്ല ഇവിടെ കാണാൻ കഴിയുന്നത്. മറിച്ച് പ്രതിഭാശാലിയായ മനുഷ്യന് ജീവിതത്തിന്റെ വിവിധ സന്ദർഭങ്ങളിൽ നേരിടേണ്ടിവരുന്ന വിഷമ ഘട്ടങ്ങളാണ്. അതിൽ പ്രണയവും, മരണവും, കാമവും, പോഗവും എല്ലാം കൂടിക്കലരുന്നു. ഇങ്ങനെയുള്ള ഓരോ ഘട്ടങ്ങളെയും എങ്ങനെ ധർമ്മാനുസരണം കൈകാര്യം ചെയ്യണം എന്നതിന്റെ ഉദാഹരണം കൂടിയാണ് ശിവൻ.

പുരാണിക് ഘട്ടത്തിൽ ഇന്ത്യൻ ജീവിതം എത്രമാത്രം വികസിച്ചിരിക്കുന്നു എന്നതിനെ സംബന്ധിച്ച് നിരവധി ചരിത്രഗ്രന്ഥങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കാശ്മീരിനോട് ചേർന്ന് എല്ലാവിധ നാഗരിക മോടികളോടും ചേർന്ന് വികാസം പ്രാപിച്ച മെലൂഹ എന്ന നഗരവും അതിലെ നിയമാനുസരണം ജീവിക്കുന്ന ജനതയും അവരെ 'നാഗൻ'മാരും അതിശയോക്തികൾക്കപ്പുറം പുരാതന ജീവിതത്തിന്റെ നേർക്കാഴ്ചകളാകുന്നു. എല്ലാവിധ സുഖസൗകര്യങ്ങളും സൈനിക ശക്തിയും ഉണ്ടെങ്കിലും തങ്ങളെ പ്രചോദിപ്പിക്കാനും നയിക്കാനുമായി എത്തുന്ന യഥാർത്ഥ നായകനെയാണ് ശിവനിൽ മെലുഹ നിവാസികൾ കാണുന്നത്.

എല്ലാ ദൈവങ്ങളും ഒരിക്കൽ മനുഷ്യനായിരുന്നു എന്ന ആശയത്തിൽ ഊന്നിയാണ് ഈ പുസ്തകം വായിക്കപ്പെടേണ്ടത്. അവരുടെ 22 കോടിയിൽ പരം വിറ്റുവരവിലുണ്ടായ 14ൽ പരം ലോകഭാഷകളിലേയ്ക്കാണ് ഇത് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. മലയാളത്തിൽ പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഗ്രന്ഥം രാജൻ തുവരയാണ് വിവർത്തനം ചെയ്തത്.

ഒരു ചരിത്ര ഗ്രന്ഥത്തിന്റെ ആധികാരികതയോ, വിശദീകരണങ്ങളോ, ഒരു നോവലിന്റെ വലിച്ചുവാരലോ ഇല്ലാതെ കാലഘട്ടത്തിനെയും മനുഷ്യജീവിതത്തിനെയും എങ്ങനെയാണ് ദൈവിക സങ്കൽപ്പങ്ങൾക്ക് ഉള്ളിൽ നിന്ന് ചിത്രീകരിക്കാം എന്നുള്ളതിന്റെ നേർസാക്ഷ്യമാകുന്നു ഈ ഗ്രന്ഥം. 'കൃഷ്ണൻ' എന്ന യാദവ നായകനെയും 'അയ്യപ്പൻ' എന്ന സങ്കൽപത്തിനെയും മനുഷ്യ നന്മയ്ക്കായി വാർത്തെടുത്ത ഇന്ത്യൻ മസ്തിഷ്‌കങ്ങൾക്ക് ഉള്ളിൽ നിന്നുള്ള അഭൗമമായ മറ്റൊരു പുനർവായനയാകുന്നു മെലൂഹയിലെ ചിരഞ്ജീവികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP