വെറുതെ കൊടുത്താലും എങ്ങിനെ ലാഭം ഉണ്ടാക്കാൻ പറ്റുമെന്നറിയാൻ അമ്പാനിയെ കണ്ടു പഠിക്കണം; എല്ലാം സൗജന്യം എന്നു പറഞ്ഞ് തുടങ്ങിയ ജിയോ മൂന്നാം ക്വാർട്ടറിൽ ഉണ്ടാക്കിയത് 504 കോടി രൂപയുടെ ലാഭം
January 20, 2018 | 10:03 AM IST | Permalink

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം എന്നാരു ചൊല്ലുണ്ട്. എന്നാൽ ഇങ്ങനെ അളന്നു കളയുന്നത് കൃത്യമായി തിരിച്ചു പിടിക്കാനാണെന്ന് തെളിയിച്ചു തന്നിരിക്കുകയാണ് മുകേഷ് അമ്പാനി. അല്ലെങ്കിൽ എല്ലാം ഫ്രീ എന്നു പറഞ്ഞു കൊടുക്കുമ്പോൾ അതിൽ നിന്നും ലാഭമുണ്ടാക്കുന്നതെങ്ങിനെ എന്ന് തെളിയിച്ചു തന്നിരിക്കുകയാണ് അമ്പാനി.
എല്ലാം ഫ്രീ എന്നു പറഞ്ഞു തുടങ്ങിയ ജിയോയുടെ മൂന്നാം ക്വാർട്ടറിൽ ഉണ്ടാക്കിയത് കോടികളുടെ ലാഭം. മറ്റു നെറ്റ് വർക്കുകൾക്കു വൻ അടിയായി എത്തിയ ജിയോ എത്തി 15 മാസത്തിനു ശേഷം 504 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നു മുകേഷ് അംബാനി ഒരു പ്രസ്താവനയിൽ അറിച്ചു. തുടക്കത്തിൽ 271 കോടിയുടെ നഷ്ടം ഉണ്ടായെങ്കിലും അതു തിരിച്ചു പിടിച്ചിരുക്കയാണ് അംബാനി.
ഏറ്റവും കുറഞ്ഞ നിരക്കുകളോടെ ഇന്റർനെറ്റും ടോക് ടൈമും നൽകി ഞെട്ടിച്ച ജിയോ കൃത്യമായ ബിസിനസ്സ് തന്ത്രങ്ങളിലൂടെ സാമ്പത്തീക ലാഭം ഉണ്ടാക്കാൻ കഴിയുമെന്നും കാണിച്ചു തരുന്നു. ലാഭം കൊയ്തുകൊണ്ടിരുന്ന ടെലികോമുകൾക്കിടയിൽ നിന്നും നഷ്ടകച്ചവടമായി കയറിവന്ന ജിയോ കോടികൾ ലാഭമാണുണ്ടാക്കിയത്.
2016 സെപ്റ്റംബറിലാണ് റിലയൻസ് ജിയോ എത്തുന്നത്. ആറു മാസത്തെ ഫ്രീ കോളും ഇന്റർനെറ്റുമായി എത്തിയ ജിയോ 2017 ഏപ്രിൽ മുതൽ ഉപഭോക്താക്കളിൽ നിന്നും ഡാറ്റയ്ക്കു ചാർജ് ചെയ്തു തുടങ്ങി. അപ്പോഴും ഫ്രീ കോൾ നൽകി.
2017 ഡിസംബറോടെ ജിയോ കൂടുതൽ ഉപഭോക്താക്കളെ നേടി ഏറ്റവും കൂടുതൽ സർവ്വീസുകൾ നൽകുന്ന നാലാമത്തെ നെറ്റ് വർക്കായി മാറി. തൊടുന്നതെല്ലാം പൊന്നാക്കുന്ന മുകേഷ് അംബാനി നഷ്ടത്തിൽ നിന്നും ലാഭം ഉണ്ടാക്കിയതിനെയാണ് ബിസിനസ്സ് എന്നു പറയേണ്ടത്.
