Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് ലക്ഷം രൂപയിൽ കൂടുതൽ പണം വാങ്ങി നടത്തുന്ന ഇടപാടിൽ വാങ്ങുന്നവർ ഇന്നുമുതൽ അത്രയും തുക പിഴ നൽകണം; കാർ വാങ്ങിയാലും വീടു വാങ്ങിയാലും സമ്മാനം കിട്ടിയാലും പണി കിട്ടും; ബാങ്കിൽ 5000 രൂപ ബാലൻസില്ലെങ്കിൽ 100 രൂപ പിഴ; വാഹന ഇൻഷുറൻസ് തുകയും കുത്തനെ കൂട്ടി; ഇന്നു മുതൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾ ഇവയൊക്കെ

രണ്ട് ലക്ഷം രൂപയിൽ കൂടുതൽ പണം വാങ്ങി നടത്തുന്ന ഇടപാടിൽ വാങ്ങുന്നവർ ഇന്നുമുതൽ അത്രയും തുക പിഴ നൽകണം; കാർ വാങ്ങിയാലും വീടു വാങ്ങിയാലും സമ്മാനം കിട്ടിയാലും പണി കിട്ടും; ബാങ്കിൽ 5000 രൂപ ബാലൻസില്ലെങ്കിൽ 100 രൂപ പിഴ; വാഹന ഇൻഷുറൻസ് തുകയും കുത്തനെ കൂട്ടി; ഇന്നു മുതൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾ ഇവയൊക്കെ

ന്യൂഡൽഹി:  നോട്ട് നിരോധനത്തിന് ശേഷമുള്ള പുതിയ സാമ്പത്തിക വർഷത്തിനാണ് തുടക്കമാകുന്നത്. ഇന്ന് മുതൽ കറൻസി ഉപയോഗത്തിൽ ഇന്നുമുതൽ നിയന്ത്രണങ്ങൾ ഏറെയാണ്. ക്യാഷ് ലെസ് എക്കണോമിയിലേക്ക് കാര്യങ്ങളെത്തിക്കാണ് കേന്ദ്ര സർക്കാരിന്റെ നടപടികൾ. സാമ്പത്തിക അച്ചടക്കത്തിന് വേണ്ടിയുള്ള നിയന്ത്രണങ്ങളിലൂടെ കള്ളപ്പണം ഇല്ലാതാക്കുകയാണ് ലക്ഷ്യം. കടുത്ത നടപടികളിലൂടെ ധനകാര്യ അച്ചടക്കം കൊണ്ടു വന്ന് സാമ്പത്തികാവസ്ഥ സുസ്ഥിരമാക്കാനാണ് ശ്രമം. മോട്ടോർ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 20 ശതമാനം വരെ നിരക്കു വർധനവും നിലവിൽ വരുന്നു. മലിനീകരണ നിയന്ത്രണ നിയമപ്രകാരം ഭാരത് സ്റ്റേജ് 3 (ബിഎസ് 3) വാഹനങ്ങളുടെ വിൽപന നിലയ്ക്കും. മലിനീകരണ നിയന്ത്രണത്തിൽ ഉയർന്ന നിലവാരമുള്ള ബിഎസ് - 4 വാഹനങ്ങൾ മാത്രമേ ഇനി വിൽക്കാനാവൂ.

രണ്ടുലക്ഷം രൂപയിൽ കവിഞ്ഞ ഒരു ഇടപാടും പണമായി പാടില്ലെന്നാണ് പുതിയ നിയമം. നിരോധനം ലംഘിച്ചാൽ തുല്യതുക പിഴയായി ഈടാക്കും. പണം സ്വീകരിക്കുന്നത് ആരോ, ആ വ്യക്തിയാണു പിഴ നൽകേണ്ടത്. അഞ്ചുലക്ഷം രൂപയുടെ വാഹനം പണമായി നൽകി വാങ്ങിയെന്നു കരുതുക. വിൽപനക്കാരൻ അഞ്ചുലക്ഷം രൂപ പിഴ നൽകേണ്ടിവരും. രണ്ടുലക്ഷം രൂപയിൽ കൂടുതൽ സമ്മാനമായി നൽകുകയോ സ്വീകരിക്കുകയോ ചെയ്യുന്നതു പണമായിട്ടാകരുത്. സ്വീകരിക്കുന്നയാൾ തുല്യതുക പിഴയായി നൽകണം. കള്ളപ്പണത്തെ ചെറുക്കാനുള്ള സുപ്രധാന നടപടിയാണ് ഇതെന്നാണ് വിലയിരുത്തൽ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവനങ്ങൾക്കുള്ള നിരക്കുകളിലെ മാറ്റങ്ങമുണ്ട്. ഇന്ന് മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും എസ് ബി യും ലയനത്തിലാണ്. സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ. മെട്രോ ശാഖകളിൽ മിനിമം ബാലൻസ് 5000 രൂപ; നഗരങ്ങളിൽ 3000; അർധനഗരങ്ങളിൽ 2000, ഗ്രാമീണ മേഖലകളിൽ 1000 രൂപ. മിനിമം ബാലൻസ് ഇല്ലാതെവന്നാൽ 20 മുതൽ 100 രൂപ വരെ പിഴ. സേവനനികുതി പുറമേ. മാസം മൂന്നുതവണ മാത്രമായിരിക്കും സൗജന്യമായി പണം നിക്ഷേപിക്കാൻ അവസരം. പരിധി കഴിഞ്ഞുള്ള ഓരോ തവണയ്ക്കും 50 രൂപ പിഴയും സേവന നികുതിയും നൽകണം.

എസ്‌ബിഐ അക്കൗണ്ട് ഉടമകൾ മറ്റു ബാങ്കുകളുടെ എടിഎം മാസത്തിൽ മൂന്നു തവണയിൽ കൂടുതൽ ഉപയോഗിച്ചാൽ അധിക ഉപയോഗത്തിന് 20 രൂപ വീതം നൽകണം. അക്കൗണ്ടിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നീക്കിയിരിപ്പുണ്ടെങ്കിൽ ഉപയോഗത്തിനു പരിധി ഇല്ല. എസ്‌ബിഐ അക്കൗണ്ട് ഉടമകൾ എസ്‌ബിഐ എടിഎമ്മുകൾ മാസത്തിൽ അഞ്ചു തവണയിൽ കൂടുതൽ ഉപയോഗിച്ചാൽ ഓരോ അധിക ഉപയോഗത്തിനും 10 രൂപ ഈടാക്കും. എന്നാൽ ത്രൈമാസ നീക്കിയിരിപ്പ് 25,000 രൂപയിൽ കൂടുതലുണ്ടെങ്കിൽ ഉപയോഗത്തിനു പരിധിയില്ല.

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 0.1 ശതമാനം കുറച്ചതും സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിക്കു കീഴിലുള്ള കുറഞ്ഞ പെൻഷൻ 1100 രൂപയാക്കി വർധിപ്പിച്ചതും ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. ഡ്രൈവിങ് ടെസ്റ്റിൽ ഇന്നു മുതൽ എച്ചിനു പുറമേ റിവേഴ്‌സ് പാർക്കിങ്ങും ഗ്രേഡിയന്റ് ടെസ്റ്റും നിർബന്ധമാണ്. വ്യാപാരികൾക്കു വാറ്റിൽ നിന്നു ജിഎസ്ടിയിലേക്കു മാറാനുള്ള അവസരം ഇന്നലെ അവസാനിക്കേണ്ടിയിരുന്നത് ഈ മാസം 30 വരെ നീട്ടി. കൂടുതൽ ലളിതമായ വരുമാന നികുതി റിട്ടേൺ ഫോം നിലവിൽ വന്നു. വൈകി സമർപ്പിക്കുന്ന നികുതി റിട്ടേണിനു ഫീസ് നൽകണമെന്ന വ്യവസ്ഥയും ഉണ്ട്.

നിശ്ചിത തീയതിക്കു ശേഷമുള്ള ഡിസംബർ 31 വരെ സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപയും അതിനുശേഷം 10,000 രൂപയുമാണു ഫീ. റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ ഫീ കൂടി അടയ്ക്കണമെന്നാണു നിഷ്‌കർഷിച്ചിരിക്കുന്നത്. സാമ്പത്തിക വർഷം അവസാനിച്ച് ഒരുവർഷം കഴിഞ്ഞു റിട്ടേൺ സ്വയം സമർപ്പിക്കാനാകില്ല. എന്നാൽ അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർ ആയിരം രൂപ കൊടുത്താൽ മതി.

പ്രീമിയം കൂടുമ്പോൾ സാധന വിലയും കൂടും

വൻ ്രപതിഷേധത്തിനിടെയാണു വാഹന ഇൻഷുറൻസ് പ്രീമിയം വർധന നടപ്പാക്കാൻ പാതയൊരുങ്ങുന്നത്. മൂന്നു വർഷത്തിനിടെ, 40 മുതൽ 96 ശതമാനം വരെ പ്രീമിയം വർധനയുണ്ടായെന്ന ആക്ഷേപങ്ങൾ ഉയർന്നുകഴിഞ്ഞു. ഇരുചക്ര വാഹനങ്ങൾ മുതൽ കൂറ്റൻ ചരക്കു വാഹനങ്ങൾ വരെ പ്രീമിയം വർധനയിൽ ഉൾപ്പെടുമെന്നതിനാൽ ദൂരവ്യാപകമായ ഫലമാണുണ്ടാകുക. ചരക്കു നീക്കം ചെലവേറിയതാകുമ്പോൾ അവശ്യസാധനങ്ങൾക്കു പോലും വിലവർധനയുണ്ടാകുമെന്ന ആശങ്ക അകലെയല്ല.

സ്വകാര്യ കാറുകളുടെ നിരക്കിൽ മൂന്നു വർഷത്തിനിടെ ശരാശരി 70 ശതമാനം വരെയാണു വർധനയുണ്ടായത്. 2015 - 16 ൽ 1000 - 1500 സിസി കാറിന്റെ വാർഷിക പ്രീമിയം 1598 രൂപയായിരുന്നു. പുതുക്കിയ നിരക്കു പ്രകാരം ഇത് 3132 രൂപയായി ഉയരും. ആയിരം സിസിക്കു താഴെയുള്ള കാറുകളുടെ നിരക്ക് 2055 രൂപയായി തുടരും. എന്നാൽ, 1500 സിസിക്കു മുകളിലുള്ള കാറുകളുടെ നിരക്ക് 2015 -16 ലെ 4931 രൂപയിൽ നിന്ന് 8630 രൂപയിലേക്കാണു വർധിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ നിരക്കിൽ 10 മുതൽ 75 ശതമാനം വരെയാണു മൂന്നു വർഷത്തിനിടെയുണ്ടായ വർധന. 150 - 350 സിസിക്ക് ഇടയിലുള്ളവയ്ക്ക് 554 രൂപയിൽ നിന്ന് 970 രൂപയിലേക്കാണു വർധന. 1500 സിസി വരെയുള്ള, ആറു യാത്രക്കാർക്കു സഞ്ചരിക്കാവുന്ന ടാക്‌സി വാഹനങ്ങളുടെ പ്രീമിയം നിരക്കിൽ മാറ്റമില്ല.

പുതിയ പ്രീമിയം നിരക്ക് (പഴയ നിരക്ക് ബ്രാക്കറ്റിൽ)
സ്വകാര്യ കാറുകൾ ( 1000 സിസിയിൽ താഴെ): 2050 രൂപ ( 2050)
1500 - 1500 സിസി : 3132 രൂപ (2237)
1500 സിസിക്കു മുകളിൽ: 8630 രൂപ (6164)

ഇരുചക്ര വാഹനങ്ങൾ
75 സിസിക്കു താഴെ: 569 രൂപ ( 569)
75 - 150 സിസി: 720 രൂപ (619)
150 - 350 സിസി: 970 രൂപ (693)
350 സിസിക്കു മുകളിൽ: 1114 രൂപ (796)

ഗതാഗത മേഖലയിൽ ഏറെ വൈകാതെ കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാകും. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പാസാകുന്നതോടെ റോഡ് നിയമ ലംഘനങ്ങൾക്കു വൻ തുക പിഴയായി അടയ്‌ക്കേണ്ടിവരും. അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉടൻ പണം മുടക്കാതെ തന്നെ ലഭ്യമാക്കുന്നതിനായുള്ള പദ്ധതിയും ബില്ലിൽ ഉൾപ്പെടുന്നു.

കടുത്ത അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ബിഎസ് 4 നിലവാരമുള്ള വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാനും വിൽക്കാനും പാടുള്ളൂവെന്നു 2015 ൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. രണ്ടു വർഷത്തിനുശേഷം ഈ വർഷം ഏപ്രിൽ ഒന്നുമുതൽ ആ നിബന്ധനയും നടപ്പാക്കുകയാണ്. ബിഎസ് 3 വാഹനങ്ങളുടെ നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാൻ അനുവദിക്കണമെന്ന വാഹന നിർമ്മാതാക്കളുടെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതിയും തള്ളിയതോടെ ഇനി ബിഎസ് 4 മാത്രമേ വിൽക്കാനാകൂ എന്നുറപ്പായി. ഏപ്രിൽ ഒന്നിനു ശേഷം ബിഎസ് 3 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനാകില്ലെന്നു ചുരുക്കം. വാണിജ്യ താൽപര്യങ്ങളേക്കാൾ ജനങ്ങളുടെ ആരോഗ്യത്തിനാണു മുൻഗണനയെന്നു വ്യക്തമാക്കിയാണു കോടതിയുടെ വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP