Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ് ബി ഐ നടത്തിയത് ഇടപാടുകാരുടെ കീശ കൊള്ളയടിക്കാനുള്ള ശ്രമംതന്നെയെന്നു വ്യക്തമാകുന്നു; ബഡ്ഡി ഉപയോക്താക്കൾക്കാണ് സർവീസ് ചാർജെന്നു പറഞ്ഞത് വീണിടത്തു കിടന്നുരുളൽ; ബഡ്ഡിക്ക് എടിഎം സൗകര്യം തുടങ്ങിയിട്ടില്ല; 25 രൂപ പിടിക്കാൻ തീരുമാനിച്ചത് എല്ലാ ഇടപാടുകൾക്കുമെന്നു വ്യക്തം

എസ് ബി ഐ നടത്തിയത് ഇടപാടുകാരുടെ കീശ കൊള്ളയടിക്കാനുള്ള ശ്രമംതന്നെയെന്നു വ്യക്തമാകുന്നു; ബഡ്ഡി ഉപയോക്താക്കൾക്കാണ് സർവീസ് ചാർജെന്നു പറഞ്ഞത് വീണിടത്തു കിടന്നുരുളൽ; ബഡ്ഡിക്ക് എടിഎം സൗകര്യം തുടങ്ങിയിട്ടില്ല; 25 രൂപ പിടിക്കാൻ തീരുമാനിച്ചത് എല്ലാ ഇടപാടുകൾക്കുമെന്നു വ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ് ബി ഐ വീണ്ടും ഇടപാടുകാരെ പറ്റിച്ചു. എടിഎം വഴിയുള്ള ഓരോ പണം പിൻവലിക്കലിനും ഇരുപത്തഞ്ചു രൂപ സർവീസ് ചാർജ് ഈടാക്കാൻ ബാങ്ക് തീരുമാനിച്ചത് എല്ലാവർക്കും ബാധകമാകുന്ന നിലയിലെന്നു വ്യക്തമാകുന്നു. പിന്നീട് വിവാദമായപ്പോൾ അത് ബഡ്ഡി ഇടപാടുകാർക്കു മാത്രമാണെന്നു വീണിടത്തു കിടന്നുരുണ്ടാണ് എസ് ബി ഐ തടി രക്ഷിച്ചതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ബഡ്ഡി ഇടപാടുകാർക്ക് എടിഎം സൗകര്യം നൽകുന്നതിനായി ഇതുവരെ നടപടികളൊന്നുമായിട്ടില്ലെന്നും അതേക്കുറിച്ച് ബാങ്ക് ആലോചിച്ചു വരുന്നതേയുള്ളുവെന്നുമാണ് എസ് ബി ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞദിവസമാണ് ജൂൺ ഒന്നുമുതൽ എടിഎം വഴിയുള്ള ഓരോ പിൻവലിക്കലിനും ഇരുപത്തഞ്ചു രൂപ പിടിക്കാൻ ബാങ്ക് തീരുമാനിച്ച് ഉത്തരവിറക്കിയത്. ജൂൺ ഒന്നു മുതൽ പുതിയ നിരക്കുകൾ ബാധകമാകുമെന്നും ബാങ്കിന്റെ കോർപറേറ്റ് വെബ്‌സൈറ്റിലൂടെ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങൾ വിവാദമാക്കിയപ്പോൾ ഉത്തരവിലെ അവ്യക്തതയാണെന്നും ബഡ്ഡി മൊബൈൽ വാലറ്റ് ഉപയോഗിക്കുന്നവർ എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതിനാണ് സർവീസ് ചാർജെന്നും ബാങ്ക് വിശദീകരിക്കുകയായിരുന്നു.

ആദ്യം ഇറക്കിയ സർക്കുലറിൽ അവ്യക്തതയുണ്ടായിരുന്നെന്നു കാട്ടി തിരുത്തിയതും തടിരക്ഷിക്കാനുള്ള ശ്രമമായിരുന്നെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഉത്തരവ് വിവാദമായി മണിക്കൂറുകൾക്ക് അകം എടിഎം പിൻവലിക്കലിനുള്ള സർവീസ്ചാർജ് ബഡ്ഡി ഉപയോക്താക്കൾക്കാണെന്ന് ആദ്യംതിരുത്തി. പിന്നീട് മെട്രോ നഗരങ്ങളിൽ എട്ട് ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ പത്ത് ഇടപാടുകളും സൗജന്യമാണെന്നും കൂടുതൽ വിശദീകരണം നൽകി വീണ്ടും ഉത്തരവിറക്കുകയും ചെയ്തു. ഇതെല്ലാം പറ്റിയ വീഴ്ച മറയ്ക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ബഡ്ഡി മൊബൈൽ വാലറ്റിനെ എടിഎം സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇതുവരെ യാതൊരു നടപടിയും ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരത്തിൽ ഒരു ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനെക്കുറിച്ചു ജൂണിനു ശേഷം ചിന്തിക്കാൻ മാത്രമാണ് ബാങ്ക് തീരുമാനിച്ചിട്ടുള്ളത്.അടിയന്തര തുക കൈമാറ്റം (ഐഎംപിഎസ്), കീറിയതും മുഷിഞ്ഞതുമായ നോട്ടുകളുടെ മാറ്റം, എടിഎം ബിസിനസ് കറസ്‌പോണ്ടൻസ്, പതിനായിരം രൂപവരെയുള്ള ഇടപാടുകൾ നടത്തുന്ന ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ നാലുകാര്യങ്ങൾ ഇനം തിരിച്ചായിരുന്നു ഉത്തരവ്. ഇവയ്ക്ക് സർവീസ് ചാർജ് പുതിയതായി ഈടാക്കുകയോ സർവീസ് ചാർജിൽ മാറ്റം വരുത്തുകയോചെയ്യുന്നുവെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

എസ്‌ബിറ്റി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച ഏപ്രിൽ ഒന്നിന് മിനിമം ബാലൻസ് അടക്കമുള്ള കാര്യങ്ങളിൽ പുതിയ നിബന്ധന എസ് ബി ഐ കൊണ്ടുവന്നിരുന്നു. ബ്ലേഡ് കമ്പനികളേക്കാൾ വലിയ കഴുത്തറപ്പാണ് ബാങ്ക് നടത്തുന്നതെന്നായിരുന്നു അന്നുതന്നെ ആരോപണം ഉയർന്നത്. അതിനു പിന്നാലെയാണ് ജൂൺ മുതൽ പുതിയ സർവീസ് ചാർജ് കൊണ്ടുവന്നു ഇടപാടുകാരെ കൊള്ളയടിക്കാൻ ബാങ്ക് നീക്കം നടത്തിയത്. പ്രതിഷേധമുണ്ടായപ്പോൾ ഏതെങ്കിലും വിധത്തിൽ തടിരക്ഷിക്കുക എന്നതുതന്നെയാണ് ബാങ്ക് സ്വീകരിച്ച നയം. വിവാദമായാൽ പിൻവലിക്കാൻ ലക്ഷ്യമിട്ടുതന്നെയാണ് ഉത്തരവിറക്കിയതെന്നും ബാങ്കുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

എസ്‌ബിറ്റിയെ ലയിപ്പിച്ച സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന കേരളത്തിൽനിന്നുതന്നെയാണ് പുതിയ ഉത്തരവിനെതിരേ എതിർപ്പു ശക്തമായി ഉയർന്നത്. ജൂൺ ഒന്നുമുതൽ ഏർപ്പെടുത്തിയ മാറ്റങ്ങളിൽ ജനങ്ങൾക്കു നേരിട്ടു നഷ്ടമുണ്ടാക്കുന്ന എടിഎം നിബന്ധന ഒഴികെയുള്ളവ അതേപടി നിലനിർത്തിയിട്ടുണ്ടെന്നതുതന്നെയാണ് കൗതുകകരമായ കാര്യം. ഉത്തരവ് പൂർണമായി പിൻവലിക്കാൻ എസ് ബി ഐ തയാറായിരുന്നില്ല. മാത്രമല്ല, പ്രതിഷേധം ശക്തമായപ്പോഴും ഉത്തരവ് തിരുത്തുന്നതിനു പകരം ട്വീറ്റിലൂടെ ചില മറുപടികളായി തങ്ങളുടെ ഉത്തരവിൽ അവ്യക്തതയുണ്ടായെന്ന ഒഴുക്കൻ മറുപടി മാത്രമാണ് ബാങ്ക് നൽകിയത്.

വീണ്ടും പ്രതിഷേധം നിയന്ത്രിക്കാനാവാതെ വന്നപ്പോൾ മാത്രം ഉത്തരവ് പുതുക്കുകയായിരുന്നു. ആദ്യത്തെ ഉത്തരവിൽ ഓരോ വരി ചേർത്ത് വ്യക്തതവരുത്തെന്ന വ്യാജേനെ പ്രതിഷേധത്തിന്റെ മുനയൊടിക്കുക മാത്രമാണ് ബാങ്ക്‌ചെയ്തത്. അതായത്, സമീപഭാവിയിൽ പുതിയ സർവീസ് ചാർജുകൾ ഈടാക്കുന്നതിനുള്ള തന്ത്രമാണ് ബാങ്ക് തയാറാക്കുന്നതെന്നും സൂചനയുണ്ട്. പുതിയ സർവീസ് ചാർജുകൾ ഈടാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിരവധി അക്കൗണ്ടുടമകൾ എസ് ബി ഐയിലെ അക്കൗണ്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഇതും പുനർചിന്തനത്തിന് ബാങ്കിനെ പ്രേരിപ്പിച്ചു.

ഉത്തരവും പ്രതിഷേധവും ചർച്ച ചെയ്യാൻ ബാങ്ക് ഉന്നതരുടെ യോഗം മൂന്നാറിൽ

അതിനിടെ, എസ് ബി ഐ കേരള സർക്കിൾ ജനറൽ മാനേജർ വിളിച്ചു ചേർത്ത കേരളത്തിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം മൂന്നാറിൽ തുടങ്ങി. വിവാദ ഉത്തരവിന് മുമ്പാണ് യോഗം വിളിച്ചതെങ്കിലും ചർച്ചയാകുന്നതു മുഴുവൻ ഉത്തരവും അതിനുശേഷമുണ്ടായ പ്രതികരണവുമാണ്. ബാങ്ക് ഇത്തരത്തിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. താൽകാലികമായി ഉത്തരവ് പിൻവലിച്ചെങ്കിലും മറ്റെന്തെങ്കിലും മാർഗത്തിൽ കൂടുതൽ ചാർജുകൾ ഏർപ്പെടുത്തും. ഇതെങ്ങനെ വേണമെന്ന കാര്യത്തിൽ കേരളത്തിലെ ബാങ്ക് ഉന്നതോദ്യോഗസ്ഥരുടെ അഭിപ്രായം തേടുക എന്ന ഉദ്ദേശവും യോഗത്തിനുണ്ട്. ചീഫ് ജനറൽ മാനേജർമാരും റീജണൽ മാനേജർമാരും പങ്കെടുക്കുന്ന യോഗം ഇന്നു സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP