Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മിന്നൽ പണിമുടക്കുകൾ വേണ്ട; ഒന്നരമാസം നോട്ടീസ് നൽകാതെ സമരത്തിനിറങ്ങിയാൽ ഡയസ്‌നോൺ; സ്ഥാപനങ്ങൾ പൂട്ടി താക്കോലുമായി മുതലാളിമാർക്ക് പോകാൻ സർക്കാരിന്റെ അനുമതിയും വേണ്ട; തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ച് രാജ്യത്ത് വ്യവസായിക മുന്നേറ്റമെത്തിക്കാൻ ഒരുങ്ങി മോദി സർക്കാർ

മിന്നൽ പണിമുടക്കുകൾ വേണ്ട; ഒന്നരമാസം നോട്ടീസ് നൽകാതെ സമരത്തിനിറങ്ങിയാൽ ഡയസ്‌നോൺ; സ്ഥാപനങ്ങൾ പൂട്ടി താക്കോലുമായി മുതലാളിമാർക്ക് പോകാൻ സർക്കാരിന്റെ അനുമതിയും വേണ്ട; തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ച് രാജ്യത്ത് വ്യവസായിക മുന്നേറ്റമെത്തിക്കാൻ ഒരുങ്ങി മോദി സർക്കാർ

ന്യൂഡൽഹി: രാജ്യപുരോഗതിക്ക് മിന്നൽ പണിക്കുകൾ അനിവാര്യമാണോ എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം പ്രധാനപ്പെട്ടതാണ്. എന്നാൽ മിന്നൽ പണിമുടക്കുകൾ നിഷേധിക്കുന്നത് മറ്റുള്ളവരുടെ മൗലികാവകാശങ്ങളെയായി മാറുക പതിവാണ്. എന്നാൽ കുത്തക മുതലാളിമാരുടെ ചൂഷണത്തിൽ നിന്ന് തൊഴിലാളികൾക്ക് രക്ഷനേടാൻ സംഘടിത ശക്തി അനിവാര്യവുമാണ്. ഇത് പലപ്പോഴും രാജ്യത്തിന്റെ വ്യവസായിക മുന്നേറ്റത്തിന് തടസ്സമായി എന്ന വിലയിരുത്തലുകളും ഉണ്ട്. അതുകൊണ്ട് തന്നെ മെയ്ക് ഇൻ ഇന്ത്യാ മദ്രാവാക്യവുമായി മുന്നേറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊഴിൽ നിയമങ്ങളിൽ കലോചിത മാറ്റം വരുത്തിയേ മതിയാകൂ. അതിനുള്ള തയ്യാറെടുപ്പിലാണ് മോദി സർക്കാർ

വ്യവസായ മേഖലയിൽ സമരങ്ങൾക്കും മിന്നൽ പണിമുടക്കുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് പദ്ധതി. സമരവും ലോക്കൗട്ടും പാടില്ല. ഏതു മേഖലയിലായാലും സമരത്തിന് ഒന്നരമാസത്തെ മുൻകൂർ നോട്ടീസ് നൽകണം. കേന്ദ്ര തൊഴിൽമന്ത്രാലയം തയ്യാറാക്കിയ പുതിയ 'ലേബർ കോഡ് ഓൺ ഇൻഡസ്ട്രിയൽ റിലേഷൻസ് ബില്ലി'ലാണ് ഇതടക്കമുള്ള കർശന വ്യവസ്ഥകളുള്ളത്. 300 പേർ വരെ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ തൊഴിലാളികളെ പിരിച്ചുവിടാനോ 'ലേ ഓഫ്' ചെയ്യാനോ തൊഴിലുടമയ്ക്ക് സർക്കാറിന്റെ മുൻകൂർ അനുമതി വേണ്ട. ട്രേഡു യൂണിയൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ഒട്ടേറെ നിർദേശങ്ങളും ബില്ലിലുണ്ട്്്. 1926ലെ ട്രേഡ്യൂണിയൻ നിയമം, 1946 ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് (സ്റ്റാൻഡിങ് ഓർഡേർസ്) നിയമം,1947 ലെ വ്യവസായതർക്ക നിയമം എന്നിവ ഏകോപിപ്പിച്ചാണ് പുതിയ ബിൽ തയ്യാറാക്കിയത്.

കാരണം കാണിക്കാതെ ജോലിക്കു വരാതിരിക്കുകയും പത്തോ കൂടുതലോ പേർ നോട്ടീസ് നൽകാതെ മുങ്ങുകയോ ചെയ്താൽ എട്ടുദിവസത്തെ വേതനം തടഞ്ഞുവെക്കും. വ്യവസായ മേഖലയിൽ ആദ്യമായാണ് 'ഡയസ്‌നോൺ' ഏർപ്പെടുത്തുന്നത്. പൊതുസേവനവുമായി ബന്ധപ്പെടുന്ന മേഖലകളിലെ പണിമുടക്കിനുമാത്രം രണ്ടാഴ്ചത്തെ നോട്ടീസ് നൽകിയാൽ മതിയെന്നാണ് നിലവിലെ വ്യവസ്ഥ. ഇതിനെയാണ് മാറ്റുന്നത്. ഫലത്തിൽ ഏത് വ്യവസായ സ്ഥാപനങ്ങളിൽ ഏത് തരത്തിലുള്ള സമരം ചെയ്യണമെങ്കിലും മുൻകൂർ നോട്ടീസ് നൽകേണ്ടി വരും. ഒരു സ്ഥാപനത്തിൽ ട്രേഡു യൂണിയൻ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊഴിലാളികളുടെ 10 ശതമാനമോ 100 പേരോ അംഗങ്ങളായിരിക്കണമെന്ന വ്യവസ്ഥ 2001ൽ കൊണ്ടുവന്നിരുന്നു. അതിന് മാറ്റമില്ലാതെ തുടരും

ബില്ലിന്മേൽ സമവായമുണ്ടാക്കാൻ മെയ് ആറിന് തൊഴിൽ മന്ത്രാലയം എല്ലാ തൊഴിലാളി സംഘടനകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ബില്ലിലെ വ്യവസ്ഥകൾ തൊഴിലാളി വിരുദ്ധമാണെന്നാണ് യൂണിയനുകളുടെ നിലപാട്. ഈ ബില്ലുൾപ്പെടെയുള്ള തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിക്കാൻ, ബിജെപി. അനുകൂല സംഘടനയായ ബി.എം.എസ്സിന്റെ നേതൃത്വത്തിൽ മെയ് 26ന് ഡൽഹിയിൽ ദേശീയ കൺവെൻഷൻ ചേരാൻ നിശ്ചയിച്ചിട്ടുണ്ട്. മോദി സർക്കാർ അധികാരമേറ്റതിന്റെ ഒന്നാം വാർഷികമാണ് അന്ന്. രാജ്യമൊട്ടുക്കും പണിമുടക്കുൾപ്പെടെയുള്ള കാര്യങ്ങൾ കൺവെൻഷൻ ചർച്ച ചെയ്യും.

300 പേർ വരെ പണിയെടുക്കുന്ന സ്ഥാപനങ്ങൾ അടയ്ക്കാനോ ലേ ഓഫ് ചെയ്യാനോ സർക്കാറിന്റെ മുൻകൂർ അനുമതി വേണ്ടെന്ന നിയമം രാജസ്ഥാനിലെ ബിജെപി.സർക്കാറാണ് ആദ്യം കൊണ്ടുവന്നത്. അതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ആ നിർദ്ദേശം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് കേന്ദ്രലക്ഷ്യം. ഇതു നടപ്പായാൽ രാജ്യത്തെ 80 ശതമാനം സ്ഥാപനങ്ങളും സർക്കാർ നിയന്ത്രണത്തിന് പുറത്താകും. 300ലധികം ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ കാര്യത്തിൽത്തന്നെ തൊഴിലുടമയുടെ അപേക്ഷയിൽ രണ്ടുമാസത്തിനകം സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കാം എന്നാണ് വ്യവസ്ഥ.

പണിമുടക്ക് നടത്താൻ പാടില്ലെന്ന് തൊഴിലുടമയ്ക്കും തൊഴിലാളിക്കും തമ്മിൽ കരാറുണ്ടാക്കാമെന്നാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. നിയമന ഉത്തരവ് നൽകുമ്പോൾ തന്നെ അതിൽ ഇക്കാര്യം എഴുതിച്ചേർക്കാം. പിന്നീട്, അത് ലംഘിച്ചാൽ നിയമവിരുദ്ധമാകും. കരാർ ലംഘിച്ച് പണിമുടക്കിയാൽ മിനിമം പിഴ 20,000 രൂപ. തൊഴിലാളികൾക്ക് കുടിശ്ശിക ലഭിക്കാനുണ്ടെങ്കിൽ അത് റവന്യൂ റിക്കവറിയിലൂടെ ഈടാക്കണം, തൊഴിൽ തർക്കമുണ്ടായാൽ അനുരഞ്ജന ഉദ്യോഗസ്ഥന്റെ മുന്നിൽ തൊഴിലുടമ നിർബന്ധമായും ഹാജരാവണം. നിലവിൽ നിർബന്ധമില്ലായിരുന്നു, ഒരു തൊഴിലാളിയെ താത്കാലികമോ കാഷ്വലോ ആയി ഒരു വർഷത്തിൽകൂടുതൽ ജോലി ചെയ്യിക്കുന്നത് അന്യായമായ നടപടിയായി കണക്കാക്കുമെന്നും വ്യവസ്ഥയുണ്ട്.

തൊഴിലുടമയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ നടപടിയെടുക്കാൻ തൊഴിലാളിക്ക് അവകാശമില്ല. അക്കാര്യത്തിൽ നടപടി എടുക്കേണ്ടത് സർക്കാറാണ്. ഒരാൾക്ക് പരമാവധി 10 യൂണിയനുകളുടെ ഭാരവാഹി ആവാനേ പറ്റൂ എന്നതാണ് മറ്റൊരു വ്യവസ്ഥ. ഒരു സ്ഥാപനത്തിലെ യൂണിയന്റെ പ്രസിഡന്റോ സെക്രട്ടറിയോ ആരെങ്കിലുമൊരാൾ ആ സ്ഥാപനത്തിനുള്ളിൽ തന്നെയുള്ള തൊഴിലാളി ആയിരിക്കണം. മൊത്തം യൂണിയൻ ഭാരവാഹികളിൽ രണ്ടുപേർ മാത്രമേ പുറത്തുനിന്ന് പാടുള്ളൂവെന്നും വ്യവസ്ഥയുണ്ട്. എന്നാൽ തൊഴിലാളി സംഘടനകൾ ഈ ബില്ലിനെ തള്ളിക്കളയാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കാതലായ ഭാഗങ്ങൾ നിലനിർത്തി മാറ്റങ്ങളോടു കൂടി ബിൽ പാസാക്കി എടുക്കുക എന്നതാണ് ലക്ഷ്യം. ഏതായാലും മിന്നൽ പണിമുടക്കും ഡയ്‌സനോണും സ്വകാര്യമേഖലയിലും ബാധകമാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP