Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിജയപ്രദമായ വ്യക്തിത്വത്തെ കൈവരിക്കാൻ...

വിജയപ്രദമായ വ്യക്തിത്വത്തെ കൈവരിക്കാൻ...

 (കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ പ്രക്ടിക്കൽ വിസ്ഡം എന്ന പുസ്തകത്തിലെ ഒരുഭാഗം)

''ഒരു വിജയപ്രദമായ വ്യക്തിത്വത്തെ താങ്കൾക്ക് നിർവ്വചിക്കാമോ?'' അതൊരു അപ്രതീക്ഷിതമായ ചോദ്യമായിരുന്നു. അതിന് ഞാൻ നൽകിയ ഉത്തരം എനിക്ക് പൂർണ്ണമായും തൃപ്തിനല്കുന്നതുമായിരുന്നില്ല. അതിനുശേഷം ഒരുപാടു നാളുകൾ ഒരു വിജയപ്രദമായ വ്യക്തിത്വത്തിന്റെ കൃത്യമായ നിർവ്വചനമെന്തെന്ന് കണ്ടെത്താൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആ വ്യക്തി ഒരു വ്യാപാരിയോ വ്യവസായിയോ മാനേജരോ സൂപ്പർവൈസറോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ ആകട്ടെ. നിരവധി നേതാക്കളെയും പല വിജയപ്രദവ്യക്തികളെയും ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചതിന്റെ ഫലമായി വിജയപ്രദമായ വ്യക്തിത്വത്തെ വിലയിരുത്തുന്നതിനുള്ള നാല് പ്രമാണങ്ങളിലേക്ക് ഞാൻ ചെന്നെത്തി. താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായിരുന്നു വിലയിരുത്തലിന്റെ അടിസ്ഥാനം.

1. ആ വ്യക്തിക്ക് വേണ്ടത്ര മാനസിക സമാധാനവും സന്തോഷവും ഉണ്ടോ?

2. പ്രായത്തിന്റെ പരിഗണനയോടെ ആ വ്യക്തി ശാരീരികമായി ആരോഗ്യവാനാണോ?

3. ആ വ്യക്തിയെ സമൂഹം സ്വീകരിക്കുന്നുണ്ടോ?

4. ആ വ്യക്തി സാമ്പത്തികമായി സുസ്ഥിരതയുള്ളവനാണോ?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം 'അതെ' എന്നാണെങ്കിൽ തീർച്ചയായും അയാൾ വിജയപ്രദമായ വ്യക്തിത്വമുള്ളവനായിരിക്കും. ഈ ചോദ്യങ്ങളിൽ ഒന്നിനുപോലും ഉത്തരം അല്ല എന്നാണെങ്കിൽ അയാൾ വിജയപ്രദമായ വ്യക്തിത്വമുള്ളവനല്ല. പണമാണ് പ്രധാനമായും വിജയിയെയും അല്ലാത്തവനെയും നിർണ്ണയിക്കുന്നതെന്നാണ് പലരും കരുതുന്നത്. എന്റെ അഭിപ്രായത്തിൽ പണം വ്യക്തിത്വവിജയത്തിന്റെ നാലിലൊരു അംശം മാത്രമാണ്. 'കുറഞ്ഞ സൗകര്യത്തിൽപ്പോലും സന്തുഷ്ടനായിരിക്കുന്നവനാണ് യഥാർത്ഥധനവാൻ' എന്ന മനോഹരമായ ഒരു വാചകം ഞാനൊരു പുസ്തത്തിൽ വായിച്ചതായി ഓർക്കുന്നു. അതിസമ്പന്നരായ ചിലരെ നിങ്ങൾ കണ്ടിട്ടുണ്ടാകാം. പക്ഷേ, അവർക്ക് മാനസികസമാധാനവും സന്തോഷവും ഉണ്ടായിക്കൊള്ളണമെന്നില്ല. ലോകത്തെ ഏറ്റവും വിലപിടിച്ച മെത്തപോലും അയാൾക്ക് സുഖനിദ്ര നല്കുകയില്ല. ലോകം മുഴുവൻ കീഴടക്കിയിട്ടും സമാധാനമായി ഉറങ്ങാൻ നിങ്ങൾക്കായില്ലെങ്കിൽ പിന്നെ എന്താണ് കാര്യം?

മറ്റൊരു വിഭാഗം ആളുകൾ അവരുടെ ആരോഗ്യനില അവഗണിച്ച് പണത്തിനു പിന്നാലെ പായുന്നു. അവർക്കൊരുപക്ഷേ, നല്ല ബാങ്ക്‌ബാലൻസുണ്ടാകാം. അടുത്ത തലമുറയ്ക്കുകൂടി ഉപയോഗിക്കാൻ വേണ്ട അത്രയും. പക്ഷേ, ധനസമ്പാദനത്തിനിടയിൽ ഈ പാവം മനുഷ്യർ രക്തസമ്മർദ്ദം, ആമാശയപ്പുണ്ണ്, കഴുത്തുവേദന തുടങ്ങിയ രോഗങ്ങളും സമ്പാദിക്കുന്നു. അവർ വിജയപ്രദമായ വ്യക്തിത്വങ്ങളാണെന്ന് നമുക്കു പറയാനാകുമോ? തീർച്ചയായും അല്ല. മറ്റൊരു വിഭാഗം ആളുകൾ കള്ളക്കടത്ത്, കരിഞ്ചന്ത, അഴിമതി എന്നിവപോലുള്ള മാർഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നു. അവർക്ക് ഈ ചോദ്യങ്ങളിൽ നാലിൽ മൂന്നംശവും നേടാനായേക്കാം. പക്ഷേ, സാമൂഹ്യസമ്മതി അവർക്കുണ്ടാകുമോ?

ഞാൻ സ്വയം നിരീക്ഷിക്കുമ്പോൾ എനിക്ക് നല്ല രീതിയിലുള്ള മാനസികസമാധാനവും സന്തോഷവും ഉണ്ടെന്ന് കണ്ടെത്തുന്നു. എനിക്ക് രാത്രിയിൽ നല്ല ഉറക്കവും ലഭിക്കുന്നുണ്ട്. എന്റെ പ്രായത്തിലുള്ളവരേക്കാൾ ശാരീരികാരോഗ്യമുള്ളവനാണ് ഞാൻ എന്ന് പറയുമ്പോൾ ആത്മപ്രശംസ നടത്തുകയാണെന്ന് ദയവായി കരുതരുത്. സാമൂഹ്യസ്വീകാര്യതയുള്ളവനാണോ ഞാൻ? നിങ്ങൾതന്നെ തീരുമാനിക്കൂ.

( വിജയക്കുതിപ്പിൽ മുൻപന്തിയിലുള്ള വി-ഗാർഡിന്റെ മാനേജിങ്ങ് ഡയറക്ടർ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ചിന്തകൾ , നിരീക്ഷണങ്ങൾ , വിലയിരുത്തലുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കുറിപ്പുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം .സ്വന്തം അനുഭവത്തിൽ നിന്ന് കണ്ടെത്തിയ പാഠങ്ങൾ , വിവിധ മേഖലകളിൽ വിജയം നേടിയവരെക്കുറിച്ചുള്ള വിശകലനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിരിക്കുന്നു.)

Book Title (Category) : Practical Wisdom
Author: Kochouseph Chittilappilly
Publisher: DC Life(DC Books)
ISBN :81-264-1033-7
Price :140

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP