Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നുണക്കുഴി

നുണക്കുഴി

'ദാ, പുന്നാരമോൾ സ്‌കൂളിൽ നിന്നും വന്നപ്പോൾ മുതൽ മുഖം വീർപ്പിച്ചിരിക്കയാണ്. യൂണിഫോം പോലും മാറ്റിയിട്ടില്ല.

കാര്യമെന്തെന്നു ചോദിച്ചാൽ പറയുന്നുമില്ല. ഇനി ഇപ്പോൾ അച്ഛൻ തന്നെ ചോദിക്ക്...'

വൈകുന്നേരം ഓഫീസിൽ നിന്നു വന്നിട്ട് വാതിൽപടി കടന്ന് അകത്തു കയറുന്നതിനു മുമ്പേ മകളെക്കുറിച്ച് പരാതിയുമായി എന്റെ ശ്രീമതിയെത്തി.

അച്ചുമോൾ ഒന്നാം ക്ലാസ്സിലാണു പഠിക്കുന്നത്. അച്ഛൻ പുന്നാരിപ്പിച്ചു വഷളാക്കുന്നു എന്ന് അവളുടെ അമ്മയ്ക്ക് ഒരു പതിവു പരാതിയുള്ളതാണ്. ഒന്നെയുള്ളെങ്കിലും ഉലക്ക കൊണ്ടടിക്കണം, അടച്ചു വേകാത്ത കറിയും അടിച്ചു വളരാത്ത കുട്ടിയും ചീത്തയായിപ്പോകും എന്നിങ്ങനെ ചില സ്ഥിരം ഉദ്ധരണികളും കൂടെയുണ്ടാകും.

പ്രായത്തിനനുസരിച്ച് അത്യാവശ്യം വേണ്ട ചില ചെറിയ ചെറിയ കുറുമ്പുകളുണ്ടെന്നതൊഴിച്ചാൽ അച്ചുമോൾ അവളുടെ അമ്മ പറയുന്നത് പോലെ പ്രശ്‌നക്കാരിയൊന്നുമല്ല.

വസ്ത്രം മാറാനും ചായ കുടിക്കാനുമൊന്നും നില്ക്കാതെ ഞാൻ നേരെ അച്ചുമോളുടെ അടുത്തേക്ക് ചെന്നു. കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുകയാണെന്നു തോന്നുന്നു. ഇടയ്ക്കിടെ ഏങ്ങലിടിക്കുന്നുണ്ട്.

ഇതെന്തുപറ്റി ഇത്ര സങ്കടം?

'അച്ഛന്റെ മുത്തെന്തിനാ കരയുന്നത്? എണീറ്റു വാ, അച്ഛൻ ഒരു കാര്യം ചോദിക്കട്ടെ'

ഞാൻ അച്ചുവിനെ മെല്ലെ എടുത്തുയർത്താൻ ശ്രമിച്ചു. എന്നാൽ കട്ടിലിലേക്ക് കൂടുതൽ ബലം നൽകിക്കൊണ്ട് അവൾ എന്നെ ചെറുത്തു.

'എന്തുണ്ടെങ്കിലും അച്ഛന്റെ മുത്തിന് അച്ഛനോടു പറയാമല്ലോ, ചക്കരക്കുട്ടി ഒന്നെണീക്ക്'

കുറച്ചേറെ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ്! അച്ചുമോൾ എന്റെ നേരെ മുഖം തിരിക്കാൻ പോലും തയ്യാറായത്.

മുഖത്ത് കണ്ണീർപ്പാടുകൾ... കണ്ണുകൾ കലങ്ങിയിരിക്കുന്നു.

'ചക്കരക്കുട്ടി ഇങ്ങനെ കരയുമ്പോൾ മുഖത്തിന്റെ ഭംഗിയൊക്കെ പോകും. അച്ഛന്റെ മുത്ത് ചിരിക്കുമ്പോൾ എന്തൊരു സുന്ദരിക്കുട്ടിയാണെന്നോ?'

കിടന്നിരുന്നയാൾ സ്പ്രിങ് പോലെ ചാടിയെഴുന്നേറ്റതു പെട്ടെന്നാണ്. 'ഞാൻ ചിരിക്കുന്നതു തന്നെയാണ് ഇപ്പോൾ പ്രശ്‌നം!' ദേഷ്യവും ദുഃഖവും കലർന്ന ശബ്ദം ഇടറിയിരുന്നു.

'അതുശരി, എന്റെ സുന്ദരിക്കുട്ടി ചിരിക്കുന്നത് ഇഷ്ടപ്പെടാത്തത് ആർക്കാണ്? ആരാണെങ്കിലും അച്ഛൻ ശരിയാക്കാം അവരെ!'

'ചിരിക്കുമ്പോൾ നുണക്കുഴി വരുന്നത് ഞാൻ നുണച്ചിയായതു കൊണ്ടാത്രേ! ക്ലാസ്സിലെല്ലാരും എന്നെ കളിയാക്കുന്നു.

വൈകുന്നേരം ഓട്ടോയിൽ വരുമ്പോളും കളിയാക്കി. ഓട്ടോ അങ്കിൾ പോലും ചിരിച്ചു.'

അപ്പോൾ നുണക്കുഴിയാണ് കുഴപ്പക്കാരൻ.

'അച്ചൂട്ടിയുടെ ക്ലാസ്സിൽ ആർക്കൊക്കെയാണ് നുണക്കുഴിയുള്ളത്?'

'എനിക്കു മാത്രേ ഉള്ളൂ'

'അതെന്താ അങ്ങനെ എന്നു മോൾക്കറിയോ?'

'ങ്ഹൂഹൂ, എനിക്കറിയില്ല.' അച്ചുമോൾ തലയാട്ടി.

'അത് അച്ഛൻ പറഞ്ഞു തരാം, മുത്ത് യൂണിഫോം മാറ്റി മുഖം കഴുകി വാ'

അവളെ ഞാൻ മെല്ലെ എഴുന്നേല്പിച്ചു. ഞങ്ങൾ വസ്ത്രം മാറി വന്നപ്പോൾ അമ്മ ചായയും പലഹാരവും മേശമേൽ കൊണ്ടു വച്ചു കഴിഞ്ഞു.

'അപ്പോൾ എന്തിനാണ് ചിലർക്ക് മാത്രം ദൈവം കവിളിൽ ഇങ്ങനെ ഒരടയാളം നല്കിയതെന്നറിയേണ്ടെ?'

'വേണം, വേണം' അമ്മയും അച്ചുവിനൊപ്പം കൂടി.

'ഭൂമിയിൽ താൻ സൃഷ്ടിച്ച മനുഷ്യരിൽ കൂടുതൽ പേരും ചെറിയ കാര്യങ്ങൾക്ക് പോലും നുണ പറയുന്നവരാണെന്ന് മനസ്സിലായപ്പോൾ ദൈവം ഒരുപാട് വേദനിച്ചു. എന്നാൽ അക്കൂട്ടത്തിലും ചിലരൊക്കെ നുണ പറയാത്തവരുണ്ടെന്ന് ദൈവം കണ്ടു. അപ്പോൾ നുണ പറയാത്ത മനുഷ്യരെ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി ദൈവം അവരുടെ മുഖത്ത് ഒരടയാളം നല്കാൻ നിശ്ചയിച്ചു. അതാണ് ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന ഈ ചെറിയ കുഴിവ്'

ഞാൻ അച്ചുമോളുടെ കവിളിൽ മൃദുവായി നുള്ളി.

'അപ്പോൾ പിന്നെന്തിനാ നുണക്കുഴി എന്നു പറയുന്നത്?' അച്ചുമോൾ വിടാനുള്ള ഭാവമില്ല.

'മനുഷ്യരിൽ കൂടുതൽ പേരും നുണ പറയുന്നവരല്ലേ? അവർക്ക് ഇതുകണ്ടാൽ ഇഷ്ടാവുമോ? ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന കുഴിവുള്ളയാളുകൾ നുണയന്മാരാണെന്ന പുതിയൊരു നുണ അവരുണ്ടാക്കി. എന്നിട്ട് നുണക്കുഴി എന്നൊരു പേരും നല്കി അല്ലാതെന്താ?'

അച്ചുമോളുടെ മുഖത്ത് വിരിഞ്ഞ പാൽപ്പുഞ്ചിരിയിൽ എന്റെ മനം കുളിർന്നു. എന്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു. എന്നാൽ അടുത്ത നിമിഷത്തിൽ തന്നെ അച്ചുമോളുടെ മുഖം വാടി.

'എന്നിട്ട് അച്ഛൻ ചിരിക്കുമ്പോൾ നുണക്കുഴി വരുന്നില്ലല്ലോ!'

എന്റെ മുഖമൊന്നു വിളറിയോ?

ഞാനതു തിരിച്ചറിയുന്നതിനു മുമ്പേ തന്റെ കൈയിലിരുന്ന ഇലയട, പാത്രത്തിൽ വച്ച് അച്ചുമോൾ എന്നെ ഇറുകെ കെട്ടിപ്പിടിച്ചു. എന്റെ കവിളിൽ ഉമ്മ വച്ചുകൊണ്ടു അവൾ പറഞ്ഞു: എന്റെ പുന്നാര അച്ഛൻ എന്നോട് ഒരിക്കലും നുണ പറയില്ലെന്നെനിക്കുറപ്പാ...'

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP