Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോ ഉപേക്ഷിച്ച് സ്വന്തം നാണയത്തിലേക്ക് മടങ്ങാനുറച്ച് ഗ്രീസ്; പിന്തുണയുമായി റഷ്യ; യൂറോപ്പ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി

യൂറോ ഉപേക്ഷിച്ച് സ്വന്തം നാണയത്തിലേക്ക് മടങ്ങാനുറച്ച് ഗ്രീസ്; പിന്തുണയുമായി റഷ്യ; യൂറോപ്പ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി

രിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഗ്രീസ് യൂറോയെ കൈവിട്ട് സ്വന്തം നാണയത്തിലേക്ക് മടങ്ങാനുള്ള നീക്കം ശക്തമാക്കുന്നു. തകർച്ചയിലേക്ക് നീങ്ങുന്ന ഗ്രീക്ക് ബാങ്കുകളിൽനിന്ന് നിക്ഷേപകർ മുപ്പതിനായിരം കോടിയിലേറെ രൂപ കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു. ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഗ്രീസിനെ രക്ഷിക്കാൻ ഇരുപതിനായിരം കോടിയിലേറെ രൂപ ധനസഹായവുമായി യൂറോപ്യൻ സെൻട്രൽ ബാങ്ക് രംഗത്തെത്തി.

മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് യൂറോപ്യൻ സെൻട്രൽ ബാങ്കിന് ഗ്രീസിനെ സഹായിക്കേണ്ടിവരുന്നത്. എന്നാൽ, ഗ്രീക്ക് ബാങ്കുകൾക്ക് പ്രതിസന്ധിയൊന്നുമില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഇന്നലെ മാത്രം ഗ്രീക്ക് ബാങ്കുകളിൽനിന്ന് പതിനായിരം കോടിയിലേറെ പിൻവലിക്കപ്പെട്ടിരുന്നു. ഇതോടെയാണ് സെൻട്രൽ ബാങ്കിന്റെ അടിയന്തിര സഹായം വേണ്ടിവന്നത്.

അന്താരാഷ്ട്ര നാണ്യനിധിയിലേക്ക് ജൂൺ 30-നകം പതിനയ്യായിരം കോടിരൂപ ഗ്രീസിന് അടയ്‌ക്കേണ്ടതുണ്ട്. ഈ കാലയളവിനുള്ളിൽ അത് അടയ്ക്കാനാവില്ലെന്ന് ഗ്രീസ് വ്യക്തമാക്കിയിട്ടുണ്ട്. അതടയ്ക്കുകയാണെങ്കിൽ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാൻ പണമുണ്ടാവില്ല. ഗ്രീസിന് പിടിച്ചുനിൽക്കാൻ 5.15 ബില്യൺ പൗണ്ടുകൂടി വേണമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കാൻ അവർ തയ്യാറാകുന്നുമില്ല.

ഗ്രീസിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയനിലെ 19 രാജ്യങ്ങളുടെ അടിയന്തിര യോഗം തിങ്കളാഴ്ച ബ്രസൽസിൽ ചേർന്നിരുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് തയ്യാറാകാതിരിക്കുകയും കടുത്ത നിർദ്ദേശങ്ങളടങ്ങിയ ബജറ്റ് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്താൽ, ഗ്രീസിനുള്ള സഹായം നിർത്തിവെക്കേണ്ടിവരുമെന്ന സൂചനയാണ് ഈ യോഗം നൽകിയത്.

ഇതേത്തുടർന്നാണ്, യൂറോ ഉപേക്ഷിച്ച് സ്വന്തം നാണയത്തിലേക്ക് മടങ്ങാൻ ഗ്രീസ് നിർബന്ധിതരാകുമെന്ന് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിനെ കണ് സിപ്രാസ് റഷ്യയുടെ പിന്തുണ അഭ്യർത്ഥിച്ചിരുന്നു. സാമ്പത്തിക സഹായങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തില്ലെങ്കിലും, ഗ്രീസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പുട്ടിൻ സ്വീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP