Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനെട്ടാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനെട്ടാം ഭാഗം

ജീ മലയിൽ

വാഗതർ എത്തിയിട്ടു രണ്ടാഴ്ചയാകുന്നു. റാഗിങ് കാലം അവസാനിക്കാറായി.

അടുത്ത ദിനം ശനിയാഴ്‌ച്ച. അന്ന് നവാഗതരുടെ ബന്ധനങ്ങൾ അഴിയും.

വരുംസ്വാതന്ത്ര്യത്തിന്റെ ഗന്ധം നുകർന്നുതുടങ്ങും. പിന്നെ പൂർണ്ണ സ്വാതന്ത്ര്യത്തിന്റെ നീരു കുടിച്ചു മദോന്മത്തരാകും.

വെള്ളിയാഴ്ച പ്രഭാതത്തിൽ പൂർവ്വ ദിക്കിൽ സൂര്യൻ എത്തി. പ്രകൃതി പൂർവ്വാഹ്നത്തിന്റെ തുടക്കത്തിൽ കൂടുതൽ തെളിഞ്ഞു നിന്നു. ആ പകൽ വിരസമായികടന്നു പോയി. സ്വാതന്ത്ര്യലബ്ധിക്ക് എല്ലാ നവാഗതരും ഹോസ്റ്റലിൽ ഉണ്ടാകണമെന്നു നിർബന്ധമായിരുന്നതിനാൽ വെള്ളിയാഴ്ച ആയിരുന്നിട്ടും ആരും വീട്ടിലേക്കു പോയില്ല.

അന്നു വൈകിട്ട് നവാഗതരെ ഫുട്‌ബോൾ ഗ്രൗണ്ടിൽ നിരത്തി നിർത്തി. കാലു കുഴഞ്ഞു തളർന്നു വീഴുന്നതു വരെ അതിനുചുറ്റും ഓടിച്ചു.

ഓടാൻ ആരുമില്ലാതായപ്പോൾ ഹോസ്റ്റലിലേക്കു പോകാൻ അനുവദിച്ചുകൊണ്ട് അവരോട് ഹോസ്റ്റൽ സെക്രട്ടറി പറഞ്ഞു. ''കുളിയും ഊണും കഴിഞ്ഞ് കൃത്യം എട്ടു മണിക്ക് എല്ലാവരും പൊതുഹാളിൽ എത്തിച്ചേരണം.''

നവാഗതർതളർന്ന പാദങ്ങളുമായി ഹോസ്റ്റലിനുള്ളിലേക്കു പോയി.

സന്ധ്യയായപ്പോൾ രണ്ടു നവാഗതർ ഹോസ്റ്റലിലേക്കു നടന്നു വരുന്നത് ഹോസ്റ്റൽ സെക്രട്ടറിയുടെ ദൃഷ്ടിയിൽപ്പെട്ടു.

അയാൾ അവരോട്ആക്രോശിച്ചു. ''നിങ്ങൾ എവിടെ പോയിരുന്നു?''

''ഞങ്ങളെ രണ്ടു സാറന്മാർ ഒരു ലോഡ്ജിൽ കൊണ്ടുപോയി.'' അവർ ഒരേ സ്വരത്തിൽ പറയുന്നതുകേട്ട് സെക്രട്ടറിയുടെ സ്വരം ആറി തണുത്തു.

''ഏതു ലോഡ്ജിൽ?''

അവർ ലോഡ്ജിന്റെ ദിക്കിലേക്കു വിരൽ ചൂണ്ടിക്കാണിച്ചു. ഹോസ്റ്റൽ സെക്രട്ടറി നീട്ടി ഒന്നു മൂളി.

''നിങ്ങൾ എട്ടു മണിക്കു കോമൺ റൂമിൽ എത്തിച്ചേരണം.''

അവർ തലയാട്ടിയിട്ട് തങ്ങളുടെ മുറികളിലേക്കു പോയി.

ഒന്നാം വിദ്യാർത്ഥികൾ ഹോസ്റ്റലിൽ അല്ലെങ്കിൽ സ്വന്തക്കാരുടെ വീടുകളിൽ താമസിക്കണമെന്ന നിയമം കോളേജിൽ കർശനമാക്കിയിരുന്നതിനാൽ സ്വന്തം വീടുകളിൽ നിന്നും വന്നുപോകുന്നവരൊഴികെ ബാക്കി എല്ലാ ഒന്നാംവിദ്യാർത്ഥികളും ഹോസ്റ്റലിൽ ആയിരുന്നു താമസം.

പരീക്ഷക്കു തോറ്റ സീനിയർ വിദ്യാർത്ഥികൾ അടുത്ത പരീക്ഷക്കു തയ്യാറാകാൻ വേണ്ടി ലോഡ്ജുകളിൽ താമസിച്ചിരുന്നു. കോളേജുമായി ബന്ധമില്ലാത്ത ആളുകളും അവരോടൊപ്പം താമസമുണ്ടായിരുന്നതിനാൽ നവാഗതരെ ലോഡ്ജുകളിൽ കൊണ്ടുപോയി റാഗ് ചെയ്യാൻ പാടില്ലെന്നു പ്രത്യേകം തീരുമാനം എടുത്തിരുന്നു. അത് അവഗണിച്ച് രണ്ടു പേരെ ലോഡ്ജിൽ കൊണ്ടുപോയതു ഹോസ്റ്റലിൽ പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിച്ചു.

കാര്യങ്ങൾ വിശദമായി അന്വേഷിക്കാൻ ഹോസ്റ്റൽ സെക്രട്ടറിയും ഹോസ്റ്റൽ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റംഗങ്ങളും കൂടി നവാഗതർ ചൂണ്ടിക്കാട്ടിയ ലോഡ്ജിലേക്കു പോയി. റാഗ് ചെയ്യുമ്പോൾ അന്യരാരും ലോഡ്ജിൽ ഇല്ലായിരുന്നു എന്നു മനസ്സിലാക്കിയപ്പോൾ മേലിൽ അങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ല എന്ന കർശന നിർദ്ദേശം നല്കിയിട്ട് അവർ തിരിച്ചു പോന്നു.

എട്ടു മണിയായി.

പാരതന്ത്ര്യത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയുന്ന നിമിഷങ്ങൾ സ്വപ്നം കണ്ടുകൊണ്ട് നവാഗതർ പൊതുഹാളിൽ നിരന്നിരുന്നു. പഴയതു പോലെയുള്ള പേടി അവരുടെ മുഖങ്ങളിൽ ദൃശ്യമായിരുന്നില്ല. പകരം ആകാംക്ഷയും ആഹ്ലാദവും മുഖങ്ങളിൽ കാണാമായിരുന്നു.

ഹോസ്റ്റൽ സെക്രട്ടറിയും സീനിയർ വിദ്യാർത്ഥികളും ഹാളിൽ പ്രവേശിച്ചു.

നവാഗതരെല്ലാം എഴുന്നേറ്റുനിന്നപ്പോൾ സെക്രട്ടറി വലതു കരം വീശി കാണിച്ചുകൊണ്ടു പറഞ്ഞു.
'ഇരിക്കൂ.''

സീനിയർ വിദ്യാർത്ഥികൾ നവാഗതരുടെ പുറകിലും വശങ്ങളിലും ഹാളിനു വെളിയിലുമായി സ്ഥാനം പിടിച്ചു. ഹോസ്റ്റൽ സെക്രട്ടറി കണ്ഠക്ഷോഭം തീർത്തിട്ട് പ്രസംഗം ആരംഭിച്ചു.

''നവാഗത സുഹൃത്തുക്കളെ, രണ്ടാഴ്ചത്തെ ബന്ധനങ്ങൾ ഉണ്ടാക്കിയ ദുഃഖവും ഭയവുമെല്ലാം നാളെക്കൊണ്ട് അവസാനിക്കുകയാണ്. വിവിധ സാഹചര്യങ്ങളിൽ ജീവിച്ചുവളർന്ന് ഇവിടെ എത്തിച്ചേർന്നു നിങ്ങളെ ഉരുക്കി വാർത്ത് ഈ കോളേജ് അന്തരീക്ഷത്തിന് അനുയോജ്യരാക്കി തീർക്കാൻ വേണ്ടിയാണ് കഴിഞ്ഞ രണ്ടാഴ്‌ച്ചക്കാലം അസ്വതന്ത്രരാക്കിയത്.

കലഹവും കുത്തും വെട്ടും തമ്മിൽതല്ലും മുദ്രാവാക്യം വിളികളും കല്ലേറും കൊണ്ട് കലുഷിതമായ ആർട്‌സ് കോളേജ് അന്തരീക്ഷത്തിൽ നിന്നാണ് നിങ്ങൾ ഇവിടെ എത്തിയത്.

ഈ കോളേജിൽ അത്തരം അവസരങ്ങൾ ഇല്ല. ഇവിടുത്തെ വിദ്യാർത്ഥികൾ നമ്മുടെ കോളേജിനെ ഒരു കലഹസങ്കേതമാക്കാൻ തുനിയാത്തതുകൊണ്ടാണത്. നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടത് ഈ കലാലയത്തിലെ സമാധാനാന്തരീക്ഷത്തിന് ആവശ്യമാണ്. ഓരോ വർഷവും വിദ്യാർത്ഥികൾ പിരിഞ്ഞു പോകും. പുതുതായി വരും. പിരിഞ്ഞു പോകുന്നവർക്ക് ഇവിടുത്തെ സ്ഥിതിയെക്കുറിച്ചു കുണ്ഠിതപ്പെടേണ്ട ആവശ്യമില്ല. പക്ഷേ തുടർന്നു പഠിക്കുന്നവർ കുണ്ഠിതപ്പെടേണ്ടതാണ്. ശരിയായ പഠനത്തിനും നല്ല സൗഹൃദത്തിനും സമാധാനമുള്ള ഒരു അന്തരീക്ഷം ഇവിടെ ഉണ്ടാകേണ്ടത് ആവശ്യമാണ്.

സമൂഹമാകെ അട്ടിമറിയും കാലുവാരലുമാണ്. കബളിപ്പിക്കലും കലാപമുണ്ടാക്കലുമാണ്. അവനമുക്കു നിഷിദ്ധമാണ്.

നിങ്ങളിൽ പലരും പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ വിദ്യാർത്ഥിസംഘടനകളിൽ അംഗങ്ങളായിരുന്നിരിക്കാം. നിങ്ങൾക്കു നിങ്ങളുടേതായ വിശ്വാസം വച്ചു പുലർത്താം. നിങ്ങളുടെ വിശ്വാസത്തിലേക്കു മറ്റുള്ളവരെ നിർബന്ധിക്കാൻ തുനിയരുത്. ഒരു പാർട്ടിക്കു വേണ്ടിയും നിങ്ങൾ ഇവിടെ പ്രവർത്തിക്കാൻ പാടില്ല. നിങ്ങളെ സ്വതന്ത്രരാക്കുന്നു എന്നതിനർത്ഥം എന്തും നിങ്ങൾക്കു കാട്ടാം എന്നല്ല. ഇവിടെ പഠിക്കുന്ന കാലത്തോളം നിങ്ങൾ സീനിയർ വിദ്യാർത്ഥികളെ ബഹുമാനിക്കണം.

റാഗിങ് മൂലം നിങ്ങളിൽ ചിലർക്കു ദേഹോപദ്രവം ഏറ്റിട്ടുണ്ടാവാം. അവയൊക്കെ നിങ്ങളുടെ കർക്കശമായ പെരുമാറ്റങ്ങൾ കൊണ്ടാണെന്നേ എനിക്കു പറയാനുള്ളു. അതു നിങ്ങൾ മറക്കണം. വാശിയും വൈരാഗ്യവും മനസ്സിൽ വച്ചു കൊണ്ടിരിക്കരുത്. നാളെ മുതൽ നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചുതുടങ്ങാം.

നാളെ പത്തുമണിക്ക് എല്ലാവരും ഹോസ്റ്റലിനു മുമ്പിൽ കൂടണം. അവിടെ വച്ച് പ്രതിജ്ഞ എടുക്കൽ ചടങ്ങുണ്ട്. അതിനു ശേഷം ഒരു 'ടീപാർട്ടി' നിങ്ങൾക്കുവേണ്ടിനടത്തപ്പെടുന്നതാണ്. അതോടു കൂടി നിങ്ങൾ സ്വതന്ത്രരാകും. നാളെ മുതൽ ഞങ്ങളും നിങ്ങളുംസുഹൃത്തുക്കളാണ്.''

അയാൾ നിർത്തിയിട്ട്‌നവാഗതരുടെ മുഖങ്ങളിലേക്കു നോക്കി. ''ഇന്നു നിങ്ങളുടെ ദിനമാണ്. എന്തു കലാപരിപാടികളും ഇപ്പോൾ നിങ്ങൾക്ക് അവതരിപ്പിക്കാം. പാട്ട്, ഡാൻസ്, നിങ്ങൾക്കിഷ്ടമുള്ളതെന്തും. നമുക്കു രസിക്കാൻ. എല്ലാവരും കുറഞ്ഞത് ഒരു പരിപാടിയെങ്കിലും അവതരിപ്പിക്കണമെന്നുള്ളതു നിർബന്ധമാണ്.''

അതു കേട്ട്‌നവാഗതർ മുഖം കുനിച്ചിരുന്നു. ആരും പരിപാടി തുടങ്ങാനുള്ള ഭാവമില്ലെന്നുകണ്ടപ്പോൾ ഒരു സീനിയർ വിദ്യാർത്ഥി ഒരറ്റത്തേക്കു വിരൽ ചൂണ്ടിപറഞ്ഞു. ''ദാ, ആ അറ്റത്തു നിന്നു തുടങ്ങൂ. ആദ്യത്തെ ആൾ കഴിഞ്ഞ് അടുത്ത ആൾ, പിന്നെ അടുത്തയാൾ. അങ്ങനെ തുടർച്ചയായി.''

സെക്രട്ടറി ഒരു നിർദ്ദേശം കൂടിവച്ചു. ''പരിപാടി അവതരിപ്പിക്കുന്നതിനു മുമ്പ് നിങ്ങളുടെ ശരിയായ പേര്, സ്ഥലം എന്നിവ പറയണം. അതിനു ശേഷം പരിപാടി അവതരിപ്പിക്കണം.''

കേട്ടു നിന്നവരിലൊരാൾ ഉറക്കെ പറഞ്ഞു. ''ടെക്‌നിക്കൽ നെയിമും കൂടി പറയണം.''

''ഇന്നതു വേണ്ട.'' സെക്രട്ടറിപറഞ്ഞു.

ആദ്യത്തെ ആൾ ലജ്ജയോടെ എഴുന്നേറ്റു നിന്നു. സ്വയം പരിചയപ്പെടുത്തി. ''എന്റെ പേര് ജേക്കബ്. നാട് പാലാ.''

അതിനു ശേഷം മുഖം ഉയർത്തി കണ്ണുകൾ മുകളിലേക്കെറിഞ്ഞുകൊണ്ടു സാവധാനം പറഞ്ഞു. ''എനിക്ക് കലാപരിപാടി ഒന്നും നടത്താനറിയില്ല.''

അവൻ ഇരിക്കാൻ തുനിഞ്ഞപ്പോൾ ഒരു സീനിയർ വിദ്യാർത്ഥി പറഞ്ഞു. ''ഒക്കില്ല, ഒക്കില്ല. ഇരിക്കാൻ വരട്ടെ. ആദ്യത്തെ ആൾ ഇങ്ങനെ തുടങ്ങിയാ ആരും പരിപാടി ഒന്നും നടത്തുകില്ല. എന്തെങ്കിലും പരിപാടി നടത്തിയേ പറ്റൂ.''

അയാൾ നിർദ്ദേശിച്ചു. ''അറിയാവുന്ന ഏതെങ്കിലും പാട്ടോ, അല്ലെങ്കിൽ പാട്ടിന്റെ മുറിയോ.''

''ഒന്നു രണ്ടു വാചകമോ.'' വേറൊരാൾ പറഞ്ഞു.

അവൻ അല്പനേരം പരുങ്ങി നിന്നിട്ട് ഒരു സിനിമാഗാനത്തിന്റെ നാലുവരി ആലപിച്ചു. അതിനു ശേഷം വേഗം ഇരുന്നു.

തുടർന്ന് നവാഗതർ ഓരോരുത്തരായി പരിപാടി അവതരിപ്പിച്ചു തുടങ്ങി.

ചിലർ മധുരമായി പാടി. ചിലർ പദ്യങ്ങൾ ചൊല്ലി. മറ്റു ചിലർ മാസികകളിൽ വായിച്ചിട്ടുള്ള ഫലിതങ്ങൾ അവതരിപ്പിച്ചു.

ചിലരുടെ അധരങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നുവെങ്കിലും എല്ലാവരും അവരവർക്കുള്ള ചെയ്യാവുന്ന രീതിയിൽ ഒരു പരിപാടി വീതം അവതരിപ്പിച്ചുകൊണ്ടിരുന്നു.

ഓരോ കലാപരിപാടി കഴിയുമ്പോഴും ഹസ്തതാഡനവും ഉയർന്നു കേട്ടുകൊണ്ടിരുന്നു.

കലാപരിപാടികൾക്കു ശേഷം നാളയെ ഉറ്റു നോക്കിക്കൊണ്ട് എല്ലാവരും പിരിഞ്ഞു. കിട്ടാൻ പോകുന്ന സ്വാതന്ത്ര്യത്തിന്റെ മാധുര്യം ഓർത്തു കൊണ്ട് നവാഗതർ കിടക്കയിൽ അഭയം തേടി. ആ രാവും പോയ്മറഞ്ഞു.

അവർ സ്വപ്നം കണ്ടുറങ്ങിയദിനംപിറന്നു വീണു.

നവാഗതരെ തങ്ങളുടെ സഹവിദ്യാർത്ഥികളായും ഹോസ്റ്റലിലെ അന്തേവാസികളായും സീനിയർ വിദ്യാർത്ഥികൾ അംഗീകരിക്കുന്ന ദിനം. ഒരു പരിണാമ പ്രക്രിയയുടെ അവസാനത്തെ കുറിക്കുന്നദിനം.

ഒന്നിന്റെ അവസാനവും മറ്റൊന്നിന്റെ ആരംഭവും.

കിരാതമെന്നു വിശേഷിപ്പിക്കാവുന്ന അസ്വാതന്ത്ര്യത്തിന്റെ കട്ടിയുള്ള ബന്ധനങ്ങൾ പൊട്ടിച്ചെറിയപ്പെടുന്നതിന്റെ നറുമണം അന്തരീക്ഷമാകെ അന്തർലീനമായിരുന്നു.

എല്ലാ മുഖങ്ങളിലും സന്തോഷം നിഴലിട്ടു നിന്നു.

നവാഗതർക്ക് രണ്ടാഴ്ച രണ്ടു സംവത്സരങ്ങളക്കാൾ ദൈർഘ്യമേറിയവയായിരുന്നു..

തങ്ങൾക്കു കിട്ടിയതിന്റെ പതിന്മടങ്ങ് അടുത്ത വർഷത്തെ പുതിയപിള്ളേർക്കു നല്കണമെന്ന ചിന്ത അവരിൽ ഉടലെടുത്തു തുടങ്ങിയിരുന്നു.

പത്തു മണിയായി. സൂര്യന്റെ പ്രഭക്ക് ആഴവും കിരണങ്ങൾക്കു ചൂടും വർദ്ധിച്ചു. ആകാശത്തിന്റെ ചില കോണുകളിൽ വെൺമേഘശകലങ്ങളും കാർമേഘശകലങ്ങളും ഒരു ദിക്കിൽ നിന്നും മറ്റൊരു ദിക്കിലേക്കു പ്രയാണം തുടർന്നു.

കുന്നിന്റെ താഴ്‌വരയിൽ നിന്നും അടിച്ചു കയറുന്ന മർദ്ദം കുറഞ്ഞ കാറ്റിന്റെ ആഘാതത്താൽ ഹോസ്റ്റലിന്റെ മുമ്പിലെ ചെടികൾ തലയാട്ടി നിന്നു. ചില വൃക്ഷങ്ങളിൽ നിന്നും ഉണങ്ങിയ ഇലകൾ കൊഴിഞ്ഞു വീണു.

ഫുട്‌ബോൾ കോർട്ടിൽആരുടെയോക്കെയോ കന്നുകാലികൾ പുല്ലു മേഞ്ഞുകൊണ്ടിരുന്നു. ചില സീനിയർ വിദ്യാർത്ഥികൾ അവയെ തുരത്താൻ ശ്രമം തുടങ്ങി.

ഹോസ്റ്റലിലെ ഒരു സീനിയർ അന്തേവാസി ഓടിച്ചെന്ന് ഒരു പശുവിന്റെ വാലിൽ പിടിച്ചു കറക്കി. പശു പുളഞ്ഞുതിരിഞ്ഞു. അയാൾ വാലിന്റെ തിരിച്ചലിനും ആക്കം വർദ്ധിപ്പിച്ചു. വേദനകൊണ്ടു പുളഞ്ഞപശു വട്ടം കറങ്ങിഅയാളുടെ പിടിയിൽ നിന്നും കുതറി ഓടാൻ തുടങ്ങി. അയാൾ പുറകെ ഓടി. വാൽ അല്പം ഉയർത്തിപ്പിടിച്ചുകൊണ്ട് പശു ഫുട്‌ബോൾ കോർട്ടിൽ നിന്നും റോഡിലേക്ക് ഓടിക്കയറി കുന്നിൻ ചരുവിലൂടെ താഴേക്കു കുതിച്ചു.

ആ കാഴ്ച കണ്ട് സീനിയർ അന്തേവാസികൾ കൂകി വിളിച്ചു. കോർട്ടിൽ അവശേഷിച്ചിരുന്ന കന്നുകാലികളെക്കൂടി ഓടിച്ചു കളഞ്ഞ് വിജയാഹ്ലാദത്തോടെ അയാൾ ഹോസ്റ്റലിന്റെ മുമ്പിലേക്ക് നടന്നുവന്നു.

ഹോസ്റ്റൽ സെക്രട്ടറി കൈയിൽ ഒരു കടലാസുമായി സ്‌നേഹിതരോടൊത്ത് എത്തിച്ചേർന്നു. കിട്ടാൻ പോകുന്ന സ്വാതന്ത്ര്യത്തെമുമ്പിൽ കണ്ടുകൊണ്ട് ഒന്നാംവർഷ വിദ്യാർത്ഥികൾ അണിഞ്ഞൊരുങ്ങി ഹോസ്റ്റലിന്റെ മുമ്പിലുള്ള വിശാലമായ മുറ്റത്തു നില്ക്കുകയായിരുന്നു. അവരുടെ ഇടയിലായി സീനിയർ വിദ്യാർത്ഥികളും സ്ഥാനം പിടിച്ചു.

''എല്ലാവരും ഒരു ലൈനായി നിൽക്കൂ....അറ്റൻഷൻ.'' ഊക്കോടെയുള്ള സെക്രട്ടറിയുടെ ഗർജ്ജനം മുഴങ്ങി.

ഒന്നാംവർഷ വിദ്യാർത്ഥികൾ കൈകൾ നേരേ താഴേക്ക് ഇട്ട് കാലുകൾ വളയാതെ തല നേരേ മുമ്പിലേക്കു തിരിച്ചു നിവർന്നു നിന്നു.

''ഞാൻ പ്രതിജ്ഞ ചൊല്ലിത്തരാം. അതു നിങ്ങൾ ഏറ്റു ചൊല്ലണം. എന്നു തന്നെയല്ല, അത് അക്ഷരംപ്രതി നിറവേറ്റുകയും വേണം. കേട്ടോ?''

''കേട്ടു.'' പല കണ്ഠങ്ങളിൽ നിന്നും ഒന്നിച്ചുയർന്ന ശബ്ദങ്ങൾ അവിടമാകെ മാറ്റൊലിക്കൊണ്ടു.

ഹോസ്റ്റൽ സെക്രട്ടറി തന്റെ ഇടതുകൈപ്പത്തിക്കുള്ളിൽ ഇരുന്ന കടലാസു കഷണം നിവർത്തു. അതുനോക്കി പ്രതിജ്ഞാനത്തിലെ വാചകങ്ങൾ വായിച്ചു തുടങ്ങി. സ്വതന്ത്രരാകാൻ പോകുന്ന നവാഗതരുടെ നാവുകൾ അവ ഏറ്റു ചൊല്ലി.

ഈ കോളേജിലെ വിദ്യാർത്ഥി സമൂഹത്തിൽ അംഗീകാരം കിട്ടുന്നതിൽ ഒന്നാംവർഷ വിദ്യാർത്ഥിയായ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഈ കോളേജിലെ വിദ്യാർത്ഥി സമൂഹത്തിലെ എല്ലാ നിയമാവലികളും അനുസരിച്ചു കൊള്ളാമെന്നുംസീനിയർ വിദ്യാർത്ഥികളെ എക്കാലവും ബഹുമാനിക്കുന്നതാണെന്നും ഈ കോളേജിന്റെ അന്തസ്സ് ഉയർത്തിക്കാട്ടുന്നതിന് അനവരതം പ്രയത്‌നിക്കുന്നതാണെന്നും അടുത്ത വർഷത്തെ ഒന്നാംവർഷ വിദ്യാർത്ഥികളെതങ്ങളുടെ വിദ്യാർത്ഥി സമൂഹത്തിലെ അംഗങ്ങളാക്കാൻ റാഗിങ് പ്രക്രിയയിലൂടെ കടത്തി വിടുന്നതാണെന്നും പ്രതിജ്ഞ ചെയ്യുന്നു എന്നായിരുന്നു അതിലെ ഉള്ളടക്കം.

പ്രതിജ്ഞ ചൊല്ലലിന്റെ അവസാനം ഹോസ്റ്റൽ സെക്രട്ടറിയുടെ പ്രഖ്യാപനമുണ്ടായി.

''ഇന്നുമുതൽ നിങ്ങൾ സ്വതന്ത്രരാണ്.''

അപ്പോൾനീണ്ട കരഘോഷം മുഴങ്ങി.

''ഇനിയും നിങ്ങളെല്ലാവരും മെസ്സ് ഹാളിലേക്കു വരണം.നിങ്ങൾക്കു വേണ്ടി ഒരു ചായസൽക്കാരം ഒരുക്കിയിട്ടുണ്ട്.''

എല്ലാവരും അടക്കാനാവത്ത സന്തോഷത്തോടെ മെസ്സ് ഹാളിലേക്കു നീങ്ങി.

ചായ സൽക്കാരം കഴിഞ്ഞ് ഉന്മേഷത്തോടെ നവാഗതർ ഹോസ്റ്റൽ വരാന്തയിൽ തങ്ങി നിന്നു. അവർണ്ണനീയമായ ആഹ്ലാദച്ഛായ നവാഗതരുടെ മുഖങ്ങളിൽ നിഴലിച്ചിരുന്നു. ചിലർ തങ്ങളുടെ സ്‌നേഹിതന്മാരുമായി ഉന്തും തള്ളും നടത്തി സന്തോഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങനെ രണ്ടാഴ്ചത്തെ ഭീകരമായ അന്തരീക്ഷവും അട്ടഹാസങ്ങളും അവസാനിച്ചു.

ഇനിയും നവാഗതർ സീനിയർ വിദ്യാർത്ഥികളോടു സംസാരിക്കുമ്പോൾ 'സർ' എന്നപദം ഉപയോഗിക്കേണ്ട. പേരുവിളിച്ച് അവരെ സംബോധന ചെയ്യാം. കൈലിയുടുക്കാം. കളർ ഷർട്ട് ഇടാം. പാന്റ്‌സ് അണിയാം. മീശയും കൃതാവും ഇഷ്ടാനുസരണം വയ്ക്കാം. മുടി നീട്ടി വളർത്താം. എല്ലാ വ്യക്തി സ്വാതന്ത്ര്യവും അനുഭവിക്കാം.

ചിലനവാഗതർ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ പുതുനീരുമായി തങ്ങളുടെ ഭവനങ്ങളിലേക്കു പോകാനുള്ള തയ്യാറെടുപ്പിൽ മുഴുകി.

അന്നു മുഴുവൻ അവിടമാകെ സന്തോഷത്തിന്റെ അലകൾ ഒഴുകി നടന്നു.

( തുടരും....... )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP