Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ട് പിൻവലിച്ചപ്പോൾ കുമിഞ്ഞു കൂടിയ പണമെല്ലാം കുറഞ്ഞ നിരക്കിൽ ഭവന വായ്‌പ്പയും ലോണും നൽകി ജനദ്രോഹത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പറഞ്ഞവർ എവിടെ? വിവാദ തീരുമാനത്തിന് ശേഷം നടന്ന ആദ്യ വായ്‌പ്പാ നയ യോഗത്തിൽ പലിശ നിരക്കിൽ അൽപ്പം പോലും കുറവു വരുത്തിയില്ല; വളർച്ചാ നിരക്ക് കുറയുമെന്ന് തുറന്നു സമ്മതിച്ച് ആർബിഐ ഗവർണർ

നോട്ട് പിൻവലിച്ചപ്പോൾ കുമിഞ്ഞു കൂടിയ പണമെല്ലാം കുറഞ്ഞ നിരക്കിൽ ഭവന വായ്‌പ്പയും ലോണും നൽകി ജനദ്രോഹത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പറഞ്ഞവർ എവിടെ? വിവാദ തീരുമാനത്തിന് ശേഷം നടന്ന ആദ്യ വായ്‌പ്പാ നയ യോഗത്തിൽ പലിശ നിരക്കിൽ അൽപ്പം പോലും കുറവു വരുത്തിയില്ല; വളർച്ചാ നിരക്ക് കുറയുമെന്ന് തുറന്നു സമ്മതിച്ച് ആർബിഐ ഗവർണർ

മുംബൈ: നോട്ട് പിൻവലിച്ചപ്പോൾ അതിന്റെയെല്ലാം ഗുണഫലം അനുഭവിക്കാൻ പോകുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നായിരുന്നു ബിജെപി നേതാക്കളുടെ പക്ഷം. ഇപ്പോൾ ജനം അനുഭവിക്കുന്ന ദുരിതത്തിന് എല്ലാം പരിഹാരമായി വായ്‌പ്പയും ലോണും വാരിക്കോരി ബാങ്കുകളിൽ നിന്നും ലഭ്യമാക്കുമെന്നായിരുന്നു ഇവരുടെ അവകാശവാദം. എന്നാൽ, ആ അവകാശവാദമെല്ലാം വെറും പൊള്ളയായിരുന്നു എന്ന് ദിവസം തോറും വ്യക്തമായി വരികയാണ്. നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയത്തിൽ റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ലെന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം.

രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം കുമിഞ്ഞു കൂടിയ സാഹചര്യത്തിലും നിരക്കിൽ മാറ്റം വരുത്താൻ ആർബിഐ തയ്യാറായില്ല. ആർ.ബി.ഐ. ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയ അവലോകന സമിതി പലിശ നിരക്കുകൾ കുറയ്ക്കുമെന്നായിരുന്നു പൊതുവേ വിലയിരുത്തപ്പെട്ടത്. എന്നാൽ, ഇപ്പോഴത്തെ നില തുടരാനും നിരക്കിൽ മാറ്റം വരുത്തേണ്ടെന്നും റിസർവ് ബാങ്ക് തീരുമാനിക്കുകയായിരുന്നു.

വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവിലെ 6.25 ശതമാനം തുടരും. ഇത് ആറു ശതമാനമെങ്കിലുമാക്കി കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചതോടെ, ബാങ്കുകളിൽ വൻതോതിൽ നിക്ഷേപം കുമിഞ്ഞുകൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പലിശ നിരക്കുകൾ കുറച്ചുകൊണ്ട് വായ്പാ ഡിമാൻഡ് ഉയർത്താനാകും ആർ.ബി.ഐ. ശ്രമിക്കുകയെന്ന പ്രതീക്ഷയായിരുന്നു വിദഗ്ദ്ധർ ഉന്നയിച്ചത്.

പണപ്പെരുപ്പം സുരക്ഷിതമായ നിലയിൽ നിൽക്കുന്നതും വായ്പാ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല ഘടകമായിരുന്നു. എന്നാൽ, നോട്ട് നിരോധനം പൂർണ്ണമായും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് റിസർവ് ബാങ്ക് തീരുമാനം കൈകൊണ്ടത്. ക്രൂഡ് ഓയിൽ വില അടക്കം ഉയർന്നു നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ നിരക്ക് കുറയ്ക്കാൻ ആർബിഐ തയ്യാറാകാത്തത്.

രാജ്യത്തിന്റെ വളർച്ചാ നിരക്ക് കുറവു വരുമെന്ന് തന്നെയാണ് നോട്ട ്പിൻവലിക്കലിനെ കുറിച്ച് ആർബിഐ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള 7.6 ശതമാനത്തിൽ നിന്നും 7.1 ശതമാനമായി കുറയുമെന്നാണ് ഉർജിത്ത് പട്ടേൽ വ്യക്തമാക്കുന്നത്. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിലുള്ള കുറവ് സമസ്ത മേഖലയെയും ബാധിക്കും. കാർഷിക മേഖലയിലെ അടക്കം നോട്ട് പിൻവലിക്കലിനെ ബാധിക്കും. കറൻസി പ്രതിസന്ധി മൂലം സാധാരണക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്നും ഉർജിത്ത് പട്ടേൽ വ്യക്തമാക്കി.

നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നുണ്ടായ ധനസ്ഥിതി പൂർണമായും വിലയിരുത്തിയിട്ടില്ല. ഇത് പഠിച്ചതിനുശേഷമേ നിരക്ക് കുറയ്ക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ പറഞ്ഞു. നോട്ടുപിൻവലിക്കലിനെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യം നേരിടാൻ സഹകരിക്കുന്ന ബാങ്കിങ് മേഖലയിലെ മുഴുവൻ ജീവനക്കാർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ നാലിന് നടന്ന നയപ്രഖ്യാനത്തിലാണ് ആറുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ശതമാനത്തിലേക്ക് റിപോനിരക്ക് എത്തിയത്. ഗവർണർകൂടി ഉൾപ്പെടുന്ന ആറംഗസമിതി തീരുമാനിക്കുന്ന രണ്ടാമത്തെ വായ്പാനയമാണിത്. കഴിഞ്ഞ നയപ്രഖ്യാപനം മുതലാണ് ഗവർണർ ഒറ്റയ്ക്ക് നയംരൂപീകരിക്കുന്നതിന് മാറ്റം വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP