Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശികലയുടെ ഭർത്താവ് നടരാജൻ അന്തരിച്ചു; വിടവാങ്ങുന്നത് ജയലളിതയുടെ ഭരണകാലത്ത് തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമായ വ്യക്തി

ശശികലയുടെ ഭർത്താവ് നടരാജൻ അന്തരിച്ചു; വിടവാങ്ങുന്നത് ജയലളിതയുടെ ഭരണകാലത്ത് തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമായ വ്യക്തി

ചെന്നൈ: അഴിമതിക്കേസിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ജയലളിതയുടെ തോഴി ശശികലയുടെ ഭർത്താവ് എം.നടരാജൻ (74)അന്തരിച്ചു. പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ജയലളിത മുഖ്യമന്ത്രിയാക്കിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പിന്നണിയിൽ പ്രവർത്തിച്ചവരിൽ പ്രമുഖനാണ് നടരാജൻ. മന്നാർഗുഡി മാഫിയയിലെ പ്രമുഖൻ. വർഷങ്ങളായി പൊതുരംഗത്ത് സജീവമല്ലാത്ത നടരാജൻ ജയലളിതയുടെ മരണശേഷമാണ് വീണ്ടും സജീവമായി. ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം പൊളിയുകയും ചെയ്തു. ഇതിനിടെയാണ് അസുഖബാധിതനാകുന്നത്

അഞ്ചുമാസംമുൻപ് കരൾ, വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ രണ്ടാഴ്ചമുൻപാണ് വീണ്ടും ആശുപത്രിയിലാക്കിയത്. ശനിയാഴ്ച രാത്രി കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിഞ്ഞത്. അനധികൃതസ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന ശശികല, ഭർത്താവിന്റെ ആരോഗ്യനില കാണിച്ച് പരോളിന് അപേക്ഷ നൽകിയിരുന്നു. ഒക്ടോബറിൽ അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവർക്ക് അഞ്ചുദിവസം പരോൾ ലഭിച്ചിരുന്നു.

ജയലളിതയേയും ശശികലയേയും തമ്മിൽ അടുപ്പിച്ചത് നടരാജനായിരുന്നു. ജയലളിതയുടെ ഭരണ കേലത്ത് ഏറെ സ്വാധീനമുണ്ടായിരുന്ന നേതാവ്. എ.ഐ.എ.ഡി.എം.കെ.യുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നില്ലെങ്കിലും ഒ.പനീർശെൽവം വിമതസ്വരമുയർത്തിയപ്പോഴടക്കം ശശികലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അനധികൃതസ്വത്ത് കേസിൽ ജയിലിൽ പോകേണ്ടിവന്നപ്പോൾ നടരാജനെ പാർട്ടിയിൽനിന്ന് അകറ്റിനിർത്തിയ ശശികല എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വം സഹോദരീപുത്രൻ ടി.ടി.വി.ദിനകരനെയാണ് ഏൽപ്പിച്ചത്.

ജയലളിതയുടെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തിൽ നടരാജനായിരുന്നു പ്രധാനപ്പെട്ട ഉപദേശകരിൽ ഒരാൾ. 1989-ലെ തിരഞ്ഞെടുപ്പിൽ നടരാജനാണ് ജയലളിതയുടെ ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക പങ്കു വഹിച്ചത്. പക്ഷേ, അതിനുശേഷം ജയലളിത നടരാജനുമായി തെറ്റി. നടരാജനെ ജയലളിത പോയസ് ഗാർഡനിലെ വീട്ടിൽ നിന്ന് പുറത്താക്കി. 1991-നും '96-നുമിടയിൽ നടരാജനെ തള്ളിപ്പറഞ്ഞുകൊണ്ട് ജയലളിത പരസ്യപ്രസ്താവനകൾ തന്നെയിറക്കിയിരുന്നു. ജയലളിത ആശുപത്രിയിലായതിനുശേഷം നടരാജൻ വീണ്ടും സജീവമായി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയെ ചെന്നൈയിൽ ജയലളിതയെ കാണാൻ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയതിനു പിന്നിൽ നടരാജനുണ്ടായിരുന്നെന്നും അഭ്യൂഹമുണ്ടായിരുന്നു. പിന്നീട് ഭാര്യയെ മുഖ്യമന്ത്രിയാക്കാനുള്ള കളികളും നടത്തി.

ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിയമിക്കപ്പെട്ട പബ്‌ളിക് റിലേഷൻസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു നടരാജൻ. ശശികലയുടെയും നടരാജന്റെയും കല്ല്യാണം നടത്തിക്കൊടുത്തത് കരുണാനിധിയാണ്.അക്കാലത്ത് ചെന്നൈയിൽ വീഡിയോപാർലർ നടത്തിയിരുന്ന ശശികലയെ നടരാജന്റെ അഭ്യർത്ഥനയെ തുടർന്ന് ജയലളിതയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഐ എ എസ് ഓഫീസറായിരുന്ന ചന്ദ്രലേഖയാണ്.

എഐഎഡിഎംകെ പ്രചാരണവിഭാഗം സെക്രട്ടറിയായിരുന്ന ശശികല ജയലളിതയുടെ ചില യോഗങ്ങളുടെ വീഡിയോ കവറേജ് ഏറ്റെടുത്തു.അങ്ങിനെ തുടങ്ങിയ സൗഹൃദമാണ് ശശികലയെ ജയലളിതയുടെ സന്തതസഹചാരിയാക്കിയത്. ഇതിലൂടെ നടരാജൻ തമിഴ് രാഷ്ട്രീയത്തിലെ പ്രധാനിയായും മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP