Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കള്ളപ്പണത്തിനെതിരായ സർജിക്കൽ സ്‌ട്രൈക്ക് പൊളിഞ്ഞോ? ജനങ്ങളെ ക്യൂവിൽ നിർത്തി പൊരിച്ചത് പാഴ് വേലയായാ? കള്ളപ്പണക്കാർക്ക് കൂച്ചുവിലങ്ങിടാനുള്ള മോദിയുടെ ശ്രമം പരാജയപ്പെട്ടെന്ന പ്രതിപക്ഷ ആരോപണം ഇനി ശക്തമാകും; 99 ശതമാനം അസാധുനോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്

കള്ളപ്പണത്തിനെതിരായ സർജിക്കൽ സ്‌ട്രൈക്ക് പൊളിഞ്ഞോ? ജനങ്ങളെ ക്യൂവിൽ നിർത്തി പൊരിച്ചത് പാഴ് വേലയായാ? കള്ളപ്പണക്കാർക്ക് കൂച്ചുവിലങ്ങിടാനുള്ള മോദിയുടെ ശ്രമം പരാജയപ്പെട്ടെന്ന പ്രതിപക്ഷ ആരോപണം ഇനി ശക്തമാകും; 99 ശതമാനം അസാധുനോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്

മറുനാടൻ ഡസ്‌ക്

ന്യൂഡൽഹി :2016 നവംബർ 8 ലെ സന്ധ്യ ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ നിർണായകമായ ഒരേട് കുറിച്ചിട്ടാണ് കടന്നുപോയത്. രാഷ്ട്രത്തോടുള്ള അഭിസംബോധനയിൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മഹാത്മഗാന്ധി സീരീസിലുള്ള 500 ന്റെയും, 1000 ന്റെയും നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചു. പകരം ബാങ്കുകളിൽ നിന്ന് 500 ന്റെയും, 2000 ന്റെയും നോട്ടുകൾ പകരം മാറ്റിയെടുക്കാമെന്നും പറഞ്ഞു.

നോട്ടസാധുവാക്കൽ എന്ന വാക്കും അതിന്റെ അർഥവും ഇന്ത്യയിലെ സാധാരണക്കാർ ശരിക്കും പഠിച്ച നാളുകളാണ് കടന്നുവന്നത്.ഡിസംബർ 30 വരെ 50 ദിവസമാണ് നോട്ടുകൾ മാറിയെടുക്കാൻ അനുവദിച്ചിരുന്നത്.ബാങ്കുകളിലും, പിന്നീട് എടിഎമ്മുകളിലും ജോലി പോലും മാറ്റി വച്ച് ജനം ക്യൂ നിന്നു.ക്യൂ നിന്നവരിൽ ചിലർ കുഴഞ്ഞുവീണു മരിച്ചു.

നോട്ടുനിരോധനത്തിന് മുഖ്യകാരണമായി റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലും, സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസും വിശദീകരിച്ചത് ഭീകരവാദത്തിന്റെ മുഖ്യസ്രോതസ്സായ കള്ളപ്പണത്തിന് കൂച്ചുവിലങ്ങിടാനെന്നായിരുന്നു. 2011 നും 2016 നുമിടയ്ക്ക് 500 ന്റെയും, 1000 ത്തിന്റെയും, ബാങ്കുനോട്ടുകളുടെ വിതരണം 76 ശതമാനവും, 109 ശതമാനവുമായി ഉയർന്നത് കള്ളപ്പണത്തിന്റെ ഒഴുക്ക് കൊണ്ടാണെന്നായിരുന്നു വിലയിരുത്തൽ.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ, സോഷ്യൽ മീഡിയയിലും മറ്റും സന്ദേശങ്ങളും, വ്യാജ സന്ദേശങ്ങളും വ്യാപകമായി പ്രചരിച്ചു. ജനങ്ങൾ അവരുടെ പണപ്പെട്ടിയുടെ കണക്കെടുപ്പ് തുടങ്ങി. 4000 രൂപയുടെ അസാധുനോട്ടുകൾ മാത്രമാണ് ഒരുദിവസം മാറ്റിയെടുക്കാൻ അനുവച്ചിരുന്നുള്ളു.പണം പൂഴ്്ത്തിവയ്പുകാർ പലരും നടപടിയെ പഴിച്ചെങ്കിലും, കഷ്ടപ്പാടുകളുണ്ടെങ്കിലും പ്രധാനമന്ത്രിയുടേത് ധീരമായ തീരുമാനമെന്നാണ് സാധാരണക്കാർ വാഴ്‌ത്തിയത്.

മോദിയുടെയും സംഘത്തിന്റെയും തീരുമാനത്തിൽ ആദ്യം അന്തിച്ചുപോയ പ്രതിപക്ഷം സമനില വീണ്ടെടുത്തപ്പോൾ, നീണ്ട ക്യൂകളെ പഴിച്ച് കാടൻ തീരുമാനമെന്ന് തള്ളിക്കളയാൻ ശ്രമിച്ചു. തീരുമാനം പിൻവലിക്കണമെന്ന് ചില കക്ഷികൾ ആവശ്യപ്പെട്ടു. എന്നാൽ ഇതൊരുമഹായോജനയാണെന്നും, രാജ്യത്തിന്റെ നല്ല ഭാവിക്ക് ഇത് ഉതകുമെന്നും കാട്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രചാരണം ഫലം കണ്ടു.കള്ളപ്പണത്തിന് തടയിടാൻ വേണ്ടി കൊണ്ടുവന്ന നടപടി പിന്നീട് ഡിജിറ്റൽ മണി എന്ന സങ്കൽപം യാഥാർഥ്യമാക്കാനാണ് കേന്ദ്ര സർക്കാർ ഉപയോഗിച്ചത്. കാഷ്‌ലെസ് എക്കണോമി എന്ന പുതിയ മന്ത്രം പ്രബലമായി.

ഏതായാലും, ബുധനാഴ്ച റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നതോടെ, നോട്ട ്അസാധുവാക്കൽ പാളിപ്പോയി എന്ന വിലയിരുത്തലുകൾക്ക് ശക്തി കൂടുകയാണ്. കഴിഞ്ഞ വർഷം നവംബർ 8 ന് അർദ്ധരാത്രി നിലവിൽ വന്ന നോട്ട് നിരോധനത്തിന് ശേഷം 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 30 വരെ 50 ദിവസമാണ് നോട്ടുകൾ മാറിയെടുക്കാൻ അനുവദിച്ചിരുന്നത്. 8900 കോടി മൂല്യം വരുന്ന 1000രൂപ അസാധുനോട്ടുകളുടെ 1.4 ശതമാനം മാത്രമാണ് തിരിച്ചെത്താത്തത്. 7.62 ലക്ഷം കള്ളനോട്ടുകൾ കണ്ടെത്തിയതായി ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

2016 നവംബർ എട്ടിന് 15.44 ലക്ഷം കോടിയുടെ നോട്ടുകളാണ് കേന്ദ്രസർക്കാർ അസാധുവാക്കിയത്. ഇതിൽ 15.28 കോടി തിരികെയെത്തിയെന്നാണ് റിസർവ് ബാങ്ക് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നത്. ആകെ ഒരു ശതമാനം നോട്ടുകൾ മാത്രമാണ് തിരികെയെത്താത്തതായുള്ളു. 6.7ലക്ഷം കോടിയുടെ ആയിരം രൂപ നോട്ടുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇതിൽ 8900 കോടി രൂപയുടെ ആയിരം രൂപ നോട്ടുകൾ ഒഴിച്ചുള്ളവ തിരികെയെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

നോട്ട് അസാധുവാക്കലിന് ശേഷം പുതിയ നോട്ടുകൾ അച്ചടിക്കുന്നതിന് 7965 കോടിരൂപയാണ് റിസർവ് ബാങ്കിന് ചെലവായതെന്നും റിപ്പോർട്ടിൽ പറയുന്നു. നോട്ടസാധുവാക്കലിന് ശേഷം ഇതാദ്യമായാണ് ആർബിഐ വിവരങ്ങൾ പുറത്തുവിടുന്നത്. നോട്ടസാധുവാക്കലിലൂടെ സർക്കാർ ഉദ്ദേശിച്ചിരുന്ന ലക്ഷ്യങ്ങൾ പാളിപ്പോയി എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ കള്ളനോട്ട് പിടിച്ചെടുക്കാൻ സാധിച്ചു എന്നത് മാത്രമാണ് ഈ നടപടികൊണ്ടുണ്ടായ ഏക നേട്ടം.വരും ദിവസങ്ങളിൽ പ്രധാനമന്ത്രിയും, ധനമന്ത്രിയുമടക്കമുള്ളവർ, ഇക്കാര്യത്തിൽ എന്തുവിശദീകരണം നൽകുമെന്നാണ് കാത്തിരുന്നു കാണേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP