Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മൂന്നാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മൂന്നാം ഭാഗം

ജീ മലയിൽ

വിനോദിന്റെ ഉള്ളം വിങ്ങിപ്പൊട്ടി. ഫിലിപ് ലൂക്കോസ് തറയിൽ മലർന്നടിച്ചു വീണു കിടക്കുന്ന രംഗവും അവന്റെ ഞരക്കവും മറക്കാൻ ശ്രമിച്ചിട്ടും അതു കണ്മുമ്പിൽ നിന്നും മറയുന്നില്ല. അവൻ തലയടിച്ചു വീണപ്പോൾ തന്റെ തലയടിച്ചതുപോലെയാണ് വിനോദിനു തോന്നിയത്. എന്തൊരു വേദനയാണ് അപ്പോൾ താൻ അനുഭവിച്ചത്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ഇത്രയൊക്കെ ക്രൂരത കാട്ടാൻ കഴിയുമോ? അതും ഈ ഇളം പ്രായത്തിൽ.

ഫിലിപ് ലൂക്കോസ് ആദ്യമായി മാഷിന്റെ പിടിയിൽപ്പെട്ടു കൊടുംപീഡനം അനുഭവിച്ച സംഭവങ്ങൾ അറിഞ്ഞ നാളിലും വിനോദ് ഉറങ്ങിയിരുന്നില്ല. അവൻ വല്ലാതെ അസ്വസ്ഥനാകുകയും ചെയ്തു. തല പോട്ടിച്ചിതറുന്നതുപോലെയാണ് അന്നും അനുഭവപ്പെട്ടത്. അത് എപ്പോഴൊക്കെ ഓർമ്മയിൽ വരുന്നോ അപ്പോഴൊക്കെ അതേ വേദന.. അതേ വിങ്ങൽ അനുഭവപ്പെടുന്നു. തലയാകെ വിങ്ങിവിങ്ങി പോട്ടുന്നതുപോലെ തോന്നും.

ആ ദിവസം സന്ധ്യ കഴിഞ്ഞിരുന്നു. കഞ്ചാവിന്റെ ലഹരി നിറഞ്ഞുനിന്നിരുന്ന ആരാവിന്റെ ഗന്ധമേറ്റു മോഹോലസ്യപ്പെട്ടു വീണുപോയ സന്ധ്യ. മാദക മോഹന സ്വപ്നങ്ങളുടെ സാക്ഷാൽക്കാരത്തിൽ പുളകിതമാകുന്ന രാവുകളിൽ മാദകപുഷ്പങ്ങൾ വിടരുകയും നാലുപാടും സൗരഭ്യം ഒഴുക്കി വാടിത്തളരുകയും ചെയ്യുന്നു. അന്നും അതുപോലെ തന്നെ.

സന്ധ്യക്കുതുടങ്ങിയ ആഘോഷമാണ്. അവർ ആനന്ദിക്കുകയാണ്. വ്യർത്ഥമായൊരു സ്വർഗ്ഗീയാനുഭൂതിയിൽ ആ സുഖം നുണഞ്ഞു ലയിച്ചില്ലാതാവുകയാണ്. മേനിയിലെ എല്ലാ കോശങ്ങളിലും ലഹരിയുടെ മനം കുളിർപ്പിക്കുന്ന തലോടലേറ്റ്, ഇഹലോകത്തിലെ ഓരോ കോണിലുംആടിക്കളിക്കുന്ന അനുഭവം നുകരുകയാണ്. എല്ലാവരും ഓരോ തരിയായി പരിണമിച്ചു പറക്കുകയാണ്. ചിലർ ഈ ഭൂവിലെ സ്വർഗ്ഗത്തിലേക്ക്. മറ്റു ചിലർ മൂഢസ്വർഗ്ഗത്തിലേക്ക്. സ്വർഗ്ഗീയാനുഭൂതിയിൽ സമഞ്ജസമായി ലയിച്ചുചേരുന്ന മാദകാനുഭൂതി. അണ്ഡകടാഹത്തിന്റെ ഓരോ ദിശയിലേക്കുംമാറിമാറിഒഴുകി നടക്കുന്ന പ്രതീതി.

കഞ്ചാവിന്റെ ലയവിന്യാസം പരന്നൊഴുകിക്കൊണ്ടേയിരുന്നു. താളലയങ്ങളുടെമേളക്കൊഴുപ്പിൽ അവർ പാടിത്തുടങ്ങി.

''പുക തായോ പുക, എന്തോ..........,
ഗഞ്ജാവിൻ പുക, ഹോഹോാാ...........,
ഈപുകയിലെ സുഖം,ഹാഹാ.......,
ലയസുഖമയം, ഹാഹാ........ഹാഹാഹാ.......,
പുക തായോ പുക, എന്തോ..........,
മിട്ടി ജായെ ഹം.........., എന്തെന്തോ..............,
ഈ ഗഞ്ജാവിൻ പുക,സുഖംസുഖംസുഖമേ...........,
പരമാനന്ദമേ........, ഹാഹാ.....ഹാഹാഹാ......''

പാട്ടിനു ശേഷവും ഒരുവൻ ഒട്ടും ബോധാമില്ലത്തവനെപ്പോലെ മേശയുടെ പുറത്ത് ശക്തിയായി താളം കൊട്ടിക്കൊണ്ടേയിരിക്കുന്നു.

അവരുടെ കൂട്ടത്തിലുള്ള ആർക്കും ബോധത്തിന്റെ നേരിയ കണിക പോലുമില്ല എന്ന് അവരുടെ പാട്ടും ചലനങ്ങളും സ്പഷ്ടമായി ഓതിക്കൊണ്ടിരിക്കുന്നു. കരങ്ങളിൽ നിന്നും കരങ്ങളിലേക്ക്, ആ ആനന്ദത്തിന്റെ നിർവ്വചിക്കാനാവാത്ത സുഖംപ്രദാനംചെയ്യുന്ന പുകച്ചുരുളുകൾ തെന്നി നടക്കുന്നു.

കണ്ടാൽ ക്രൂരനായഒരുവൻ സിഗററ്റിലെ ചുക്ക മാറ്റി അതിന്റെ സ്ഥാനത്തു ലഹരിയില പൊടിച്ചു നിറയ്ക്കുന്നു. നിറയുന്നത്തന്റെന്ന മുമ്പിലേക്കു നീണ്ടുവരുന്നകൈകളിലേക്കുനല്കുന്നു.

വലിയൊരു റൗഡി മീശ അയാളുടെമുഖത്തു വിരാജിക്കുന്നു. കണ്ണുകൾ ഉക്കന്റെ മാതിരി കലങ്ങി മറിഞ്ഞു ചുവന്നു കിടക്കുന്നു. അവ പാതിയടഞ്ഞുമിരിക്കുന്നു. രാഹുലേയൻ എന്നാണു പേരെങ്കിലും ആ നാമം ചൊല്ലി ആരും അയാളെ വിളിക്കാറില്ല. രാഹു എന്നാണു കോളേജിൽ അറിയപ്പെട്ടിരുന്നതെങ്കിലും ഫൈനൽ ഇയർ വിദ്യാർത്ഥിയായ അയാളെ മാഷ് എന്നാണു സഹപാഠികൾ എല്ലാവരും വിളിക്കുന്നത്. കോളേജിൽ എത്തിയിട്ടു എട്ടുവർഷംകഴിഞ്ഞിരിക്കുന്നു. ആ കോളേജിൽ അപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവരുടെ എല്ലാം സീനിയർ. അതിനാൽ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ആൾ. എല്ലാവരും ഭയപ്പെടുന്നവൻ.

'ഒ...ന്നൂ...ടെ താ.... മാ...ഷേ' അവരുടെയെല്ലാം മാഷിനോട്, ആ ഭൂസ്വർഗ്ഗത്തിലെ നാഥനോട് ഒരുവന്റെ നിർവ്വികാരമായ ക്ഷീണിച്ച അസ്പഷ്ടമായ അപേക്ഷ. അയാളുടെ കയ്യിലേക്ക് മാഷ് ഒരു സുഖദായക സിഗററ്റു കൂടി നല്കി. അതിന്റെ പുകച്ചുരുളുകൾ അയാളുടെ വിരലുകൾക്കിടയിലൂടെ ഒഴുകി അവിടമാകെനൃത്തം ചവിട്ടി. അത് അവരുടെ ഉള്ളിലേക്കു കടന്ന് മസ്തിഷ്‌കത്തിന്റെ നാഡിഞരമ്പുകളിൽ ലയിച്ചു ചേർന്നു.

'മാഷ് അറിഞ്ഞോ, മാഷിന്റെ ശത്രു ഗണത്തിൽനിന്നും ഒരുവൻ എത്തിയിട്ടുണ്ട്.' അപ്പോൾ ഓർത്തതുപോലെ പെട്ടെന്നായിരുന്നു ഭദ്രൻ പറഞ്ഞത്.

'ആര്.....ത്?' ഒരു കിണുങ്ങിയ ചിരിയോടെ മാഷ് ആകാംക്ഷാപൂർവ്വം അന്വേഷിച്ചു.

'മാഷുമായിട്ട് ഉടക്കിയിട്ടു പോയ അവനുണ്ടല്ലോ.' അയാൾ ഒന്നു നിർത്തിയിട്ട് ആലോചിച്ചു. 'കഴിഞ്ഞ വർഷം ഇവിടെ പഠിച്ച ആതൊമ്മി.'

മാഷിന്റെ മുഖഭാവം വേഗം മാറി. അതുക്രൂരമായി. ആ ഭാവത്തിൽ കിലുങ്ങി ഒന്നു ചിരിച്ചു. കോപം കൊണ്ടു ചുവന്നമാഷ് ചോദിച്ചു. ''..വന്റെ ..........?''

' അവന്റെ ഒരു കസിൻ'

' ആ പാർട്ടിനെ ഒന്നു പിടിക്കണല്ലോ. ..ന്നു വിളിച്ചൊണ്ടു വര്വോ?' മാഷ് കുണുങ്ങി ചിരിച്ചു. ആ ചിരിയിൽ വല്ലാത്തൊരു പക തെളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.

' ഇപ്പം കൊണ്ടുവരാം മാഷേ.'പറഞ്ഞിട്ട് ഭദ്രൻ ഇറങ്ങി ഓടി.

മിനിറ്റുകൾക്കകം ആ ഒന്നാം വർഷ വിദ്യാർത്ഥി ഹാജരാക്കപ്പെട്ടു. എന്തിനാണു തന്നെ കൊണ്ടു വന്നതെന്നറിയാതെ അവൻ അവരുടെ തുറിച്ചുള്ള നോട്ടത്തിനുമുമ്പിൽ പരുങ്ങി നിന്നു. മാഷിന്റെ നോട്ടമേറ്റപ്പോൾ അവൻ ഭയന്നു വിറച്ചു തുടങ്ങി. ശരീരമാകെ വിറയൽ വ്യാപിച്ചു. അതു നോക്കി ഉള്ളിൽ ആനന്ദിച്ചുകൊണ്ട് മാഷ് കിണുങ്ങി കിണുങ്ങി ചിരിച്ചു. ലഹരിയുടെ ബാധയേറ്റ് മൃഗതുല്യനാകുന്ന ഒരു മനുഷ്യനെപ്പോലെ... ബോധമില്ലായ്മയിൽ മാനുഷികത നഷ്ടപ്പെട്ടവനെപ്പോലെ.

'നീ..യ്തടാ?' മാഷ് ക്രൂരമായി ചിരിച്ചുകൊണ്ട് വക്രിച്ച ചുണ്ടുകളിൽ കൂടി ചോദ്യം എറിഞ്ഞു കൊടുത്തു. പ്രബലനായ ഒരു ശത്രുവിനോട് എതിർത്തു നില്ക്കാൻ കെല്പില്ലാത്ത ഒരു നിസ്സഹായനെ പീഡിപ്പിക്കുവാനുള്ള ആവേശം അയാളുടെ കണ്ണുകളിൽ തണുത്തുറഞ്ഞു കിടന്നിരുന്നു. അതു മുഖമാകെ വ്യാപിച്ചപ്പോൾ മുഖത്തെ മംസപേശികൾ ചുരുണ്ടു കൂടി. ആ മുഖത്ത് വല്ലാത്തൊരു ക്രൗര്യം നിഴൽ വിരിച്ചു. മൃഗീയ വാസന തല പൊക്കി.
'ഞാനിവിടെ ഒന്നാം വർഷം പഠിക്കുകയാ.' അവൻ വിക്കി വിക്കി പറഞ്ഞു.
'ഏ..ടെ?' അവൻ അനങ്ങാതെ നിന്നതേയുള്ളു. അതിനുത്തരമായി എന്തു പറയണമെന്നറിയാതെ.
'ഏ..ടെടാ?' അതൊരലർച്ചയായിരുന്നു.

അവൻ ഞെട്ടിപ്പോയി. തന്റെ കാലുകളിലൂടെ ഒരു തുള്ളി ഒഴുകിയിറങ്ങുന്നത് അവൻ മനസ്സിലാക്കി. തൊണ്ടയിൽ വാക്കുകൾ കുരുങ്ങിപ്പോവുന്നു. എങ്കിലും വീണ്ടും വിക്കി വിക്കി പറഞ്ഞു. 'ഈ കോളേജിൽ.'
'കോളജിനു പേരില്ലേടാ' മാഷ് വീണ്ടും അലറി.
അവൻ കോളേജിന്റെ പേരു പറഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞു തിളങ്ങി. മുഖം ചുവന്നുതുടുത്തു. നന്നേ വെളുത്ത അവന്റെ ശരീരത്തിന്റെ നിറമാകെ രക്തവർണ്ണിമായി. തുടുത്തു ചുവന്ന അവന്റെ കവിളുകൾ തൊട്ടാൽ പൊട്ടിയൊഴുകും രക്തം എന്ന പരുവത്തിൽ വികസിച്ചു. അവന്റെ മേനിയിലെ ഓരോ അണുവും ഇരുന്നു വിറച്ചു.

'...ന്റെ വീടെടെയാ?'
'തൃശൂര്.'
'പേര്?'
'ഫിലിപ് ലൂക്കോസ്.'
'നിന്റെ ആരെങ്കിലും ഈ..ടെ പഠിച്ചിട്ടുണ്ട്ടാ?' ആ ചോദ്യങ്ങൾ മാഷ് വളരെ സൗമ്യഭാവത്തിൽ ചോദിക്കുന്നതു കേട്ട ്അവൻ അത്ഭുതപ്പെട്ടു. അത്ര അവിശ്വസനീയമായി തോന്നി അയാളുടെ പെട്ടെന്നുള്ള ആ ഭാവമാറ്റം.
'ഉണ്ട്'. ഫിലിപ് നന്നേ വിറച്ചുകൊണ്ട് മറുപടി നല്കി.
'പേര്ന്താ?'
'തോമസ് ജോസഫ്'
'ആഹാ, അപ്പം തൊമ്മന്റെ മറ്റാനാ നീ. അല്യോടാ? ഇണ്ടച്ചി ഓനേ?' ആ ചോദ്യം ക്രോധം നിറഞ്ഞഒരു ഗർജജനമായിരുന്നു.

മാഷ് പെട്ടെന്നു ചാടിയെഴുന്നേറ്റ്, ഫിലിപ് ലൂക്കോസ് എന്ന പയ്യന്റെ വയറിനു കൂട്ടിപ്പിടിച്ചു ഞെരുക്കി. അവൻ 'അയ്യോ' എന്നു നിലവിളിച്ചുകൊണ്ട് മുട്ടിന്മേൽ ഇരുന്നു പോയി.
അവന്റെ വേദനയും ദുഃഖവും കണ്ടു രസം കയറിയ അയാളുടെ ഉള്ളിൽ നിന്നും ആവേശം നുരഞ്ഞു പൊങ്ങി.

'നീ ചെന്ന് അനോട് പറഞ്ഞേര്. ഇങ്ങനൊരാള് ഇവിടെ വച്ച് നിന്നെ പിടിച്ചെന്ന്, കെട്ടാടാ.'അവൻ വയർ തിരുമ്മിക്കൊണ്ട് എഴുന്നേറ്റു നിന്നതേയുള്ളു. ഉത്തരമൊന്നും പറഞ്ഞില്ല.
'പറയൂടാ?' ഉറക്കെയുള്ള ആ അലർച്ച കേട്ട് അവൻ മറുപടി പറഞ്ഞു പോയി.
'പറയാംസാർ.' അയാൾ അവന്റെ വയറിനു വീണ്ടും കൂട്ടിപ്പിടിച്ചു. അവന്റെ കണ്ണുകളിൽ കൂടി അപ്പോൾ തീപ്പൊരി പറന്നു.

മാഷിന്റെ ഏറ്റവും ലളിതമായ ആ വിനോദം ദർശിച്ചു രസിച്ച്, ഭൂസ്വർഗ്ഗത്തിൽ ആടിക്കളിക്കുകയായിരുന്ന മറ്റുള്ളവരെല്ലാം അട്ടഹസിച്ചു ചിരിച്ചു. ഒരു ഭീകരസംഘത്തിന്റെ പിടിയിലകപ്പെട്ടതുപോലെ ഫിലിപ് ലൂക്കോസിന്റെ കരങ്ങളും കാൽമുട്ടുകളും ഇരുവശങ്ങളിലെക്കും ശക്തിയായി വിറച്ചുകൊണ്ടിരുന്നു.

ആക്രമിക്കാൻ തയ്യാറായി നില്ക്കുന്ന അപരിചിതരുടെ ഇടയിൽ അപ്രതീക്ഷിതമായി ചെന്നു പെട്ടു പോയാൽ ഏതു ധൈര്യവാനും പതറിപ്പോകുന്ന അവസ്ഥ. ഏതു കരുത്തനും ഒന്നുമല്ലാതാകുന്ന അവസ്ഥ. അത്തരം ഒരു അവസ്ഥയിൽ ആയിരുന്നു അവനുമപ്പോൾ.
'നീ പറയ്യൊടാ?' മാഷ് അവനെ വീണ്ടും കടന്നു പിടിക്കാൻ ചെല്ലുന്നതു കണ്ട് അവൻ ഉറക്കെകരഞ്ഞുകൊണ്ടു വിളിച്ചു പറഞ്ഞു.
'പറയത്തില്ല സാറേ?'

'നീ പറയില്ല. അല്യോടാ വാലാടിമോനേ?'
അതിനുത്തരം പറയാൻ വന്ന നാവ് വഴങ്ങിയില്ല. അതു തൊണ്ടയിൽ കുരുങ്ങി.
അയാൾ വീണ്ടും അവന്റെ വയറിനുമേൽ വിരലുകൾ ചുറ്റിപ്പിടിച്ചു. അവൻ പുളഞ്ഞിരുന്നുകൊണ്ട് ഉറക്കെ കരഞ്ഞു. അതുകണ്ടു കാഴ്ചക്കാർ പൊട്ടിച്ചിരിച്ചു.
അതുകേട്ട് അവന്റെകരച്ചിൽ കൂടുതൽ ഉച്ചത്തിലായി.

'നീ പറേണം. അവനിതറിയ്ണം?' തന്റെ ശത്രുവിനോടുള്ള തീരാത്തപക മാഷ് ആ ഒന്നാം വർഷ വിദ്യാർത്ഥിയുടെമേൽ ചൊരിഞ്ഞു. അവർ അവനെ വസ്ത്രരഹിതനാക്കി. വൈകൃതങ്ങളിൽമുഴുകിയ അവർ അവനെക്കൊണ്ട് കരവൈകൃതങ്ങൾ പലതും ചെയ്യിച്ചു. അവർ പറയുന്നതെല്ലാം അവൻ അനുസരിച്ചുകൊണ്ടിരുന്നു.

മാഷ് ഒരു ബ്ലേഡ് റേസ്സറിൽ വച്ചു മുറുക്കിയിട്ട് അവന്റെ കയ്യിൽ കൊടുത്തു. അയാൾ ആവശ്യപ്പെട്ടു. 'നിന്റെ തുടകളിലെ രോമെല്ലാം അതുച്ചുവടിച്ചുകളയണം.'

വെറി പിടിച്ചവനെപ്പോലെ അയാൾ ചിരിച്ചു. പറഞ്ഞ പ്രകാരം അവൻ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആവെളുത്ത സ്‌നിഗ്ദ്ധമായതുടകൾ ചുവന്നു തുടുക്കുന്നത് അവർ നോക്കിക്കൊണ്ടിരുന്നു. ചില ഭാഗങ്ങളിൽ ചോര ഊറി വരുന്നുണ്ടായിരുന്നു.
വെറി പിടിച്ച പുഞ്ചിരിയോടെ അവരെല്ലാം രസിച്ചിരുന്നു ആ തുടകൾ കണ്ട് ചിലരുടെ മസ്തിഷ്‌കം സട കുടഞ്ഞെഴുന്നേറ്റു തുടങ്ങി.

അവന്റെ നഗ്നമായ മേനിയിലെരോമമെല്ലാം മാഷ് വടിപ്പിച്ചു. തലയിലെ മുടി മുക്കാൽ ഭാഗവും വെട്ടിമാറ്റി. എല്ലാം ചെയ്യിക്കുമ്പോഴും മാഷിന്റെ മുഖത്ത് വെറുപ്പു നിറഞ്ഞ വല്ലാത്തൊരു സംതൃപ്തി തെളിഞ്ഞുനിന്നിരുന്നു.

അയാൾ കഞ്ചാവു നിറച്ച ഒരു സിഗററ്റ് അവന്റെ കയ്യിൽ കൊടുത്തു. അന്നു വരെ പുക വലിച്ചിട്ടില്ലാത്ത അവൻ അതും പിടിച്ച് എന്തു ചെയ്യണമെന്നറിയാതെ കുനിഞ്ഞു നിന്നു.
'ആ സിഗററ്റ് മുഴുവൻ നീ വലിക്കണം. 'അയാൾ തീപ്പെട്ടി നീട്ടിക്കൊണ്ട് അവനോടു ആവശ്യപ്പെട്ടപ്പോൾ ചെയ്യണോ വേണ്ടയോ എന്നു നിശ്ചയമില്ലാത്തവനെപ്പോലെ ഒരു നിമിഷം അയാളുടെ മുഖത്തേക്കുനോക്കി. അയാൾ ചാടിയെഴുന്നേല്ക്കുന്നതു കണ്ട്, വീണ്ടും ദേഹോപദ്രവം ഏൽക്കേണ്ടി വരുമെന്ന് ഭയപ്പെട്ടതിനാൽ അവൻ തീപ്പെട്ടി വാങ്ങിസിഗററ്റിനു തീ കൊളുത്തി. പുക വായിലേക്കെടുത്തിട്ട് അതുമുഴുവൻ വെളിയിലേക്കൂതിവിട്ടു. കഞ്ചാവിൻ പുകയുടെ കവർപ്പ് അവന്റെ മുഖഭാവത്തിൽ തെളിഞ്ഞു വന്നു. അവന്റെ വിരലുകൾക്കിടയിൽ സിഗററ്റ് ഇരുന്നു വിറച്ചു. ' പുക ആകത്തേക്ക് വലിച്ചെടുക്ക്ടാ. 'മാഷ് ദേഷ്യത്തോടെ ആജ്ഞാപിച്ചു.

'ദാ, ഇദ്വോലെ ' അയാൾ പുക അകത്തേക്കു വലിക്കുന്ന വിധം കാണിച്ചു കൊടുത്തു.'സ്്‌സ്...സ്'
അവനും അതു പോലെ അനുകരിച്ചു.ആ പുകച്ചുരുളുകൾ അവന്റെ സിരകളിൽ ലയിച്ചുതുടങ്ങി. അവൻ ലഹരിയിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരുന്നു. പറന്നു പറന്ന് ഉയർന്നുകൊണ്ടിരുന്നു. ഒരിക്കലുംഅനുഭവിച്ചിട്ടില്ലാത്ത ആ ലഹരിയിൽ അവനെന്നൊന്നില്ലാതായി.അവൻഉച്ചത്തിൽ കരയാൻ തുടങ്ങി. നിർത്താതെ. നിർത്താനറിയാത്തവനെപ്പോലെ.

'പട്ടിയെപ്പോലെ മോങ്ങാണ്ടിരീ...ടാ. ' മാഷ് ആജ്ഞാപിച്ചു. അവൻ പെട്ടെന്നുകരച്ചിൽ നിർത്തി.
' ഒന്നു ചിരിച്ചെടാ'

അവൻപൊട്ടിച്ചിരിച്ചു. ഉറക്കെചിരിച്ചു. അന്തരീക്ഷമാകെ ആ ചിരി മാറ്റൊലിക്കൊണ്ടു ചിതറി. അവന്റെ ക്രീഡാസക്തമായ മുഖം കണ്ടു ലഹരിയിൽ ആറാടി കളിച്ചു കൊണ്ടിരുന്നവർ ഭൂസ്വർഗ്ഗത്തിൽ നിന്നും മെല്ലെ ഭൂമിയിലേക്കു മടങ്ങിത്തുടങ്ങി.

'നിര്‌ത്തെ ടാ നിന്റെക്ഷ ചിരി.' മാഷിന്റെു ശബ്ദം ഉയര്ന്നു കേട്ടു.

അവൻ പെട്ടെന്ന് ചിരി നിര്ത്തി .

'ആടിക്കളിക്ക്ടാമര്ക്ക ടാ നീ'
'മാറിക്കളിക്ക്ടാമര്ക്ക ടാ നീ'

അവിടെ ഇരുന്നവരിൽ നിന്നും പല പല ശബ്ദങ്ങൾവന്നുതുടങ്ങി.അതിനനുസൃതമായി അവൻ ആടിയും ചാടിയും നിന്നും പിന്നെയും ചാടിയും ചലിച്ചുകൊണ്ടിരുന്നു.അവർ അവനെക്കൊണ്ടു പല കുരങ്ങു കളികളും കളിപ്പിച്ചു.

അവനെ തുറിച്ചുനോക്കിക്കൊണ്ടിരുന്ന മാഷ്‌പെട്ടെന്ന്! അവന്റൊ നടുവിനൊരു തോഴി കൊടുത്തു. അവൻ മൂക്കും കുത്തി തറയിൽ പതിച്ചു. അവൻ മെല്ലെ എഴുന്നേറ്റു നിന്നിട്ട് മാഷിനെ ദയനീയമായി നോക്കി.

'എന്തടാ നൊക്ക്‌ണെ' എന്നലറിക്കൊണ്ട് അയാൾ അവന്റെ പുറത്തൊരു ഇടി കൊടുത്തു. എന്നിട്ട് കൊങ്ങക്കു പിടിച്ചൊരു തള്ളും. എന്തിനാണ് അയാൾ തന്നെ മര്ദ്ദി ക്കുന്നതെന്ന് അവനു മനസ്സിലായില്ല.അവിടെ കൂടിയിരുന്നവര്ക്കും മനസ്സിലായില്ല. ഒരു ഭ്രാന്തനെപ്പോലെ അത് അല്പനേരം തുടർന്നിട്ടു നിര്ത്തി .

അതുകണ്ട്‌ബോധം തിരിച്ചു കിട്ടിയവരൊക്കെ അവിടെ നിന്നും എഴുന്നേറ്റ് ഒറ്റ അക്ഷരവും മിണ്ടാതെ ഇറങ്ങിപ്പോയി.

കഞ്ചാവിന്റെ. ലഹരിയിൽ മുങ്ങിപ്പോയഫിലിപ് ലൂക്കോസ്അപ്പോഴേക്കുംവേറൊരു ലോകത്ത് എത്തിയിയിരുന്നു. അവിടെ നിന്നും വളരെ വളരെ അകലെ. ചക്രവാളത്തിനുമപ്പുറം. ഒരിടത്തു തന്നെയായിരുന്നില്ല.പലയിടങ്ങളിലായി ഒഴുകി നടക്കുകയായിരുന്നു. അവനു ഓർമ്മഇല്ലാതായിരുന്നു.കഴിഞ്ഞ നിമിഷത്തിൽ എന്തു സംഭവിച്ചു എന്ന് അടുത്ത നിമിഷത്തിൽ ഓർമ്മയില്ലാതായി. ആ നിമിഷത്തിലെ മാത്രം ആ നിമിഷത്തിലോർമ്മ. കഴിഞ്ഞു പോയ നിമിഷങ്ങളെ, സംഭവങ്ങളെ ഓർക്കാൻ ശ്രമിച്ചാലും രക്ഷയില്ലാതായിരിക്കുന്നു. മറവി, മറവി,സർവ്വത്ര മറവി.

രാവിന്റെ നിശ്ശബ്ദത ഏറി ഏറി വന്നു. രാക്കിളികളുടെ ആരവങ്ങളും. അന്ധകാരത്തിന്റെ കാളിമ അന്തരീക്ഷമാകെ വ്യാപിച്ചു കഴിഞ്ഞു.

അർദ്ധ രാത്രി കഴിഞ്ഞിരിക്കുന്നു.

മാഷും സീനിയർ വിദ്യാർത്ഥികളായലൂയിയും കുര്യനുംകഞ്ചാവിൻ ലഹരിയിൽ കിറുങ്ങിപ്പോയ നവാഗതനുംമാത്രം ആ മുറിയിൽഅവശേഷിച്ചു. ഹോസ്റ്റലിൽ നിശ്ശബ്ദത വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.

ഫിലിപ് ലൂക്കോസിനോടു കട്ടിലിൽ കയറിക്കിടക്കാൻ മാഷ് പറഞ്ഞു. അനുസരണയുള്ള കുട്ടിയെപ്പോലെ അവൻ കിടന്നു. ഒരു പറ്റം സുന്ദരികളുടെ മടികളിൽ തന്റെ ശരീരഭാഗങ്ങൾ എല്ലാം കൊള്ളിച്ചു നിർത്തി താൻ സ്വർഗ്ഗത്തിൽ ശയിക്കുകയാണെന്ന്അവനു തോന്നി.
തന്നെ ആരോ താരാട്ടു പാടിയുറക്കുന്നു.ശരീരത്തിൽ ആരൊക്കെയോ സ്പർശിക്കുന്നു. ആരൊക്കെയോതന്നെഇട്ടുതട്ടിക്കളിക്കുന്നു.ഇടയ്ക്കിടയ്ക്ക് അവനു തോന്നി, തന്നെ ഏതോ ഒരു ഊഞ്ഞാലിൽ ആട്ടിക്കളിപ്പിക്കുന്നതായി.എങ്കിലും അവന് ഒന്നും മനസ്സിലായില്ല.ഒന്നും മനസ്സിലാക്കാനുംചെയ്യാനുമുള്ള ശക്തിയോ മനസ്സാമീപ്യമോബോധമോ അവന് ഇല്ലായിരുന്നു.
ഒരു സ്വപ്നലോകത്തിൽഎന്ന പോലെഅവൻകറങ്ങി നടന്നു.അവൻ അനങ്ങിയില്ല. നിർജ്ജീവമായി അവിടെകിടന്നു.

ആ മുറിയിലെ തളർന്നു പോയ മൃദുലതയിൽ മാറി മാറി ചുടുകാറ്റടിച്ചു. ആ കാറ്റ് അവിടമാകെ തെന്നി നടന്നു.

ഫിലിപ് ലൂക്കോസ് അനുഭവിച്ച ആ കഷ്ടതകളെപ്പറ്റി ചിന്തിച്ചു കൊണ്ടു കിടന്ന വിനോദ് വല്ലാതെ അസ്വസ്ഥനായി. അവൻ ഞെട്ടിയുണര്ന്ന വനെപ്പോലെ കിടക്കയിൽ നിന്നും എഴുന്നേറ്റ് ജനലിനടുത്തേക്കു നടന്നു. അവിടെ നിന്നുകൊണ്ട് വെളിയിലേക്കു നോക്കി.
തങ്ങൾ കേട്ടതിനേക്കാൾ പല മടങ്ങു പീഡനങ്ങൾ ഫിലിപ് ലൂക്കോസ് അനുഭവിച്ചിട്ടുണ്ടാകും. ആരും തങ്ങൾ അനുഭവിച്ചിട്ടുള്ള പീഡനങ്ങളും കഷ്ടപ്പാടുകളും മറ്റുള്ളവരോട് പറയാറില്ലല്ലോ.
വെളിയിൽ കൂരിരുട്ട്. ആ കൂരിരുട്ടിൽ എത്രയോ മനുഷ്യർ ഇപ്പോൾ തപ്പിത്തടയുന്നുണ്ടാവും.
'പക മനുഷനെ അന്ധനാക്കുന്നുവോ? അതെ. പക മനുഷനെ അന്ധനാക്കുന്നു. തിന്മയെ നന്മയാക്കുന്നു.അതിക്രമം ചെയ്യാൻ പ്രേരിപ്പിക്കുന്നു.ദുഷ്ടന്റെ വഴിയിൽ പെടരുത് എന്നു പറയുന്നത് എത്രയോ ശരി.'

'പകയുള്ള ദുഷ്ടനിൽ നിന്നും ഓടിയോളിക്കുക.' വിനോദിന്റെന മനസ്സു മന്ത്രിച്ചു. അപ്പോഴും അവന്റെ കണ്ണുകൾലക്ഷ്യമില്ലാതെ ഇരുട്ടിലൂടെ പാഞ്ഞു നടക്കുകയായിരുന്നു. ഒന്നും മുമ്പിൽ കാണാമായിരുന്നില്ല. എങ്കിലും....

(തുടരും..........)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP