Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരസ്യത്തിൽ മോദിയുടെ ചിത്രം നൽകി അഭിനന്ദിച്ചത് വെറുതെയായില്ല; കറൻസി നിരോധനത്തിന്റെ 'സുഖത്തിൽ' ദിവസം അമ്പതുലക്ഷം ഇടപാടു നടത്തി റെക്കോഡിട്ട് പേ ടിഎം; ആയിരക്കണക്കിന് സ്റ്റാഫിനെ പുതുതായി നിയമിച്ച് കച്ചവടം കൊഴുപ്പിക്കാൻ ഡിജിറ്റൽ വാലറ്റ് കമ്പനികൾ

പരസ്യത്തിൽ മോദിയുടെ ചിത്രം നൽകി അഭിനന്ദിച്ചത് വെറുതെയായില്ല; കറൻസി നിരോധനത്തിന്റെ 'സുഖത്തിൽ' ദിവസം അമ്പതുലക്ഷം ഇടപാടു നടത്തി റെക്കോഡിട്ട് പേ ടിഎം; ആയിരക്കണക്കിന് സ്റ്റാഫിനെ പുതുതായി നിയമിച്ച് കച്ചവടം കൊഴുപ്പിക്കാൻ ഡിജിറ്റൽ വാലറ്റ് കമ്പനികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രസർക്കാർ കള്ളപ്പണം പിടിച്ചെടുക്കുന്നതിനായി 500, 1000 രൂപ കറൻസികൾ പിൻവലിച്ചപ്പോൾ കോളടിച്ചത് പേടിഎം പോലുള്ള ഡിജിറ്റൽ വാലറ്റ് കമ്പനികൾക്ക്. സാധാരണക്കാർക്ക് നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നുണ്ടായ ദുരിതങ്ങൾ കൂടുന്നുവെന്ന വിമർശനം ശക്തമാകുമ്പോഴാണ് ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ പേടിഎം അടക്കമുള്ള ഡിജിറ്റൽ വാലറ്റ് കമ്പനികൾ റെക്കോഡ് ഇടപാടുകളുമായി മുന്നേറുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ ജനങ്ങളുടെ ബാങ്ക് ഇടപാടുകൾക്ക് വലിയ നിയന്ത്രണം ഏർപ്പെടുത്തി പണം പെട്ടെന്ന് ബാങ്കുകളിൽ നിന്ന് തിരിച്ചെടുക്കാനാകാത്ത വിധം വ്യവസ്ഥ ചെയ്തത് മനപ്പൂർവമാണെന്ന മട്ടിൽ വിമർശനങ്ങളും ഉയരുന്നു.

കറൻസി നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസങ്ങളിൽ മോദിയുടെ ചിത്രവുമായി, അദ്ദേഹത്തെ അഭിനന്ദിച്ച് പേ ടിഎം പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയതും ഇതോടെ ചർച്ചയായിട്ടുണ്ട്. റിലയൻസ് ജിയോയുടെ പരസ്യങ്ങളിൽ മോദിയുടെ ചിത്രം അംബാനിമാർ ഉപയോഗിച്ചതിനെ ചൊല്ലി ഉയർന്ന വിവാദങ്ങൾ ഒരുവിധം കെട്ടടങ്ങിയതിനു പിന്നാലെ മോദിയുടെ പ്രഖ്യാപനത്തിലൂടെ നേട്ടമുണ്ടാക്കുന്ന മറ്റൊരു സ്ഥാപനം മോദിയുടെ ചിത്രം പരസ്യത്തിൽ നൽകിയതിനെ ചൊല്ലിയാണ് ചർച്ചകൾ സജീവമാകുന്നത്.

'ഇനി എടിഎം ഇല്ല, പേ ടിംഎം കരോ' എന്ന മുദ്രാവാക്യമുയർത്തിയാണ് നവംബർ ഒമ്പതിനും പത്തിനും മിക്ക മാദ്ധ്യമങ്ങളിലും കമ്പനി പരസ്യം നൽകിയത്. രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ പണമിടപാട് സ്ഥാപനമാണ് പേടിഎം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനംകൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത് പേടിഎമ്മിനാണെന്നും എന്താണ് ഇതിന്റെ പിന്നിലെ ഡീൽ എന്നും ചോദിച്ച് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ ഈ വിഷയം ട്വീറ്റിലൂടെ ഉന്നയിക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ ഏറ്റവും ബോൾഡായ തീരുമാനമെടുത്ത പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചാണ് കമ്പനി പരസ്യം നൽകിയത്.

നോട്ടുകൾ പിൻവലിച്ച് ഏതാണ്ട് ഒരാഴ്ച പിന്നിടുമ്പോൾ പേടിഎമ്മിലൂടെ ശരാശരി 50 ലക്ഷം ഇടപാടുകളാണ് പ്രതിദിനം നടക്കുന്നത്. ഏതാണ്ട് 24,000 കോടി രൂപ ക്രയവിക്രയം ചെയ്യപ്പെടുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ വാലറ്റ് കമ്പനിയെന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് കമ്പനി. രൂപയുടെ ഉപയോഗത്തിൽനിന്നു മൊബൈൽ ഇടപാടുകളിലേക്കു മാറുന്നതിനുള്ള സുവർണാവസരമാണ് രാജ്യത്തു സംജാതമായിരിക്കുന്നതെന്ന് പേടിഎം സീനിയർ വൈസ് പ്രസിഡന്റ് നിതിൻ മിശ്ര അഭിപ്രായപ്പെടുന്നു.

മോദിയുടെ പ്രഖ്യാപനത്തിന് മുമ്പ് ആഴ്ചയിൽ പേടിഎമ്മിലൂടെ ശരാശരി മൂന്നു തവണ മാത്രം ഇടപാടുകൾ നടത്തിയിരുന്നവർ ഇപ്പോൾ 18 തവണ വരെ ഇടപാടുകൾ നടത്തുന്നുണ്ട്. കറൻസി നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ പേടിഎം മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം 200 ശതമാനം വർധിച്ചു. കഴിഞ്ഞ ആഴ്ച പേടിഎമ്മിലൂടെ നടന്ന ഇടപാടുകളുടെ കണക്കിൽ 250 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്.

മറ്റു ഡിജിറ്റൽ പേഴ്‌സ് കമ്പനികളും നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും പേടിഎമ്മിന്റെയത്ര നില മെച്ചപ്പെട്ടിട്ടില്ല. മൊബിക്വിക്കും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഇടപാടുകളുടെ കണക്കിൽ വർധന രേഖപ്പെടുത്തി. പ്രതിദിനം ശരാശരി രണ്ടു ലക്ഷം പേർ മൊബിക്വിക്കിലേക്കും എത്തുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം മുതലാക്കി ഇടപാടുകൾ വളരെ വേഗം വിപുലപ്പെടുത്തി വിപണിയിൽ ആധിപത്യം നേടാനുള്ള മത്സരം ഡിജിറ്റൽ വാലറ്റ് കമ്പനികൾ തമ്മിൽ തുടങ്ങിക്കഴിഞ്ഞു. പേടിഎം വരുംദിവസങ്ങളിലെ തിരക്കുകളെ നേരിടാൻ പുതുതായി 10,000 ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. മൊബിക്വിക്കും ഇതേ പാതയിലാണ്.

പേടിഎം അക്കൗണ്ടുകളിലേക്ക് എത്തുന്ന പണത്തിന്റെ അളവിൽ കഴിഞ്ഞ ആഴ്ച മാത്രം ആയിരം ശതമാനം വളർച്ചയാണ് ഉണ്ടായത്. എത്തുന്ന ആൾക്കാരുടെ എണ്ണത്തിൽ 700 ശതമാനവും വർധനവുണ്ടായി. ചെറുകിട കടകളിലും ഫാർമസികളിലും റസ്റ്റൊറന്റുകളിലും പമ്പുകളിലുമെല്ലാം മൊബൈൽ വാലറ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറൻസി ഇടപാടുകൾ നിരുത്സാഹപ്പെടുത്താനുദ്ദേശിച്ച് കേന്ദ്ര സർക്കാർ സാമ്പത്തിക നടപടികൾ ശക്തമാക്കുമ്പോൾ കോളടിച്ചിരിക്കുന്നത് ഇത്തരം കമ്പനികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP