Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഠനത്തിൽ അസാധ്യ മിടുക്ക്; ബാസ്‌ക്കറ്റ് ബോളിലെ മിന്നും താരം; നീന്തലിലും മികവ് കാട്ടിയ ഒൻപതാം ക്ലാസുകാരി; അവൾ ഇനി ഒപ്പമില്ലെന്ന സത്യം അംഗീകരിക്കാനാവാതെ അച്ഛനും അമ്മയും സുഹൃത്തുക്കളും; കരമനയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കാൽ നനയ്ക്കാൻ ഇറങ്ങിയ അഞ്ജലിയുടെ ജീവനെടുത്തത് അനധികൃത മണലൂറ്റുണ്ടാക്കിയ അഗാധ ഗർത്തം; മിടുമിടുക്കിയുടെ വേർപാടിൽ വിങ്ങിപൊട്ടി കാർമൽ സ്‌കൂൾ

പഠനത്തിൽ അസാധ്യ മിടുക്ക്; ബാസ്‌ക്കറ്റ് ബോളിലെ മിന്നും താരം; നീന്തലിലും മികവ് കാട്ടിയ ഒൻപതാം ക്ലാസുകാരി; അവൾ ഇനി ഒപ്പമില്ലെന്ന സത്യം അംഗീകരിക്കാനാവാതെ അച്ഛനും അമ്മയും സുഹൃത്തുക്കളും; കരമനയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കാൽ നനയ്ക്കാൻ ഇറങ്ങിയ അഞ്ജലിയുടെ ജീവനെടുത്തത് അനധികൃത മണലൂറ്റുണ്ടാക്കിയ അഗാധ ഗർത്തം; മിടുമിടുക്കിയുടെ വേർപാടിൽ വിങ്ങിപൊട്ടി കാർമൽ സ്‌കൂൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: കരമനയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കാൽ നനയ്ക്കാൻ ഇറങ്ങിയതായിരുന്നു അഞ്ജലി എസ് ലക്ഷമി. പഠനത്തിൽ അസാധ്യമായ മിടുക്കുള്ളവൾ. കായികരംഗത്തും അവൾ മിന്നും താരമായിരുന്നു. അച്ഛന്റേയും അമ്മയുടേയും ഏക മകൾ.

അവൾ ഇനി ഒപ്പമില്ലെന്ന സത്യം അംഗീകരിക്കാൻ കഴിയാതെ വിങ്ങി പൊട്ടുകയാണ് അച്ഛൻ സന്തോഷും അദ്ധ്യാപികയായ അമ്മ അനിതയും.സെൻട്രൽ സ്റ്റേഡിയത്തിൽ ബാസ്‌കറ്റ് ബോൾ പരിശീലനം കഴിഞ്ഞ് കാർമൽ സ്‌കൂളിലെ സഹപാഠികൾ തമലത്തെ സുലീനയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു അഞ്ജലിയും ആര്യയും.അവിടെ നിന്നും ആറ് കാണാൻ പോണമെന്ന് സുഹൃത്തുക്കൾ തീരുമാനിക്കുമ്പോൾ ഇങ്ങനെയൊരു ദുരന്തം അവർ പ്രതീക്ഷിച്ചിരുന്നില്ല.

മകൾ അപകടത്തിൽപെട്ടു. ഉച്ചയ്ക്ക് ഒന്നരയോടെ ബാർട്ടൻഹിൽ കോളജിലേക്കു വിവരമെത്തുമ്പോൾ എന്തോ ചെറിയ അപകടമെന്നാണ് ടീച്ചറുൾപ്പടെ എല്ലാവരും ആദ്യം കരുതിയത്. എല്ലാമെല്ലാമായ ഏകമകൾ നഷ്ടമായെന്ന വാർത്ത കൂടി എത്തിയതോടെ അതു താങ്ങാനാകാതെ ടീച്ചർ ബോധരഹിതയാവുകയായിരുന്നു. പിന്നെ, വീട്ടിലെ കിടപ്പുമുറിയിൽ അലമുറയിട്ടു കരഞ്ഞ ടീച്ചറെ ആശ്വസിപ്പിക്കാൻ കണ്ട് നിന്നവർ വല്ലാതെ ബുദ്ധിമുട്ടി. പരിശീലനം കഴിഞ്ഞു മടങ്ങിയെത്തുന്ന മകൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം എന്നും കരുതിവയ്ക്കുന്നത് അമ്മയുടെ പ്രധാന ജോലിയായിരുന്നു.

ബാസ്‌കറ്റ് ബോളും നീന്തൽ പരിശീലനവുമെല്ലാം മകളുടെ ആഗ്രഹ പ്രകാരം തന്നെ തുടങ്ങിയതാണ്. പഠിക്കാൻ മിടുക്കിയായ അവൾ എല്ലാ കാര്യത്തിലും സജീവമായിരുന്നു. ഒരു ദിവസം ഒരാളുടെ വീട് എന്ന നിലയിലാണ് അവധിക്കാലത്ത് സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളും ഒത്ത് ചേർന്നിരുന്നതായിരുന്നു ഇവരുടെ പതിവ്. അങ്ങനെയാണു സുലീനയുടെ തമലത്തെ വീട്ടിലേക്ക് ഇന്നലെ പോയത്.

ഞെട്ടൽ മാറാതെ സുഹൃത്തുക്കൾ

കാർമൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇന്നലെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും.അടുത്ത സുഹൃത്തക്കളുടെ സ്നേഹവും സൗഹൃദവും വീട്ടുകാരെ പോലും അമ്പരപ്പിച്ചിരുന്നു. വീട്ടുകാർക്കും ഇവരുടെ സൗഹൃദം വലിയ അത്ഭുതവും സന്തോഷവുമായിരുന്നു.എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തം പെൺകുട്ടികളെ മാനസികമായി വല്ലാതെ തകർത്തിരിക്കുകയാണ്.കൺമുന്നിൽ കണ്ട ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഇനിയും അവർ മുക്തമായിട്ടുമില്ല.

ആരോ കാൽ വലിച്ചു താഴെക്കു കൊണ്ടുപോയത് പോലെ ആണ് തോന്നിയത് തെറ്റിക്കടവു കയത്തിൽ മരണത്തെ മുഖാമുഖം കണ്ട ആര്യയും സുലീനയും ഇന്നലെ രാത്രിവരെ ഇതു തന്നെ ആവർത്തിച്ചു. വിട്ടുമാറാത്ത നടുക്കത്തോടെ ആര്യ സംഭവത്തെക്കുറിച്ചു ബന്ധുവിനോടു രാത്രിയും പറഞ്ഞത്. വെറുതെ ഒന്ന് ഇറങ്ങിയതാണ്. പടിക്കെട്ടിൽ നിന്ന് ഒരു ചുവടു വച്ചപ്പോൾ തന്നെ മുന്നോട്ടു വലിഞ്ഞു തെന്നുന്നത് പോലെ തോന്നി. തെന്നി വീഴാതിരിക്കാൻ ഓരോ ചുവടുകൂടി കടന്നു. പെട്ടന്നാണു കയത്തിലേക്കു താഴ്ന്നത്. ആരോ കാലിൽ വലിച്ചു താഴേക്കിടുന്നതു പോലെ.

ചെളിയിൽ കാൽ പുതഞ്ഞു തലവരെ വെള്ളത്തിനടിയിലായി. ശ്വാസം മുട്ടി പിടഞ്ഞതും ഒന്നു മുകളിലേക്കു പൊങ്ങി. പിന്നെ, തലമുടിയിൽ പിടിച്ച് ആരോ വലിച്ചുകയറ്റി. അഞ്ജലിക്കൊപ്പം ഒഴുക്കിൽപെട്ട സുലീന, ആര്യ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.ആറു കാണണമെന്നു കൂട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, സുലീന അമ്മയുടെ അനുവാദം വാങ്ങി. പിന്നെ, നാൽവർസംഘം കടവിലേക്കു പോയി.

പടിക്കെട്ടിൽ അൽപനേരം ഇരുന്നു. സാമ ഒഴികെ മറ്റു മൂവരും കാൽ നനയ്ക്കാൻ ഇറങ്ങി. നിമിഷനേരം കൊണ്ടുതന്നെ മൂവരും കയത്തിൽ അകപ്പെട്ടു. കരയിലിരുന്ന സാമ വാവിട്ടു നിലവിളിച്ചു. അപ്പോഴേക്കും സമീപത്തെ വീട്ടിൽനിന്നു ശ്രീകുമാറും മകൾ ശാലിനിയും ഓടിയെത്തി. വെള്ളത്തിൽ മുകളിൽ കണ്ട തലമുടിയിൽ പിടിച്ചാണ് ഇവർ കുട്ടികളെ കരയ്ക്കെത്തിച്ചത്. പക്ഷേ, നീന്തൽ അറിയാവുന്ന അഞ്ജലിയെ മാത്രം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല

ബാസ്‌കറ്റ്ബോൾ പരിശീലനത്തിനായി ഉപയോഗിക്കുന്ന ഷോട്സും ജേഴ്സിയുമായിരുന്നു കുട്ടികളുടെ വേഷം. ഇതുകണ്ട് വിദ്യാർത്ഥികൾ കുളിക്കാനായി വന്നതാണെന്നും പ്രചാരണമുണ്ടായി. കാർമൽ സ്‌കൂളിലെ ബാസ്‌കറ്റ് ബോൾ ടീം അംഗങ്ങളായ ഇവർക്കു രാവിലെയും വൈകിട്ടുമാണു പരിശീലനം. കടവ് സന്ദർശിച്ച ശേഷം വീണ്ടും പരിശീലനത്തിനായി പോകാനിരിക്കെയായിരുന്നു അപകടം. ഉറ്റ സുഹൃത്തുക്കളായ ഇവർ അവധിക്കാലമായതിനാൽ ഓരോ ദിവസവും ഒരാളുടെ വീട്ടിലാണ് ഒത്തുചേരുക. മിനിയാന്ന് അഞ്ജലിയുടെ വീട്ടിലായിരുന്നു ഒത്തുചേരൽ.

അപകട കാരണം മണലൂറ്റലിനെ തുടർന്നുള്ള കയങ്ങൾ

അനധികൃതമായ മണലൂറ്റ് സ്ഥിരമായി നടക്കുന്ന സ്ഥലമാണ് ഇവിടം. വശീകരിച്ച് ചതിക്കുന്ന കടവ് എന്നാണ് നാട്ടുകാർ പറയുന്നത്.ഇതിപ്പോ ഇവിടെ മരണം സ്ഥിരമാണെന്നും നാട്ടുകാർ പറയുന്നു.മണലൂറ്റിനെ തുടർന്നു രൂപപ്പെട്ട അഗാധ ഗർത്തങ്ങളാണു കടവിനു ചുറ്റും. പടിക്കെട്ട് കടന്ന് ആദ്യ ചുവടുവച്ചാൽ തന്നെ നാലു മീറ്ററോളം താഴേക്കാണു വീഴുക. കയം ഉള്ളതിനാൽ നാട്ടുകാർ പോലും ഇവിടെ ഇറങ്ങില്ലെന്നു കൗൺസിലർ കരമന അജിത് തന്നെ പറയുന്നു.

കുട്ടികൾ കടവിലേക്കു പോകവെ അവിടെ ഇറങ്ങരുതെന്നു സ്ഥലവാസി മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, ഇവർ അതു കാര്യമായി എടുത്തില്ല. നാട്ടുകാരിയായ സുലീനയ്ക്കും കയത്തെക്കുറിച്ച് അറിയില്ലായിരുന്നു. കയത്തിൽ അകപ്പെട്ടുപോയാൽ രക്ഷപ്പെടുക പ്രയാസമാണ്. നീന്തൽ പരീശനത്തിനു പോകുന്നതിനാൽ അഞ്ജിലിക്കു മാത്രമേ അൽപം നീന്തൽ അറിയൂ.

നീന്തൽ ഒട്ടുമറിയാത്ത രണ്ടു കുട്ടികൾ രക്ഷപ്പെട്ടത് അദ്ഭുതമെന്നാണു നാട്ടുകാർ പറയുന്നത്. സമീപവാസികൾ ഉടനടി രക്ഷാപ്രവർത്തനം നടത്തിയതുകൊണ്ടു മാത്രമാണു ഇവരുടെ ജീവൻ തിരിച്ചു കിട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP