Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായിൽ വെച്ചുണ്ടായ ഹൃദയാഘാതത്തിൽ പൊലിഞ്ഞത് ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായിക; ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് നടൻ മോഹിത് മാർവയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയ വേളയിൽ; ഹൃദയാഘാതം ഉണ്ടായത് വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കവേ രാത്രി 11.30തോടെ; മരണസമയത്ത് സമീപത്തുണ്ടായിരുന്നത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും

ദുബായിൽ വെച്ചുണ്ടായ ഹൃദയാഘാതത്തിൽ പൊലിഞ്ഞത് ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായിക; ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് നടൻ മോഹിത് മാർവയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയ വേളയിൽ; ഹൃദയാഘാതം ഉണ്ടായത് വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കവേ രാത്രി 11.30തോടെ; മരണസമയത്ത് സമീപത്തുണ്ടായിരുന്നത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഒരു താരവിയോഗം. ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഉണ്ടായ ഹൃദയാഘാതത്തെതുടർന്ന് ദുബായിൽ വച്ചാണ് ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായികയുടെ അന്ത്യം സംഭവിച്ചത്. മരണസമയത്ത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് നടനായ മോഹിത് മാർവയുടെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

മരണവിവരം ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂർ സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി 11.30 നാണ് മരണം സംഭവിച്ചതെന്നാണ് സഞ്ജ് കപൂർ മാധ്യമങ്ങളോട് വ്യക്തമാക്കി. തെന്നിന്ത്യൻ സിനിമയിൽ നിന്നും തുടങ്ങി ബോളിവുഡിൽ തിളങ്ങുന്ന നടിയായ വ്യക്തിത്വമാണ് നടി ശ്രീദേവിയുടേത്. അഭിനയം കൊണ്ടും രൂപലാവണ്യം കൊണ്ടും ഭാഷാ ഭേദമന്യേ ഇന്ത്യൻ സിനിമാ ആരാധകരുടെ പിന്തുണ നേടാൻ അവർക്ക് സാധിച്ചിരുന്നു.

ഹിന്ദി, മലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി എത്തി നായികയായി തിളങ്ങിയ ശ്രീദേവി ഇടക്കാലം കൊണ്ട് സിനിമയിൽ നിന്നും വിട്ടു നിന്ന ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. വീണ്ടും സജീനവമായി സിനിമാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകവേയാണ് അവരെ തേടി അപ്രതീക്ഷിത വിയോഗമെത്തുന്നത്.

നാലാം വയസിൽ തുണൈവൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ദേവരാഗം, കുമാര സംഭവം ഉൾപ്പെടെയുള്ള 26 മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 1976 ൽ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം നായികയായി അഭിനയിക്കുന്നത്. 1983 ലെ ഹിമ്മത് വാല ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം. 1990 കളിൽ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി.

1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീ അമ്മ യാങ്കർ അയ്യപ്പൻ എന്ന ശ്രീദേവി ജനിച്ചത്. 1976ൽ കെ. ബാലചന്ദറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെ ആദ്യമായി നായികയായി. കമൽഹാസനും രജനീകാന്തിനും ഒപ്പമായിരുന്നു അരങ്ങേറ്റം. ഗായത്രി, പതിനാറ് വയതിനിലെ, സിഗപ്പ് റോജാക്കൾ, പ്രിയ, നിന്തും കോകില, മുണ്ട്രാം പിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. മൂന്നാം പിറൈ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം സ്വന്തമാക്കി.

1979-ൽ സോൾവ സവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. സഗ്മ, ഹിമ്മത്വാലാ, സോഫാ, നയാ, കദം, ആഗ്, ഷോലാ, ഭഗ്വാൻ, ദാദാ, കർമ്മ, മിസ്റ്റർ ഇന്ത്യ, ചാന്ദ്‌നി, ഹുദാ ഹവാ, വീർ റാഞ്ചാ, ചന്ദ്രമുഖി, ജുദായ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ലേഡി സൂപ്പർ സ്റ്റാറായിരുന്ന ശ്രീദേവി ഇക്കാലയളവിൽ തെലുങ്കിലും അഭിനയിച്ചു. 1992 രാം ഗോപാൽ വർമ്മ സംവിധാനം നിർവഹിച്ച ചിത്രത്തിലൂടെ മികച്ച തെലുങ്കു നടിക്കുള്ള ഫിലിം ഫെയർ അവാർഡും നേടി.

1997 ൽ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 2012 ൽ ഇംഗ്ലീഷ് വിങ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. തുടർന്ന് 2013 ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 2017 ൽ പുറത്തിറങ്ങിയ മാം (ങഛങ) ആണ് അവസാനമായി പുറത്തിറങ്ങിയ. ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മകൾ ജാഹ്നവിയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ശ്രീദേവി അന്തരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP