Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ച് ദിവസത്തിനിടയിൽ കുറഞ്ഞത് പവന് 400 രൂപ; റിയൽ എസ്റ്റേറ്റ് വിപണിക്ക് പിന്നാലെ സ്വർണത്തിനും ഡിമാൻഡ് കുറഞ്ഞു: പുതിയ സ്വർണം വാങ്ങുന്നവർ കാത്തിരിക്കുന്നത് ഉചിതം

അഞ്ച് ദിവസത്തിനിടയിൽ കുറഞ്ഞത് പവന് 400 രൂപ; റിയൽ എസ്റ്റേറ്റ് വിപണിക്ക് പിന്നാലെ സ്വർണത്തിനും ഡിമാൻഡ് കുറഞ്ഞു: പുതിയ സ്വർണം വാങ്ങുന്നവർ കാത്തിരിക്കുന്നത് ഉചിതം

കൊച്ചി: നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്രസർക്കാർ നോട്ടമിടുന്നത് സ്വർണത്തിലാണെന്ന സൂചനകൾ വ്യക്തമായി പുറത്തുവന്നു കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി വൻതോതിൽ സ്വർണം വാങ്ങുക്കൂട്ടിയെന്ന വിവരമാണ് കേന്ദ്രസർക്കാറിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കവേ തന്നെ സ്വർണവി താഴേക്ക് പതിക്കുകയാണ്. അഞ്ച് ദിവസത്തിനിടെ സ്വർണത്തിന് പവന് 400 രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 21,200 രൂപയിലേക്കാണു താഴ്ന്നത്. ഇതോടെ ഒരു മാസത്തിനിടയിലെ വിലയിടിവ് 2280 രൂപയായി. നോട്ട് പിൻവലിക്കൽ നടപടിയോടെ ആരംഭിച്ചതാണു സ്വർണത്തിന്റെ വിലത്തകർച്ച.

വിലയിൽ 10 ശതമാനത്തിലേറെ ഇടിവുണ്ടായി. വിൽപന തീരെ കുറഞ്ഞിരിക്കുകയാണ്. കറൻസിക്കു പിന്നാലെ സ്വർണത്തിനായിരിക്കുമോ നിയന്ത്രണമുണ്ടാകുക എന്ന ആശങ്കയാണു വിൽപനയിലെ മാന്ദ്യത്തിനു മറ്റൊരു കാരണം. ഇപ്പോഴത്തെ നിലയിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ കാത്തിരിക്കുക തന്നയാകും ഉചിതം, വില ഇനിയും കുറയുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എന്തായാലും സ്വർണ പ്രേമികൾക്കു നല്ലകാലമാണു വരാനിരിക്കുന്നത്.

ആഗോള വിപണിയിൽ സ്വർണ വില ഇടിയുന്നതും ആഭ്യന്തര വിപണിയിൽ മഞ്ഞലോഹത്തോടുള്ള പ്രിയം അൽപ്പം ഇടിഞ്ഞു നിൽക്കുന്നതുമാണു വില ഇടിയാൻ മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1176 ഡോളറാണ് ഇന്നത്തെ വില. കഴിഞ്ഞ പത്തു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. മൂന്നു വർഷത്തിനിടയിൽ സ്വർണത്തിന്റെ വിലയിൽ പെട്ടെന്ന് ഇത്ര ഇടിവുണ്ടാകുന്നതും ഇതാദ്യം. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ ഡോളർ ശക്തിപ്പെട്ടതാണു സ്വർണത്തിനു തിരിച്ചടിയായത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പൊന്നിന്റെ വിലയെ പിന്നോട്ടടിച്ചു.

ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയാൽ സ്വർണത്തിന്റേമേലുള്ള നിക്ഷേപം സർക്കാർ ബോണ്ടുകളിലേക്കും മറ്റും ഒഴുകുമെന്നാണു വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പലിശ നിരക്കുകൾ താഴ്ന്നിരുന്ന സാഹചര്യത്തിൽ സ്വർണമാണു നല്ല നിക്ഷേപമെന്ന് ആളുകൾ കരുതിയതാണ് ഇത്ര വിലയിലേക്കു പൊന്നിനെ എത്തിച്ചത്. പലിശ ഉയരുന്നതോടെ ഈ ട്രെൻഡ് ഇല്ലാതാകുകയും സ്വർണത്തിന്റെ വില ഇടിയുകയും ചെയ്യും. അടുത്തയാഴ്ചയാണു നിർണായകമായ യോഗം.

ഇന്ത്യയിൽ കറൻസി പിൻവലിക്കലിനു പിന്നാലെ സ്വർണത്തിനുമേൽ സർക്കാർ നിയന്ത്രണം കൊണ്ടുവരാൻ പോകുന്നുവെന്ന വാർത്തകളും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ഇടപാടുകാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇത്ര ഇടിഞ്ഞു നിൽക്കുന്നതാണ് 21200 എന്ന നിലയിലെങ്കിലും സ്വർണവിലയെ പിടിച്ചു നിർത്തുന്നത്. സ്വർണത്തെ കള്ളപ്പണം വെളുപ്പിക്കാൻ മാർഗ്ഗമാക്കിയവർ തന്നെയാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമാക്കിയതും. വരും ദിവസങ്ങളിലും സ്വർണവിലയിൽ ഇടിവ് തുടരുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP