Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സത്യമോ മിഥ്യയോ

സത്യമോ മിഥ്യയോ

ജോയ് ഡാനിയേൽ

ചില ചോദ്യങ്ങൾക്ക് ഒരിക്കലും ഉത്തരം ഉണ്ടാകില്ല. ചില ഉത്തരങ്ങൾക്ക് ഒരിക്കലും ചോദ്യവും.

1980കളിലെ ഒരു രാത്രി. രാത്രി എന്നാൽ അർദ്ധരാത്രി. കാവിനുള്ളിലെ പാലമരത്തിന്റെ ശിഖരങ്ങളിൽ നിന്ന് യക്ഷികൾ പുറത്തിറങ്ങുകയും പകൽ മനുഷ്യർ നടക്കുന്ന വഴികളിലൊക്കെ നടന്ന് നമുക്ക് കേൾക്കാനാകാത്ത ശബ്ദത്തിൽ ആർത്തട്ടഹസിക്കുകയും, തോന്നുന്ന പോലെ വിഹരിക്കുകയും ചെയ്യുന്ന രാത്രി. കാവും, സെമിത്തേരിയും, കള്ളിപ്പാലകളും, കരിമ്പനകളും തമ്മിൽ പറയത്തക്ക ദൂരം ഇല്ലായിരുന്നു.

ബസ്സ് ഇഞ്ചപ്പാറ ജംഗ്ഷനിൽ നിന്നു. ഞാൻ കയ്യിലിരുന്ന ബാഗ് തോളിലേക്ക് വലിച്ചിട്ട് റോഡരികിൽ നിന്ന് മൂരിനിവർത്തി. ഹോ! എന്തൊരു ക്ഷീണം. എത്ര ദിവസമായുള്ള അലച്ചിൽ ആണ്? പാലക്കാട് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിനായി വീട്ടിൽ നിന്നും പടി യിറങ്ങിയിട്ട് ഒരാഴ്ചയായി. എല്ലാം കഴിഞ്ഞ് ജില്ലാ പ്രധിനിധികളും, പ്രവർത്തകരും പലവഴിക്ക് പിരിഞ്ഞ് ഇപ്പോൾ തിരികെയെത്തി. എന്നെ യാത്രയാക്കി പാഞ്ഞുപോയ അവസാന കെ.എസ്.ആർ.ടി.സി വാഹനത്തിന്റെ വെളിച്ചം ആറുമുക്ക് പാലത്തിനപ്പുറത്ത് വളവിലേക്ക് തിരിഞ്ഞ് അപ്രത്യക്ഷവുമായി.

ഞാൻ ശ്വാസം നീട്ടിവലിച്ചു. ദിവസങ്ങളോളം നഷ്ടമായ എന്റെ ഗ്രാമത്തിന്റെ ഗന്ധം ഞാൻ ആസ്വദിച്ചു. മുന്നോട്ടു നടക്കവെ നാലുപാടും കണ്ണോടിച്ചു. ചന്ദ്രൻപിള്ളയുടെ അന്തിതിരക്കൊഴിഞ്ഞ അടച്ചിട്ട കടയുടെ മുന്നിൽ കിടക്കുന്ന ചാവലിപട്ടി തലയുയർത്തി എന്നെ ഒന്നുനോക്കിയിട്ട് ഗൗനിക്കാത്ത മാതിരി തിരിഞ്ഞു കിടന്നു. വിജനമായ റോഡിന്റെ ഓരത്ത് തലയെടുപ്പോടെ നിൽക്കുന്ന സെന്റ് പോൾസ് പള്ളിയുടെ കുരിശിലേക്ക് വന്നു പതിക്കുന്ന പ്രകാശത്തെക്കാൾ കവലയിൽ മിന്നുന്ന തെരുവുവിളക്കിനു തെളിച്ചം ഉണ്ടായിരുന്നപോലെ.


എന്റെ സിരകളിൽ ഇപ്പോളും പാർട്ടി സമ്മേളനത്തിന്റെ ഉഷ്ണരക്തം തിളക്കുകയാണ്. ദേശീയ സംസ്ഥാന നേതാക്കൾ പകർന്നു നൽകിയ വിപ്‌ളവത്തിന്റെ ഊർജ്ജം നിറഞ്ഞൊഴുകുന്ന ഞരമ്പുകൾ. പാർട്ടിയേയും അതിന്റെ സിദ്ധാന്തങ്ങളേയും ഓർത്തു ഞാൻ നെഞ്ചുവിരിച്ചു നടന്നു. ടാറിട്ട റോഡിൽ നിന്നും വീട്ടിലേക്ക് നീളുന്ന പഞ്ചായത്ത് റോഡിലേക്ക്.

അന്ധകാരം കഠിനം ആണെങ്കിലും മുന്നിലുള്ള ഓരോ കുണ്ടും, കുഴിയും എനിക്ക് സുപരിചിതമാണ്. രാത്രിയിലെ നടത്തം പുത്തരിയല്ലല്ലോ. കണ്ണടച്ചാണെങ്കിലും നടന്ന് വീട്ടിനുള്ളിലെത്താം.

വലതുവശത്ത് സെന്റ് പോൾസ് പള്ളിയുടെ സെമിത്തേരി. കുഴിമാടങ്ങളിൽ ആത്മാവ് നഷ്ടപ്പെട്ട് മണ്ണോടലിഞ്ഞു ചേർന്ന് ഏകാന്തതയിൽ ഉറങ്ങുന്ന ശരീരങ്ങൾ. കാശുള്ളവൻ വെള്ളയടിച്ച കുഴിമാടങ്ങളിലും കുചേലന്മാർ കൂട്ടിവച്ച മൺകൂനക്കടിയിലും അന്തിവിശ്രമം കൊള്ളുന്നു. അരണ്ട വെളിച്ചത്തിൽ നേർത്ത കാറ്റിൽ ശവക്കോട്ടയിൽ ഉലയുന്ന ചെടികൾ എന്നെ മാടിവിളിക്കുന്ന പോലെ.

പുതിയൊരു മൺകൂന. അതുനോക്കി ഞാനൊന്നു നിന്നു. ഈ അടുത്ത ദിവസം ആരോ മരിച്ചിരിക്കുന്നു. മൺകൂനക്കുമേൽ പുതുമ നഷ്ടപ്പെടാത്ത മൂന്നു, നാല് റീത്തുകൾ. ഏതോ മരത്തിന്റെ എങ്ങോട്ടോ വളർന്നുപോയ ശിഖരം ആരോവെട്ടിമുറിച്ച് എവിടെയോ പണിതീർത്ത് നശ്വരതയും അനശ്വരതയും വിളിച്ചോതി ഒരു മരക്കുരിശ് ശിരസ്സ് ഭാഗത്ത് നാട്ടിയിരിക്കുന്നു.

ശവക്കോട്ടയിൽ ഇരുന്ന് ഒരു ബീഡി വലിച്ചാലോ? ഞാൻ ബാഗിൽ കൈ തിരുകി നോക്കി. ബാക്കിവന്ന ഒരു പൊതി ദിനേശ് ബീഡിയുണ്ട്. വേണ്ടാ ഇവിടിരിക്കണ്ട. ബീഡി പുറത്തെടുത്ത് ഞാൻ മുന്നോട്ടുള്ള നടത്തക്ക് വേഗം കൂട്ടി. സാധാരണ കൂട്ടുകാരുമൊത്ത് വീട്ടിലേക്കുള്ള വഴിയിൽ ഈ പ്രേതാത്മാക്കളുമായി സല്ലപിച്ച് ബീഡിവലിച്ചിട്ടേ പോകൂ.

സെമിത്തേരി കഴിഞ്ഞാൽ പാറകൂട്ടങ്ങൾ ആണ്. അങ്ങ് ദൂരെ രാക്ഷസൻ പാറയുടെ മുകളിളിരിന്നു കുറവൻ പാറയും, കുറത്തിപാറയും നാട്ടിലുള്ളതെല്ലാം നോക്കിക്കാണുന്നു. രാക്ഷസൻപാറ രണ്ടുവട്ടം മൂളിയിട്ടുണ്ടുപോലും! ഇനി ഒരിക്കൽകൂടി മൂളിയാൽ പാറപൊട്ടും. പൊട്ടിയൊലിച്ച് ഗ്രാമം മുഴുവൻ നശിച്ച് നാറാണക്കല്ലുവയ്ക്കും. രാക്ഷസൻ പാറയുടെ കാവൽക്കരാരാണത്രെ കുറവൻ പാറയും കുറത്തിപ്പാറയും. നൂറ്റാണ്ടുകളായി അവർ ഗ്രാമത്തിൽ കാണാതതായി ഒന്നുമില്ല, കേൾക്കതതായി ഒന്നുമില്ല.

പഞ്ചായത്ത് റോഡ് അവസാനിക്കുന്നു. ചെറുപാറക്കൂട്ടങ്ങൾ താണ്ടി നടന്നാൽ ഇടവഴിയാണ്. ഇടവഴി പലഭാഗത്തെക്കായി പിരിഞ്ഞുപോകവെ വലത്തോട്ടു നടന്നാൽ വീടെത്തും. ഒന്ന് കുളിക്കണം. എന്തെങ്കിലും അടുക്കളയിൽ ബാക്കി ഉണ്ടേൽ വെട്ടിവിഴുങ്ങി ഒരു മൊന്ത വെള്ളവും മോന്തി ഒരു ദിനേശ് ബീഡി കൂടി വലിച്ച് കിടക്കയിൽ നിദ്രാദേവതയുടെ ആശ്ലേഷവും കാത്ത് കിടക്കണം.

എന്റെ കാൽകീഴിൽ ഞെരിയുന്ന കരിയിലകളുടെ ശബ്ദം ഒഴിച്ചാൽ എങ്ങും ഏകാന്തത. എങ്ങും നിശബ്ദത. രാക്ഷസൻപാറയുടെ താഴ്‌വാരത്തിലെ കുറുക്കന്മാരും, പന്നികളും, മുയലുകളും, വാവലുകളും എന്തിന് പ്രകൃതിയുടെ കാവൽക്കാരായി നിൽക്കുന്ന മരക്കൂട്ടങ്ങൾ പോലും നിശബ്ധത ഭാന്ജിക്കുന്നില്ല. തണുപ്പ് ആക്രമിച്ചപ്പോൾ ഞാൻ തീപ്പെട്ടി ഉരച്ച് ബീഡി കത്തിച്ചു. ആദ്യപുക മൂക്കിലൂടെ പുറത്തേക്ക് വിടുമ്പോൾ എങ്ങുനിന്നോ ഒരുന്മേഷം പിറവിയെടുക്കുന്നു.

ബീഡിതീ എന്റെ വഴിവിളക്കായി തീർന്നു. പെട്ടെന്ന് നിശബ്ധതക്ക് വിരാമമായപൊലെ എവിടെയോ ഒരു നായയുടെ ഓരിയിടാൻ മുഴങ്ങി. മരചിച്ചില്ലകളിൽ നിന്നെവിടെയോ ഒരു വലിയ വാവൽ എന്റെ തലക്കുമീതെ ചിറകടിച്ച് പറന്നു പോയി. രണ്ടു തുള്ളി ജലകണങ്ങൾ എന്റെ കൈത്തണ്ടയിൽ വന്നു പതിച്ചു! മഴക്കുള്ള വട്ടമാണോ? ഞാൻ അത്ഭുതപ്പെട്ടു. ആകാശത്ത് ചന്ദ്രൻ ലോപിച്ച്, ലോപിച്ച് നിരാശനായി തല കുമ്പിട്ടുനിൽക്കുന്നു. നക്ഷത്രങ്ങളെ ഭൂമിയിലെ മിന്നാമിന്നുകൾ വെല്ലുവിളിക്കുന്നപോലെ.

പെട്ടെന്ന് പുറകിൽ ഒരു ചുമയുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു. പുറകിൽ ആരോ തന്നെ അനുഗമിക്കുന്നുണ്ടോ? അതെ! ഒരു കറുത്ത രൂപം തന്റെ തൊട്ടടുത്ത്! എന്നിൽ നിറഞ്ഞൊഴുകിയിരുന്ന ഉഷ്ണ രക്തം ഒരു നിമിഷം എങ്കിലും തണുത്തുറഞ്ഞുപോയി.

'ആരാ...?!' എന്റെ തൊണ്ടയിൽ നിന്നും പാടുപെട്ട് ശബ്ദം പുറത്തുവന്നു. 'മനസ്സിലായില്ല... ആരാ..?' ഉത്തരം ഒരു കാറിച്ചയോടുകൂടിയ ഒരു ചുമ കൂടി മാത്രമായിരുന്നു. ഇരുട്ടിൽ മുന്നിൽ നിൽക്കുന്ന രൂപത്തിലേക്ക് ബീഡികുറ്റിയുടെ കനലിന്റെ വെളിച്ചത്തിൽ ഞാൻ സൂക്ഷിച്ചു നോക്കി.

'സാറേ... എന്നെ മനസ്സിലായില്ലേ..?ഞാൻ ഒനാൻ മൂപ്പനാ...'

ഒനാൻ മൂപ്പൻ ??!! ഇയാൾ എന്താണീ പാതിരാത്രി ഇവിടെ?

ഒനാൻ മൂപ്പൻ. ഗ്രാമത്തിലെ പരോപകാരിയായ മനുഷ്യൻ. ആരെങ്കിലും എന്തെങ്കിലും കൊടുത്തൽ കഴിക്കും. അമ്പലക്കുളത്തിൽ പോയി കുളിക്കും. സെമിത്തേരിയിലോ ചന്ദ്രൻപിള്ളയുടെ കടത്തിണ്ണയിലോ രാത്രി കിടന്നുറങ്ങും. അധികം സംസാരിക്കാത്ത എന്നാൽ സംസാരിക്കുമ്പോൾ ഗാംഭീര്യ സ്വരം പുറത്ത് വരുന്ന ഒനാൻ മൂപ്പൻ. ഇവിടെ ഇയാൾക്ക് എന്താണ്?

'എന്താ മൂപ്പാ രാത്രി ഇവിടെ? ഒറക്കം ഒന്നുമില്ലിയൊ??' അയാൾ എന്നെ തുറിച്ചു നോക്കുന്നു. ദൂരെക്കാണുന്ന സൈന്റ് പോൾസ് പള്ളിയുടെ ഉയർന്നുനിൽക്കുന്ന കുരിശിൽ നിന്നും അയാൾ ഇറങ്ങി വന്ന പോലെ എനിക്ക് തോന്നി. അയാൾക്ക് കാത് നന്നായി കേൾക്കില്ല എന്ന് അയാൾ ഒഴികെ ഏല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അതിനാൽ ആ ചോദ്യം തന്നെ ഞാൻ ആവർത്തിച്ചു.

'ഒന്നുമില്ല സാറേ.... വെറുതെ... ഭയങ്കര തണുപ്പ്. സാറു വലിക്കുന്ന ബീഡിയുടെ വെട്ടം കണ്ട് ശവക്കോട്ടയിൽ നിന്ന് എണീറ്റ് വന്നതാ... ഒരു ബീഡി എനിക്കും തായോ...'

ഞാൻ ബാഗിൽ കൈ ഇട്ട് ഒരു ബീഡി എടുത്ത് അയാൾക്ക് കൊടുത്തു.

'വന്നാട്ടെ... ആ പാറപ്പുറത്ത് ഇമ്മിണി നേരം ഇരുന്നിട്ട് പോകാം..'

എവിടെയോ കൊള്ളിയാൻ പോലെ മിന്നിയ ഭീതി അകന്നുപോയ സന്തോഷത്തിൽ ഞാൻ ഞാൻ അയാളുടെ പുറകെ നടന്നു. തൊട്ടടുത്ത പാറപ്പുറത്ത് അയാൾ ഇരുന്നു. കത്തിതീരാറായ ബീഡിയിൽനിന്ന് ഞാൻ കൊടുത്ത ബീഡിയിലേക്ക് തീപകർന്ന് പുക വലിച്ചൂതി ഒനാൻ മൂപ്പൻ വീണ്ടും ചുമച്ചു.

അയാൾ എന്റെ യാത്രയെപറ്റി ചോദിച്ചു. പാർട്ടി സംസ്ഥാന സമ്മേളനത്തെ പറ്റിയും നേതാക്കളായ ജ്യോതി ബസു, ഹർകിഷൻ സിങ് സുർജിത്, സഖാവ് ഇ.എം.എസ്, നായനാർ അങ്ങിനെ നേതാക്കളുടെ നിര തന്നെ നിരത്തി.

'ഏണസ്റ്റ് ചെഗുവേരയെ പറ്റി എന്താണഭിപ്രായം?..... ഒളിപ്പോരാളികളും നക്‌സലിസവും എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?.... യഹൂദ്യനായ ജീസസ് െ്രെകസ്‌റ് എന്ന കമ്മ്യൂണിസ്റ്റ്കാരനെപറ്റി സാർ എന്തുപറയുന്നു?'

അയാളുടെ നരച്ചതാടി നിറഞ്ഞ മുഖത്തെ തീവ്രവികാരം കാണാൻ എന്റെ കത്തിതീരാറായ ബീഡി യുടെ കനൽ മാത്രം പോരായിരുന്നു. ചുണ്ടത്ത് എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിനേക്കാൾ എരിച്ചിൽ ആ കണ്ണുകളിൽ ഞാൻ ദർശിച്ചു.

എത്രനേരം ഞാങ്ങൾ അങ്ങിനെ ഇരുന്നു എന്നെനിക്കറിയില്ല. 'നേരം ഒത്തിരിയായി...പോകാൻ ധൃതി ഉണ്ട്...' അയാളുടെ അനുവാദം ചോദിക്കാതെ ഞാൻ എണീറ്റു.

'ആയിക്കോട്ടെ... സാറ് മുന്നിൽ നടന്നാട്ടെ... ഞാൻ പിന്നിൽ നടന്നോളാം'

ഞാനൊന്നും മിണ്ടിയില്ല. നടത്തത്തിനു വേഗം കൂട്ടി. പിന്നിൽ ചിലമ്പൊലിപൊലെ പാദങ്ങൾക്കടിയിൽ കരിയില ഞെരിഞ്ഞമരുന്ന ശബ്ദം എനിക്ക് കേൾക്കാം.

ഇടവഴി രണ്ടായി പിരിയുന്നു. വലത്തോട്ട് നടന്നാൽ എന്റെ വീട്.

'അപ്പോ ..സാറ് പോയാട്ടെ...ഞാൻ ഇടത്തോട്ട് നടന്നോളാം ...'

വീടിന്റെ പടിയിലേക്ക് കാലിലെ മണ്ണു തട്ടിക്കളഞ്ഞ് കയറുമ്പോൾ അയാൾ ഇടത്തു വശത്തുള്ള റോഡിലേക്ക് പോയത് എന്തിനാണെന്ന് ഞാൻ ചിന്തിച്ചു. രാക്ഷസൻ പാറയിലേക്ക് പോകുന്ന റോഡാണത്. അവിടെ അയാൾക്ക് എന്താണ്?

ഞാൻ കതകിൽ തട്ടി. മൂന്നാമത്തെ തട്ടിന് അമ്മ ഓടാമ്പൽ നീക്കി കതക് തുറന്നുതന്നു.

'എന്തൊരു പോക്കാ ചെറുക്കാ ഇത്?... പാർട്ടി, പാർട്ടി എന്ന് പറഞ്ഞാൽ ഇങ്ങനേം ഉണ്ടോ?...'

ഞാൻ മറുപടി പറഞ്ഞില്ല. ദിനേശ് ബീഡിയുടെ മണം അമ്മ അറിയേണ്ട. മുറിയിലേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു

'എന്താമ്മേ.. കരണ്ടില്ലേ?..'

'ഇല്ലെടാ...ഉച്ചക്ക് പോയതാ...' അമ്മ റാന്തലിന്റെ തിരി ഉയർത്തി മേശമേൽ വച്ചു. യാത്രാവിശേഷങ്ങൾ ചോദിച്ചെങ്കിലും അത് വർണ്ണിക്കാൻ പറ്റിയ മൂഡിൽ ആയിരുന്നില്ല ഞാൻ. നാളെ ഉച്ചവരെ കിടന്നുറങ്ങാനുള്ള ഉറക്കം കൺതടങ്ങളിൽ ബാക്കിയുണ്ട്.

'നീ കുളിച്ചിട്ടു വാ...ഞാൻ വിളമ്പിവയ്ക്കാം ..'

തോർത്തെടുത്ത് കുളിമുറിയിലേക്ക് നടക്കവേ ഞാൻ ചോദിച്ചു.

'അമ്മേ, സെമിത്തേരിയിൽ ആരാണ് മരിച്ചത്? റീത്ത്ഒക്കെ വച്ചിരിക്കുന്നല്ലൊ ?'

എന്റെ അസാനിദ്ധ്യത്തിൽ ഗ്രാമത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ടത് ആരാണ് എന്നറിയാനുള്ള കൗതുകം ആയിരുന്നു ആ ചോദ്യത്തിനു പിന്നിൽ. മൺകൂനക്കു മുകളിലെ പുതുമ മാറാത്ത പുഷ്പചക്രങ്ങൾ അരണ്ട വെളിച്ചതിൽ കണ്മുന്നിൽ നിൽക്കുന്നു.

'അയ്യോ... അതു ഞാൻ പറഞ്ഞില്ലല്ലോ....അത് നമ്മുടെ ഒനാൻ മൂപ്പനാ മോനെ...അയാൾ മിനിയാന്ന് മരിച്ചുപോയെടാ. ആരും ഇല്ലായിരുന്നു. അവസാനം പഞ്ചയത്തുകാരും ലൈബ്രറിക്കാരും ഒക്കെകൂടിയാ ശവമടക്ക് നടത്തിയെ.'

കുളിമുറിയിലേക്ക് നടക്കാൻ പാദങ്ങൾ പുറത്തേക്ക് എടുത്തു വച്ച ഞാൻ ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു.

'ആര്..? ഒനാൻ മൂപ്പനോ ?'

'ങ്ഹാ .. ഒനാൻ മൂപ്പൻ ... ഓ പോട്ടെ. ചുമച്ചും കുരച്ചും ഇങ്ങനെ ആരുമില്ലാതെ കടത്തിണ്ണയിൽ ഒക്കെ കിടക്കുന്നതിനേക്കാൾ ഭേതമാ..'

ഞാൻ കേട്ടത് അമ്മയുടെ ശബ്ദം ആണെന്നും അത് സത്യം തന്നെ ആണെന്നും എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല.

രാക്ഷസൻ പാറയിലെവിടെയോ വാവലുകളുടെ കട, കട ശബ്ദം ഉയർന്നു പൊങ്ങി. അരണ്ട വെളിച്ചത്തിൽ ചുമച്ച്, ചുമച്ച് നടന്നു നീങ്ങുന്ന ഒനാൻ മൂപ്പന്റെ ചിത്രം ചുമരിൽ പതിച്ച ചിത്രം പോലെ വ്യക്തമായിരുന്നു.

താൻ കാണുന്നത് സത്യമോ അതോ മിഥ്യയോ? ദിനേശ് ബീഡിയുടെ തീക്കനൽ തിളങ്ങിയും ചെ ഗുവേരയെ കുറിച്ചുള്ള ചോദ്യം മുഴങ്ങിയും നിന്നു.

സമയം അപ്പോൾ രാതി ഒരുമണി കഴിഞ്ഞിരുന്നു.

അമ്മ അടുക്കളയിലേക്ക് നടന്നു.

ചില ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകില്ല. ചില ഉത്തരങ്ങൾക്ക് ചോദ്യവും.

കുറിപ്പ്: എൺപതുകളിൽ എന്നെ ചരിത്രം പഠിപ്പിച്ച മണി സാറിന് ഇത് സമർപ്പിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP