Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലയനം പൂർത്തിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി കേന്ദ്രം; എസ് ബി ടിയുടെ കേരളത്തിലെ 851 ശാഖകളിൽ 204 എണ്ണവും പൂട്ടും; എസ് ബി ഐ ഉള്ളിടത്തൊന്നും എസ് ബി ടി ഉണ്ടാവില്ല; രണ്ട് മാസത്തിനകം എസ് ബി ടിയുടെ ബോർഡുകളെല്ലാം അപ്രത്യക്ഷമാകും

ലയനം പൂർത്തിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി കേന്ദ്രം; എസ് ബി ടിയുടെ കേരളത്തിലെ 851 ശാഖകളിൽ 204 എണ്ണവും പൂട്ടും; എസ് ബി ഐ ഉള്ളിടത്തൊന്നും എസ് ബി ടി ഉണ്ടാവില്ല; രണ്ട് മാസത്തിനകം എസ് ബി ടിയുടെ ബോർഡുകളെല്ലാം അപ്രത്യക്ഷമാകും

കെ വി നിരഞ്ജൻ

കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അസോസിയേറ്റ് ബാങ്കുകളും ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതോടെ ഇതുസംബന്ധിച്ച കേരളത്തിന്റെ ആശങ്കകളും ശക്തമായി. ലയനത്തിന്റെ ഭാഗമായി കേരളത്തിൽ നിരവധി സ്റ്റേറ്റ് ബാങ്ക് ശാഖകൾ അടച്ചുപൂട്ടാൻ നീക്കം ആരംഭിച്ചുകഴിഞ്ഞു.

ഇപ്പോൾ മുപ്പത് ശതമാനം ശാഖകൾ അടച്ചുപൂട്ടാനാണ് അധികാരികളുടെ ആലോചന. 2017-18 വർഷം മുതൽ ലാഭം മാത്രം അടിസ്ഥാനമാക്കി ശാഖകൾ നിലനിർത്താനുള്ള തീരുമാനം കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുക. എസ് ബി ഐക്കും അസോസിയേറ്റ് ബാങ്കുകൾക്കുമായി 1400 ഓളം ശാഖകൾ ആണ് കേരളത്തിലുള്ളത്. ഇതിൽ നാനൂറിലധികം ശാഖകൾ കേരളത്തിൽ സ്റ്റേറ്റ് ബാങ്ക് ലയനം കൊണ്ട് മാത്രം ഇല്ലാതാവുമെന്ന് ഉറപ്പായിരിക്കുകയാണ്.

എസ്.ബി.ടി. ഉൾപ്പെടെ അഞ്ച് അനുബന്ധബാങ്കുകൾ എസ്.ബി.ഐ.യിൽ ലയിപ്പിക്കുന്ന നടപടികൾ ഏപ്രിലിൽ പൂർത്തിയായേക്കും. ലയനശേഷം കാലക്രമത്തിൽ എസ്.ബി.ഐ.യുടെയും എസ്.ബി.ടി. ഉൾപ്പെടെയുള്ള അനുബന്ധ ബാങ്കുകളുടേതുമായി കേരളത്തിലെ 400 ശാഖകൾ പൂട്ടിയേക്കും. എസ്.ബി.ഐയ്ക്കും ഉപബാങ്കുകൾക്കുമായുള്ള 1363 ശാഖകളിൽ 30 ശതമാനം പൂട്ടുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. കേരളത്തിൽ എസ്.ബി.ടി.യുടെ 851 ശാഖകളിൽ 204 എണ്ണത്തിനും പൂട്ടുവീഴുമെന്നാണ് വിവരം. തമിഴ്‌നാട്ടിൽ 59 എണ്ണത്തിനും.

കേന്ദ്ര സർക്കാർ തന്നെ പ്രഖ്യാപിച്ച സാമ്പത്തിക ഉൾച്ചേർക്കൽ, ഡയരക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതികളുടെ ഭാഗമായി ബാങ്കിങ് സേവനം ലഭ്യമല്ലാതിരുന്ന നിരവധി പ്രദേശങ്ങളിൽ ഇപ്പോൾ ബാങ്ക് ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ 3-4 വർഷങ്ങളിൽ മാത്രം കേരളത്തിൽ ആരംഭിച്ച പുതിയ ബാങ്ക് ശാഖകൾ നിരവധിയാണ്. അവയിൽ മിക്കവയും ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച പ്രവർത്തന നേട്ടം കൈവരിച്ചിട്ടുമുണ്ട്. നേരത്തെ ശാഖകൾ പൂട്ടില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇതാണ് അട്ടിമറിക്കപ്പെടുന്നത്.

കേരളത്തിൽ ബാങ്കിങ് വ്യാപനത്തിലും സേവന ലഭ്യതയിലും ഉണ്ടായി വന്ന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള നീക്കമായാണ് വിവിധ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഈ നടപടിയെ കാണുന്നത്. ബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നതോടെ സ്റ്റേറ്റ് ബാങ്ക് ലയനത്തിന് ശേഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 22 ബാങ്കുകളെ ലയിപ്പിച്ച് ആറ് ബാങ്കുകൾ ആക്കുന്ന ഘട്ടമാകുമ്പോഴേക്കും ആയിരക്കണക്കിന് പൊതുമേഖലാ ബാങ്ക് ശാഖകൾ സംസ്ഥാനത്ത് ഇല്ലാതാകുന്ന സ്ഥിതിയിലത്തെും.

കേരളത്തിൽ മിക്കയിടത്തും അടുത്തടുത്ത് എസ്.ബി.ഐ., എസ്.ബി.ടി. ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിലേതെങ്കിലും പൂട്ടിയാൽ പ്രവർത്തനച്ചെലവു കുറയും. ജീവനക്കാരുടെ പുനഃക്രമീകരണം, കാര്യക്ഷത എന്നിവയും ലയനം ലക്ഷ്യമിടുന്നു. അനുബന്ധ ബാങ്കുകൾക്ക് പിന്നാലെ ഭാരതീയ മഹിളാബാങ്കും എസ്.ബി.ഐയിൽ ലയിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചസ്ഥിതിക്ക് ഇനി ലയനവിജ്ഞാപനം വരണം. വിജ്ഞാപനത്തീയതി മുതൽ തുടർനടപടികൾക്ക് ഒരുമാസം അനുവദിക്കും. ഇതിന് ഒരാഴ്ചയ്ക്കുശേഷം അനുബന്ധബാങ്കുകൾ ഇല്ലാതാവും. എസ്.ബി.ടിക്ക് രാജ്യത്തിനകത്തും പുറത്തുമായി 1180 ശാഖകളാണുള്ളത്. ഇതിൽ 263 ശാഖകളാണ് പൂട്ടേണ്ടവയായി കണ്ടെത്തിയിട്ടുള്ളത്. ഒറ്റയടിക്ക് പൂട്ടാൻ സാധ്യതയില്ല. 14,000 ജീവനക്കാരുണ്ട്. ലയനത്തിന് മുന്നോടിയായി ജീവനക്കാർക്ക് സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും ഇതിന്റെ വിശദാംശങ്ങൾ തയ്യാറായിട്ടില്ല.

പൊതുമേഖലാ ബാങ്കുകളുടെ ശാഖകൾ വ്യാപകമായി അടച്ചുപൂട്ടുന്ന ഒഴിവിൽ നവ സ്വകാര്യ ബാങ്കുകളും സ്വകാര്യ പേമെന്റ് ബാങ്കുകളും കടന്നുവരാൻ തയ്യറെടുക്കുകയാണ്. ഇതോടെ ധനകാര്യ മേഖലയിൽ സ്വകാര്യ കോർപറേറ്റ് കുത്തകകളുടെ ആധിപത്യമാവും ഇതിലൂടെ ഉണ്ടാവാൻ പോകുന്നത്. ബാങ്ക് ശാഖകൾ അടച്ചുപൂട്ടി ഇടപാടുകാർക്കും പൊതുജനങ്ങൾക്കും നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന സേവനങ്ങൾ പരിമിതപ്പെടുത്തുവാനുള്ള നീക്കം ജനവിരുദ്ധവും ജനകീയ ബാങ്കിങ് സംവിധാനത്തെ തകർക്കുന്നതുമായ നടപടിയാണെന്ന് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ വ്യക്തമാക്കുന്നു.

പുതിയ നടപടികൾ ബാങ്ക് ദേശാൽക്കരണ്ത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് പോകാൻ കാരണമാകുമെന്നും കരാർവത്ക്കരണം വ്യാപകമാകുമെന്നും വിവിധ സംഘടനകൾ വ്യക്തമാക്കുന്നു. ജീവനക്കാരുടെയും സംസ്ഥാനസർക്കാരിന്റെയും എതിർപ്പു തള്ളി ബാങ്ക് ലയനത്തിന് കഴിഞ്ഞദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ ആൻഡ് ജയ്പുർ എന്നിവയാണ് ലയിക്കുക.

ലയനം എന്ന് പ്രാബല്യത്തിലാകുമെന്ന് തീരുമാനിച്ചിട്ടില്ല. സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ചിനകം പൂർത്തിയായാൽ പൊതു ബാലൻസ് ഷീറ്റ് വേണ്ടിവരും. ഇത് സാധിക്കുമോ എന്ന് വ്യക്തതയില്ല. പൊതുബാലൻസ് ഷീറ്റ് പ്രായോഗികമായാൽ മാർച്ച് അവസാനവും അല്ലെങ്കിൽ ഏപ്രിലിലും ലയനം പ്രാബല്യത്തിൽവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP