Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെയ്ക് ഇൻ ഇന്ത്യയിൽ റബറും; ഇറക്കുമതി തീരുവ അഞ്ച് ശതമാനം കൂട്ടി; റബർ കൃഷിക്കും കർഷകർക്കും താങ്ങാവാൻ പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ

മെയ്ക് ഇൻ ഇന്ത്യയിൽ റബറും; ഇറക്കുമതി തീരുവ അഞ്ച് ശതമാനം കൂട്ടി; റബർ കൃഷിക്കും കർഷകർക്കും താങ്ങാവാൻ പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി തീരുവ കൂട്ടി. 20 ൽനിന്ന് 25 ശതമാന മായണ് തീരുവ കൂട്ടിയത്. ധന വിനിയോഗ ബില്ലിന്റെ ചർച്ചക്കിടെ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റി ലിയാണ് ഈ വിവരം ലോക സഭയിൽ അറിയിച്ചത്. തീരുമാനം ധന ബില്ലിൽ ഉൾപ്പെടുത്തി. റബർ കൃഷിക്കും കർഷകനും പ്രോത്സാഹനമായി മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര വിലയനുസരിച്ച് ആർ.സി.സിഫ4 ഇനം റബറിന് കിലോഗ്രാമിന് 113 രൂപയാണ് നിലവിലെ വില. അഞ്ച് ശതമാനം തീരുവ വരുന്നതോടെ വിലയിൽ ആറ് രൂപയുടെ വർധനവ് ഉണ്ടാകും. ഇതുപ്രകാരം കർഷകർക്ക് കിലോഗ്രാമിന് 119 രൂപ വില ലഭിക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് തീരുമാനം. റബർ വിലയിടിവ് തടയാൻ കേരള സർക്കാർ ഒരു ലക്ഷം ടൺ റബർ സംഭരിക്കാൻ തയ്യാറാകണമെന്നും വിലസ്ഥിരതാഫണ്ടിൽ നിന്ന് കേന്ദ്രം 500 കോടി രൂപ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. അഡ്വാൻസ്ഡ് ലൈസൻസിങ് വഴിയുള്ള ഇറക്കുമതി അവസാനിപ്പിക്കണം. റബർ വ്യാപാരികളും ടയർ നിർമ്മാതാക്കളും ഇറക്കുമതിയിൽനിന്ന് പിന്മാറണം. പകരം ആഭ്യന്തര മാർക്കറ്റിൽനിന്ന് റബർ വാങ്ങിയാൽ ഇറക്കുമതി ചെയ്യാനെടുക്കുന്ന അതേ വിലയ്ക്ക് അവർക്ക് റബർ നൽകാൻ തയ്യാറാണെന്നും മാണി പറഞ്ഞു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, ആർ.പി.എസ്. തുടങ്ങിയ സംഘടനകൾ വഴി റബർ സംഭരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനായി 500 കോടിയുടെ കേന്ദ്രഫണ്ടും ആവശ്യപ്പെട്ടിരുന്നു. റബറിനെ മെയ്ക് ഇന്ത്യാ പദ്ധതിയിൽ ഉൾപ്പെടുത്തുമ്പോൾ വ്യവസായികമായ ഉപയോഗം ആഭ്യന്തര റബറിന് കൂടുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് തീരുമാനത്തെ കേരളം കാണുന്നതും.

റബർ വിലത്തകർച്ചയിൽനിന്ന് കർഷകരെ രക്ഷിക്കുന്നതിന്റെ നടപടികൾ ചർച്ച ചെയ്യാൻ വാണിജ്യമന്ത്രി നിർമലാ സീതാരാമൻ രണ്ട് ദിവസം മുമ്പ് യോഗം വിളിച്ചിരുന്നു. ഇറക്കുമതി നിയന്ത്രിക്കുക, തീരുവ കൂട്ടുക തുടങ്ങിയവയായിരുന്നു റബർ ഉൽപാദക സംസ്ഥാനങ്ങളിലെ എംപിമാർ ഉന്നയിച്ച പ്രധാനആവശ്യങ്ങൾ. വിലത്തകർച്ച നിയന്ത്രിക്കണമെന്ന സമ്മർദം ശക്തമായതിനെ തുടർന്നാണ് വീണ്ടും യോഗം വിളിച്ചത്. എന്നാൽ ഒരു അനുകൂല തീരുമാനവും അന്നുണ്ടായില്ല. ഇതോടെ ആശങ്കയും സജീവമായി. അതാണ് ജെയ്റ്റ്‌ലിയുടെ പ്രസ്താവന ഇല്ലാതാക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ മെയ്ക് ഇൻ ഇന്ത്യയിൽ റബർ എത്തുമ്പോൾ പ്രതീക്ഷ കൂടുന്നു.

രാജ്യത്ത് വ്യവസായ ആവശ്യത്തിന് ആവശ്യമായ റബർ ഉൽപാദിപ്പിക്കുന്നില്ല. അതുകൊണ്ട് ഇറക്കുമതി കൂടിയേ കഴിയൂ. വ്യവസായികൾ ആവശ്യപ്പെടുന്ന ഗുണനിലവാരം ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന സ്വാഭാവിക റബറിന് അവകാശപ്പെടാനാവില്ല. റബറിന്റെ ഉൽപാദനച്ചെലവു കൂടുതലും ഉൽപാദനക്ഷമത കുറവുമാണ്. ഈ പോരായ്മ പരിഹരിക്കപ്പെടണമെന്നൊക്കെയായിരുന്നു വാണിജ്യ മന്ത്രാലയത്തിന്റെ നിലപാട്. എന്നാൽ തീരുവ 20ൽ നിന്ന് 25 ശതമാനമാക്കാൻ വാണിജ്യമന്ത്രാലയം ശിപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ തീരുമാനം ഉണ്ടായത്. എന്നാൽ മെയ്ക് ഇൻ ഇന്ത്യയിലേക്കുള്ള വരവ് അപ്രതീക്ഷിതമാണ്.

റബർ വിലയിടിവിനെത്തുടർന്നുണ്ടായിട്ടുള്ള വരുമാനത്തകർച്ച മൂലം കേരളത്തിലെ 11.5 ലക്ഷത്തോളം വരുന്ന ചെറുകിടഇടത്തരം വിഭാഗത്തിൽപ്പെട്ട റബർ കർഷകരും ഈ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ടാപ്പിങ് തൊഴിലാളികളും മറ്റുള്ളവരും അതീവഗുരുതരമായ ജീവിത പ്രതിസന്ധിയെ നേരിടുകയാണ്. 245 രൂപയോളം വിലയുണ്ടായിരുന്ന മുന്തിയ ഇനം റബറിന്റെ വില നടപ്പ് മാസത്തിൽ 118 രൂപയായി ഇടിഞ്ഞു. കഴിഞ്ഞ 5 വർഷത്തിൽവച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. റബർ മേഖലകളിൽ വ്യാപാര - വാണിജ്യ രംഗങ്ങളാകെ സ്തംഭനാവസ്ഥയിലാണ്. നിർമ്മാണരംഗത്തെപ്പാലും അത് പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ റബർ കൃഷിയുടെ ചെലവ് വൻതോതിൽ വർദ്ധിച്ചു വരികയായിരുന്നു. വളം, കീടനാശിനി, ടാപ്പിങ് ഉപകരണങ്ങൾ തുടങ്ങിയവയുടെ വില കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 4 മടങ്ങായാണ് വർദ്ധിച്ചിട്ടുള്ളത്.

ടാപ്പിങ് നടത്തിയാൽ വീണ്ടും കടബാധ്യതകൾ വർദ്ധിക്കുമെന്നതുകൊണ്ടാണ് നിരവധി കർഷകർ ടാപ്പിങ് നിർത്താൻ നിർബന്ധിതമായത്. റബർത്തൈ നട്ട്, 78 വർഷത്തോളം അദ്ധ്വാനവും മുതൽ മുടക്കും വിനിയോഗിച്ചതിനുശേഷം മാത്രമാണ് ഉൽപ്പാദനം ആരംഭിക്കുന്നത്. ഇപ്രകാരം കഴിഞ്ഞ 8 വർഷത്തിനുള്ളിൽ മുതൽ മുടക്ക് നടത്തിയ കർഷകർക്ക് ടാപ്പിങ് തുടങ്ങാൻ പോലുമാവുന്നില്ല എന്നത് വിവരിക്കാനാവാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ടയർ വ്യവസായികളും ഊഹക്കച്ചവടക്കാരും ചേർന്ന് കൊള്ളലാഭത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രിത നടപടികളാണ് റബറിന്റെ വിലയിടിവിന് പിറകിലുള്ളതെന്നാണ് വിലയിരുത്തലുകൾ. അനിയന്ത്രിതമായ ഇറക്കുമതി അനുവദിച്ചുകൊണ്ടാണ് ഇത് സാധിച്ചിരുന്നത്. തീരുവ കൂടുമ്പോൾ ഇറക്കുമതി കുറയുമെന്നാണ് പ്രതീക്ഷ.

2012ൽ റബർ ഇറക്കുമതി 80,000 ടണ്ണായിരുന്നത് 2013ൽ 3 ലക്ഷം ടണ്ണായി വർദ്ധിച്ചു. 2014ലെ ആദ്യ നാലുമാസത്തിനുള്ളിൽ മാത്രം നടന്ന ഇറക്കുമതി 1.2 ടണ്ണാണ്. അതായത് ഈ വർഷത്തെ ഇറക്കുമതി 4 ലക്ഷം ടണ്ണായി വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ഇറക്കുമതി തീരുവ കൂട്ടുന്നത്. എന്നാൽ ഇതു മാത്രം കൊണ്ട് പ്രതിസന്ധി പൂർണ്ണമായും മറികടക്കാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം.

മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP