Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധുവിന്റെ ഏട്ടൻ...

മധുവിന്റെ ഏട്ടൻ...

സോണി ജോസഫ്‌

മധുവിനൊരു ചേട്ടൻ ഉണ്ടായിരുന്നു ..

പക്ഷെ ..

മധു ജനിക്കുന്നതിനും ഒരു മണിക്കൂറ് മുൻപേ മുൻപ് മാത്രം അട്ടപ്പാടിയിലെ സ്വന്തം ഊരിൽ നിന്നും ആ ചേട്ടൻ ഒളിച്ചോടി ..

സിനിമയിൽ ചേരണം എന്ന അടങ്ങാത്ത ആഗ്രഹവുമായി ആദ്യം കൊച്ചിയിലുള്ള ഒരു കൊച്ചു സിംഹത്തിന്റെ മടയിലേക്ക് ആ ചേട്ടൻ നടന്നു കയറി ..

അപ്പോൾ അങ്ങകലെ അട്ടപ്പാടിയിൽ മധുവിനെ പ്രസവിച്ച വേദനയിൽ 'അമ്മ കരയുകയായിരുന്നു .:ജനിച്ചു വീണ ഉടനെ മധു ചുറ്റും ചേട്ടനെ തിരഞ്ഞു ..
അപ്പോൾ ആരൊക്കൊയെ മധുവിനെ പറഞ്ഞാശ്വസിപ്പിച്ചു ..
'' മധുക്കുട്ടാ .. നിന്റെ ചേട്ടൻ നിനക്കും കൂടി നന്മ വരാൻ വേണ്ടി പോയതല്ലേ ..ചേട്ടൻ ഉടനെ വരും കേട്ടോ .,''

പാവം മധു.. അവന്റെ പേരിന്റെ അർഥം സൂചിപ്പിക്കും പോലെ തന്നെ .. അവന് എല്ലാവരെപ്പറ്റിയും മധുരിതമായ ചിന്തകളെ ഉണ്ടായിരുന്നുള്ളു ..

മധു അട്ടപ്പാടി ഊരിലെ ചാണകം മെഴുകിയ തറയിൽ ഇഴയാൻ തുടങ്ങിയപ്പോൾ അവന്റെ ചേട്ടൻ മദ്രാസിലെ എയർ കണ്ടീഷൻ റൂമുള്ള ഒരു ഹോട്ടലിൽ ഉറങ്ങാൻ ശീലിക്കുകയായിരുന്നു ..

മധു വളർന്നു .. കാറ്റിന്റെ താളം അവന്റെ താരാട്ടു പാട്ടായിരുന്നു ..
കുറുക്കന്റെ ഓരി അവന് മുന്നറിയിപ്പുകളായിരുന്നു ..
വന്മരങ്ങളിൽ തൂങ്ങി നിന്നിരുന്ന അപകടകാരികളായ പെരുന്തേനീച്ച കൂട്ടങ്ങൾ കൂടുവിടുന്ന ഇരമ്പലുകൾ മധുവിന് പ്രകൃതിയുടെ മുന്നറിയിപ്പുകൾ ആയിരുന്നു
മിടുക്കനായ ഒരു ചെറുപ്പക്കാരാനായി മധു വളർന്നു വന്നു ..
അപ്പോഴൊക്കെ മധുവിന്റെ ഉള്ളം സ്വന്തം ചേട്ടനെ കാണാൻ കൊതിച്ചുകൊണ്ടിരുന്നു ..

പാവം ചേട്ടൻ .. ആ സമയങ്ങളിൽ ഒക്കെ സൂപ്പർ സ്റ്റാർ എന്ന വിലയില്ലാത്ത പദവിയിൽ നിന്നും മെഗാ സ്റ്റാർ എന്ന പദവിയിലേക്ക് എങ്ങിനെ എത്തും എന്ന വലിയ പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു ..
അപ്പോഴും ആ ഉള്ളം പറഞ്ഞുകൊണ്ടിരുന്നു .. 'മധു നിന്നെ എനിക്ക് ആവശ്യമുണ്ട് .. ഇപ്പോഴല്ല വരും നാളുകളിൽ ..'


ഒളിച്ചോടിയ ഒരു വല്യേട്ടൻ തന്നെ തിരഞ്ഞു വരുന്ന ദിവസം സ്വപ്നം കണ്ടു കണ്ടു സ്വപ്ന സഞ്ചാരിയായി മാറിയ മധുവിനെ ആരാണ്ടൊക്കെ ഭ്രാന്തൻ എന്ന് വിളിക്കാൻ തുടങ്ങി .. അപ്പോളൊക്കെ മധു , തന്നെ ഭ്രാന്തൻ എന്ന് വിളിച്ചവരെ നോക്കി പുച്ഛത്തോടെ പറഞ്ഞു ..

''പോടാ .. പുല്ലുകളെ.. എന്റെ ഏട്ടൻ വരും..''

''എടാ ., വട്ടാ ..ഏതു ഏട്ടൻ.. എവിടുത്തെ ചേട്ടൻ'' എന്ന് നാട്ടുകാർ ചോദിച്ചു തുടങ്ങിയപ്പോൾ മധുവും ആലോചിച്ചു . ' ദൈവമേ .. എന്റെ ഏട്ടൻ എന്തെ ഇതുവരെ വരാത്തത് ..വല്ല അപകടവും ...?'

അട്ടപ്പാടിയിലെ കാട്ടിനുള്ളിൽ അവന്റെ ഉള്ളം നീറുമ്പോൾ ഏട്ടൻ അമേരിക്കയിലെ എയർപോർട്ടിൽ സ്ഥിരതാമസക്കാരനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് കാത്തു നിൽക്കുകകയായിരുന്നു ..

ഏട്ടൻ സായിപ്പിന്റെ വണ്ടിയിൽ കയറി നാലുവരിപ്പാതയിലൂടെ കുലുക്കം അറിയായതെ ബംഗ്‌ളാവ് ലക്ഷ്യമാക്കി
കുതിച്ചു പാഞ്ഞപ്പോൾ മധു പാറക്കെട്ടുകൾ നിറഞ്ഞ വനാന്തരത്തിലൂടെ നഗ്‌നപാദനായി ഗുഹകൾ തേടി അലഞ്ഞു .,

തീവ്രവാദികൾ കടന്നുവരാത്ത സ്ഥലത്തെ വീട്ടിൽ ചേട്ടൻ സുഖമായി ഉറങ്ങിയപ്പോൾ കുറുക്കനും നരികളും വരുമോ എന്ന പേടിയിൽ മധു ഒരു പാറകാട്ടിൽ ഉറങ്ങാതെ പേടിയോടെ രാത്രി ചിലവഴിച്ചു ..

പിന്നീട് എ സി ഉള്ള വീടും വന്യമൃഗങ്ങൾ ഉള്ള ഗുഹയും ഇരുവർക്കും താന്താങ്ങളുടെ ജീവിത ഭാഗമായി മാറി ..

എന്നും മധുവിനെ കാണാൻ ഏട്ടനും ഏട്ടനെ കാണാൻ മധുവും ആഗ്രഹിച്ചിരുന്നു ..

ഏട്ടന് തിരക്കുകൾ ഏറി വന്നു..
മധുവിന് വിശപ്പും ..


ഒരുനാൾ വിശപ്പ് സഹിക്കാനാകാതെ ഗുഹയിൽ നിന്നും വെളിയിൽ വന്ന മധുവിനെ ആരൊക്കെയോ തടഞ്ഞു .. തലക്കും നാഭിക്കും നെഞ്ചിനും ഒക്കെ ഇടിച്ചു .. ഇടിയുടെ വേദനയേക്കാൾ ഇടിച്ച കൈമുഷ്ടിക്കുള്ളിൽ നിറഞ്ഞു നിന്നിരുന്ന കോഴി ബിരിയാണിയുടെ വല്ലാത്ത മണം അവനെ ഇടികൾ ഏൽക്കാൻ പ്രേരിപ്പിച്ചു ..

പിന്നെ അവന് മനസ്സിലായി അവനിഷ്ടപ്പെട്ട കോഴിബിരിയാണിയുടെ മണമല്ല മറിച് മരണത്തിന്റെ മണമാണ് ആ കൈക്കരുത്തുകൾക്കുള്ളിൽ എന്ന്..

അപ്പോഴും അവന്റെ ഉള്ളം പ്രതീക്ഷിച്ചു ..
എന്റെ ഏട്ടൻ.. ഏട്ടൻ വരും ..എന്നെ രക്ഷിക്കും ..

പിന്നീട് മൊത്തം ഇരുട്ട് പരന്നു..

അപ്പോൾ ടെലിവിഷൻ ചാനലുകളിൽ വെളിച്ചം പരന്നു..

വെള്ളെഴുത്തുള്ളവർക്കു പോലും കണ്ണാടി വയ്ക്കാതെ വായിക്കാൻ
പാകത്തിൽ വലിയ അക്ഷരങ്ങളിൽ ന്യൂസ് വന്നു..

സ്വന്തം മരണവാർത്ത മധു വായിച്ചില്ല ..

പക്ഷെ ഏട്ടൻ വായിച്ചു ..

'അനിയാ' എന്ന് ബ്ലോഗിൽ വിളിച്ചു ..

കേരളം മുഴുവൻ ആ ബ്ലോഗ് ഷെയർ ചെയ്തു ..

താൻ ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും കാണാൻ വരാത്ത ആ വെളുത്ത വല്യേട്ടൻ ഇന്നെങ്കിലും തന്നെ കാണാൻ വരും എന്ന് തൃശൂരിലെ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം ടേബിളിൽ കിടന്നുകൊണ്ട് ആ കറുത്തുമെലിച്ച ശരീരം പ്രതീക്ഷിച്ചു..

പക്ഷെ ഏട്ടൻ വന്നില്ല .. ഒടുവിൽ മധുവിനെ ആറടി മണ്ണിലേക്ക് ആരൊക്കെയോ കൂടി
യാത്രയാക്കി ..

അപ്പോൾ ബ്ലോഗിലെ ഏട്ടൻ ആരോ പറഞ്ഞുകൊടുത്ത ചില വാക്കുകൾ യാന്ത്രികമായി ഡബ്ബ് ചെയ്യുകയായിരുന്നു ..

'' പാവപ്പെട്ടവരുടെ ഇന്ത്യ .. പട്ടിണി പാവങ്ങളുടെ ഇന്ത്യ.. വേശ്യകളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും ഇന്ത്യ... '. ...

അങ്ങിനെ ഏതാണ്ടൊക്കെ അയാൾ പറഞ്ഞുകൊണ്ടിരുന്നു..

ആളുകൾ അതൊക്കെ കൈയടിച്ചു സ്വീകരിച്ചു ഷെയർ ചെയ്തുകൊണ്ടിരുന്നു ..

ഇതൊന്നും ശ്രദ്ധിക്കാതെ മധുവിന്റെ ശരീരം പുഴുക്കളെ പുണരാൻ ആറടി മണ്ണിനുള്ളിൽ ഒരുങ്ങിക്കൊണ്ടിരുന്നു .,,


ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും
സാങ്കല്പികങ്ങൾ മാത്രം...
ഗൂഗിൾ ഇമേജസിൽ കണ്ട ഒരു നല്ല മുഖം സ്വീകരിച്ചു എന്ന് മാത്രം.. കഥയുമായി ഒരു ബന്ധവും ഈ പടത്തിനുടമക്കില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP