Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റ വൈരക്കച്ചവടക്കാരന് ബാങ്കുകൾ നൽകിയത് 6500 കോടിയുടെ വായ്പ; ലോൺ എടുത്ത പണമെല്ലാം വിദേശത്തേയ്ക്ക് കടത്തി മുതലാളി: നമ്മുടെ നാട്ടിൽ വമ്പന്മാർ വളരുന്നത് ഇങ്ങനെ

ഒറ്റ വൈരക്കച്ചവടക്കാരന് ബാങ്കുകൾ നൽകിയത് 6500 കോടിയുടെ വായ്പ; ലോൺ എടുത്ത പണമെല്ലാം വിദേശത്തേയ്ക്ക് കടത്തി മുതലാളി: നമ്മുടെ നാട്ടിൽ വമ്പന്മാർ വളരുന്നത് ഇങ്ങനെ

ന്യൂ ഡൽഹി: കുപ്രസിദ്ധമായ കിങ് ഫിഷർ വായ്പാ കുംഭകോണത്തെ ഓർമ്മിപ്പിക്കുന്ന മറ്റൊരു വായ്പാ തട്ടിപ്പ് വെളിച്ചത്ത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വർദ്ധിപ്പിച്ചുകൊണ്ട് നിഷ്ക്രിയ ആസ്തികളുടെ പട്ടികയിലേക്കാണ് 6500 കോടി രൂപയുടെ ബിസിനസ് വായ്പയും ഇടംപിടിക്കുന്നത്. വായ്പയായി സ്വരൂപിച്ച പണം വിദേശത്തേക്ക് കടത്തി നിരവധി പദ്ധതികളിലേക്ക് വകമാറ്റിയ കമ്പനി പണം തിരിച്ചടയ്ക്കാതെ ബാങ്കുകളെ കബളിപ്പിച്ചതിനു പിന്നിൽ ബാങ്ക് ഉദ്യോഗസ്ഥർ അടങ്ങുന്ന വമ്പൻ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് ആരോപണം ഉയരുന്നത്.

വജ്രവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വിൻസം ഗ്രൂപ്പാണ് 15 പൊതുമേഖലാ ബാങ്കുകൾ അടങ്ങുന്ന കൺസോർഷ്യത്തിൽ നിന്ന് പലപ്പോഴായി 6581 കോടി രൂപ വായ്പയെടുത്ത ശേഷം കൈമലർത്തിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ നിഷ്ക്രിയ ആസ്തികളുടെ പട്ടികയിലേക്ക് കിങ്ഫിഷറിന്റെ തൊട്ടുപിന്നിലായി സ്ഥാനംപിടിക്കുകയാണ്, വിൻസം ഗ്രൂപ്പും. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മൂന്നു കമ്പനികൾക്കായാണ് വായ്പ അനുവദിച്ചിരുന്നത്. വിൻസം ഡയമണ്ട് ആൻഡ് ജൂവലേഴ്സ് 4366 കോടി രൂപയും ഫോറെവർ പ്രഷ്യസ് ഡയമണ്ട് ആൻഡ് ജൂവലേഴ്സ് 1932 കോടി രൂപയും സൂരജ് ഡയമണ്ട്സ് 283 കോടി രൂപയുമാണ് വായ്പ കൈപ്പറ്റിയത്.

2013 മാർച്ച് മുതൽ തന്നെ വായ്പയുടെ തിരിച്ചടവിൽ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയിരുന്നു. തുടർന്ന് കഴിഞ്ഞ ഒക്ടോബർ 15ന് ബാങ്കുകൾ വിൻസം ഗ്രൂപ്പിനെതിരെ മനഃപൂർവ്വം കുടിശിക വരുത്തുന്നതായി പ്രഖ്യാപിച്ച് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഈയിടെ മാത്രമാണ് ഈയിനത്തിനുള്ള കിട്ടാക്കടം നിഷ്ക്രിയ ആസ്തിയായി ബാങ്കുകൾ പ്രഖ്യാപിച്ചത്. സാധാരണഗതിയിൽ മൂന്നുമാസത്തെ അടവു തെറ്റിയാൽ തന്നെ, ഈ പട്ടികയിൽ വരേണ്ടതാണ് എന്ന് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നു. കഴിഞ്ഞ മാസം കേന്ദ്ര വിജിലൻസ് കമ്മിഷൻ ഈ വായ്പയെ സംബന്ധിച്ചുള്ള കാര്യങ്ങൾ ക്രിമിനൽ അന്വേഷണത്തിനു വിധേയമാക്കാൻ സിബിഐക്ക് കൈമാറിയിരുന്നു.

വിൻസം പ്രൊമോട്ടർ ജതിൻ മേത്ത പറയുന്നത്, യുഎഇയിലുള്ള തന്റെ ക്ലയന്റ്സ് സ്വർണം വാങ്ങിയതിന്റെ പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നും അതോടെ തനിക്ക് വായ്പ തിരിച്ചടയ്ക്കാനാവാത്ത സാഹചര്യം സംജാതമായെന്നുമാണ്. ഡെറിവേറ്റീവ്സിലും കമ്മോദിറ്റീസിലും മുതൽമുടക്കിയ കമ്പനികൾക്ക് ഒരു ബില്യൻ ഡോളറിലധികം നഷ്ടം സംഭവിച്ചുവെന്നും അതോടെയാണ് അവരുടെ തിരിച്ചടവു മുടങ്ങിയത് എന്നുമാണ് ജതിൻ മേത്തയുടെ പക്ഷം. വിൻസം പറയുന്നതനുസരിച്ച് അവരുടെ കയറ്റുമതി വ്യാപാരത്തിൽ 80% ഷാർജയിലെ ആറു കമ്പനികളുമായി മാത്രമായിരുന്നു. എന്നാൽ ഈ ആറു കമ്പനികൾക്കും ഒറ്റ ഉടമസ്ഥനാണുള്ളത് എന്ന വസ്തുത അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.

പശ്ചിമേഷ്യയിൽ 13 വിതരണക്കാരാണ് വിൻസമിനുള്ളത്. ഇവയിൽ 12 കമ്പനികളെയും നിയന്ത്രിക്കുന്നത് ഹൈത്തം സുലൈമാൻ അബു ഒബൈദ എന്ന വ്യക്തിയാണ്. ഇറ്റാലിയൻ ഗോൾഡ് FZE എന്ന കമ്പനിയുടെ പൂർണ്ണ ഉടമസ്ഥനായ ഇദ്ദേഹത്തിന് മറ്റു വിതരണക്കാരുടെ മേൽ പവർ ഓഫ് അറ്റോർണിയുണ്ട്. വിൻസമിന് ചരക്ക് കൊടുക്കുന്ന സപ്ലയർ കമ്പനികളിലും ചിലവ ഇദ്ദേഹം തന്നെയാണ് നിയന്ത്രിച്ചിരുന്നതെന്നും അവയിൽ അൽ നൂറ FZE എന്ന പ്രധാന സപ്ലയർ പൂർണ്ണമായും ഹൈത്തമിന്റെ ഉടമസ്ഥതയിലാണ് എന്നും വെളിവായിട്ടുണ്ട്. വിതരണക്കമ്പനികളിൽ 10 എണ്ണവും രജിസ്റ്റർ ചെയ്തത് 2012ൽ മാത്രമാണ്. തന്നെയുമല്ല, അവയിൽ അഞ്ചെണ്ണം 2012 ജൂൺ 25ന് ഒറ്റദിവസം തന്നെ രജിസ്റ്റർ ചെയ്ത കമ്പനികളാണ്. മറ്റൊരു വിതരണക്കാരായ അൽ മുഫീത് ജൂവലറി FZE 2010ൽ രജിസ്റ്റർ ചെയ്തതാണ്. 12ാമത്തെ വിതരണക്കാരായ അൽ ആലം ജൂവലറി FZE റാസ് അൽ ഖൈമയിലെ സ്വതന്ത്രവ്യാപാരമേഖലയിലാണ് 2010ൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആഗോള നികുതിരഹിതലാവണങ്ങളിൽ ഒന്നായ ബഹാമാസിൽ രജിസ്റ്റർ ചെയ്ത ഹെറാൾഡ് ഇന്റർനാഷണൽ എന്ന കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് അൽ ആലം ജൂവലറി. അൽ അലാമിന് വിൻസമുമായി ബന്ധമുണ്ടെന്നും മേഹ്‌ത്ത പറയുംപോലെ അത് സ്വതന്ത്ര വിതരണക്കമ്പനിയല്ലെന്നും ഒരു ബാങ്ക് എങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽ ആലമിന്റെ ഡയറക്റ്റർ ബോർഡിൽ ഒരു സുനേയ്ൽ മേത്തയുടെ പേരും കാണുന്നു. ഇദ്ദേഹത്തിന് ജതിൻ മേത്തയുമായി രക്തബന്ധമുണ്ടോ എന്നു വെളിവായിട്ടില്ല.

ഈ ഔദ്യോഗിക വിതരണക്കാർ വഴിയല്ലാതെ ജതിൻ മേത്തയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിൽ ദുബൈയിലും പശ്ചിമേഷ്യയിൽ പലയിടത്തുമായി പ്രവർത്തിക്കുന്ന 28 കടകളിലേക്ക് കൂടി, വിൻസം ഗ്രൂപ്പ് സ്വർണ്ണാഭരണങ്ങളും നാണയങ്ങളും കയറ്റുമതി ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ഇന്ത്യയിൽ നിന്ന് ഇവർ നടത്തിയതായി അവകാശപ്പെടുന്ന അത്രയും അളവ് സ്വർണ്ണാഭരണ കയറ്റുമതി യഥാർത്ഥത്തിൽ നടന്നിട്ടില്ലെന്ന് വിൻസമിനു വേണ്ടി ഷിപ്പിങ് ആൻഡ് ട്രാൻസ്പോർട്ടേഷൻ കൈകാര്യം ചെയ്തിരുന്ന നാലു സ്വകാര്യ കമ്പനികൾ അന്വേഷണോദ്യോഗസ്ഥരോട് സ്ഥിരീകരിച്ചിട്ടുണ്ട്. വിൻസമിന്റെ ഷിപ്പിങ് ബില്ലുകളിലും പല പൊരുത്തക്കേടുകളുമുണ്ട്. അതിനിടയിൽ വിൻസം ഗ്രൂപ്പിന്റെ പ്രൊമോട്ടർ ജതിൻ മേത്ത സിംഗപ്പൂരിലേക്ക്‌ മുങ്ങിയതായാണ് അറിയുന്നത്.

മുംബൈയിലും ദുബൈയിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികളിലേക്ക് ലോൺ വകമാറ്റിയതായാണ് സംശയിക്കപ്പെടുന്നത്. ഇത്രയും തുക വായ്പ എടുത്തിരുന്നെങ്കിലും വെറും 250 കോടി രൂപയ്ക്ക് മാത്രമേ കൊലാറ്ററൽ സെക്യൂരിറ്റി മാത്രമേ ബാങ്കുകൾ ഈടാക്കിയിരുന്നുള്ളൂ. ജതിൻ മേത്തയുടെ പേരിൽ ഇന്ത്യയിൽ അധികം സ്വത്തുവകകളില്ലെന്നതും ശ്രദ്ധേയാണ്. കൊമേഴ്സ്യൽ സ്പേസ് വാടകയ്ക്കെടുത്താണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്. ദക്ഷിണമുംബൈയിലെ മലബാർ ഹില്ലിൽ ജതിൻ മേത്തയുടെ മാതാവ് ഗുണവന്തിബെൻ മേത്തയുടെ പേരിലുള്ള ഒരു ഫ്ലാറ്റ് മാത്രമാണ് അന്വേഷകർക്ക് മേത്ത കുടുംബത്തിന്റേതായി കണ്ടെത്താനായത്.

രാഷ്ട്രം കണ്ട ഏറ്റവും വലിയ സറോഗേറ്റ് അഡ്വർടൈസ്മെന്റ് ക്യാമ്പെയ്ൻ എന്നു പരസ്യലോകം വിശേഷിപ്പിച്ച കിങ്ഫിഷർ ഇടപാടിൽ മദ്യമുതലാളിയായ വിജയ് മല്യയുടെ ബീയർ ബ്രാൻഡായ കിങ്ഫിഷറിന്റെ പ്രൊമോഷൻ ലക്ഷ്യമാക്കി അതേ പേരിൽ വിമാനക്കമ്പനി തുടങ്ങുകയും കമ്പനി ഫണ്ട് ചെയ്യുന്നതിനായി വൻതുക വിവിധ ബാങ്കുകളിൽ നിന്നു വായ്പയെടുത്തത് വീട്ടാതെ ഒടുവിൽ സാമ്പത്തിക മാന്ദ്യത്തിന്റെ മറവിൽ കടം എഴുതിത്തള്ളുന്നതിന് ബാങ്കുകളെ സമീപിക്കുകയും ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP