Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയഞ്ചാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയഞ്ചാം ഭാഗം

ജീ മലയിൽ

''എന്താടാ പാമ്പേ, നീ എനിക്കിട്ടും കൊത്താൻ തുടങ്ങിയോ?''

തീപ്പൊരിയെന്ന സാങ്കേതിക നാമമുള്ള ഒന്നാം വർഷ വിദ്യാർത്ഥിയായ സാബു കോപത്തോടെ ഹോസ്റ്റലിന്റെ മുമ്പിലുള്ള പോർട്ടിക്കോയിലേക്കുപാഞ്ഞു വന്ന് ജയരാജിന്റെ നേരേ കൈ ചൂണ്ടിക്കൊണ്ടു തട്ടിക്കയറാൻ തുടങ്ങി.

അന്നു വൈകുന്നേരം വിനോദും തമ്പാനും ജയരാജും അവിടെ നാട്ടുവിശേഷങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു. വളരെ ഉച്ചത്തിലും ദേഷ്യത്തോടെയും സാബു തട്ടിക്കയറിയത്എന്തിനെന്നു അവിടെയിരുന്ന ആർക്കും പിടി കിട്ടിയില്ല.

''എന്തു പറ്റി?'' ജയരാജ് ഒന്നുമറിയാത്തവനെപ്പോലെ അവനോടു ശാന്തമായി തിരക്കി.

''എന്റെ കൂടെ നടന്ന് എന്റേതെല്ലാം തിന്നിട്ട് എന്നെ നാണം കെടുത്തുന്നോടാ. എന്നെച്ചേർത്ത് നീ എന്തെല്ലാം തോന്ന്യാസമാണെടാ പറഞ്ഞു നടക്കുന്നെ.എന്റെ ചെലവിൽ നിനക്ക് ആളാവണം......ല്ലേടാചെറ്റനായേ....?'' ഒറ്റശ്വാസത്തിൽ തുടർച്ചയായി സംസാരിച്ചുകൊണ്ടു സാബു പൊട്ടിത്തെറിക്കുമ്പോൾ ജയരാജ് ചോദിച്ചു.

''എന്താ, എന്തു പറഞ്ഞെന്നാ? നീ കാര്യം പറ.''

''നിനക്കറിയില്ല? നീ എന്നെക്കുറിച്ച് എന്തെല്ലാമാണു പറഞ്ഞു നടക്കുന്നതെന്ന് നിനക്കറിയില്ല?''

ജയരാജ് അതിനുത്തരം പറയാനാവാതെ നില്ക്കുമ്പോൾ സാബുവിന്റെ കണ്ണുകളിൽ നിന്നും ക്രോധാഗ്നി പടരുന്നതു പോലെ തോന്നി.

സ്റ്റഡിലീവു തുടങ്ങിയിട്ടു രണ്ടാഴ്ച കഴിഞ്ഞിരുന്നു.ഹോസ്റ്റലിൽ പഠനം തകൃതിയായി നടക്കുന്നു. രാവും പകലും വിദ്യാർത്ഥികൾ അടച്ചിട്ട മുറികളിലിരുന്നാണു പഠിത്തം. ഹോസ്റ്റലിൽഎപ്പോഴുംപൂർണ്ണ നിശ്ശബ്ദത നിറഞ്ഞു നില്ക്കുന്നതായി തോന്നും.

പഠിച്ചു ക്ഷീണിച്ചു അവശരാകുമ്പോൾ ചില വിദ്യാർത്ഥികൾ ഉറക്കെ കിടന്നലറുന്നതു കേൾക്കാമെന്നതൊഴിച്ചാൽ. അപ്പോൾ അതിനു തുടര്ച്ച യായിഎല്ലാ മുറികളിൽ നിന്നും അട്ടഹാസങ്ങളും അലർച്ചകളും പട്ടികുരകളും ഓലിയിടലും ഉയരും. ആ സമയം പത്തു മിനിറ്റോളം ഹോസ്റ്റൽ വീണ്ടും ശബ്ദായമാനമാകും. അല്ലാത്ത സമയങ്ങളിൽ ഹോസ്റ്റൽ തികച്ചും ശബ്ദരഹിതം.

പോർട്ടിക്കോയിലെ ബഹളം കേട്ട്പ്രദീപും അവിടെയെത്തി.

പ്രദീപ്‌ചോദിച്ചു. ''എന്താ... എന്താ ഒരു ബഹളം കേട്ടത്?''

അതു ശ്രദ്ധിക്കാതെജയരാജ് ഉരുവിട്ടു.''ആരോട് എന്തു പറഞ്ഞെന്നാ?''

''നിനക്കറിയില്ലെങ്കിൽ പറഞ്ഞു തരാം. എന്താ? നീ എന്നെക്കുറിച്ചു തോന്ന്യാസം പറഞ്ഞ ആ ഹരിയെയും ജോബിയെയും നീ തന്നെ പോയി വിളിച്ചോണ്ടു വാടാ...........അവരുടെ മുമ്പിൽ വച്ചു തന്നെ പറഞ്ഞു തരാം. ചെല്ലെടാ...ചെന്നു വിളിച്ചോണ്ടു വാടാ.''

സാബു ജയരാജിനെ തള്ളാൻ അവന്റെ നേരേ കൈ പൊക്കിക്കൊണ്ടു ചെന്നു.

ജയരാജ് സാബുവിനെ ശാന്തനാക്കാൻ പറഞ്ഞു. ''ഞാൻ നിനക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, സാബൂ.നീ ഇങ്ങനെ ചൂടാവാതെ. ഒന്നുമല്ലേൽ നമ്മൾഎത്ര ദിവസം ഒന്നിച്ചു കിടന്നുറങ്ങിയവരാ.''

''അതേടാ.നിന്നെപ്പോലൊരു നാറിയെ എന്റെ തോളിൽ കയ്യിട്ടു നടക്കാൻ അനുവദിച്ചതും എന്റെ കട്ടിലിൽ വന്നു കിടന്നപ്പോൾ ഓടിക്കാതിരുന്നതും ആണോടാ ഞാൻ കാണിച്ച തെറ്റ്? അതിനു ഞാനിത്രേം കേക്കണോടാ?അതും സ്വപ്നത്തിൽ പോലും അറിഞ്ഞിട്ടില്ലാത്ത കാര്യം. ഞാനെന്നെങ്കിലും നിന്റെ മുറിയിലോ നിന്റെ കട്ടിലിലോ വന്നു കിടന്നിട്ടുണ്ടോടാ? വെറുതെയങ്ങു പറഞ്ഞു നടന്നാൽ ഏതു കള്ളോം സത്യമാണെന്നു മറ്റുള്ളവർ കരുതും. നീയും അതല്ലേടാ ചെയ്യുന്നത്?''

എത്ര പറഞ്ഞിട്ടും സാബു നിർത്തുന്നില്ലെന്നു കണ്ടപ്പോൾ തമ്പാൻ എഴുന്നേറ്റു ചെന്ന് സാബുവിന്റെ പുറത്തു തൊട്ടുകൊണ്ട് അവനെ തണുപ്പിക്കാൻ ശ്രമിച്ചു.

''മതി സാബു. ഇഷ്ടം പോലെ പറഞ്ഞില്ലെ. അവനോടങ്ങു പൊറുക്ക്.''

''മറ്റുള്ളവരെ വേദനിപ്പിച്ചു സന്തോഷിക്കുന്ന സാഡിസ്റ്റാണിവൻ. തന്തയാരെന്നറിയാണ്ടെ വളർന്നതിന്റെ ഗുണമാ. ഇവൻ ഒരു നായിക്കല്ല, പല തെരുവു നായ്ക്കൾക്കുണ്ടായവനാ. നിന്നെ വളർത്തിയ കഥയൊക്കെ എനിക്കുമറിയാമെടാ. വിത്തു ഗുണം പത്തു ഗുണം. ആ നീയാണോടാ എന്നെപ്പറ്റി തോന്ന്യാസം പറയുന്നെ?''

''എടാ സാബൂ......വായിൽ വരുന്നതെല്ലാം ഇങ്ങനെ വിളിച്ചു പറയരുത്. അങ്ങനെ പറയുന്നതു നീ സൂക്ഷിച്ചു വേണം.''

തന്റെ ക്രോധം മുഴുവൻ തീർക്കാനെന്നവണ്ണം സാബു ജയരാജിന്റെ ഷർട്ടിനു കൂട്ടിപ്പിടിച്ചുകൊണ്ടു ആഞ്ഞു വലിച്ചു. എന്നിട്ടു ചോദിച്ചു. ''പറഞ്ഞാൽ നീ എന്തു ചെയ്യുമെടാ? എന്റേതെല്ലാം നക്കിത്തിന്ന് അവസാനം തൈരും കുടിച്ചിട്ട് മുറുമുറുക്കുന്നോടാ.നീയാരാണെന്നാ നിന്റെ വിചാരം?ഛര്ദ്ദിചയും അതിസാരവും പ്രിയമോടെ മണപ്പിച്ചു മണപ്പിച്ച് അതിൽ നാവിടുന്ന പന്നപ്പട്ടീ?നിനക്കെന്തും മറ്റുള്ളവരെക്കുറിച്ച്പറഞ്ഞു നടന്നു മിടുക്കനാകാം.നിന്നെക്കുറിച്ചൊന്നും പറയരുത്. അല്ലേടാ?മറ്റുള്ളവർക്കും വിഷമം ഉണ്ടാവുമെന്ന് നീ മനസ്സിലാക്കിക്കോ.'' സാബുഅലറി.

ഹോസ്റ്റലിനു മുമ്പിലെ ബഹളവും ഉച്ചത്തിലുള്ള സംസാരവും കേട്ടു പല അന്തേവാസികളും ഇറങ്ങി വന്നു. എല്ലാവരും എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാവാതെ മിഴിച്ചു നിന്നതേയുള്ളു. സാബു ഒരു ഭയങ്കര ചൂടനാണെന്ന് എല്ലാവർക്കുമറിയാം. ഒന്നു പറഞ്ഞു രണ്ടാമത്തേതിനു കൈ പൊക്കാൻ മടിക്കാത്തവൻ. ചൂടിന്റെ പാരമ്യത്തിൽ അടി ഉറപ്പാണ്. അതിനാൽ എന്താണു സംഭവിക്കാൻ പോകുന്നതെന്നു കാണാനുള്ള ആകാംക്ഷ അവരുടെ മുഖങ്ങളിൽ കാണാമായിരുന്നു.

രംഗം കൂടുതൽ വഷളാവുന്നതു കണ്ട് തമ്പാൻ വിനോദിന്റെ മുഖത്തേക്കു നോക്കി. വിനോദ് എഴുന്നേറ്റ് അവരുടെ അരികിലെത്തി. തമ്പാനും വിനോദും അന്യോന്യം നോക്കിയിട്ടു സാബുവിന്റെയുംജയരാജിന്റെയും ഇടയിലേക്കു കയറി. എന്നിട്ട് അവർ രണ്ടുപേരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചു.

തമ്പാൻ പറഞ്ഞു. ''സാബു അവന്റെ പിടി വിട്. നമുക്കു പരിഹാരമുണ്ടാക്കാം.''

സാബു ജയരാജിന്റെ ഷർട്ടിൽ നിന്നും പിടി വിട്ടു. ''നിനക്കറിയില്ല. ഇവൻ എന്നെപ്പറ്റി ഇല്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞു നടക്കുന്നു. ഞാനറിയില്ലെന്നു വിചാരിച്ചു ഈ പരനാറി.''

സാബുവിന്റെ കലിയും അരിശവും അടങ്ങുന്നില്ലെന്നുകണ്ടപ്പോൾതമ്പാൻ അവനെ ആശ്വസിപ്പിക്കാനായി ചോദിച്ചു.

''എന്തു പറഞ്ഞെന്നാ സാബൂ?''

''അവനോടു തന്നെ ചോദിക്ക്. അപ്പോൾ അവന്റെ തനി സ്വഭാവം എന്താണെന്ന് നിങ്ങൾക്കും മനസ്സിലാവും.''

''എന്നാലും ഇത്ര കോപമുണ്ടാവാൻ കാരണമെന്തെന്നു നീ തന്നെ പറ.

''ആവിഷപ്പാമ്പിന്റെസ്വഭാവമെന്തെന്നു നിനക്കറിയാമോ?ഇരുട്ടുള്ളപ്പോൾ മറ്റുള്ളവർ കിടക്കുന്നിടത്തു ശബ്ദമുണ്ടാക്കാതെ ഇഴഞ്ഞിഴഞ്ഞു കയറിച്ചെല്ലും. എന്നിട്ടു കൂടെ കിടന്നുറങ്ങും.പിറ്റേ ദിവസം മുതൽ ഇല്ലാത്ത കാര്യങ്ങൾ വീമ്പിളക്കി പറഞ്ഞു നടക്കും. ഒരു ദിവസം അവൻ എന്റെ കൂടെ വന്നു കിടന്നെന്നും പറഞ്ഞ് എന്നെച്ചേർത്ത് പലരോടും തോന്ന്യാസം പറഞ്ഞു നടക്കുന്നു.''

അത്രയും പറഞ്ഞിട്ട് സാബു ജയരാജിനെ ചൂണ്ടിച്ചോദിച്ചു. ''നീയല്ലേ ഏതവന്റേം മുറീൽ കേറിക്കിടക്കാൻ നടക്കുന്നെ. അവർക്കതിഷ്ടമല്ലെങ്കിൽ കൂടി.അല്ലേടാ പുല്ലേ?''

സാബു ചൂടു കുറയ്ക്കാതെ തന്നെ തമ്പാനെ നോക്കി വീണ്ടും പറഞ്ഞു തുടങ്ങി. ''ഇതൊക്കെ അവനെ വളർത്തി വിട്ടതിന്റെ ദോഷമാ. തള്ളേടെ കെട്ടിയോൻ കളഞ്ഞിട്ടു പോയതല്ലേ. അപ്പോൾ വഴിയിൽ കണ്ട ഒത്തിരി അങ്കിൾമാരും ചേട്ടന്മാരും കൊണ്ടുനടന്നു വേണ്ടാത്തതൊക്കെ കാണിച്ചു വഷളാക്കിക്കാണും. അവരിൽ നിന്നും അന്നു പഠിച്ചതൊക്കെ ഹോസ്റ്റലിൽ വന്ന് എടുക്കാമോന്നു നോക്കി ഇഴഞ്ഞു നടക്കുവാ. എതു മാലിന്യത്തിൽ കിടന്നുരുളാനുംനക്കാനും മടിയില്ലാത്ത പന്നിയാ ഇവൻ. നിങ്ങക്കറിയാമൊ?''

''എനിക്കൊന്നും മനസ്സിലായില്ല.'' വിനോദ് തട്ടിവിട്ടു.

''നിനക്കൊക്കെ പുറകാലെ മനസ്സിലായിക്കൊള്ളും.''

സാബു വർദ്ധിച്ച കോപത്തോടെ തുള്ളിക്കൊണ്ട് അവിടെ നിന്നും നടന്നുപോയി.പോകുമ്പോൾ തിരിഞ്ഞു നിന്നു പറഞ്ഞു. ''കിട്ടുന്ന ഏതു ആസനം താങ്ങിയിലും ചുണ്ടടുപ്പിക്കുന്ന നായേ...മുമ്പിൽ കാണുന്ന ഏതുചെളിക്കുഴിയിലെദുഷിച്ച ജലവും പാനം ചെയ്യുന്ന നക്കി നായേ, നിനക്കു ചേരാത്ത ഏതെങ്കിലുംപേരുകളുണ്ടോടാ ഈ ഭൂമിയിൽ? മേലിൽ ഇതാവർത്തിച്ചാലുണ്ടല്ലോ, നിന്റെ വിഷം മാത്രമല്ല നിന്റെ സകലതും ഞാൻ വെളിയിലിറക്കും. പറഞ്ഞില്ലെന്നു വേണ്ടാ.''

സാബുവിന്റെവളരെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അപ്പോഴും കുറെപ്പേർ അവിടേക്ക് ഓടിയെത്തി. അവർ വിനോദിനോടും തമ്പാനോടുമായി ആരാഞ്ഞു. ''എന്താ പ്രശ്‌നം?''

''ഒരു പിടിയുമില്ല.'' വിനോദ് പറഞ്ഞു.

''എനിക്കും ഒന്നും മനസ്സിലായില്ല.''പ്രദീപും പറഞ്ഞു.

പിന്നീട്ആരും ഒരക്ഷരവുംഉരിയാടിയില്ല.ജയരാജ് വിഷണ്ണനായി മുഖം കുനിച്ചു പോർട്ടിക്കോയിലെ അരഭിത്തിയിൽ കുറെ നേരം ഇരുന്നു. അതിനുശേഷം അവൻ മെല്ലെ എഴുന്നേറ്റു ഹോസ്റ്റലിലെ തന്റെ മുറിയിലേക്കു നടന്നു.

''ഇന്നത്തെ ദിവസം അങ്ങനെ നാശപ്പെട്ടു.''വിനോദ് ഉരുവിട്ടു.

വിനോദിനു വല്ലാത്ത പ്രയാസം തോന്നി. അവിടെക്കൂടിയ എല്ലാവരും പിരിഞ്ഞു പോയിക്കഴിഞ്ഞു വിനോദ് തമ്പാനെ നോക്കി ചോദിച്ചു. ''വരുന്നോ നമുക്കൊന്നു നടന്നിട്ടു വരാം.''

നടന്നു തുടങ്ങുമ്പോൾ വിനോദ് പ്രദീപിനോടും ആരാഞ്ഞു. ''നീ വരുന്നോ?''

പ്രദീപ് നിഷേധാർത്ഥത്തിൽ തലയാട്ടി.

ആ ദിവസംനഷ്ടപ്പെട്ടനിരാശയോടെ വിനോദും തമ്പാനും ഹോസ്റ്റലിൽ നിന്നും മെല്ലെ നടന്നു നീങ്ങി. റോഡിൽ ഇറങ്ങിയിട്ട് തെക്കോട്ടോ വടക്കോട്ടോ നടക്കണമെന്നു തീരുമാനിക്കാൻ കഴിയാതെ അവിടെ അല്പനേരം നിന്നു.

''വാ. നമുക്ക് പുഴ വരെ നടക്കാം.'' വിനോദ് ഉരുവിട്ടു.

അവർ പുഴയുടെ തീരം ലക്ഷ്യമാക്കി വടക്കോട്ടു നടന്നു. പോകുന്നവഴിയിൽ വിനോദ് തമ്പാനോടു ചോദിച്ചു. ''ജയരാജ് എന്തു പറഞ്ഞെന്നാ, സാബു ഇത്ര പൊട്ടിത്തെറിക്കാൻ?''

''ജയരാജ് ഒരു വിടുവായനല്ലേ.അവന്റെ വാക്‌സാമർത്ഥ്യം കാണിക്കാൻ തരം കിട്ടുമ്പോഴൊക്കെ എല്ലാവരെയും പരിഹസിക്കുന്നതുകണ്ടിട്ടില്ലേ? വല്ലയിടത്തും പോയിരുന്നു സാബുവിനെപ്പറ്റിയും വല്ലതും തട്ടിവിട്ടു കാണും. അതു സാബുവിന്റെ ചെവിയിൽ ആരെങ്കിലും എത്തിച്ചിട്ടുമുണ്ടാവും.അതു തന്നെ കാര്യം.ഇതാ പറയുന്നെ, നാവിനെ നിയന്ത്രിക്കണമെന്ന്. ഒരു ചെറിയ മാംസക്കഷണം ഉണ്ടാക്കുന്ന വിനയെ. പാമ്പിനു കൗശലബുദ്ധി കൂടിപ്പോയി. അതിന്റെ തകരാറാ.''

''സാബു ഇത്രയും തിളച്ചു മറിയുന്നത് ഇത്രനാളും കണ്ടിട്ടില്ല. നമ്മൾ പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ കാണാമായിരുന്നു വണ്ടന്മാർ മൂളുന്നതും തീപ്പൊരികൾ പാറിപ്പറക്കുന്നതും. ശരിക്കും വല്ലതുമൊക്കെ നടന്നേനേം, അല്ലേ.....?''

വിനോദ് പറഞ്ഞിട്ടു തമ്പാനെ നോക്കി. തമ്പാൻ ഒന്നുംമിണ്ടുന്നില്ല എന്നു കണ്ടപ്പോൾ വിനോദ്‌വീണ്ടും ആരോടെന്നില്ലാതെ ഉരുവിട്ടു. ''എന്നാലും എന്താവും ഇത്ര സീരിയസ് സംഗതി?''

''ഹാ....... ആർക്കറിയാം?''എന്തായാൽ നമുക്കെന്താ?'' തമ്പാൻ തുടർന്നു. ''അവർ തമ്മിലൊരു ശീതസമരം കുറെനാളായി കണ്ടു തുടങ്ങിയിട്ട്. അതിന്റെ അടുത്ത പടിയിലേക്കു കടന്നുവെന്നു കരുതിയാൽ മതി.''

''കുറെനാൾ രണ്ടും കൂടി തോളിൽ കയ്യിട്ടു നടക്കുവല്ലാരുന്നോ. ഇപ്പോൾ ഗതി ഇതായി.അത്രേയുള്ളു ഏതു സൗഹൃദവും.''

''ശരിയാ.'' തമ്പാൻ ചിരിച്ചു.

''കെട്ടിയോൻ കളഞ്ഞിട്ടു പോയതല്ലേയെന്നു പറയുന്നതിന്റെ കാര്യമെന്താ?നീയും അവനോടു കുറച്ചു നാൾ മുമ്പ് അങ്ങനെ പറയുന്നതു കേട്ടു.''

''അവന്റെ അമ്മേടെ കെട്ടിയോൻ അവൻ ജനിക്കുന്നതിനു മുമ്പേ ഉപേക്ഷിച്ചു പോയതാ. അതുകൊണ്ടാ എനിക്കിട്ടു പണിയാൻ വന്നപ്പോൾ ഞാനതു പ്രയോഗിച്ചത്. പാമ്പു വല്ലാതങ്ങു ഷൈൻ ചെയ്തു കത്തിക്കയറുമ്പോൾ നമുക്കും പിടിച്ചു നില്ക്കണ്ടേ? അല്ലെങ്കിൽ അവൻ നമ്മെ മുഴുവനായും അങ്ങു വിഴുങ്ങിക്കളയും.''

''ഏതായാലും ഇന്നത്തെ ദിവസം പട്ടി നക്കിയെന്നു പറഞ്ഞാൽ മതിയല്ലോ.''

വിനോദ് ഉരുവിടുന്നതുകേട്ട്തമ്പാൻചിരിച്ചുകൊണ്ടു പറഞ്ഞു. ''ശരിയാ, ഇന്നത്തെ ദിവസം പോക്കായി. ശരിക്കും നായ് നക്കിയ പോലെയായി.''

''ജയരാജിനെങ്ങനാ തമ്പാനെ പാമ്പാട്ടിയെന്നു പേരു കിട്ടിയത്?''

''റാഗിംഗിൽ കിട്ടിയ പേരല്ലത്. പിന്നീട് അവന്റെ സ്വഭാവം കണ്ട്മുറീലുള്ളവർ ഇട്ട പേരാ. ഇരുട്ടുള്ളപ്പോൾ മറ്റുള്ളവർ കിടക്കുന്നിടത്തു ശബ്ദമുണ്ടാക്കാതെ ഇഴഞ്ഞിഴഞ്ഞു കയറിച്ചെല്ലും. എന്നിട്ടുഅവരുടെ കൂടെ കിടന്നുറങ്ങും.അതു പാമ്പിന്റെി സ്വഭാവമല്ലേ? അങ്ങനെ പാമ്പെന്നു വിളിച്ചു വിളിച്ച് പിന്നെ പാമ്പാട്ടിയെന്നു രൂപഭേദം വന്നതാ.അതിനും ഒരു കാരണമുണ്ട്.''

''ങേ... അതെന്തു കാരണമാ? ഇതൊന്നും ഞാൻ കേട്ടിട്ടില്ലല്ലോ.''

''അതിനു നീ നിന്റെ മുറീന്ന് ഇറങ്ങാറില്ലാരുന്നല്ലോ. ഈ അടുത്ത കാലത്തല്ലേ ഇറങ്ങിത്തുടങ്ങിയത്. പെന്നെങ്ങനെയാ കേള്ക്കുുന്നത്?''

''പമ്പാട്ടീന്നു പേരു കിട്ടാൻ കാരണമെന്താ?''

''പാമ്പിനെപ്പോലെ ഇഴഞ്ഞു കേറുന്നഅവന് മറ്റു പല സൂക്കേടുകളും ഉണ്ടെന്നാ അവന്റെഈ മുറിയിലുള്ളവർ പറയുന്നത്.''

''അതെന്തുവാ?''

''ഇപ്പോൾ ഇത്രേം അറിഞ്ഞാൽ മതി. പിന്നീടു കാര്യം തനിയെ മനസ്സിലായിക്കൊള്ളും.''

''അതെങ്ങനാ അവനാദ്യം പാമ്പെന്നു പേരു കിട്ടിയത്?''

''പാമ്പ് നല്ല കൗശലബുദ്ധിയുള്ള ജീവിയാ.പിന്നെ പാമ്പ് ഇഴഞ്ഞുവരുന്നത് ആരെങ്കിലുമറിയുമോ? അവൻ കാൽക്കീഴിൽ വന്നു കഴിയുമ്പോഴേ അറിയുള്ളു. അതുപോലാജയരാജും. പാമ്പിന്റെ തനി സ്വഭാവമാ. കൗശലബുദ്ധിയോടെ അവൻ ഇഴഞ്ഞു കയറും.അതിന് അനുവാദം വേണമെന്നൊന്നുമില്ല.അതുകൊണ്ടാ അവനെ ഞാനെന്റെ മുറിയിൽ അടുപ്പിക്കാത്തെ.അടുപ്പിക്കാൻ കൊള്ളില്ല.''

''നിനക്കു വല്ല അനുഭവോമുണ്ടായിട്ടുണ്ടോ?''

''ഉണ്ടോന്ന്. ഞാൻ ഒരിക്കൽ ഓടിച്ചു വിട്ടതാ. അതിന്റെ വാശി തീർക്കാനാ എപ്പോൾ എന്നെക്കണ്ടാലും ഒന്നു വാരാൻ വരുന്നത്. അവന്റെയടുത്തെങ്ങും അടുത്തേക്കല്ലേ. അടുപ്പിച്ചാൽ അവൻ വഷളത്തരം കാട്ടും. യാതൊരു സംശയോം വേണ്ട. അവന്റടുത്തിരിക്കാൻ കൂടി കൊള്ളില്ല.കൈവിരലുകൾ ഇഴഞ്ഞിഴഞ്ഞു കയറും. അവനെ വിശ്വസിക്കാൻ കൊള്ളാമോ?അതുമില്ല. അതാ എന്റെ അനുഭവം.''

''അവനെ കണ്ടാൽ അത്തരക്കാരനാണെന്നു തോന്നില്ലല്ലോ.''

''നിനക്കറിയാമോ? മനുഷ്യരുടെ ഇടയിൽ മൂന്നു തരക്കാരുണ്ട്.ഗുഡ്, ബാഡ്, അഗ്‌ളി.കേട്ടിട്ടുണ്ടോ?

ഗുഡ് എന്നു പറഞ്ഞാൽ നല്ലത്. ആ തരക്കാർ നല്ല മനുഷ്യരായിരിക്കും.എല്ലാറ്റിലും നൂറുശതമാനവും നല്ലതു ചെയ്യുന്നവരാണെന്നല്ല അതിനർത്ഥം.അവരാണ് ന•യുള്ള മനുഷ്യർ. അവരെ മറ്റുള്ളവർക്ക് തിരിച്ചറിയാൻ പറ്റും.

ബാഡ് എന്നു പറഞ്ഞാൽ ചീത്തയായത്. അത്തരം മനുഷ്യർ എല്ലാ തരത്തിലും ദുഷ്ടരാവും. തി• നിറഞ്ഞവർ. അവരുടെ പെരുമാറ്റത്തിൽ നിന്നും പ്രവൃത്തികളിൽ നിന്നും അവരെയും പെട്ടെന്നു തിരിച്ചറിയാൻ പറ്റും. അവർ ഒരാളെ ആക്രമിച്ചാൽ പോലും മുമ്പിലൂടെയേ വരികയുള്ളൂ. അതിനാൽ നമുക്ക് അത്തരക്കാരിൽ നിന്നും ഒഴിഞ്ഞു മാറാനും അകന്നു നില്ക്കാനും സാധിക്കും.

എന്നാൽ മൂന്നാമത്തെ കാറ്റഗറിയിൽപ്പെട്ട അഗ്‌ളി മനുഷ്യർ.....അഗ്‌ളി എന്നു പറഞ്ഞാൽ അറിയാല്ലോ. വൃത്തികെട്ടത്. അത്തരം മനുഷ്യരും വൃത്തികെട്ട സാധനങ്ങളാ.ആവൃത്തികേട് ശരീരത്തിന്റെയല്ല. അവരുടെ മനസ്സും ഹൃദയവും നിറയെ മലിനമായിരിക്കും.അറപ്പുളവാക്കുന്ന മാലിന്യം.അടുത്തറിയുമ്പോൾ അറപ്പും വെറുപ്പും തോന്നുന്നവർ. വൃത്തികെട്ട മനുഷ്യരെ തിരിച്ചറിയാൻ പ്രയാസമാ. അത് കുറെ നാൾ ഇടപെട്ടു കഴിയുമ്പോഴേ മനസ്സിലാവുകയുള്ളൂ. ഏറ്റവും അപകടകാരികളാണവർ. ആദ്യം അവർ വളരെ നല്ലവരായി നമുക്കു തോന്നും.പുറമെ നല്ല സ്വഭാവമെന്നു തോന്നുമാറ് നമ്മോട് അടുത്തിടപഴകിക്കൊണ്ടിരിക്കും.കൂടെനില്ക്കുന്നവനെന്ന തോന്നലുണ്ടാക്കും.വിശ്വസിപ്പിക്കും.പക്ഷേ അവസരം കിട്ടുമ്പോൾ തനി സ്വഭാവം എടുക്കും. കൗശലം ഉപയോഗിച്ച് ഏതു മനുഷ്യനെയും അവർ വീഴ്‌ത്താൻ ശ്രമിക്കും. പിന്നിൽ നിന്നും കുതികാൽ വെട്ടും.അഗ്‌ളി മനുഷ്യർ ദുഷ്ടരാണ്. നികൃഷ്ടരുമാണ്. രണ്ടുംതിരിച്ചറിയാൻ പറ്റാത്ത വിധം കൂടിക്കലർന്നിരിക്കും.ആരെയും ചതിക്കാൻ മടിക്കാത്തവർ. അവർ ഒരിക്കലും മുന്നിലൂടെ വന്ന് ആക്രമിക്കുകയില്ല. നിനച്ചിരിക്കാത്ത സമയത്ത് പിന്നിലൂടെ വരും. അവരെ ഒഴിവാക്കണം. അല്ലെങ്കിൽ ആപ്പിൽ പെടും. ജയരാജും അത്തരക്കാരനാ. ഒരു അഗ്‌ളി ജന്തു.

''സത്യം പറഞ്ഞാൽ എനിക്കങ്ങനെ തോന്നിയിട്ടില്ല.''

''അതാണവന്റെ വിജയം. പാമ്പിന്റെ സ്വഭാവം മനുഷ്യർക്കു മനസ്സിലാവുമോ?''

''അവൻ വല്യ ജാതിയാണെന്നല്ലേ പറയുന്നത്?''

''അതെയതെ.ഉന്നതകുല ജാതൻ, ഉന്നതജാതി എന്നൊക്കെ ആർക്കുംവീമ്പിളക്കി നടക്കാം.പക്ഷേ സ്വഭാവം വച്ചു നോക്കിയാൽ അവനൊരു ഒന്നാന്തരം അധമജാതി. അവന്റെ സ്വഭാവം ഇങ്ങനെയായിപ്പോയതിനുജാതിയെ കുറ്റം പറയാൻ പറ്റില്ല. ഒരാളുടെ സ്വഭാവത്തിലാണ് അവന്റെ യഥാർത്ഥ ജാതിയും മതവും തെളിഞ്ഞു വരുന്നത്. ഏത് പ്രഭു കുടുംബത്തിലും അധമന്റെ സന്തതി പിറക്കരുതോ? അതുപോലെ തന്നെയാ ഏതു പരമ്പരാഗത ജാതിയിലും പുറം ജാതിയും നികൃഷ്ട ജാതിയും പിറക്കാം. പിന്നെ ഉന്നതജാതി എന്ന വർഗ്ഗം ഉണ്ടാകുന്നത് അതാതു നാട്ടിലെ സാമൂഹ്യ വ്യവസ്ഥിതിയുടെയും അധികാരത്തിന്റെയും സമ്പത്തിന്റെയും അളവിനെ അനുസരിച്ചാവും. ഇവയൊക്കെ തലമുറകളായി കയ്യടക്കി വയ്ക്കാൻ അവസരങ്ങൾ ലഭിച്ചതാർക്കോ അവരാണ് അവിടുത്തെ ഉന്നതകുല ജാതിയും പ്രഭു വർഗ്ഗവും. ഈ നാട്ടിലെ ഉന്നതൻ മറ്റൊരു നാട്ടിൽ ചെന്നു വസിച്ചാൽ വെറും കൂലി വേലക്കാരൻ മാത്രമാവും.'' ''നിനക്കീ അറിവൊക്കെ ജ•നാ കിട്ടിയതാണോ?'' വിനോദ് തമ്പാനെകളിയാക്കാനായി ചിരിച്ചുകൊണ്ടു ചോദിച്ചു.

തമ്പാൻ അതിനുത്തരം പറയാതെ തുടർന്നു. ''ഞാനെന്റെ അഭിപ്രായം പറയാം. ഏതു താണ ജാതിയും ഉന്നത ജാതിയാവും. മൂന്നോ നാലോ തലമുറകൾ അവരുടെ കയ്യിൽ അധികാരം ലഭിച്ചാൽ മതിയാവും.ആരാ മോശം? സമ്പത്തും അധികാരവുമാ ഓരോ നാട്ടിലും ഉന്നതരെയും പ്രഭുക്ക•ാരെയും സൃഷ്ടിക്കുന്നത്. അവിടെ കറുപ്പും വെളുപ്പും മതവും ഭാഷയും ഒന്നും പ്രശ്‌നമല്ല. ഒട്ടും വ്യത്യാസവുമില്ല.ആഫ്രിക്കയിലെ ഉന്നതർ അവിടുത്തെ വർഗ്ഗക്കാരാ. അല്ലാതെ യൂറോപ്യൻ നാടുകളിൽ ജനിച്ചു ചെന്നവരല്ല. അല്ലേ?പിന്നെ ഉന്നതജാതി എന്നു വീമ്പിളക്കുമ്പോൾ അവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ജീവിതരീതികളിലും അതു തെളിഞ്ഞു വരണം. ഉന്നതകുലത്തിന്റെ ശ്രേഷ്ഠതയുണ്ടാവണം. അല്ലെങ്കിൽ മറ്റുള്ളവരുടെ കണ്ണിൽ അവർ അധമർ തന്നെയാവും. അല്ലേ?''

തമ്പാൻ വിനോദിന്റെ മുഖത്തേക്കു നോക്കി. വിനോദ് മന്ദഹസിച്ചു. പക്ഷേ ഉത്തരം പറയാൻ മുതിർന്നില്ല.

''നമ്മൾ പാമ്പിനെപ്പറ്റിയാ പറഞ്ഞു വന്നത്. അവൻവെറും പഴംതീനിയാ. ഞാൻ പറഞ്ഞില്ലേ? അവനുമായി അടുക്കാൻ കൊള്ളില്ല. ഏതുചെളിക്കുഴിയിലുംമുങ്ങാനും മുങ്ങിക്കുളിച്ചും നീന്തിത്തുടിച്ചും നടക്കാനും മടിയില്ലാത്ത വൃത്തികെട്ട ജന്തു. മാലിന്യത്തിൽ മുങ്ങുന്ന പന്നീടെ സ്വഭാവം.........തനിപ്പന്നി തന്നെ.''

കുറെ നേരം അവരുടെ ഇടയിൽ നിശ്ശബ്ദത പരന്നു.

വിനോദ് ചിന്തിച്ചു. 'തമ്പാന് ജയരാജിനോട് ഇത്ര വെറുപ്പുണ്ടായതെങ്ങനെ?'

തമ്പാൻ മൗനം തുടച്ചു നീക്കിക്കൊണ്ടു ആരാഞ്ഞു. ''നീ അവന്റെ സ്വഭാവം ശ്രദ്ധിച്ചിട്ടുണ്ടോ?''

''എന്താ?''

''എല്ലാവരെയും അവനു പുച്ഛമാ. സ്വന്തം ദുർഗ്ഗന്ധം മറച്ചുവയ്ക്കാനുള്ള എളുപ്പ വഴി.അതായത് ഒരു ഒന്നാന്തരം പരിഹാസി. ഏതു ഭോഷ്‌ക്കും സത്യമാണെന്നു തോന്നുന്ന രീതിയിൽ പറഞ്ഞു പിടിപ്പിക്കാനുള്ള കഴിവ് അവനു കനിഞ്ഞു കിട്ടിയിട്ടുണ്ട്. ആളുകൾ അവന്റെ വാചകമടി ഇഷ്ടപ്പെടുന്നത് പരിഹസിക്കാനുള്ള ആ കഴിവു കൊണ്ടാ. പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കരുതെന്നാ പ്രമാണം. അതിനാൽ തന്നെ അത്തരക്കാരിൽ നിന്നും അകന്നു നില്ക്കണം എന്നാ പഴമക്കാർ പറയാറ്.''

വിനോദ് ഇടയ്ക്കു കയറി പറഞ്ഞു. ''ഇപ്പൊ എനിക്കും തോന്നുന്നു നീ പറഞ്ഞതിൽ ഏതാണ്ടൊക്കെ ശരിയുണ്ടെന്ന്. അവനെന്താ അങ്ങനെയായിപ്പോയത്? എനിക്കിന്നു വരെയും പാമ്പിനെപ്പറ്റി അങ്ങനെയൊന്നും തോന്നിയിരുന്നില്ല.''

''അകന്നിരുന്നാൽ നല്ലവനാണെന്നു തോന്നും.അടുത്തിരുന്നാലും നല്ലവനാണെന്നു തോന്നും.പക്ഷേ നമ്മുടെ ഇരിപ്പിടത്തിൽ ഇരുത്തി നോക്ക്. അപ്പോൾ മനസ്സിലാവും അവനൊരു നികൃഷ്ടജീവിയാണെന്ന്.'' തമ്പാൻ നിർത്തി.

സംസാരിച്ചുകൊണ്ടുനടന്നിരുന്നഅവർ അപ്പോഴേക്കുംപുഴക്കരയിൽ എത്തിയിരുന്നു. രണ്ടുപേരും പുഴയിലിറങ്ങി കാലുകളും കൈകളും നനച്ചു. കാലുകളിൽ കൂടി നല്ല സുഖമുള്ള തണുപ്പു കയറി ശരീരമാകെ വ്യാപിക്കുന്നതു പോലെ വിനോദിനു അനുഭവപ്പെട്ടു.

''നല്ല സുഖം തോന്നുന്നു. അല്ലേ?'' വിനോദ് തമ്പാനെ നോക്കി ഉരുവിട്ടു.

തമ്പാൻ അതു ശ്രദ്ധിക്കാതെ തുടർന്നു സംസാരിച്ചു. ''പാമ്പ് ഇങ്ങനെയായിപ്പോയത് അവനെ വളർത്തിയതിന്റെ ദോഷമാ. തീപ്പൊരി പറഞ്ഞതു ശരി തന്നെയാ.

മക്കളെ അപ്പനും അമ്മയും ചേർന്നു വളർത്തണം. അല്ലെങ്കിൽ വഷളായിപ്പോവും.തന്തയില്ലാണ്ടു വളർന്നതല്ലേ? അമ്മയ്ക്കു മാത്രം മക്കളെ എത്ര ശ്രദ്ധിക്കാൻ കഴിയും? ചെറുക്കൻ വളർന്നു വന്നപ്പോൾ വഴിയിൽ കണ്ട പല മാമന്മാരും ചേട്ടന്മാരും വേണ്ടാത്തതൊക്കെ ചെറുക്കനെ പഠിപ്പിച്ചു കൊടുത്തു. തറ വഷളത്തരം എന്നു കേട്ടിട്ടില്ലേ? അതു തന്നെ. ആ സ്വഭാവം അവൻ ഹോസ്റ്റലിലും എടുക്കാൻ ശ്രമിക്കുന്നു എന്നേയുള്ളു.

അവന്റെ ഒരു പ്രത്യേകത അവന് ഒന്നിലും ഒരു ലജ്ജയും തോന്നാറില്ല എന്നതാണ്. എന്തു കേട്ടാലും ഒന്നുമില്ല. എന്തു ചെയ്യാനും നാണമില്ല. ഏതു മലിനകാര്യവും അവനു പ്രിയമാ. അതുപോലെയായിപ്പോയി ചെറുക്കൻ. കുറ്റബോധവും ലജ്ജയുമില്ലാത്ത അവസ്ഥയിലെത്തിച്ചേർന്ന തികഞ്ഞ വഷളൻ. എത്ര ഒളിപ്പിച്ചാലും ചാവൂന്നതു വരെ അതവന്റെ കൂടെ കാണും. ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ ചൊല്ല്.ആ സ്വഭാവം തക്ക സാഹചര്യത്തിൽ അവൻപുറത്തെടുക്കുകയും ചെയ്യും. ആരുടെയടുത്തും.അതാ ഞാൻ പറയുന്നത്, അവനെഅകറ്റിനിർത്തണമെന്ന്. അവൻ പാമ്പാ. നിനച്ചിരിക്കാത്തസമയത്ത് ഇഴഞ്ഞു കയറി ആരെയും ചുറ്റി വരിയുന്ന വിഷപ്പാമ്പ്. അത്തരക്കാരുടെ കമ്പനി ജീവിതത്തെ നാശത്തിലേക്കും തകർച്ചയിലേക്കും എത്തിക്കുമെന്നാ ജ്ഞാനം ഉപദേശിക്കുന്നത്.''

''തീപ്പൊരിയെപ്പോലെ നിനക്കും അവനോടു വെറുപ്പാണോ?''

''നീ എന്താ അങ്ങനെ പറയുന്നെ?''

''നിന്റെ സംസാരം കേട്ടിട്ട് അങ്ങനെയാ തോന്നുന്നത്.''

''അവനോടെനിക്കു വെറുപ്പില്ല.അവന്റെ സ്വഭാവത്തോടാ വെറുപ്പ്. അതവൻ അർഹിക്കുന്നതു കൊണ്ടുമാ.''

തമ്പാൻ നിർത്തിയിട്ടു എന്തോ ചിന്തിച്ചു. അല്പനേരത്തിനു ശേഷം തുടർന്നു പറഞ്ഞു. ''പുഴുക്കളെമെത്തയാക്കി എരിഞ്ഞടങ്ങാത്ത തീയിൽ കിടന്നു വെന്തുരുകാൻ വിധിക്കപ്പെട്ട ദുർവൃത്തൻ. വഷളൻ.''

''നീ വല്യ തത്ത്വങ്ങൾ ഒക്കെ അടിച്ചു വിടുന്നുണ്ടല്ലോ.''

''പിന്നെ അടിച്ചു വിടാതെ.ചിലരുടെ സ്വഭാവം നമ്മളെയും നമ്മുടെ ചിന്തകളെയും ഉണർത്തും. ഇല്ലേ?നിനക്കറിയാമോ ജയരാജിലുള്ള ആകർഷണകാര്യങ്ങൾ എന്തെല്ലാമാണെന്ന്?അടുത്തു കൂടുമ്പോൾ നിനക്കു മനസ്സിലാവും.ആരെയും വശീകരിക്കുന്ന മധുര സംഭാഷണം, ആരെയും ചിരിപ്പിക്കുന്ന ഹാസ്യരസപ്രധാനമായ ഭാവങ്ങൾ, ആരെയും കോൾമയിർകൊള്ളിക്കുന്ന കരവിരുതുകൾ. പിന്നെപ്പിന്നെ ഹസ്തരേഖാ ശാസ്ത്രം മുതൽ മഷി നോട്ടവും ജ്യോതിഷവും ജാതകം നോക്കലും എന്നുവേണ്ടാ, കവടിനിരത്തലും മുഖലക്ഷണ ശാസ്ത്രവും ശരീര ശാസ്ത്രവും വശീകരണ ശാസ്ത്രവും ഉൾപ്പെടെ സകലവും കുറെയൊക്കെ പഠിച്ചു വച്ചിരിക്കുന്നവൻ. അതാണു ജയരാജ് എന്ന പാമ്പ്. നികൃഷ്ടൻ. പാവം മനുഷ്യരെ വീഴ്‌ത്താൻ ഇത്രയൊക്കെപ്പോരേ? വളരെ അപകടകാരിയായ ദുഷ്ടമൃഗം. ഏ ഡേഞ്ചറസ് മാൻ.എ ഡേഞ്ചറസ് വൈൽഡ് ആനിമൽ.''

''എന്നാലും ആ സാബു വിളിച്ചു പറഞ്ഞ തെറിയും അസഭ്യങ്ങളും കേട്ട് ശരീരം മുഴുവൻ പുളിച്ചു പോയി.''

''അതു നമ്മുടെ റാഗിങ് രീതിയുടെ ദോഷമാ. തെറി പറയാനറിയാത്തവരെയും ശരിക്കുള്ള തെറി കേട്ടിട്ടില്ലാത്തവരെയും ഒരുപോലെ തെറികളും അസഭ്യവാക്കുകളും പറഞ്ഞും പറയിച്ചും തെറിപ്പാട്ടുപാടിച്ചും അവ വിളിച്ചു പറയാനുള്ള അറപ്പും ലജ്ജയും ഇല്ലാതാക്കി. അതുകൊണ്ടെന്താ? എവിടെ എപ്പോൾ എന്തു പറയണമെന്നറിയാത്ത ഒരു കൂട്ടം മനുഷ്യർ റാഗിംഗിലൂടെ രൂപപ്പെടുന്നു. അത് ഈ ദുഷിച്ച റാഗിങ് മൂലമാ. അപഹാസ്യവും വെറുപ്പുളവാക്കുന്നതും ക്രൂരവും കിരാതവുമായ റാഗിങ് മൂലമാ. റാഗിങ് കാലത്തു പഠിച്ച തെറികളുടെ തനിഗുണം ഇന്നു ശരിക്കുംമനസ്സിലായില്ലേ? അതു സാബുശരിക്കും കാട്ടിത്തന്നു.''

അപ്പോൾ വിനോദ് ഏറ്റു പറഞ്ഞു.പറഞ്ഞു.''ശരിയാ. അതു കൊണ്ടെന്താ. ആ സ്വഭാവം സമൂഹത്തിലിറങ്ങിയെടുത്താൽ എപ്പോൾ അടി കിട്ടിയെന്നു ചോദിച്ചാൽ മതി.''

''മറ്റുള്ളവരുടെ മുമ്പിൽ വില കളയാനും കൊള്ളാം. തെറി പറയുമ്പോൾ ഒരുവന്റെ അഹങ്കാരവും ദുഷ്ടതയും വർദ്ധിക്കുന്നു. അങ്ങനെ ഇവിടെ പഠിച്ചിറങ്ങുമ്പോൾ കുറെ അഹങ്കാരികളും ദുഷ്ടന്മാരും സമൂഹത്തിനു മുതൽ കൂട്ടാവും.''

വിനോദ് തലയാട്ടിക്കൊണ്ടു കൈക്കുമ്പിളിൽ കുറെ വെള്ളം കോരിയെടുത്ത് തന്റെ തലയിലൂടെ ഒഴിച്ചു. അതു മൂന്നു പ്രാവശ്യം തുടർന്നു ചെയ്തു. അവന്റെ ശരീരത്തിലൂടെ വെള്ളം ഒഴുകിയിറങ്ങിയപ്പോൾ വല്ലാത്തൊരു സുഖാനുഭൂതി അനുഭവപ്പെട്ടു.

കുറച്ചു വെള്ളം കൂടി കോരിയെടുത്ത് തമ്പാന്റെ ശരീരത്തിലേക്കു തെറിപ്പിച്ചുകൊണ്ട് വിനോദ് ഉരുവിട്ടു. ''നിന്നെയൊന്നു തണുപ്പിക്കാനാ.''

തമ്പാൻ ചിരിച്ചുകൊണ്ട് അനങ്ങാതെ നിന്നു.

''തമ്പാനെ നിന്നോടൊരു കാര്യം ചോദിക്കട്ടെ''

തമ്പാൻവിനോദിന്റെ മുഖത്തേക്കു നോക്കി.

''നീ റാഗിംഗിന് അനുകൂലമാണോ എതിരാണോ?''

''എനിക്കു കിട്ടിയതിന്റെ പതി•ടങ്ങു ഞാൻ വരുന്ന പിള്ളേർക്കു തിരിച്ചു കൊടുക്കും.''

''ഊം....?നിനക്കു ആരിൽ നിന്നൊക്കെയോ റാഗിങ് കിട്ടിയതിന് വരാൻ പോകുന്ന ആ പാവം പിള്ളേർ എന്തു പിഴച്ചു? നീ തിരിച്ചു കൊടുക്കേണ്ടത് നിന്നെ റാഗ് ചെയ്തവർക്കല്ലേ?''

''അത് ആർക്കും പറ്റില്ലല്ലോ. അതല്ലേ വരുന്നവർക്കു കൊടുക്കുന്നത്?''

''ആരു ദുർബലരും ബലഹീനരും ആണോ, അവർ അനുഭവിച്ചു കൊള്ളണം.അതാണു നമ്മുടെ സമൂഹനിയമം.അതാണ് ഇക്കാലത്തെ മാനുഷതയും.അല്ലേ? ഇനി എന്റെ അഭിപ്രായം പറയാം. ഞാൻ സത്യത്തിൽ റാഗിംഗിന് എതിരാണ്.''

''അപ്പോൾ നീ അടുത്ത കൊല്ലം റാഗ് ചെയ്യില്ലേ?''

''ചെയ്യുമോ എന്നു ചോദിച്ചാൽ ഇല്ല എന്നു പറയാനാണെനിക്കിഷ്ടം. പിന്നെ അടുത്ത കൊല്ലത്തെ കാര്യം അടുത്ത കൊല്ലമല്ലേ പറയാൻ പറ്റൂ. കാരണം ഞാനതിനെപ്പറ്റി ഇതുവരെയും ചിന്തിച്ചിട്ടില്ല. ഇനി പോകാം. സന്ധ്യ ആവുന്നു. വഴിയിൽ ഇരുട്ടാവും. അവിടെങ്ങുംഒറ്റ ഇലക്ട്രിക് പോസ്റ്റില്ല.''

വിനോദ് പറഞ്ഞു നിർത്തിയപ്പോൾ തമ്പാൻ പുഴയിൽ നിന്നും കരയ്ക്കു കയറി. വിനോദ് തന്റെ മുഖമാകെ പുഴവെള്ളത്തിൽ നല്ലതു പോലെ ഒന്നു കഴുകിയിട്ട് പുഴവക്കത്തു കയറി കാലുകൾ ഒന്നുകൂടി നനച്ചു.

പിന്നീട് അവർ ഹോസ്റ്റലിലേക്കു തിരിച്ചു നടന്നു തുടങ്ങി.

അന്തരീക്ഷം ഇരുണ്ടു കഴിഞ്ഞിരുന്നു.

വിഷാദം തളം കെട്ടിയ ഒരു സന്ധ്യ പോലെ വിനോദിനു തോന്നി.എന്തുകൊണ്ടെന്നറിയില്ല. തന്നെയും വല്ലാത്തൊരു വിഷാദം മൂടുന്നതുപോലെയും അനുഭവപ്പെട്ടു. നടക്കുമ്പോൾ രണ്ടുപേരും മൗനം ഭജിച്ചു. വഴിയിൽ നിറഞ്ഞു നിന്ന ഇരുട്ടിലൂടെ അവർ നടന്നു.

ഇരുട്ടു വ്യാപിച്ച മനസ്സുമായി.

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP