Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ സഹകരണ ബാങ്കിൽ കോടികളുടെ കള്ളപ്പണം; പത്ത് ലക്ഷത്തിൽ കൂടുതലുള്ള എല്ലാ നിക്ഷേപങ്ങളുടെയും ഉറവിടം തേടി ആദായ നികുതി വകുപ്പ് രംഗത്തെത്തി; 25 ലക്ഷം രൂപയിലധികം നിക്ഷേപമുള്ളവർ ഉദ്യോഗസ്ഥർക്ക് മുമ്പിൽ നേരിട്ടു ഹാജരായി വിശദീകരണം നൽകണം; സുരക്ഷിതമായി പണം നിക്ഷേപിച്ച അനേകായിരങ്ങൾ കുടുങ്ങും

കേരളത്തിലെ സഹകരണ ബാങ്കിൽ കോടികളുടെ കള്ളപ്പണം; പത്ത് ലക്ഷത്തിൽ കൂടുതലുള്ള എല്ലാ നിക്ഷേപങ്ങളുടെയും ഉറവിടം തേടി ആദായ നികുതി വകുപ്പ് രംഗത്തെത്തി; 25 ലക്ഷം രൂപയിലധികം നിക്ഷേപമുള്ളവർ ഉദ്യോഗസ്ഥർക്ക് മുമ്പിൽ നേരിട്ടു ഹാജരായി വിശദീകരണം നൽകണം;  സുരക്ഷിതമായി പണം നിക്ഷേപിച്ച അനേകായിരങ്ങൾ കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന കാര്യം സംശയത്തിന് അതീതമാണ്. സാധാരണക്കാരായ ആളുകളെ മറയാക്കി ഒരു വിഭാഗം ആളുകൾ ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കാൻ മാർഗ്ഗം ആരാഞ്ഞതു മൂലം നേരാംവണ്ണം സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തിയവരും ഇപ്പോൾ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സുരക്ഷിതമായ പണം നിക്ഷേപിച്ച അനേകായിരങ്ങളെ വെട്ടിലാക്കുന്ന വിധത്തിൽ ആദായ നികുതി വകുപ്പ് എല്ലാ നിക്ഷേപങ്ങളുടെയും ഉറവിടം തേടി അന്വേഷണം തുടങ്ങി. കേരളത്തിലെ ബാങ്കുകളിൽ കോടികളുടെ കള്ളപ്പണമുണ്ടെന്ന വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കുന്നത്. പത്ത് ലക്ഷത്തിൽ കൂടുതലുള്ള എല്ലാ നിക്ഷേപങ്ങളുടെയും ഉറവിടം തേടിയാണ് ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

പ്രാഥമിക സഹകരണ ബാങ്കുകളിലെ പാൻ ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ചാണ് ആദായ നികുതി വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകളിൽ ആരംഭിച്ച അന്വേഷണം ഉടനെ തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്കും തുടർന്നു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാമെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രതീക്ഷ.

സഹകരണ ബാങ്കുകളിലെ നിക്ഷേപകരിൽ പലർക്കും പല പേരുകളിൽ അക്കൗണ്ടുള്ളതിനാൽ വീട്ടുപേരുകളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. പത്തു ലക്ഷം രൂപയിലധികമുള്ള നിക്ഷേപങ്ങളുടെ കണക്കെടുക്കുന്നുണ്ട്. 25 ലക്ഷം രൂപയിലധികം നിക്ഷേപമുള്ളവരിൽ നിന്നു നേരിട്ടു വിശദീകരണം തേടാനും തുടങ്ങിയിട്ടുണ്ട്. സഹകരണ ബാങ്കുകളിൽ നിന്നു ലഭിക്കുന്ന മൊത്ത നിക്ഷേപക്കണക്കും വ്യക്തിഗത നിക്ഷേപക്കണക്കും ഒത്തു നോക്കി നിക്ഷേപങ്ങൾ മറച്ചു വയ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നുണ്ട്.

സഹകരണ ബാങ്കുകളിൽ പത്തു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങളിൽ 60% റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കള്ളപ്പണമായി ലഭിച്ച തുകയും 40% പെൻഷൻ ആനുകൂല്യങ്ങളുമാണെന്നാണു പ്രാഥമിക വിശകലനം. നിക്ഷേപങ്ങൾക്കു ലഭിക്കുന്ന പലിശയ്ക്ക് 95 % നിക്ഷേപകരും ആദായ നികുതി അടയ്ക്കുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

കേരളത്തിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ചു പാൻ അടിസ്ഥാനമാക്കിയുള്ള പരിശോധനയും ഊർജിതമായിട്ടുണ്ട്. പാൻ മുഖേന ഓൺലൈനിൽ ലഭിക്കുന്ന നിക്ഷേപ വിവരങ്ങളെക്കുറിച്ചുള്ള ഡിജിറ്റൽ വിശകലനം ആദായ നികുതി ഉദ്യോഗസ്ഥർക്കു ലഭിക്കുന്നുണ്ട്.

കണക്കിൽ പെടാതെ ബാങ്കിൽ പണമിട്ടവർക്ക് പിടിവീഴും

അതേസമയം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടി ഓൺലൈൻ നടപടികളിലേക്കും ആദായനികുതി വകുപ്പ് അധികൃതർ കടക്കുന്നുണ്ട്. നോട്ടുകൾ അസാധുവാക്കിയ നവംബർ എട്ടിനുശേഷം കണക്കിൽ കാണിക്കാത്ത ബാങ്ക് നിക്ഷേപങ്ങൾ നടത്തിയ ആദായ നികുതിദായകർ വകുപ്പിന്റെ വെബ്‌സൈറ്റ് (https://incometaxindiaefiling.gov.in) പരിശോധിക്കണമെന്നും പൊരുത്തക്കേടു സബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി നൽകണമെന്നും ആദായനികുതി വകുപ്പ്. നികുതിദായകർ സൈറ്റിൽ ലോഗിൻ ചെയ്തശേഷം ഇ-ഫയലിങ് വിൻഡോയിൽ അവരവരുടെ പാൻ നമ്പർ നൽകി ഇതു പരിശോധിക്കണം.

കംപ്ലയൻസ് സെക്ഷനിൽ കാഷ് ട്രാൻസാക്ഷൻസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നവംബർ ഒൻപതു മുതൽ ഡിസംബർ 30 വരെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അതു കാണാനാവും. ഈ നിക്ഷേപം നടത്തിയ ബാങ്ക് അക്കൗണ്ട് പാൻ കാർഡ് ഉടമയുടേതല്ലെങ്കിൽ അതു രേഖപ്പെടുത്തണം. അക്കൗണ്ട് ഉടമയുടേതു തന്നെയാവുകയും എന്നാൽ നിക്ഷേപത്തുക തെറ്റാവുകയും ചെയ്താൽ അതു തിരുത്തണം. തുകയുടെ ഉറവിടം ഓൺലൈനായി രേഖപ്പെടുത്താനും കഴിയും. നിക്ഷേപം പിൻവലിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും നൽകണം.

മറ്റാരുടെയെങ്കിലും പണം വായ്പയായോ സംഭാവനയായോ സമ്മാനമായോ ലഭിച്ചതാണോ, എന്തെങ്കിലും വിൽപന നടത്തി ലഭിച്ചതാണോ എന്നു വ്യക്തമാക്കണം. കാർഷികാദായം പോലെ നികുതി രഹിത വരുമാനമാണെങ്കിൽ അതും വ്യക്തമാക്കാം. നികുതിദായകനെ സംബന്ധിച്ചു രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുമായി പൊരുത്തപ്പെടുന്നതല്ല ഈ നികുതിരഹിത വരുമാനമെങ്കിൽ അതു പരിശോധനാ വിധേയമാകാം. മുൻകാല വരുമാനമോ സമ്പാദ്യമോ ആണു നിക്ഷേപിച്ചിട്ടുള്ളതെങ്കിൽ അതും വ്യക്തമാക്കാം.

ഇതും പൊരുത്തപ്പെടുന്നതല്ലെങ്കിൽ പരിശോധനാവിധേയമാകാം. അങ്ങനെ വന്നാൽ നികുതിദായകനെ ഇ-മെയിൽ മുഖേനയോ എസ്എംഎസ് മുഖേനയോ അറിയിക്കും. മറുപടി തൃപ്തികരമെങ്കിൽ തുടർനടപടി ഉണ്ടാവില്ല. കള്ളപ്പണം വെളുപ്പിക്കൽ പദ്ധതി പ്രകാരം ഈ നിക്ഷേപം പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും തുടർനടപടി വരില്ല.

18 ലക്ഷം അക്കൗണ്ടുകളിലായി 4.17 ലക്ഷം കോടി രൂപയുടെ ദുരൂഹ നിക്ഷേപം

നോട്ട ് അസാധുവാക്കൽ നടപടിയെയും കള്ളപ്പണക്കാർ മറികടന്നുവെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നതാണ്. ഇതിന്റെ വിശദാംശങ്ങളും പുറത്തുവന്നു. നോട്ട് അസാധുവാക്കലിന്‌ശേഷം 18 ലക്ഷം അക്കൗണ്ടുകളിലായി 4.17 ലക്ഷം കോടി രൂപ ദുരൂഹസാഹചര്യത്തിൽ നിക്ഷേപിച്ചുവെന്ന് സിബിഡിടി ചെയർമാൻ സുശീൽ ചന്ദ്ര വ്യക്തമാക്കി..ഇത്തരത്തിൽ പണം നിക്ഷേപിച്ച 13 ലക്ഷം ആളുകൾക്ക് ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും സന്ദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. അഞ്ചു ലക്ഷം പേർക്ക് വരും ദിവസങ്ങളിൽ സന്ദേശം നൽകാനും തീരുമാനിച്ചു.

'സ്വച്ഛ് ധൻ അഭിയാൻ' എന്ന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 10 ദിവസമാണ് അക്കൗണ്ട് ഉടമകൾക്ക് മറുപടി നൽകാൻ അനുവദിച്ച സമയം. ഇതിനുള്ളിൽ കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ നടപടിയുമായി മുന്നോട്ടുപോകുമെന്നും സുശീൽ ചന്ദ്ര അറിയിച്ചു. ഇത്രയും പേർ അവർ വെളിപ്പെടുത്തിയ ആസ്തിവിവരവും അവരുടെ നിക്ഷേപവും തമ്മിൽ പൊരുത്തക്കേടുള്ളതിനാലാണ് വിശദീകരണം ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP