Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർവീസ് ചാർജിന്റെ പേരിൽ ജനങ്ങളെ പിഴിയാനുള്ള ബാങ്കുകളുടെ തന്ത്രങ്ങൾ ഇനി വിലപ്പോവില്ല; വെറും അമ്പതു രൂപ നൽകി തുടങ്ങാവുന്ന സേവിങ്‌സ് അക്കൗണ്ടുകളുമായി പോസ്‌റ്റോഫീസുകൾ കേന്ദ്രസർക്കാരിന്റെ ബാങ്കുകളാകുന്നു; എത്രതവണ എടിഎം കാർഡ് ഉപയോഗിച്ചാലും സർവീസ് ചാർജ് ഇല്ല; ഏതു ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണമെടുക്കാം; കോർബാങ്കിങ് വന്നതോടെ സാധാരണക്കാരുടെ ഇഷ്ട ബാങ്കായി പോസ്‌റ്റോഫീസുകൾ മാറുന്നത് ഇങ്ങനെ

സർവീസ് ചാർജിന്റെ പേരിൽ ജനങ്ങളെ പിഴിയാനുള്ള ബാങ്കുകളുടെ തന്ത്രങ്ങൾ ഇനി വിലപ്പോവില്ല; വെറും അമ്പതു രൂപ നൽകി തുടങ്ങാവുന്ന സേവിങ്‌സ് അക്കൗണ്ടുകളുമായി പോസ്‌റ്റോഫീസുകൾ കേന്ദ്രസർക്കാരിന്റെ ബാങ്കുകളാകുന്നു; എത്രതവണ എടിഎം കാർഡ് ഉപയോഗിച്ചാലും സർവീസ് ചാർജ് ഇല്ല; ഏതു ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണമെടുക്കാം; കോർബാങ്കിങ് വന്നതോടെ സാധാരണക്കാരുടെ ഇഷ്ട ബാങ്കായി പോസ്‌റ്റോഫീസുകൾ മാറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി രാജ്യത്തെ പോസ്റ്റ് ഓഫീസുകളെ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ സാധ്യമാക്കുന്ന ബാങ്കുകളായി മാറ്റിയെടുക്കാൻ കേന്ദ്രസർക്കാർ നടപടികൾ ശക്തമാക്കുന്നു. നേരത്തേ തന്നെ എല്ലാ പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ടും സേവിങ്‌സ് അക്കൗണ്ട് സൗകര്യമുണ്ടെങ്കിലും ബാങ്കിങ് മേഖല പരിഷ്‌കരിച്ചതിന് അനുസരിച്ച് എടിഎം ഉൾപ്പെടെ ജനങ്ങളെ ആകർഷിക്കുന്ന സൗകര്യങ്ങൾ ഇതോടൊപ്പം ഉണ്ടായിരുന്നില്ല. ഈ സ്ഥിതി മാറ്റി പോസ്‌റ്റോഫീസ് എടിഎമ്മുകൾ വ്യാപകമായി രാജ്യം മുഴുവൻ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് സജീവമായിട്ടുള്ളത്.

ചെക്ക് സൗകര്യം ആവശ്യമില്ലെങ്കിൽ വെറും അമ്പതു രൂപയും രണ്ടു ഫോട്ടോയും ആധാർ അഥവാ തിരിച്ചറിയിൽ കാർഡും നൽകി ഏതു പോസ്‌റ്റോഫീസിലും അക്കൗണ്ട് തുടങ്ങാനാകും. ഈ അക്കൗണ്ടിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പോസ്‌റ്റോഫീസ് എടിഎമ്മുകളിൽ നിന്ന് മാത്രമല്ല, ഏതു ബാങ്കിന്റെ ഏതു ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. എത്രതവണ പണം പിൻവലിച്ചാലും സർവീസ് ചാർജ് ഈടാക്കില്ലെന്നതാണ് മറ്റൊരു പ്രധാന ആകർഷണം.

കറൻസി നിരോധനത്തിന് പിന്നാലെ ബാങ്കുകൾ തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെ സർവീസ് ചാർജ് ഈടാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ വൻ പ്രതിഷേധമാണ് രാജ്യത്ത് ജനങ്ങൾക്കിടയിൽ ഉണ്ടാകുന്നത്. സർവീസ് ചാർജുകൾ അനാവശ്യമായി ഈടാക്കരുതെന്ന കർശന നിർദ്ദേശം ഉണ്ടെങ്കിലും നിശ്ചിത അളവിൽ കൂടുതൽ എടിഎം ഇടപാടുകളോ അക്കൗണ്ട് വഴിയുള്ള പണമിടപാടോ നടത്തിയാൽ അതിനെല്ലാം പ്രത്യേകം ചാർജ് ഈടാക്കുന്ന പ്രവണത സജീവമാകുകയാണ്.

ഈ കൊള്ളയടി മറികടക്കാൻ ഇപ്പോൾ പോസ്‌റ്റോഫീസ് സേവിങ്‌സ് അക്കൗണ്ടും ഡെബിറ്റ് കാർഡും സ്വന്തമാക്കാൻ സാധാരണക്കാർ കൂടുതലായി എത്തിത്തുടങ്ങി. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി പോസ്‌റ്റോഫീസുകളെ പൊതുമേഖലാ-വാണിജ്യ ബാങ്കുകൾക്ക് ബദൽ എന്ന നിലയിൽ വളർത്താൻ കേന്ദ്രസർക്കാർ നടപടി ശക്തമാക്കുന്നതെന്നാണ് സൂചന.

ഒരു രൂപപോലും സർവീസ് ചാർജ് ഇല്ലാത്ത സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, പരിധിയില്ലാതെ സൗജന്യ എടിഎം ഉപയോഗം. ഇന്ത്യൻ പോസ്റ്റൽ സർവീസ് അവതരിപ്പിച്ചിരിക്കുന്ന സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ ഇതു മാത്രമല്ല, ഇതിനുമപ്പുറമുള്ള സേവനവും സൗജന്യമാണെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു തുടങ്ങിയതോടെ ഈ അക്കൗണ്ടിന് ആവശ്യക്കാർ ഏറുകയാണ്. പോസ്‌റ്റോഫീസിലെത്തി അക്കൗണ്ട് ഫോം പൂരിപ്പിച്ച് നൽകിയാൽ പാസ്ബുക്കും എടിഎം കാർഡും ഒപ്പം കിട്ടും.

24 മണിക്കൂറിനകം കാർഡ് ഉപയോഗിച്ചു തുടങ്ങാനുമാകും. ഈ നിലയിലേക്ക് പോസ്‌റ്റോഫീസ് അക്കൗണ്ടുകളെ ഡിജിറ്റൽ ഇന്ത്യയിൽ ഉൾപ്പെടുത്തി സജീവമാക്കിയതോടെയാണ് ഇതിലേക്ക് കൂടുതൽപേർ ആകൃഷ്ടരായതെന്നാണ് വിലയിരുത്തൽ. മാത്രമല്ല, ഓൺലൈൻ ബാങ്കിംഗിനും സേവനങ്ങൾക്കുമെല്ലാം കാർഡും അക്കൗണ്ടും ഉപയോഗിക്കാനാകും. ലോണുകൾക്ക് മാസാമാസം പണം ഓട്ടോമാറ്റിക്കായി അക്കൗണ്ടിൽ നിന്ന് നൽകാനുള്ള ഇസിഎസ് സർവീസുൾപ്പെടെ നടത്താവുന്ന രീതിയിലേക്ക് പോസ്‌റ്റോഫീസ് അക്കൗണ്ടുകൾ മാറുകയാണ്. അക്കൗണ്ടു തുറക്കാൻ അമ്പതുരൂപയും ചെക്ക് സൗകര്യം വേണമെങ്കിൽ 500 രൂപയും മാത്രമാണ് മിനിമം ബാലൻസായി നിർത്തേണ്ടത്.

കറൻസി നിരോധനത്തിന് പിന്നാലെ ഇക്കഴിഞ്ഞ ജനുവരിയിലാണ് കോർബാങ്കിങ് പദ്ധതിയിലേക്ക് പോസ്റ്റ് ഓഫീസുകളേയും കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. സമീപ ഭാവിയിൽ തന്നെ കൂടുതൽ പേരെ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് ആകർഷിക്കാനും പടിപടിയായി പെൻഷനും ഗ്യാസ് സബ്‌സിഡിയും ഉൾപ്പെടെ എല്ലാം ജനങ്ങളിലേക്ക് എത്തിക്കാനും അങ്ങനെ സർക്കാരിന്റെ തന്നെ ഒരു ബാങ്കിങ് സംവിധാനമായി പോസ്‌റ്റോഫീസുകളെ മാറ്റാനുമാണ് കേന്ദ്രസർക്കാർ പദ്ധതിയെന്നാണ് വിവരം. കോർബാങ്കിങ് സംവിധാനം വന്നതോടെ പോസ്‌റ്റോഫീസ് കാർഡ് എത് ഏടിഎമ്മിലും ഉപയോഗിക്കാമെന്ന സ്ഥിതിയായി. തിരിച്ച് ഏതു ബാങ്കിന്റെ കാർഡും പോസ്‌റ്റോഫീസുകളിലും ഉപയോഗിക്കാം.

പോസ്‌റ്റോഫീസ് എടിഎം കാർഡ് എത്രതവണ ഉപയോഗിച്ചാലും സർവീസ് ചാർജ് ഈടാക്കില്ലെന്നതും പ്രത്യേക വാർഷിക ഫീസായി ഒരുരൂപ പോലും നൽകേണ്ടതില്ലെന്നതും ആണ് മുഖ്യ ആകർഷണം. ഇത്തരത്തിൽ മറ്റേതൊരു ബാങ്കിന്റെ എസ്ബി അക്കൗണ്ടിനേക്കാളും മികവുറ്റതായി പോസ്‌റ്റോഫീസ് സേവിങ്‌സ് അക്കൗണ്ടുകൾ മാറിയിരിക്കുകയാണിപ്പോൾ. മാത്രമല്ല, രാജ്യത്തിന്റെ മുക്കിലും മൂലയിലും പോസ്‌റ്റോഫീസുകൾ ഉണ്ട്. ബാങ്ക് ശാഖകൾ ഇല്ലാത്തിടങ്ങളിൽ പോലും.

അതിനാൽ തന്നെ കൂടുതൽ ജനകീയമായി ഷെഡ്യൂൾഡ് ബാങ്കുകളുടെ സഹായമില്ലാതെ തന്നെ സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ പോസ്‌റ്റോഫീസ് സേവിങ്‌സ് അക്കൗണ്ടുകളിലൂടെ കഴിയുമെന്നതും രണ്ടാം ശനിയുൾപ്പെടെ പ്രവൃത്തി ദിനമാണെന്നതുമെല്ലാം ബാങ്കിനേക്കാളും പോസ്‌റ്റോഫീസുകളിലെ അക്കൗണ്ടുകൾ ജനങ്ങൾക്ക് പ്രയോജനകരമാകും. മാത്രമല്ല, ഭാവിയിൽ യഥാർത്ഥ ബാങ്ക് പ്രവർത്തിക്കുന്ന രീതിയിലേക്ക് പോസ്‌റ്റോഫീസുകളെ മാറ്റാനും കഴിയുമെന്ന സാധ്യതയാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.

രാജ്യത്തെ ഭൂരിഭാഗം ഹെഡ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റൽ വകുപ്പിന്റെ എടിഎം പ്രവർത്തിച്ചു തുടങ്ങി. കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും ഇതിന്റെ സേവനം ഇപ്പോൾ ലഭിക്കുന്നുണ്ട്. മാർച്ച് അവസാനത്തോടെ കേരളത്തിലെ 51 ഹെഡ് പോസ്റ്റ് ഓഫീസുകളിലും അഞ്ച് സബ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റൽ വകുപ്പിന്റെ എടിഎം മെഷീൻ സ്ഥാപിച്ചു കഴിയും. ഇത്തരത്തിൽ പടിപടിയായി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പരിപൂർണ ബാങ്കായി പോസ്‌റ്റോഫീസുകളെ മാറ്റുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

പോസ്‌റ്റോഫീസിലെ സേവിങ്‌സ് അക്കൗണ്ട് പ്രത്യേകതകൾ

  • വെറും 50 രൂപനൽകി ആധാർ അഥവാ തിരിച്ചറിയൽ കാർഡും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും നൽകി അക്കൗണ്ട് തുടങ്ങാം
  • എടിഎം കാർഡിനുള്ള പ്രത്യേക അപേക്ഷാഫോറവും പോസ്റ്റ് ഓഫീസ് വഴി ലഭിക്കും
  • വീസ റുപ്പേ ഡെബിറ്റ് കാർഡാണ് പോസ്റ്റ് ഓഫീസിൽ നിന്നു ലഭിക്കുന്നത്
  • ഈ കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകളും നടത്താനാകും.
  • പോസ്റ്റ് ഓഫീസ് എടിഎമ്മുകൾക്ക് പുറമെ ഏതു എടിഎമ്മിലും കാർഡ് സൗജന്യമായി ഉപയോഗിക്കാം.
  • ചെക്ക് ബുക്ക് വേണമെങ്കിൽ ഇതിനായി 500 രൂപയെങ്കിലും അക്കൗണ്ടിൽ നിലനിർത്തണം.
  • അക്കൗണ്ട് സജീവമായി നിലനിർത്താൻ മൂന്നു വർഷത്തിനിടെ ഒരു തവണയെങ്കിലും ഇടപാട് നടത്തണം
  • വലിയ തുകയ്ക്കുള്ള ഇടപാടുകൾക്ക് പാൻകാർഡ് കൂടി വേണം. 
  • ജോയിന്റ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും ഉണ്ടാവും.
  • നിക്ഷേപമായി കിടക്കുന്ന പണത്തിന് ബാങ്കുകളിലേതു പോലെ നാലു ശതമാനം പലിശ ലഭിക്കും.
  • ഒരുസാമ്പത്തിക വർഷം 10,000 രൂപവരെ അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടതില്ല.
  • ബാങ്ക് അക്കൗണ്ട് പോലെ പോസ്റ്റ് ഓഫീസിലെ സേവിങ് അക്കൗണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് മാറ്റാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP