Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയൊൻപതാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയൊൻപതാം ഭാഗം

ജീ മലയിൽ

മാഷ് ഹോസ്റ്റലിലെത്തിയപ്പോൾ, ബിജു അയാളുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നതു കണ്ടു. പെട്ടെന്ന് മാഷിനു തോന്നി, ബിജുവിനോടു കുറച്ചു കാശു ചോദിക്കാമെന്ന്.

'കാശില്ലാണ്ടുവരില്ല.എപ്പോഴുംഅയാള്‌ടെ കയ്യിൽ കാശുണ്ടാവും തന്നെയുമല്ല ഇരുന്നൂറു രൂപയെന്നു പറയണത് ഒരു എസ്റ്റേറ്റു മുതലാളിടെ മോന് അത്ര വലിയ കാര്യോല്ലല്ലൊ.'

മാഷിനെ കണ്ടപ്പോൾ ബിജു തന്റെ മുറിയിലേക്കു കയറിപ്പോകാൻ തുനിഞ്ഞു.

മാഷ് ബിജുവിനെ വിളിച്ചു. ' ബിജു ഒന്നു നിന്നെ.'

ബിജു മാഷിനെ ഉറ്റു നോക്കി.

ബിജുവിനു മാഷ് വിളിച്ചത് ഇഷ്ടപ്പെട്ടില്ല.വല്ലാത്ത വെറുപ്പും തോന്നി. ബിജു മാഷിൽ നിന്നും അകന്നിട്ടു മാസങ്ങളായി. വിനോദിനെ നിർബന്ധമായി കുടിപ്പിച്ച സംഭവത്തോടനുബന്ധിച്ച് അവർ തമ്മിൽ ഉണ്ടായ വാക്കു തർക്കത്തിനു ശേഷം ബിജു മാഷിനെ വെറുത്തു തുടങ്ങിയിരുന്നു. മാഷ് എന്തെങ്കിലും ചോദിച്ചാൽ ഉത്തരം പറയും. അത്ര തന്നെ. മാഷാണെങ്കിൽ ആ സംഭവം എന്നേ മറന്നു കഴിഞ്ഞു. അന്ന് അങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും അതൊന്നും അത്രകാര്യമാക്കാനില്ല എന്നായിരുന്നു മാഷിന്റെ ചിന്ത.

ബിജുവിന് മാഷിനോടുള്ള വെറുപ്പ് ഓരോ ദിവസം കഴിയുന്നതോടെ കൂടുകയായിരുന്നു. മാഷിനെ കാണുന്നതു തന്നെ ഒരുതരം അലർജിയായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. മാഷിനെ കാണുമ്പോഴൊക്കെ വെറുപ്പ് മുഖത്തു നിഴൽ വിരിക്കുകയും കഴിയുന്നതും മാഷിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയും ചെയ്തു.ആർട്‌സ് കോളേജുമായുണ്ടായ വഴക്കിൽ മാഷുമായി സഹകരിക്കേണ്ടി വന്നിട്ടുണ്ട്.എങ്കിലും അതു കഴിഞ്ഞപ്പോഴേക്കും ആ സഹകരണവും ഇല്ലാതായി.

ഹോസ്റ്റലിനുള്ളിലെ പൂന്തോട്ടത്തിലേക്കു നോക്കി നില്ക്കുന്ന ബിജുവിന്റെ അടുത്തു വന്ന് മാഷ് നിന്നു.

ബിജു മാഷിന്റെ മുഖത്തേക്കു നോക്കാതെ തന്നെ ചോദിച്ചു. ' ഊ ഊം....?'

മാഷ് പറഞ്ഞു. 'വാ. തന്റെ മുറിയിൽ കയറിയിരുന്നു സംസാരിക്കാം. വെണോ ഇത്തിരി കഞ്ചൻ?'

മാഷ് പോക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്തു നീട്ടി.

'അതൊക്കെ നിർത്തി. പരീക്ഷയിങ്ങു വന്നില്ലേ?'

'വരൂ.' മാഷ് ബിജുവിന്റെ മുറിയിലേക്കു കയറി. ബിജു പുറകെയും കയറി.

മാഷ് കസേരയിൽ ഇരുന്നു. ബിജു കട്ടിലിൽ ചാരിയിരുന്നു.

മാഷ് പറഞ്ഞു. ' ബിജുവിനോട് എന്റെയൊരാവശ്യം പറയാൻ വന്നാണ്.'

'എന്താ കേക്കട്ടെ.'

'എനിക്കു കുറച്ചു കാശിന്റെ ആവശ്യം ഉണ്ടായിരിക്ക്ണു.തേഡ് ഇയറിലെ ആന്റോക്കു കൊടുക്കാനാ. ഒരു ഇരുന്നൂറു രൂപാ മതി. സത്യം അങ്ങു പറഞ്ഞെക്കാം. ഇപ്പൊഴെങ്ങും തിരിച്ചു തരാൻ പറ്റിയില്ലെന്നിരിക്കും. വീട്ടിൽ നിന്നും കാശയച്ചു തര്ണില്ല. അതിനാൽ ഭാവിയിൽ എന്നെങ്കിലും നാം കണ്ടു മുട്ടിയാൽ അന്ന് എന്റെ കൈവശം ഉണ്ടെങ്കി തിരിച്ചു തരാം. അതിനാൽ ചിന്തിച്ചിട്ടു തന്നാ മതി.'

ബിജു മൗനംദീക്ഷിച്ചു.

'ഞാൻ നെരത്തെ സത്യം അങ്ങു പറഞ്ഞാ. ഒണ്ടെങ്കി തന്നാ മതി.'മാഷ് പറഞ്ഞതു സശ്രദ്ധം കേട്ടുകൊണ്ട്ഭിത്തിയിൽ തെളിഞ്ഞു കാണുന്ന ഒരു കറുത്ത പാടിൽ അയാൾ നോക്കിയിരുന്നു.

ബിജുവിന്റെ മുഖത്തു വെറുപ്പ് ഉറഞ്ഞു കൂടി.ദേഷ്യം കണ്ണുകളിൽ തിളങ്ങി നിന്നു.

ബിജു മാഷിന്റെ മുഖത്തേക്കു നോക്കി ഉറക്കെച്ചോദിച്ചു. 'തനിക്ക് എന്നോടു കാശു ചോദിക്കാനെന്തവകാശം?നാം കണ്ടതു മുതലുള്ള കണക്കു നോക്കിയാൽ ഞാൻ തനിക്കു വേണ്ടി എത്ര നൂറുകൾ ചെലവാക്കിയിട്ടു ണ്ടെന്നറിയാമോ?കാശ് ഇങ്ങോട്ടു തരാനേ ഉണ്ടാകുകയുള്ളു.എന്റെ കയ്യിൽ തനിക്കുവേണ്ടി കാശില്ല.'

'മാഷ് ' എന്നു മാത്രം വിളിച്ചിട്ടുള്ള ബിജു മാഷിനെ 'താൻ 'എന്നു വിളിച്ചു സംസാരിച്ച് വെറുപ്പു പ്രകടിപ്പിച്ചു. തന്റെ ദേഷ്യവും വെറുപ്പും മുഴുവൻ പുറത്തു ചാടിയപ്പോൾ ബിജുവിന് അല്പം ആശ്വാസം തോന്നി.

ബിജു മുഴുവൻ പറഞ്ഞു തീരുന്നതു വരെ അയാളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിമാഷ് മിണ്ടാതിരുന്നു.അത്രയൊക്കെ കേട്ടിട്ടുംമാഷ് കോപിച്ചില്ല. ഒന്നും പറഞ്ഞുമില്ല.

മാഷ് എഴുന്നേറ്റു. വെളിയിലിറങ്ങി തന്റെ മുറിയിലേക്കു നടന്നു.

ബിജുവിന് പെട്ടെന്ന് കുറ്റബോധം തോന്നി. 'ഛെ! ഛെ! മോശമായല്ലോ.ഒരു കാലത്ത് മാഷ്എനിക്കു വേണ്ടി മരിക്കാൻ പോലും തയ്യാറായവനല്ലെ. അങ്ങനെ പറയേണ്ടിയിരുന്നില്ല.'

എഴുന്നേറ്റു ചെന്ന് മാഷിനോടു ക്ഷമ ചോദിച്ചാലോയെന്ന് ആലോചിച്ചു. പക്ഷേ തന്റെ അഭിമാനം ബിജുവിനെ വിലക്കി.

അപ്പോൾ ബിജുവിനു തോന്നി. 'അത്അഭിമാനമോ?അതോ, ദുരഭിമാനമോ?'

അങ്ങനെ ചിന്തിച്ചുവെങ്കിലും ബിജു ക്ഷമ ചോദിക്കാൻ പോയില്ല.

മാഷിന്റെ മനസ്സിൽ ബിജുവിന്റെ വാക്കുകൾ ആഞ്ഞു തറച്ചു കയറിയിരുന്നു. തന്റെ മുറി തുറന്ന് അകത്തു കയറിയിട്ട് ഒരു കഞ്ചാവു ബീഡിക്കു കൂടി തീ കൊളുത്തി. പുക വേഗം വേഗം ഉള്ളിലേക്കു വലിച്ചു വലിച്ചു കയറ്റി. തലക്കു മന്ദത അനുഭവപ്പെട്ടപ്പോൾ കട്ടിലിൽ മലർന്നു കിടന്നു.

'എന്നെ എല്ലാരും വെറുക്ക്ണില്ലേ?മതി. ഇവിട്‌ത്തെ ജീവിതം മടുത്തു കഴിഞ്ഞു. വേഗം ഈ സ്ഥലത്തുന്നും പോണം. എവിടെക്കെങ്കിലും.'

സൗഹൃദബന്ധത്തിൽ അർത്ഥം കണ്ടെത്താൻ ശ്രമിച്ച മാഷ് ആ സംഭവത്തിൽ ദുഃഖിച്ചു. ബിജുവിൽ നിന്നും അങ്ങനെയുള്ള പ്രഹരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

'ഒരാഴ്ച പോലും ഇവിടെ നില്ക്കാൻ വയ്യണ്ടായി. നാളെ പോണം. നാളെത്തന്നെ. എവിടെക്കെങ്കിലും പോവുക. പിന്നെ പരിചയമുള്ള മുഖങ്ങൾ കാണെണ്ടല്ലോ. പരിചയമാണല്ലൊ കടപ്പാടുകൾ സൃഷ്ടിക്കണത്. ഇനിയും ആരെയും പരിചയം വെണ്ടാ. കടപ്പാടുകളില്ലാത്ത ലോകത്തിലെക്കു പോണം. ആരും എന്നെ മനസ്സിലാക്കാത്ത ലോകത്തിലേക്കു പോണം. '

മാഷിന്റെ തീരുമാനം ഉറച്ചതായിരുന്നു.അന്നു രാത്രിയിൽതന്നെ മാഷ് തന്റെ ഉറ്റസുഹൃത്തുക്കളെയെല്ലാം പോയി കണ്ടു. ജോസ്, കുര്യൻ, ഭദ്രൻ, ലൂയി, തോമസ് തുടങ്ങിയവരെയെല്ലാം. മാഷിനെ ആ തീരുമാനത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ അവർ ശ്രമിച്ചു നോക്കി. പക്ഷേ മാഷിന്റെ തീരുമാനം പാറ പോലെ ഉറപ്പുള്ളതായിരുന്നു.

പലരും മാഷിനോട് അപേക്ഷിച്ചു. 'മാഷ് പരീക്ഷ എഴുതിയിട്ടു പോകൂ. ഫൈനൽ കൂടി എഴുതിയെടുത്താൽ മതിയല്ലോ. മാഷ് എഴുതിയാൽ ജയിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.'

മാഷ് മറുപടി പറഞ്ഞു. 'ജീവിതത്തിൽ ഉയര്ണംന്നുംകള്ളത്തരങ്ങൾ കാട്ടണംന്നും ആഗ്രഹംള്ളർക്കു വേണ്ടിയാണ് പരീക്ഷകൾ. എനിക്കതിന് ആഗ്രഹംല്ല.'

'എന്നാലും മാഷ് പരീക്ഷ എഴുതിക്കഴിഞ്ഞ് പൊയ്‌ക്കോ. ഭാവിയിൽ ഉപയോഗപ്പെടുമെങ്കിൽ പെടട്ടെ. അന്നു ദുഃഖിച്ചാലും ഫലമില്ലാതെ വരില്ലെ.''

മാഷ് അതിനു മറുപടി ഒന്നും പറഞ്ഞില്ല. വേഗം യാത്ര പറഞ്ഞിറങ്ങി.

മാഷ് പിരിയാൻ നേരം ഓരോരുത്തരോടും ഉരുവിടുമായിരുന്നു. 'ജീവിതത്തിൽ അപ്രതീക്ഷിതമായ നിമിഷങ്ങളിൽ എന്നെങ്കിലും നാം കണ്ടുമുട്ടിയാൽ ന്നെ കണ്ട പരിചയം പോലും നടിക്കല്ല്. കാരണം നിങ്ങളൊക്കെ അന്ന് വല്യ എഞ്ചിനീയറമ്മാരാരിക്കും.ഞാൻ വെറും ഒരു നാറിയും. കടത്തിണ്ണകളും മരച്ചുവടുകളും ആയിരിക്കും അന്നെന്റെ മാളങ്ങൾ. മഞ്ഞും മഴയും വെയിലും ആയിരിക്കും അന്നെന്റെ ജീവന്റെ ആഹാരങ്ങൾ. ചിലപ്പോൾ നഗ്നത മറയ്ക്കാൻപോലും കീറത്തുണി കണ്ടില്ലെന്നിരിക്കും. എങ്കിലും അതിൽ ഞാൻ സുഖം കണ്ടത്ത്ണു. ഞാനിതു വരെ ജീവിച്ചതിൽ നിന്നും എത്രയോ മഹത്തരമായിരിക്കും ആ ജീവിതം എന്നെനിക്കുറപ്പുണ്ട്. നിങ്ങൾക്ക് നല്ലതു വരട്ടെ!'

മാഷ് അന്നു രാത്രിയിൽ ആന്റോയെ ചെന്നു കണ്ടു. യാത്ര ചോദിക്കാനല്ല. തന്റെ കടം തീർക്കാൻ. മാഷ് ആന്റോയെ വിളിച്ചുകൊണ്ടു തന്റെ മുറിയിലേക്കു വന്നു. ആന്റോയോട് അവിടെയിരിക്കാൻ ആവശ്യപ്പെട്ടു.

ആന്റോ ഇരുന്നുകഴിഞ്ഞപ്പോൾഅലമാരിയിലേക്കു വിരൽ ചൂണ്ടി മാഷ് പറഞ്ഞു.'ഈ പുസ്തകങ്ങൾ ഒക്കെ തനിക്ക് ഉപയോഗപ്പെടും. എല്ലാം കൂടി ഒരു മുന്നൂറു രൂപേടെ കാണും. ഈ പെട്ടിയും ബാഗും തനിക്ക് ഉപയോഗപ്പെടും. പിന്നെ എന്റെ കുറെ കീറത്തുണികൾ ഇടെ കാണും. അവ തനിക്ക് കൊള്ളില്ല. അവഇടെ കിടന്നൊട്ടെ. ബാക്കിയുള്ളവയിൽ തനിക്ക് ഉപയോഗത്തിനു പറ്റിയവയെന്ന് തോന്ന്ണയെല്ലാം എടുത്തൊള്ളൂ. എന്റെ കടം രൂപയായി തന്നു തീർക്കാൻഎനിക്കു കഴിവില്ല.ആഗ്രഹിച്ചാൽ പോലും സാധിക്കില്ല.'

മാഷിന്റെ നിർവ്വികാരമായ സംസാരം കേട്ട് ആന്റോ അന്തംവിട്ടിരുന്നു. അപ്രതീക്ഷിതമായിരുന്നു ആ പെരുമാറ്റം.

മാഷ് ആന്റോയെ ശ്രദ്ധിക്കാതെ തുടർന്നു.'എന്നെ അന്ന് രൂപ തന്ന് സഹായിച്ചന് നന്ദിയുള്ളോനാണു ഞാൻ. പക്ഷെ അതെങ്ങനെ പ്രകടിപ്പിക്കണംന്ന് എനിക്കറില്ല.'

'എനിക്കിതൊന്നും വേണ്ട, മാഷേ.രൂപയില്ലെങ്കിൽ തരേണ്ടെന്നല്ലേയുള്ളു.'

'ഇല്ല.അതു സാദ്ധ്യല്ല. ഞാൻ ഇവിടെന്നും പോവാണ്.' മാഷ് കട്ടിലിൽ ചാരിക്കിടന്നു.

'എവിടെ?'

'എവിടെക്കെന്ന് എനിക്കും നിശ്ചയംല്ല. അതിനുമ്പ് ഞാൻ കൊടുക്കാനുള്ള കടം മുഴുവൻ വീട്ടണംന്നു എനിക്കാഗ്രഹംണ്ട്. എങ്ങനെങ്കിലും.തനിക്കു മാത്രേ ഞാൻ കടക്കാരനായിട്ടുള്ളു. ജീവിതത്തിൽ ആദ്യത്തേം അവസാനത്തേം. ഇപ്പോൾ താൻ നിരസിച്ചാലും ഞാൻ പൊയിക്കഴിഞ്ഞാൽ താനിവയെല്ലാം എടുത്തുള്ളണം. മുറി പൂട്ടില്ല. മറ്റുള്ളവർ എടുക്കാതെ താൻ തന്നെ എടുക്കണംന്ന് എനിക്കാഗ്രഹം ഉണ്ട്. ഇത്രേം പറയാനാ വിളിച്ചുകൊണ്ടു വന്നെ.'

മാഷ് കഞ്ചാവു ബീഡി കത്തിച്ച് പുക അകത്തു കയറ്റിക്കൊണ്ടു മുകളിലേക്കു നോക്കിക്കിടന്നു.

മൗനം പടർന്നു കയറിയപ്പോൾ ആന്റോ എന്തു ചെയ്യണമെന്നോ എന്തുപറയണമെന്നോ അറിയാതെ നിശ്ചലനായി ഇരുന്നു.

അല്പനേരം കഴിഞ്ഞപ്പോൾ ആന്റോ എഴുന്നേറ്റിട്ടു പറഞ്ഞു. 'ഞാൻ പോവാ.'

മാഷ് ഉത്തരം ഒന്നും പറഞ്ഞില്ല. ആന്റോയുടെ മുഖത്തേക്കു നോക്കുക പോലും ചെയ്തില്ല. ആന്റോ ഇറങ്ങി നടന്നു.

മാഷ് ബിജുവിനെയും ചെന്നു കണ്ടു.

മാഷ് ബിജുവിനോടു പറഞ്ഞു. 'ബിജു എന്നോടു കോപിച്ചിരിക്കാണ്. സാരംല്ല. ഈ കോപം എന്നും നിലനില്ക്കട്ടെ. ഞാൻ ബിജുവിനോട് കാശ് ചോദിക്കരുതാര്ന്നു. ചോദിച്ചു പോയി. തിന്‌നിക്ക് കിട്ടേണ്ടതൊക്കെ കിട്ടി. തിലെനിക്ക് കുണ്ഠിതമില്ല. ഇനിയും രുപക്ഷേ നാം തമ്മിൽ കണ്ടെന്നു വരില്ല. തിനാൽ ഒന്നൂടി കണ്ടുകളയാന്നു നെനച്ചു. യാത്രയും ചോദിക്കാല്ലൊന്നു കരുതി. ഒരു പക്ഷേ ഈ വന്നതും താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെന്നിരിക്കും.എങ്കിലുംഞാൻ അതിനു വില കൊടുക്കണില്ല.'

മാഷിന്റെ ഹൃദയം വിങ്ങുകയായിരുന്നു.'നാം തമ്മി അടുത്തത് മൂന്നു വർഷം മുമ്പാണ്. അന്നു മുതൽ ഇന്നു വരെ ബിജുവിനോട് ആത്മാർത്ഥത പുലർത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണെന്റെ വിശ്വാസം. പക്ഷേ അതിനു കിട്ടേണ്ടത് എനിക്കു കിട്ടി.'

മാഷിന്റെ കണ്ണുകളിൽ മുത്തുമണികൾ രൂപം കൊണ്ടു.

'സാരംല്ല.ജീവിതല്ലേ. ഇതൊക്കെ സ്വാഭാവികം മാത്രാണ്. ഞാൻ ബിജുവിനോട് കാശു ചോദിക്കരുതാര്ന്നു. ചോദിക്കാനെനിക്ക് ന്തവകാശം? ല്ലേ? ശരിയാണ്. തിനു ക്ഷമ പറയേണ്ട ആവശ്യല്ലല്ലോ? ങ്കിലും ന്നുടി പറേട്ടെ. ' മാഷ് ഒന്നു നിർത്തി.

'നിങ്ങടെ എസ്റ്റേറ്റി ഒരു ദിവസം വീഴണ കരിയില വാരി തൂക്കി വിറ്റാൽ ന്നെപ്പോലെ നൂറുപേരുടെ ഇതു പോലൊള്ള ആവശ്യങ്ങൾ സാധിച്ചു കൊടുക്കാനുള്ള കഴിവ് ബിജുവിനുണ്ടാകുമാര്ന്നു. ന്നെ മറന്നേക്കൂ. ഞാൻ പോകുണു.''

പറഞ്ഞു തീർന്നപ്പോൾ മാഷിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവ ബിജുവിന്റെ മുറിയിൽ വീണു ചിതറി. ബിജു എന്തോ പറയാൻ മുതിരുന്നതിനു മുമ്പു തന്നെ മാഷ് മുറിയിൽ നിന്നും ഇറങ്ങി നടന്നു. ബിജുവും കുറ്റബോധം അടക്കാനാവാതെ വിങ്ങിപ്പൊട്ടി.

മാഷ് അന്നു രാത്രി ഒന്നാം വർഷ വിദ്യാർത്ഥിയായ ഫിലിപ് ലൂക്കോസിനെ ചെന്നു കണ്ടു. റാഗിങ് കാലത്തു താൻ മൃഗീയമായി കൈകാര്യം ചെയ്ത ഫിലിപ് ലൂക്കോസ്. തുടകളിലെ രോമം വടിപ്പിച്ചു താൻ കഷ്ടപ്പെടുത്തിയ ഫിലിപ് ലൂക്കോസ്. കഞ്ചാവു കൊടുത്ത്, അവന്റെ ബോധം നശിച്ചപ്പോൾ, താനും കൂട്ടരും മാറി മാറി പീഡിപ്പിച്ച ഫിലിപ്‌ലൂക്കോസ്.

മാഷ് മുറിയിൽ കടന്നു ചെന്നപ്പോൾ ഫിലിപ് ലൂക്കോസ് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. മാഷിനെ കണ്ടു ഫിലിപ് ലൂക്കോസ് ചാടി എഴുന്നേറ്റു.

' താനവിടെ ഇരിക്ക്. എന്തിനാ എന്നെക്കണ്ട് എഴുന്നേൽക്ക്ണത്?'

ഫിലിപ് ലൂക്കോസ് ഇരുന്നില്ല. മാഷും ഇരുന്നില്ല. മാഷ് ഉരുവിട്ടു. 'തന്നെ ഒന്ന് കാണണംന്ന് കുറച്ചു ദിവസായി ആഗ്രഹിക്കണ്. നാളെ ഞാൻ പൊവാണ്. തിനു മുമ്പ് തന്നെ കണ്ടു കളയാന്നു കരുതി. തന്റെ പഠിത്തം മുടക്കിയതിൽ ഖേദിക്കുണു. തന്നോട് ഞാൻ റാഗിങ് കാലത്ത് വളരെ മൃഗീയമായി പെരുമാറി. തിനു കാരണക്കാരൻ ഞാൻ തന്നെയല്ല.ന്റെ കൂട്ടുകാരാണ് നിക്ക് എരിവു കേറ്റിത്തന്നെ. തന്റെ കസിനോടുള്ള വാശിക്ക്. തന്നോടു ഞാൻ ങ്ങനെയൊന്നും ചെയ്യരുതാര്ന്നു.'

മാഷ് നിർത്തി. ഇനിയും പറയേണ്ടത് എങ്ങനെ പറഞ്ഞു തീർക്കണമെന്നറിയാതെ കുഴങ്ങി നിന്നു. എങ്കിലും തുടർന്നു പറഞ്ഞു.

'ഞാൻ ഒരിക്കലേ ആതെറ്റു ചെയ്തിട്ടുള്ളു. തന്നോടു മാത്രം. എങ്ങനെ ആ തെറ്റു തിരുത്താൻ പറ്റും എന്നെനിക്കറില്ല. മാപ്പ് ചോദിക്കാൻ എനിക്കവകാശംല്ല.ങ്കിലും അർഹതയില്ലാത്ത മാപ്പിനു വേണ്ടി കേഴുന്നു. മാപ്പ്.'

മാഷ് ആ മുറിയിൽ നിന്നും വേഗം ഇറങ്ങി നടന്നു. ഫിലിപ് ലൂക്കോസ് നിർന്നിമേഷനായി നിന്നു പോയി.

മാഷ് അവിടെ നിന്നും നേരേ ചെന്നത് വിനോദിന്റെ മുറിയിലായിരുന്നു. വിനോദ് കിടന്നുറങ്ങിയിരുന്നു. മാഷ് ലൈറ്റിട്ടിട്ട് അവനെ വിളിച്ചുണർത്തി. വിനോദ് മാഷിനെ കണ്ടു ചാടിയെഴുന്നേറ്റു നിന്നു.

മാഷ് മൊഴിഞ്ഞു. ' കിടന്നോ. ഞാൻ ഒരു കാര്യം പറയാൻ വന്നാണ്. തന്നെ ഈ ഉറക്കസമയത്ത് ബുദ്ധിമുട്ടിക്ക്ണതിൽ ക്ഷമിക്കണം. നാളെ ഒരു പക്ഷേ പറയാൻ സാധിച്ചില്ലെന്നു വരും. അതുണ്ട്..... ഞാൻ തന്നെ ആത്മാർത്ഥമായി സ്‌നേഹിച്ചിര്ന്നു. ഇപ്പോഴും.പക്ഷേ തനിക്ക് എന്നെ മനസ്സിലാക്കാൻ സാധിച്ചില്ല. ഞാൻ ഒരു ക്രൂരനാണെന്ന് താൻ വിധിയെഴുതിയേനാൽ. പക്ഷേ നിക്കും സ്‌നേഹിക്കാൻ അറിയ്ണ ഒരു ഹൃദയോണ്ട്. സ്‌നേഹത്തിനു വേണ്ടി ദാഹിക്കണ ഒരു ഹൃദയോണ്ട്.മറ്റുള്ളവരിൽ നിന്നും ഞാൻ വളരെ അകലെയാണ്. വളരെ വളരെ അകലെ. ഒരു പ്രാവശ്യം നാം തമ്മിൽ യാത്ര പറഞ്ഞു പിരിഞ്ഞാണ്. ങ്കിലും ന്നുകൂടി കാണാണ്ടിരിക്കാൻ സാധിച്ചില്ല. കാരണം...' മാഷ് ഒന്നു നിർത്തി. ചിറികൾ കടിച്ചു പിടിച്ചിട്ടു വിട്ടു. തുടർന്നു പറഞ്ഞു. 'തന്നെ ഞാൻ ഇപ്പോഴും സ്‌നേഹിക്ക്ണുണ്ട്. നാമിനി ഒരിക്കലും കണ്ടെന്നു വരില്ല. അങ്ങനെന്നെ സംഭവിക്കണംന്നാണെന്റെ ആഗ്രഹോം. തെറ്റുകൾ വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ മാപ്പു തരൂ. മാപ്പ്.'

മാഷ് പെട്ടെന്നു തിരിഞ്ഞു നടന്നു. വിനോദിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. മാഷ് ഇറങ്ങി നടക്കുന്നതും നോക്കി നിശ്ചലനായി അവൻ നിന്നുപോയി.

മാഷ് അന്നുരാത്രി ഉറങ്ങിയില്ല. പിറ്റേ ദിവസം അതിരാവിലെ എല്ലാവരും ഉണരുന്നതിനു മുമ്പ് മാഷ് എഴുന്നേറ്റു.

കിടക്കവിരിക്കുള്ളിൽഅത്യാവശ്യം വേണ്ട തുണികൾ മാത്രം എടുത്തുവച്ചു.ഒരു ഭാണ്ഡക്കെട്ടു കെട്ടി.

കുളിർമ്മയുള്ള പുലർകാലം.

മുറി ശബ്ദമുണ്ടാക്കാതെ അടച്ചിട്ടു മാഷ്‌വരാന്തയിൽ അല്പനേരം നിന്നു. ഒരു പ്രാവശ്യം കൂടി തന്റെ മുറിയുടെ വാതിലിൽ നോക്കിയിട്ടു ഹോസ്റ്റലിന്റെ ഓരോ മൂലയും വീക്ഷിച്ചു. വേഗം ഇറങ്ങി നടന്നു.

ഉഷസ്സിന്റെ ഉച്ഛ്വാസവായുവിനെ തള്ളി നീക്കി കുന്നിൻ ചരിവിലൂടെ കാലുകൾ നീട്ടിപ്പിടിച്ചു നടന്നു.

മാഷ്‌നടന്നു.......നടന്നു.......ലക്ഷ്യമില്ലാതെ.......അപാരതയിലേക്ക്.......അനന്തതയിലേക്ക്.......അർത്ഥമില്ലാത്ത ബന്ധങ്ങളിൽ നിന്നും കടപ്പാടില്ലാത്ത ദിശ തേടി.

അങ്ങനെ, ആ കുന്നിന് മാഷിന്റെ പാദസ്പർശം ഇല്ലാതായിരിക്കുന്നു. മാഷിന്റെ ഗന്ധവും ഇല്ലാതായിരിക്കുന്നു.

അന്നു പ്രഭാതത്തിൽ തന്നെ ഹോസ്റ്റലിൽ ആ വാർത്ത പരന്നു കഴിഞ്ഞിരുന്നു. 'മാഷ്് പൊയ്ക്കളഞ്ഞു. പഠിത്തം നിർത്തിയിട്ട്. '

ചിലർ അടക്കം പറഞ്ഞു. ' മാഷിനു ഭ്രാന്തു പിടിച്ചതാണ്. അതാണു പോയത്. '

ആ കുന്നും ഉറക്കെ കേണു.' മാഷിനു ഭ്രാന്താണ്. '

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP