Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയൊന്നാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയൊന്നാം ഭാഗം

ജീ മലയിൽ

''താൻ എന്താടോ ക്ലാസിൽ പോകാഞ്ഞെ?'' കോളേജ് ലൈബ്രറിയിലെ റീഡിങ് റൂമിൽ വച്ച് ഫൈനൽ ഇയർ വിദ്യാർത്ഥിയായ സുധീർ നക്‌സൽ എന്ന സാങ്കേതിക നാമത്താൽ അറിയപ്പെട്ട ഒന്നാം വർഷ വിദ്യാർത്ഥി ശശിയോടു ചോദിച്ചു. കോളേജിൽ എത്തിയിട്ടും ക്ലാസിൽ പോകാതെ റീഡിങ് റൂമിൽ ഇരിക്കുകയായിരുന്നു, ശശി.

''നിന്റെ തന്തയോട് പോയി ചോദീര്. നീയാരാടാ എന്നോടു ചോദിക്കാൻ?'' ശശിയുെട മനസ്സിൽ നുരയിളക്കിക്കൊണ്ടിരുന്ന ദേഷ്യവും വെറുപ്പും മുഴുവൻ അപ്പോൾ പുറത്തു ചാടി.

സുധീർ ആശ്ചര്യപ്പെട്ടു. അയാൾ ഒന്നും മിണ്ടാതെ ലൈബ്രറിയിൽ നിന്നും ഇറങ്ങിപ്പോയി. കുരുവിള ജോർജ് എന്ന ഒന്നാംവർഷ വിദ്യാർത്ഥി ആ സംഭവത്തിനു ദൃക്‌സാക്ഷിയായിരുന്നു. ഹോം വർക്ക് ചെയ്യാത്തതിനാൽ അവൻ ആദ്യത്തെ പിരിയഡ് ക്ലാസ്സിൽ കയറിയിരുന്നില്ല.

കുരുവിളയിലൂടെ ആ സംഭവം ഒരു വാർത്തയായി.

ഒരു ഒന്നാം വർഷ വിദ്യാർത്ഥി ഫൈനൽ ഇയർ വിദ്യാർത്ഥിയുടെ തന്തക്കു വിളിച്ചിരിക്കുന്നു. ആ വാർത്തക്കു ചൂടുണ്ടായി.

നാവുകളിൽ നിന്നും കാതുകളിലേക്ക് ആ വാർത്ത പ്രവഹിച്ചു. കോളേജിലെ വമ്പന്മാരും വില്ലന്മാരുമായ വിദ്യാർത്ഥികളുടെ കാതുകളിലും ആ വാർത്ത എത്തിച്ചേർന്നു. മാഷ്, ലൂയി, ഭദ്രൻ എന്നീ വമ്പന്മാർ ആ വാർത്ത കേട്ടു കോപം കൊണ്ടലറി.

''അവനെ പിടിക്കണം.''

ലൂയി സുധീറിനെ കണ്ടു ചോദിച്ചു, സംഭവം സത്യമാണോയെന്ന്.

സുധീർ പറഞ്ഞു. ''ഞാൻ കേട്ടില്ല.''

അവരുടെ കൈയിൽ കിട്ടിയാൽ ശശിയോടു പകരംചോദിക്കുമെന്ന് അറിയാമായിരുന്നതിനാൽ സുധീർ കരുതിക്കൂട്ടി കളവു പറഞ്ഞു.

വമ്പന്മാർ അതു കേട്ട് അടങ്ങിയില്ല. അവർ കുരുവിളയെ അന്വേഷിച്ചു പിടിച്ച് സംഭവത്തെപ്പറ്റി ആരാഞ്ഞു.

''താൻ കെട്ട്‌ടൊ?'' മാഷാണു തിരക്കിയത്.

''ഞാൻ കേട്ടു.''

''അപ്പോ സുധീർ എന്തുട്ടു പറഞ്ഞു?''

''ഒന്നും പറയാതെ ഇറങ്ങിപ്പോയി.''

''ആ സംഭവം നടന്ന പോലെ ഒന്നു വിവരിച്ചേ. കേക്കട്ടെ.'' ലൂയി ആവശ്യപ്പെട്ടു.

കുരുവിള സംഭവത്തിനു പൊടിപ്പും തൊങ്ങലും വച്ച് അവന്റേതായ ശൈലിയിൽ പറഞ്ഞു കേൾപ്പിച്ചു.

ശശിയെ കാർമേഘവർണ്ണൻ എന്നു വിശേഷിപ്പിക്കാൻ പറ്റില്ല. അതിലും കറുപ്പ്. ഈ ലോകത്തോടു വെറുപ്പാണോ എന്നു തോന്നുമാറ് ക്രൂരഭാവംതളം കെട്ടിയ മുഖം. ആരെയും തുറിച്ചു നോക്കുന്ന പകയും ദേഷ്യവും നിറഞ്ഞ കണ്ണുകൾ. മെലിഞ്ഞ ശരീരം. ആറടി നീളം.

അവന്റെ കറുപ്പു വർണ്ണത്തിനിടയിലെ വെളുത്തപല്ലുകൾ കണ്ടാൽ മുല്ലപ്പൂമൊട്ടുകൾ നിരനിരയായി വച്ചിരിക്കുന്നതുപോലെ തോന്നും. പക്ഷേ അവൻ ചിരിക്കാറില്ല.

റാഗിങ് എന്ന പ്രക്രിയ ശശിയിൽ വല്ലാത്ത സ്വാധീനം ചെലുത്തിയിരുന്നു. റാഗിംഗിൽ താൻ കഷ്ടപ്പെട്ടതും പരിഹസിക്കപ്പെട്ടതും ഓർക്കുമ്പോൾ അവന്റെ നെഞ്ചു പിടയും. ആരൊടൊക്കെയോ, എന്തിനോടൊക്കെയോ വെറുപ്പു തോന്നും. തന്നോടു മാത്രം സീനിയേഴ്‌സ് ക്രൂരമായി പെരുമാറി എന്ന് അവൻ ചിന്തിച്ചും വിശ്വസിച്ചും നടന്നു. അതവനിൽ അപകർഷബോധം ഉണർത്തി വിട്ടു.

ഒരു പാവപ്പെട്ട കുടംബത്തിലാണ് അവൻ ജനിച്ചത്. മനുഷ്യസമൂഹത്തിൽ താഴ്‌ത്തപ്പെട്ട ജാതിയിലൊരുവനായി. അവൻ വളർന്നു വന്ന ചുറ്റുപാടുകൾ വേറെ. അവൻ വന്നു പെട്ട ചുറ്റുപാടുകൾ വേറെ. ആ ഹോസ്റ്റലിലെ ജീവിതവുമായി പൂർവ്വകാല ജീവിതം താരതമ്യപ്പെടുത്തിയപ്പോൾ തന്റെ കുടുംബത്തിലെ ദാരിദ്ര്യസ്ഥിതി അവനിൽ ഒരുതരം അധമബോധം കൂടിഉണ്ടാക്കി. അപകർഷബോധത്തിൽ കത്തുന്ന ആ മനസ്സിലെ അധമബോധം എരിതീയിൽ എണ്ണ ഒഴിക്കുന്ന പ്രതീതി ഉണ്ടാക്കി.

പുതിയ ചുറ്റുപാടുകൾ അവനു അരോചകമായി തോന്നി. ചങ്ങലകൾ കൊണ്ടു ബന്ധിക്കപ്പെട്ടതു പോലെ ഉള്ള അനുഭവം. സ്വതന്ത്ര വായു ശ്വസിക്കാൻ അവൻ ദാഹിച്ചു.

അവൻ ആരോടും സംസാരിച്ചില്ല. അടുത്തിടപഴകിയില്ല. ഒറ്റയ്ക്കു കോളേജിൽ പോകും. ഒറ്റയ്ക്കു ആഹാരം കഴിക്കും. ഒറ്റയ്ക്കു നടക്കും. അവന്റെ ആ സ്വഭാവം മൂലം മറ്റുള്ളവർ അവനോടും സംസാരിച്ചില്ല. അവന്റെയടുത്തു ചെന്നില്ല. അതു അവനിൽ കൂടുതൽ ദേഷ്യവും അമർഷവും അങ്കുരപ്പിച്ചു.

താൻ പാവപ്പെട്ടവനായതു കൊണ്ടല്ലേ തന്നോടു ആരും മിണ്ടാൻ വരാത്തതെന്ന് അവൻ വിശ്വസിച്ചുനടന്നു. ആ വിശ്വാസം അവന്റെ ദേഷ്യവും അമർഷവും വീണ്ടും വർദ്ധിപ്പിക്കാൻ പര്യാപ്തമായിരുന്നു.

അവനിൽ അങ്കുരിച്ച ദേഷ്യത്തിന്റെയും അമർഷത്തിന്റെയും മുളകൾ വളവും വെള്ളവും വലിച്ചെടുത്തു വേഗം വളർന്നു. ഹോസ്റ്റലിലെ അന്തേവാസികളെയെല്ലാം അവൻ വെറുത്തു. തന്റെ ക്ലാസ്സിൽ പഠിക്കുന്നവരെ വെറുത്തു. ആ കോളേജ് അന്തരീക്ഷം തന്നെ അവൻ വെറുത്തു.

ആ കോളേജിലെ പഠനം അവസാനിപ്പിക്കാനുള്ള ദാഹം അവന്റെ ഉള്ളിൽ വിടർന്നു വന്നു. ആദ്യം അവൻ പ്രിൻസിപ്പാളിന്റെ മുമ്പിൽ പരാതി പറഞ്ഞു നോക്കി. ''എനിക്ക് പഠിപ്പിക്കുന്നെയൊന്നും മനസ്സിലാകുന്നില്ല. അതുണ്ടെന്റെ ടി.സി. തരണം.''

പ്രിൻസിപ്പാൾ അവനെ ഉപദേശിച്ചു വിട്ടു. ''ആദ്യമൊക്കെ അങ്ങനെയാണ് കൂട്ടീ. താൻ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നാൽ മതി. താനെ മനസ്സിലായിക്കൊള്ളും. മനസ്സിലാകുന്നില്ലെങ്കിൽ എന്നോടു വന്നു പറഞ്ഞാൽ മതി.''

അദ്ദേഹം ഒന്നാം വർഷക്കാരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ അവന്റെ പരാതി അറിയിച്ചിട്ട് അവനിൽ ഒന്നു കൂടി ശ്രദ്ധ വച്ചു പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനാൽ, അദ്ധ്യാപകർ അവനോടു പഠിപ്പിക്കുന്നതിനിടയിൽ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഉത്തരം പറയാതെ, പറയാനറിയാതെ അവൻ അദ്ധ്യാപകരുടെ ചോദ്യങ്ങൾക്കു മുമ്പിൽ മിഴിച്ചു നിന്നു. അതവനിൽ കൂടുതൽ അപകർഷബോധം വിതച്ചു. അത്രയും വിദ്യാർത്ഥികളുടെ ഇടയിൽ നിന്നും തന്നെ മാത്രം തിരഞ്ഞെടുത്തു ചോദ്യം ചോദിക്കുന്നതിൽ അവനു അദ്ധ്യാപകരോടും വെറുപ്പു തോന്നി.

തന്റെ അറിവില്ലായ്മ മറ്റുള്ളവരെ മനസ്സിലാക്കാൻ അദ്ധ്യാപകർ മനഃപൂർവ്വം ചെയ്യുന്ന വിദ്യയാണ് അതെന്ന് അവൻ വിധിയെഴുതി. അദ്ധ്യാപകർ തന്നെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണ് എന്നവൻ ചിന്തിച്ചു നടന്നു. അതുകൊണ്ട് കോളേജിലെ എല്ലാ അദ്ധ്യാപകരെയും കോളേജിനെപ്പോലും അവൻ വെറുത്തു.

എത്രയും വേഗം ആ കോളേജിൽ നിന്നും രക്ഷ നേടണമെന്ന ആഗ്രഹം അവനിൽ അങ്കുരിച്ചു. ആ കോളേജ് ജീവിതം മടുത്തു. ഹോസ്റ്റൽ ജീവിതം മടുത്തു. അവൻ ക്ലാസ്സിൽ പോകാതെ ആയി. എപ്പോഴും അവന്റെ ചിന്ത, ആ നശിച്ച ചുറ്റുപാടിൽ നിന്നും ബന്ധനത്തിൽ നിന്നും മോചനം നേടുക എന്നതായിരുന്നു.

അതു മൂലംതന്നിൽ ഉണ്ടായ പകയും വിദ്വേഷവും ആണ് അന്നു കാലത്ത് ലൈബ്രറിയിലെ റീഡിങ് റൂമിൽ വച്ച് അവൻ ഫൈനൽ ഇയർ വിദ്യാർത്ഥിയായ സുധീറിൽ തീർത്തത്.

അന്നു രാത്രി പത്തു മണിക്ക് വമ്പന്മാർ ശശിയുടെ മുറിയിൽ എത്തിച്ചേർന്നു. ശശി കസേരയിൽ ചിന്താവിഷ്ടനായി ഇരിക്കുകയായിരുന്നു. അവരെ കണ്ടിട്ടും അവൻ അനങ്ങിയില്ല.

''സാറെ ഞങ്ങൾ ങ്ങോട്ടു വര്‌ട്ടെ.'' മുറിയിലേക്ക് ഒരു പാദം കടത്തി വച്ച് മാഷ് തിരക്കി.

ചോദ്യം തന്നോടല്ല ചോദിച്ചത് എന്ന നാട്യത്തിൽ അവൻ ബധിരനെപ്പോലെ അവിടെയിരുന്നു. അവർ മുറിയിൽ കയറി വാതിലടച്ചു.

ഉറങ്ങിക്കിടന്നിരുന്ന ശശിയുടെ മുറിയിലെ അന്തേവാസി ശബ്ദം കേട്ട് ഉണർന്നു. മാഷിനെയും ലൂയിയെയും മറ്റും കണ്ടപ്പോൾ അവൻ ചാടിയെഴുന്നേറ്റു.

''താനവിടെ കിടന്നാടൊ.'' മാഷ് അവനോടു പറഞ്ഞു.

അവൻ കിടക്കാതെ ബഹുമാന പുരസ്സരം അവിടെ നിന്നതേയുള്ളു.

''കിടക്കണ്ടങ്കി അവിടെ നിന്നൊ.'' മാഷ് കിണുങ്ങിച്ചിരിച്ചുകൊണ്ട് കൈയിലിരുന്ന കഞ്ചാവു ബീഡി വലിച്ചു കയറ്റി.

കരങ്ങളിൽനിന്നും കരങ്ങളിലേക്ക് അതു ഓടി നടന്നു. എല്ലാവരും പുക ഉള്ളിലേക്ക് ആവാഹിച്ചു. ശശി അതൊന്നും ശ്രദ്ധിക്കാതെ കസേരയിൽ തന്നെഇരുന്നു.

''സാറെ ഞങ്ങളൊന്നിരുന്നൊട്ടൊ?'' മാഷിന്റെ ആ ചോദ്യവും ശശിയിൽ യാതൊരു ചലനവുമുണ്ടാക്കിയില്ല. അവൻ നിർജ്ജീവപ്രതിമ പോലെ മാഷിന്റെ മുഖത്തേക്കു ഉറ്റു നോക്കി.

''ചോദിച്ചതു കേട്ടില്ലേടാ?'' ഒരലർച്ച.

ലൂയിയുടെ അലർച്ച സൃഷ്ടിച്ച തരംഗങ്ങൾ അന്തരീക്ഷമാകെ സൂചിമുനകൾ ഇറക്കി. അവനൊന്നു ഞെട്ടി.

ആഗതർ കസേരകളിലും കട്ടിലിലും മറ്റും ഉപവിഷ്ടരായി.

''എഴുന്നെറ്റു നില്ലെടാ പായാടിമൊനെ.'' മാഷ് ഗർജ്ജിച്ചു.

ശശി വികാരവിക്ഷോഭം കാട്ടാതെ എഴുന്നേറ്റു.

''നിനക്ക് ഇരിക്കാൻ വല്യ കമ്പമാണല്ലേ? എങ്കി ഇരുന്നോ.'' പരിഹാസം കലർന്ന സ്വരത്തിൽ ഭദ്രൻ ഇളിച്ചുകൊണ്ടു പറഞ്ഞു.

അവൻ ഇരിക്കാൻ തുടങ്ങുമ്പോൾ ഭദ്രൻ കസേരക്കു ഒരു തട്ടു കൊടുത്തു. ശശി തറയിൽ പൃഷ്ഠമടിച്ചു വീണു.

ആ വീഴ്ചയിൽ നല്ലതു പോലെ വേദനിച്ച അവന്റെ മുഖത്ത് അമർഷവും ദേഷ്യവും കൂടിക്കലർന്നു. അവൻചാടിയെഴുന്നേറ്റു.

''ഇരീട്, കസെരയിൽ ഇരിക്ക്ണപോലെ.'' മാഷിന്റെ ആജ്ഞ.

അവൻ അനുസരിക്കാതെ മാഷിന്റെ മുഖത്തേക്കു തുറിച്ചു നോക്കി.

''അനുസരിക്കില്ലെടാ.'' ഗർജ്ജിച്ചുകൊണ്ട് മാഷ് കൈയിലിരുന്ന കഞ്ചാവ് ഒന്നു കൂടി വലിച്ചു കയറ്റിയിട്ട് ലൂയിയുടെ കൈയിൽ കൊടുത്തു. തന്റെ സ്വതസ്സിദ്ധമായ ആക്രമണത്തിനു വേണ്ടി അവന്റെ നേരേ അടുത്തു.

മാഷിന്റെ വലതു കൈപ്പത്തിയുടെ വിരലുകൾ അവന്റെ ഉദരപേശിയിലേക്കു താഴ്ന്നിറങ്ങി. അവൻ അയ്യോ എന്നു നിലവിളിച്ചു പോയി.

''അനുസരിക്ക്‌മൊടാ?'' വീണ്ടും ഗർജ്ജനം.

''അനുസരിക്കാം സാറെ.'' അവൻ മോങ്ങിക്കൊണ്ട് ഉത്തരം നല്കി. മാഷ് ശശിയടെ ഉദരപേശിയിൽനിന്നും കൈപിൻവലിച്ചു. തറയിൽ വീണു കിടക്കുന്ന കസേര നേരേ ഇട്ട് അയാൾ അതിലിരുന്നു.

''ഇരിയെടാ കൂത്താടി മോനെ, കസേരയിൽ ഇരിക്കുന്ന പോലെ.'' ലൂയിയുടെ ആജ്ഞകേട്ട് കസേരയില്ലാതെ തന്നെ അവൻ കസേരയിൽ ഇരിക്കുന്നതു പോലെ ഇരുന്നു കാട്ടി. ഭദ്രനും ബാലകൃഷ്ണനും നോക്കിയിരുന്നു ചിരിച്ചു.

''കൈ ഇതുപോലെ വയ്ക്കടാ.'' കസേരയിൽ ഇരിക്കുന്ന ഭദ്രൻ തന്റെ കരങ്ങൾ കാട്ടി നിർദ്ദേശിച്ചു.

താഴ്‌ത്തി ഇട്ടിരുന്ന കരങ്ങൾ കസേരക്കൈയിൽ താങ്ങി വയ്ക്കുന്നതു പോലെ അവൻ വച്ചു. കാലുകളും കരങ്ങളും ശരീരവും അല്പനേരത്തിനു ശേഷം കുഴഞ്ഞു.

അവൻവിറയ്ക്കാൻ തുടങ്ങി. പാദങ്ങളുംകരങ്ങളും ഉറയ്ക്കുന്നില്ല. അവ നിയന്ത്രണാതീതമായി വിറച്ചപ്പോൾ അവന്റെ മനസ്സിൽകൂടി ആയിരമായിരം പൊട്ടിച്ചീറ്റൽ പാഞ്ഞുപോയി.

താൻ പാവപ്പെട്ടവനായതു കൊണ്ടല്ലേ അവരെല്ലാം തന്നെ ഉപദ്രവിക്കുന്നത് എന്ന് അവൻ മനസ്സിൽ പറഞ്ഞു. ഉടനെ അവിടെ നിന്നും രക്ഷപ്പെടണമെന്നവൻ ആഗ്രഹിച്ചു. അവൻ ഉറച്ച ഒരു തീരുമാനമെടുത്തു. 'നാളെ വൈകുന്നേരം ഞാൻ ഈ ഹോസ്റ്റലിൽ കാണില്ല'.

അവന്റെ പാദങ്ങളിലേക്കു വിയർപ്പു തുള്ളികൾ ഒഴുകിയിറങ്ങി. അവ തറയിൽ വീണു കുതിർന്നു. കുഴഞ്ഞു തളർന്ന പാദങ്ങൾ തറയിൽ നിന്നും ഊർന്നു മാറി. അപ്പോഴേക്കും ശരീരത്തിലെ എല്ലാ കോശങ്ങളും തളർന്നു കഴിഞ്ഞിരുന്നു. അവൻ നിയന്ത്രണം വിട്ട് തറയിൽ ഇരുന്നു പോയി.

അതുകണ്ട് മാഷ് കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ് അവന്റെ മുതുകിന് ഒരു ചവിട്ടു കൊടുത്തു.

''ഞങ്ങളൊട് പറയാണ്ട് നീ ഇരിക്‌ണൊടാ? എഴ്‌ണെല്ക്കടാ.'' അയാൾ മുരണ്ടു.

തന്റെ മുമ്പിലിരിക്കുന്നവരുടെ ക്രൂരമായ നിഴലുകൾ അപ്പോൾ അവന്റെ കണ്ണിൽ തെളിഞ്ഞു. അവന് അവരോട് അരിശവും വെറുപ്പും തോന്നി.

''എഴ്‌ണെല്ക്കടാവേഗം.'' അവൻ എഴുന്നേൽക്കാൻ തുനിഞ്ഞു നോക്കിയെങ്കിലും ശക്തിയില്ലാതെ അവിടെ തളർന്നിരുന്നതേയുള്ളു. അവന്റെിനയനങ്ങൾ നിറഞ്ഞൊഴുകുന്നതുകണ്ടിട്ടും ആ കാണികൾ കനിഞ്ഞില്ല. അവരുടെ ആവേശം വർദ്ധിക്കുകയായിരുന്നു.

''എണീരെടാ.'' ലൂയിയുടെ പാദം അവന്റെ കാൽമുട്ടിൽ പതിച്ചു.

അവൻ എഴുന്നേൽക്കാൻ വീണ്ടും ആഞ്ഞു നോക്കി, പക്ഷേ സാധിക്കാതെ ആ നില തുടർന്നു. ഗർജ്ജനങ്ങളുടെ ഘോഷയാത്ര തുടങ്ങിയപ്പോൾ അവൻ ബദ്ധപ്പെട്ട് എഴുന്നേറ്റു നിവർന്നു നില്ക്കാൻ തുനിഞ്ഞു. പക്ഷേപാദങ്ങൾ നിലത്തുറയ്ക്കാൻ മടി കാട്ടി. കുഴഞ്ഞ കാലുകളും ശരീരവും വളഞ്ഞു പോയി.

വീണ്ടും കണ്ണീർ തുള്ളികൾ അവന്റെ ഒട്ടിയ കവിളുകളിൽ കൂടി താഴേക്ക് ഒഴുകി താടിയിൽ വന്നു നിന്നു.

''കരയാണോ പാമൊൻ. കരച്ചിലു മാറ്റിത്തരാടാ.... അഴീടാ നിന്റെ തുണീല്ലാം.'' മാഷിന്റെ ഗർജ്ജനം.

അവൻ തുണികളഴിച്ചു മാറ്റി. അല്പനേരത്തിനു ശേഷംശരീരം താങ്ങാനുള്ള ശക്തി കാലുകൾക്കുതിരിച്ചു കിട്ടി. പൂർണ്ണ നഗ്നനായി അവരുടെ മുമ്പിൽ നേരേ നിന്നപ്പോൾ അവർ അവന്റെ നഗ്നതയിൽ നോക്കി പരിഹസിച്ചു ചിരിച്ചു.

''കരച്ചിലു മാറ്റാൻ മരുന്നു തരാം.'' ലൂയിയുടെ പരിഹാസ സ്വരം.

''നിന്റെ അടിച്ചാക്ക് കയ്യിലെടടാ.'' അവൻ അഴിച്ചു കളഞ്ഞ അണ്ടർവെയർ കൈയിലെടുത്തു.

''അതുകൊണ്ട് കണ്ണീരെല്ലാം തൊടേടാ.'' അതും അവൻ അനുസരിച്ചു.

''ഇനീം അത് വായിലോട്ടു വച്ചോ.''

അവൻ അതു ചെയ്യാതെ അറച്ചുനിന്നപ്പോൾ ലൂയി കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു. ''ചെയ്യെടാ വേഗം.''

അവൻ ആ അണ്ടർവെയർ വേഗംതന്റെ വായിലേക്കു കടത്തി.

''മുഴുവൻ കേറ്റടാ.''

അവൻ അതു മുഴുവൻ വായിലേക്കു കടത്താൻ പാടു പെടുമ്പോൾ ഭദ്രൻ ഒരു സ്‌കെയിലെടുത്ത് അതു ഉള്ളിലേക്കു കുത്തിത്തിരുകിക്കൊടുത്തു. അപ്പോൾ അവന്റെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു. ഒട്ടിയ കവിളുകൾ വീർത്തു നിന്നു.

അവന്റെ മുഖത്തെ ഗോഷ്ടി കണ്ടു ലൂയി ചിരിച്ചു. അയാൾ ആനന്ദത്തോടെ കട്ടിലിൽ ഇരുന്ന് പുതിയ ബീഡിക്കു തീ കൊളുത്തി പുക ആവാഹിച്ചു.

വായിൽനിന്നും വെളിയിലേക്കു നീണ്ടു കിടക്കുന്ന അണ്ടർവെയറിന്റെ ചരടിന്റെ അഗ്രങ്ങൾ കൂട്ടിപ്പിടിച്ച് ഭദ്രൻ അവനെ വലിച്ചു. അവൻ തന്റെ വികൃതമായ മുഖം അയാളുടെ വലിക്കൊത്ത് ആട്ടി. അപ്പോഴും നയന കണങ്ങൾ ഒഴുകിക്കൊണ്ടേയിരുന്നു.

പാതിരാത്രിയോടടുത്തിട്ടും ശശിക്കു മോചനം ലഭിച്ചില്ല. തന്റെ മുറിയിൽ അവൻ കഷ്ടതയുടെ പാഠങ്ങൾ അഭ്യസിച്ചുകൊണ്ടിരിക്കുമ്പോൾ അന്ധകാരത്തിന്റെ കറുത്ത ആവരണം അണിഞ്ഞ പ്രകൃതി നിശ്ശബ്ദമായി ആ പ്രവർത്തികളെല്ലാം കണ്ടുകൊണ്ടു ചലനമറ്റു നിന്നു.

ശശി എന്ന പാവം ജീവൻ എല്ലാം സഹിച്ച്, ക്ഷമിച്ച്, അവരുടെ ആജ്ഞകളെല്ലാം അനുസരിച്ചുകൊണ്ടേയിരുന്നു.

ആക്രമിക്കുന്നവർ തളരുന്നതു വരെ ആക്രമിക്കപ്പെടുന്നവൻ തന്റെ സംവേദനയെ മുഴുവൻ നിയന്ത്രിച്ച് സഹിഷ്ണുതയോടെ നിന്നു കൊടുത്തു.

വലിയ പൊട്ടിത്തെറിക്കു മുമ്പുള്ള ശാന്തത പോലെ.

അപ്പോൾ വൃക്ഷത്തലപ്പുകൾ നേരിയ സ്വരത്തിൽ ശ്വസിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.

(തുടരും..........)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ്എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP