Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശസ്ത്രക്രിയാ ടേബിളിൽ അബോധാവസ്ഥയിൽ ഉള്ള ഒരു രോഗി എങ്ങനെയാണ് സ്വയം മാസ്‌ക് വലിച്ചൂരുന്നത്? അങ്ങനെ സംഭവിച്ചാൽ തന്നെ അത് കാണനോ മാസ്‌ക് തിരികെ വയ്ക്കാനോ തിയേറ്ററിൽ ആരും ഉണ്ടായില്ലേ? അരമണിക്കൂറോളം തലച്ചോറിലേക്ക് ജീവവായു എത്താതിരുന്നതോടെ ജീവന് ആപത്തായി; പിഴവ് മനസ്സിലായിട്ടും അതു മറയ്ക്കാൻ സൂരജിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ വിസമ്മതിച്ച മെഡിട്രീന ആശുപത്രി നടത്തിയതു കൊലപാതകം തന്നെ: ടെക്‌നോപാർക്കിലെ യുവ എൻജിനീയറുടെ ജീവനെടുത്ത ആശുപത്രിക്കെതിരെ ഉയരുന്നത് വൻ ജനരോഷം

ശസ്ത്രക്രിയാ ടേബിളിൽ അബോധാവസ്ഥയിൽ ഉള്ള ഒരു രോഗി എങ്ങനെയാണ് സ്വയം മാസ്‌ക് വലിച്ചൂരുന്നത്? അങ്ങനെ സംഭവിച്ചാൽ തന്നെ അത് കാണനോ മാസ്‌ക് തിരികെ വയ്ക്കാനോ തിയേറ്ററിൽ ആരും ഉണ്ടായില്ലേ? അരമണിക്കൂറോളം തലച്ചോറിലേക്ക് ജീവവായു എത്താതിരുന്നതോടെ ജീവന് ആപത്തായി; പിഴവ് മനസ്സിലായിട്ടും അതു മറയ്ക്കാൻ സൂരജിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ വിസമ്മതിച്ച മെഡിട്രീന ആശുപത്രി നടത്തിയതു കൊലപാതകം തന്നെ: ടെക്‌നോപാർക്കിലെ യുവ എൻജിനീയറുടെ ജീവനെടുത്ത ആശുപത്രിക്കെതിരെ ഉയരുന്നത് വൻ ജനരോഷം

അരുൺ ജയകുമാർ

തിരുവനന്തപുരം: 'അങ്കിളെ... ഒരു ചെറിയ സർജറിക്ക് കൊല്ലത്തെ ഒരു ആശുപത്രിയിൽ പോവുകയാണ്, മൈനർ സർജറിയാണ് ഒരു മണിക്കൂറ് കൊണ്ട് തീരും എന്നാണ് പോകുന്നതിന് മുൻപ് സൂരജ് എന്നോട് പറഞ്ഞത്. ഇപ്പോൾ ഒരു ആംബുലൻസിൽ ജീവനില്ലാത്ത ശരീരമായി കിച്ചുവിനെ കൊണ്ട് വന്നത് സത്യം പറഞ്ഞാൽ എനിക്ക് അങ്ങോട്ട് വിശ്വസിക്കാനാവുന്നില്ല. ജയന്റെ കരച്ചിൽ കാണാൻ വയ്യാത്തോണ്ടാണ് ഞാൻ അവിടെ നിക്കാത്തത്.' - കൊല്ലം മെഡിട്രീന ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം കൊല്ലപ്പെട്ട സൂരജിന്റെ മരണം പ്രദേശവാസികളിൽ സൃഷ്ടിച്ച ആഘാതം അയൽവാസിയായ സുഗതൻ പറഞ്ഞ ഈ വാക്കുകളിൽ നിന്നുതന്നെ വ്യക്തം. നാട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം പ്രിയങ്കരനായിരുന്ന കിച്ചുവിന്റെ വേർപാടിന്റെ ഞെട്ടലിലാണ് ഇപ്പോഴും ശ്രീകാര്യം സൂര്യ നഗറിലെ നാട്ടുകാർ.

കൊല്ലം മെഡിട്രീന ആശുപത്രിയിൽ മൂക്കിന് ഒരു ചെറിയ ശസ്ത്രക്രിയ നടത്താൻ പോയ സൂരജിന്റെ മരണമാണ് ആ ആശുപത്രി ആ നാട്ടുകാർക്കായി കാത്തുവച്ചത്. അവരുടെ വലിയൊരു പിഴവ്് ജീവനെടുത്തത് ടെക്‌നോപാർക്കിലെ മിടുക്കനായ എൻജീനീയറുടെ ജീവനാണ്. മൈനർ ശസ്ത്രക്രിയക്കിടെ ആശുപത്രിക്ക് ഉണ്ടായ പിഴവ് മറച്ചുവയ്ക്കാൻ മെഡിട്രീന നടത്തിയ നീക്കത്തെ പറ്റി അറിഞ്ഞതോടെ രോഷാകുലരാണ് നാട്ടുകാരും സൂരജിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും.

പിഴവ് തിരിച്ചറിഞ്ഞ് ആദ്യംതന്നെ അദ്ദേഹത്തെ നേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് വിട്ടിരുന്നുവെങ്കിൽ ആ യുവാവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ അപ്പോഴും തങ്ങൾക്ക് പറ്റിയ തെറ്റ് മൂടിവയ്ക്കാനും ആശുപത്രി മാറ്റുന്നതിൽ നിന്ന് ബന്ധുക്കളെ പിന്തിരിപ്പിക്കാനുമായിരുന്നു മെഡിട്രീന അധികൃതരുടെ ശ്രമം. ഇതിന് പിന്നിൽ മറ്റൊരു താൽപര്യവും ആശുപത്രിക്കാർക്ക് ഉണ്ടായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. കുറച്ചുദിവസം കൂടി ആശുപത്രിയിൽ കിടത്തിയിരുന്നെങ്കിൽ വൻ തുക ആ പേരിൽ ആശുപത്രി ബന്ധുക്കളിൽ നിന്ന് ഈടാക്കുമായിരുന്നു.

ഒന്നോ ഒന്നരയോ മണിക്കൂർകഴിഞ്ഞ് പുറത്തിറക്കുമെന്ന് പറഞ്ഞിട്ടും തിയേറ്ററിൽ നിന്ന് ഒരു വിവരവും ലഭിച്ചില്ല. ഇതിന് പിന്നാലെ ഡോക്ടർ വന്ന് പറയുന്നത് അവന്റെ ജീവനുവേണ്ടി പ്രാർത്ഥിക്കാനാണ്... ബന്ധുക്കൾ പറയുന്നു. സൂരജ് ഓക്‌സിജൻ മാസ്‌ക് വലിച്ചൂരിയെന്നും അതോടെ പ്രശ്‌നമായെന്നുമാണ് ഡോക്ടർ പറഞ്ഞത്. ശസ്ത്രക്രിയാ ടേബിളിൽ അബോധാവസ്ഥയിലോ അർധ ബോധാവസ്ഥയിലോ ആയ ഒരു രോഗി എങ്ങനെയാണ് സ്വയം മാസ്‌ക് വലിച്ചൂരുന്നത്?

അഥവാ അങ്ങനെ സംഭവിച്ചാൽ തന്നെ അത് കാണനോ മാസ്‌ക് തിരികെ വയ്ക്കാനോ തിയേറ്ററിൽ ആരും ഉണ്ടായില്ലേ.. അരമണിക്കൂറോളം തലച്ചോറിലേക്ക് ജീവവായു എത്താതിരുന്നതോടെയാണ് സൂരജിന്റെ ജീവന് ആപത്തുണ്ടാകുന്നതെന്ന് പിന്നീട് കിംസിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം മെഡിട്രീനയുടെ തട്ടിപ്പ് തിരിച്ചറിയുന്നത്.

ഇങ്ങനെയൊരു പിഴവു പറ്റിയ കാര്യം അപ്പോൾ തന്നെ അറിയിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലോ ്അതല്ലെങ്കിൽ മറ്റെവിടെയെങ്കിലും കൊണ്ടുപോകാനോ നിർദ്ദേശിച്ചിരുന്നെങ്കിൽ സൂരജിന്റെ ജീവൻ രക്ഷപ്പെട്ടേനെ. കഴിഞ്ഞ മാസം ഫെബ്രുവരി 27ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൂരജിനെ ശസ്ത്രക്രിയക്ക് കയറ്റുന്നത്. ഒരു മണിക്കൂറിനിടെ തന്നെ ഇത്തരമൊരു സങ്കീർണത ഉണ്ടായി. അപ്പോഴേ സത്യസന്ധമായി ഇക്കാര്യം അറിയിക്കുകയും ഐസിയു ആംബുസൻസിൽ സൂരജിനെ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയും ചെയ്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.

എന്നാൽ അന്നും പിറ്റേന്നുമെല്ലാം ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും ആശുപത്രി സൂരജിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സമ്മതിച്ചില്ല. ഒരു ദിവസം കൂടി കഴിഞ്ഞ് മാർച്ച് ഒന്നിനാണ് ബന്ധുക്കൾ സൗകര്യം ഏർപ്പെടുത്തി സൂരജിനെ കിംസിലേക്ക് കൊണ്ടുവരുന്നത്. അന്നും മെഡിട്രീനക്കാർ ഇതിന് സമ്മതിച്ചിരുന്നില്ല. കിംസിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് അരമണിക്കൂർ തലച്ചോറിലേക്ക ഓക്‌സിജൻ എത്താഞ്ഞത് ആ യുവാവിന്റെ ജീവന് ആപത്തായെന്ന വിവരം അറിയുന്നത്. കിംസ് അധികൃതർ അപ്പോൾതന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.

അപ്പോൾതന്നെ ഹൃദയവും ശ്വാസകോശവും ഒഴികെ മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു. മാത്രമല്ല അണുബാധയും ഉണ്ടായി. മെഡിക്കൽ കോളേജിൽ എത്തിയതോടെ ഈ യുവാവിനെ രക്ഷിക്കാൻ ഡോക്ടർമാർ ആവതും പരിശ്രമിച്ചു. പക്ഷേ, മാർച്ച് പതിനാലിന് രാവിലെ സൂരജ് മരണത്തിന് കീഴടങ്ങി. സൂരജിന്റെ ജീവൻ രക്ഷിക്കുന്നതിനേക്കാൾ അയാളെ വീണ്ടും ആശുപത്രി ഐസിയുവിൽ കിടത്തി പണം പിഴിയുക എന്ന നയമാണ് മെഡിട്രീന ആശുപത്രിക്കാർ സ്വീകരിച്ചതെന്ന് ബന്ധുക്കൾ പറയുന്നത് ഈ സാഹചര്യത്തിലാണ്.

അമ്മയുടെ നിഴലായി നടന്ന കിച്ചു ഏവർക്കും പ്രിയങ്കരൻ

മിനാഞ്ഞാന്ന് രാവിലെ മരിച്ച സൂരജിന്റെ മൃതശരീരം ഇന്നലെ വൈകുന്നേരത്തോടെയാണ് പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ് വീട്ടുവളപ്പിൽ സൂരജിന് അന്ത്യയാത്രയേകി നാട്ടുകാർ. മാന്യനായ ഒരു ചെറുപ്പക്കാരെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഒരുപോലെ അഭിപ്രായപ്പെടുന്ന സൂരജിന്റെ മരണം വിശ്വസിക്കാനാകാതെ നിൽക്കുകയാണ് എല്ലാവരും.

ജോലിയിൽ ആയാലും സൗഹൃദങ്ങളായാലും ഒരാളോട് പോലും മോശമായി ഒരു വാക്ക് പോലും പ്രയോഗിക്കാത്ത ആളായിരുന്നു സൂരജ്. സൂരജിന്റെ മരണം അമ്മ ഗീതയ്ക്കാണ് ഏറ്റവും വലിയ ആഘാതമെന്നാണ് ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. അച്ഛൻ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. എഞ്ചിനിയറിങ് ബിരുദധാരിയായ സൂരജിന് അച്ഛൻ വിചാരിച്ചാൽ വിദേശത്ത് ഒരു ജോലി തരപ്പെടുത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്നാൽ നാട്ടിൽ അമ്മ ഒറ്റയ്ക്കാകും എന്ന കാരണം പറഞ്ഞ് സൂരജ് വിദേശത്ത് പോലും പോകാൻ തയ്യാറായില്ല. അമ്മയോട് അത്ര സ്നേഹമായിരുന്നു അവന് അപ്പോൾ ആ അമ്മ ഇത് എങ്ങനെ സഹിക്കുമെന്നാണ് ബന്ധുവായ സ്ത്രീ മറുനാടൻ മലയാളിയോട് പറഞ്ഞത്.

തികഞ്ഞ ഈശ്വര വിശ്വാസിയും ഭക്തനുമായിരുന്നു സൂരജ്. എല്ലാ ദിവസവും രാവിലെ അമ്മയേയും കൊണ്ട് അമ്പലത്തിൽ പോകുമായിരുന്നു. അമ്മ അമ്പലത്തിൽ പോയില്ലെങ്കിലും സൂരജ് ആ പതിവ് തെറ്റിക്കാറുണ്ടായിരുന്നില്ല. വലിയ സൗഹൃദവലയമുള്ള വ്യക്തിയായിരുന്നില്ല സൂരജെന്നും ബന്ധുക്കൾ പറയുന്നു. വളരെ ചുരുക്കം സുഹൃത്തുക്കൾ മാത്രമാണ് അയാൾക്ക് ഉണ്ടായിരുന്നത്. വീടിനടുത്തുള്ള ചില സുഹൃത്തുക്കൾക്കൊപ്പം ഒഴിവ് സമയങ്ങളിൽ ക്രിക്കറ്റ് കളിക്കാൻ പോകും. ഓഫീസിലാണെങ്കിൽ തന്റെ ജോലിക്കായിരുന്നു സൂരജ് മുൻഗണന നൽകിയിരുന്നത്. എല്ലാവരോടും നല്ല സൗഹൃദം എന്നാൽ ജോലി കഴിഞ്ഞേ ഉള്ളു മറ്റെന്തും.

വീട്ടിൽ എത്തുന്ന അനിയൻ സുജിത്തിന്റെ സുഹൃത്തുക്കൾക്ക് പോലും വലിയ ബഹുമാനവും സ്നേഹവുമായിരുന്നു സൂരജിനോട്. സ്വന്തം ചേട്ടനോടൊക്കെ തോന്നുതിനെക്കാൾ വലിയ ബഹുമാനമാണ് ആ മനുഷ്യനോട് ഞങ്ങൾക്ക് തോന്നിയിട്ടുള്ളത്.അമ്മയാണ് ആ മനുഷ്യന് എല്ലാം. സൂരജ് ചേട്ടന്റെ അമ്മയുടെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം. സൂരജിന്റെ മരണവാർത്ത അറിഞ്ഞതോടെ തന്നെ അമ്മ ഗീത ബോധരഹിതയായി വീഴുകയായിരുന്നു. ഇന്നലെയും ആരോഗ്യ പ്രശ്നങ്ങൾ കാരണം അവർ ക്ഷീണിതയായിരുന്നു.

സംഭവത്തോടെ വ്യാപകമായ പ്രതിഷേധമാണ് മെഡിട്രീന ആശുപത്രിക്ക് എതിരെ ഉയരുന്നത്. തലസ്ഥാനത്ത് തന്നെ ഏതെങ്കിലും ആശുപത്രിയിൽ ഓപ്പറേഷൻ നടത്താമെന്ന് പറഞ്ഞെങ്കിലും ബന്ധുകൂടിയായ മെഡിട്രീനയിലെ ഡോക്ടർ ഇടപെട്ട് പ്‌ളാസ്റ്റിക് സർജറി നടത്താമെന്ന് പറഞ്ഞ് കൊല്ലത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കൾ മറുനാടനോട് പറഞ്ഞു. നാട്ടിലും ടെക്‌നോപാർക്കിലും ഏവർക്കും പ്രിയങ്കരനായിരുന്നു സൂരജ്. ആ യുവാവിന് ഇത്തരത്തിൽ ഒരു മരണം നേരിട്ടത് ആർക്കും വിശ്വസിക്കാനാവുന്നില്ല. കുറ്റക്കാരായ ആശുപത്രിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടും ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റും പോസ്റ്റുമോർ്ട്ടവും നടത്തണമെന്നും പറഞ്ഞ് ശ്രീകാര്യം ജനകീയവേദി പ്രവർത്തകരും രംഗത്തെത്തി. ടെക്നോപാർക്കിൽ സ്പെരികോൺ ടെക്നോളജി എന്ന സോഫ്റ്റ് വെയർ കമ്പനിയിൽ കമ്പ്യൂട്ടർ എൻജിനീയറായ സൂരജിന്റെ ജീവനാണ് ആശുപത്രിയുടെ പിഴവിൽ നഷ്ടപ്പെട്ടത്.

സംഭവത്തെ പറ്റി ബന്ധുക്കൾ പറയുന്നത് ഇങ്ങനെ:

ചെറുപ്പത്തിൽ സൂരജിന് മൂക്കിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോൾ മൂക്കിന് ചെറിയൊരു വളവുപോലെ ഉണ്ടായതോടെ ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇപ്പോൾ വിവാഹാലോചനകൾ നടന്നുവരികയായിരുന്നു. അതിന് മുമ്പ് മൂക്കിന്റെ പ്രശ്‌നം പരിഹരിണമെന്ന് സൂരജ് പറഞ്ഞിരുന്നു. അങ്ങനെയാണ് അച്ഛന്റെ കസിന്റെ മരുമകൻ കൂടിയായ മെഡിട്രീനയിലെ ഡോക്ടർ അനൂപിനെ കാണുന്നത്. അദ്ദേഹമാണ് മെഡിട്രീനയിൽ ഹാജരാകാമെന്നും അവിടെ പ്‌ളാസ്റ്റിക് സർജറി നടത്തി വളവ് മാറ്റാമെന്നും നിർദ്ദേശിച്ചത്. ഒരു മണിക്കൂർ നേരത്തെ കാര്യമേയുള്ളൂ എന്ന് പറഞ്ഞതോടെ അവിടെ ശസ്ത്രക്രിയക്ക് തയ്യാറായി ഇവർ 26ന് കൊല്ലത്തേക്ക് പോയി അഡ്‌മിറ്റായി. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സർജറിക്ക് കയറ്റി. ഡോ. അനൂപിന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു ശസ്ത്രക്രിയ. എട്ടൊമ്പത് മണിക്കൂർ പിന്നിട്ടിട്ടും വിവരമൊന്നും വന്നില്ല. ഇതിനിടെ ഡോക്ടർ പുറത്തുവന്ന് നില മോശമാണെന്ന് അറിയിക്കുകയായിരുന്നു.

സൂരജ് ശസ്ത്രക്രിയക്കിടെ ഓക്‌സിജൻ മാസ്‌ക് വലിച്ചൂരിയെന്നാണ് ആശുപത്രി നൽകിയ വിശദീകരണം. പിറ്റേന്നും അവിടെതന്നെ തുടരുകയും നില മെച്ചപ്പെട്ടതായി വിവരം കിട്ടാതാവുകയും ചെയ്തതോടെ ബന്ധുക്കൾ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ മെഡിട്രീനക്കാർ അതിന് സമ്മതിച്ചില്ല. പിറ്റേന്ന് മാർച്ച് ഒന്നിന് ബന്ധുക്കൾ നിർബന്ധിച്ച് തിരുവനന്തപുരം കിംസിലേക്ക് മാറ്റി. ഇവിടെയെത്തി എംആർഐ സ്‌കാൻ ഉൾപ്പെടെ ചെയ്തപ്പോഴാണ് തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായും അരമണിക്കൂറോളം തലച്ചോറിലേക്ക് ഓക്‌സിജൻ എത്താതിരുന്നതോടെ സംഭവിച്ചതാണ് ഇതെന്നും മനസ്സിലായത്. ഹൈപ്പോതലാമസ് മാത്രമേ അപ്പോൾ പ്രവർത്തിച്ചിരുന്നുള്ളൂ.

ഹൃദയവും ശ്വാസകോശവും ഒഴികെ മറ്റ് ആന്തരികാവയവങ്ങൾ പ്രവർത്തനം നിലച്ച് അണുബാധയുണ്ടാവുന്ന നിലയിൽ എത്തിയിരുന്നു. കിംസ് അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് മെഡിക്കൽ കോളേജിൽ സൂരജിനെ പ്രവേശിപ്പിക്കുന്നത്. എന്നാൽ പിന്നീട് ഇവിടെ നടത്തിയ ചികിത്സയും തുണയായില്ല. ഇന്നലെ രാവിലെ സൂരജ് വിടപറഞ്ഞു. ആശുപത്രിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ യുവാവിന്റെ ജീവനെടുത്തത് എന്ന് വ്യക്തമായതോടെയാണ് ബന്ധുക്കൾ പരാതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP