Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെറ്റ് ബാങ്കിങ് വഴി അടച്ച രജിസ്ട്രേഷൻ ഫീസ് ചോർന്നത് എട്ടിടത്ത്; 5.88 കോടി നഷ്ടമായത് സോഫ്ട്‌വെയറിലെ പിഴവിനെ തുടർന്ന്; പണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് സബ്‌രജിസ്ട്രാർമാർ; നെറ്റ് ബാങ്കിങ് നിർത്തിവയ്ക്കണമെന്ന് രജിസ്ട്രേഷൻ ഐ.ജി

നെറ്റ് ബാങ്കിങ് വഴി അടച്ച രജിസ്ട്രേഷൻ ഫീസ് ചോർന്നത് എട്ടിടത്ത്; 5.88 കോടി നഷ്ടമായത് സോഫ്ട്‌വെയറിലെ പിഴവിനെ തുടർന്ന്; പണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് സബ്‌രജിസ്ട്രാർമാർ; നെറ്റ് ബാങ്കിങ് നിർത്തിവയ്ക്കണമെന്ന് രജിസ്ട്രേഷൻ ഐ.ജി

തിരുവനന്തപുരം: പട്ടം സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് 7,24,070 രൂപ നഷ്ടമായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാമപുരം, ഇടപ്പള്ളി, കോട്ടയം, എരുമപ്പെട്ടി, കല്പറ്റ, കക്കട്ടിൽ, മാള സബ്രജിസ്ട്രാർ ഓഫീസുകളിലെ പണച്ചോർച്ചയും കണ്ടെത്തി. ഇതേത്തുടർന്ന് നെറ്റ് ബാങ്കിങ് വഴി രജിസ്ട്രേഷന് പണംനൽകുന്ന സംവിധാനം നിർത്തിവയ്ക്കണമെന്ന് രജിസ്ട്രേഷൻ ഐ.ജി. സർക്കാരിനോട് ആവശ്യപ്പെട്ടു.

ഫെബ്രുവരി 21 മുതലാണ് ഓൺലൈനായി ഫീസ് അടയ്ക്കാനുള്ള സംവിധാനം നിലവിൽവന്നത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ഇതിനുള്ള സോഫ്റ്റ് വെയർ വികസിപ്പിച്ചത്. സംസ്ഥാനത്തെ 316 സബ്രജിസ്ട്രാർ ഓഫീസുകളിലായി 1.56 ലക്ഷം രജിസ്ട്രേഷൻ ഇതിനുശേഷം നടന്നു. ഓരോന്നിലും ഒന്നോ അതിലധികമോ പണമടയ്ക്കൽ നടന്നിട്ടുണ്ട്. ഫെബ്രുവരി 21 മുതൽ ഇതുവരെ രജിസ്ട്രേഷൻ ഫീസിനത്തിലൂടെയുള്ള വരുമാനം എത്രയാണെന്ന് ഇ-ട്രഷറി സംവിധാനം വഴി എൻ.ഐ.സി.യും ട്രഷറി വകുപ്പും പ്രത്യേകമായി എടുത്തു. ഈ രണ്ടു സംവിധാനത്തിലൂടെയുംവന്ന കണക്കുകളിലാണ് 5.88 കോടി രൂപയെങ്കിലും നഷ്ടപ്പെട്ടത് മനസ്സിലാക്കുന്നത്.

എന്നാൽ, കൂടുതൽ വിശദമായ പരിശോധനയിലേ കൃത്യമായി എത്ര പണം ഇതുവഴി സർക്കാർ ഖജനാവിൽ എത്താതെപോയെന്ന് അറിയാൻ കഴിയൂ. രജിസ്ട്രേഷൻ നടന്നുകഴിഞ്ഞതിനാൽ ഇടപാടുകാരെ കണ്ടെത്തി തുക ഈടാക്കാനുള്ള ശ്രമം നടന്നുവരുന്നു.

രജിസ്ട്രേഷൻ വകുപ്പിൽനിന്ന് നൽകുന്ന സർട്ടിഫിക്കറ്റുകളടക്കം വിവിധ സേവനങ്ങൾക്കും നെറ്റ് ബാങ്കിങ് വഴി പണം അടയ്ക്കാൻ സൗകര്യമൊരുക്കിയിരുന്നു. ഈയിനത്തിൽ അടച്ചതുക നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.

തിരുവനന്തപുരത്ത് പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ ഏപ്രിൽ നാലിന് നടത്തിയ ഒരു ആധാരത്തിന്റെ ഫീസ് 7,24,070 രൂപ നെറ്റ് ബാങ്കിങ്ങിലൂടെ അടച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും തന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചില്ലെന്നു കാണിച്ച് രജിസ്ട്രേഷൻ നടത്തിയ ടാനിയ ഹന്ന എൽസ മാമ്മൻ എന്നയാൾ രജിസ്ട്രേഷൻ വകുപ്പിനെ സമീപിക്കുകയായിരുന്നു.

നെറ്റ് ബാങ്കിങ് വഴി നൽകുന്ന പണം ട്രഷറിയിൽ എത്തിയതായി രജിസ്ട്രേഷൻ പോർട്ടലിൽ രേഖപ്പെടുത്തപ്പെടുമെങ്കിലും യഥാർഥത്തിൽ ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് കുറവുചെയ്യുന്നില്ല. സോഫ്റ്റ്‌വേറിലെ തകരാറാണ് കാരണം. ആദ്യപരിശോധനയിൽ വിവിധ ജില്ലകളിലായി നടത്തിയ എട്ട് രജിസ്ട്രേഷനുകളുടെ പണം ട്രഷറിയിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. മറ്റ് എട്ട് ഇടപാടുകൾ ഇ-ട്രഷറിയിൽ കാണാനില്ല. എന്നാൽ, അവ രജിസ്ട്രേഷൻ വകുപ്പിന്റെ സോഫ്റ്റ്‌വേറായ പേൾ സംവിധാനത്തിലുണ്ട്. ഇവ രജിസ്റ്റർ ചെയ്തിട്ടില്ല. പേൾ സംവിധാനത്തിൽ രജിസ്റ്റർചെയ്ത 15 ഇടപാടുകളുടെ വിവരം ഇ-ട്രഷറിയിൽ ലഭ്യമല്ല. ഇത്തരത്തിൽ 76 ഇടപാടുകൾ ഇ-ട്രഷറിയിൽ ഇല്ല. അവ രജിസ്റ്റർ ചെയ്തിട്ടില്ല.

ഇ-പേമെന്റായി വരുന്ന പണം അക്കൗണ്ടിൽ വരവുചെയ്തെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സബ് രജിസ്ട്രാർക്കായിരിക്കുമെന്ന് കാണിച്ച് രജിസ്ട്രേഷൻ ഐ.ജി. സർക്കുലർ ഇറക്കിയത് വിവാദമായി. ഓരോ ഇടപാടുകാരുടെയും അക്കൗണ്ട് പരിശോധിച്ചാൽ മാത്രം വ്യക്തമാകുന്ന ഇക്കാര്യം തങ്ങളുടെ പരിധിക്ക് പുറത്താണെന്ന് സബ് രജിസ്ട്രാർമാർ പരാതിപ്പെടുന്നു. പല സബ് രജിസ്ടാർമാരും തകരാർ പരിഹരിക്കുംവരെ അവധിയെടുത്ത് മാറിനിൽക്കുകയാണ്. പിഴവിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയിൽ കെട്ടിവെയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സബ് രജിസ്ട്രാർമാരുടെ നിലപാട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP