Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിതം തെയ്യത്തിനായി ഉഴിഞ്ഞുവച്ച രാമൻ പെരുമലയൻ യാത്രയാകുന്നത് അർഹമായ അംഗീകരങ്ങളൊന്നും ലഭിക്കാതെ; അഗ്‌നികണ്ഠാകർണ്ണൻ 16 പ്രാവശ്യം കെട്ടിയാടി; 111ാം വയസിൽ രാമൻ ഉദയ വർമ്മ പെരുമലയൻ വിടവാങ്ങുന്നത് തെയ്യത്തെ ലോകമറിയുന്ന കലാരൂപമാക്കിയിട്ട്  

ജീവിതം തെയ്യത്തിനായി ഉഴിഞ്ഞുവച്ച രാമൻ പെരുമലയൻ യാത്രയാകുന്നത് അർഹമായ അംഗീകരങ്ങളൊന്നും ലഭിക്കാതെ; അഗ്‌നികണ്ഠാകർണ്ണൻ 16 പ്രാവശ്യം കെട്ടിയാടി; 111ാം വയസിൽ രാമൻ ഉദയ വർമ്മ പെരുമലയൻ വിടവാങ്ങുന്നത് തെയ്യത്തെ ലോകമറിയുന്ന കലാരൂപമാക്കിയിട്ട്   

തെയ്യാട്ടരംഗത്തെ കുലപതി തെയ്യത്തെ ലോകമറിയുന്ന കലയാക്കി മാറ്റിയ അഗ്രകണ്യൻ വിടവാങ്ങുന്നത് അർഹമായ അംഗീകാരങ്ങളൊന്നും ലഭിക്കാത.നാലുതലമുറയെ കാണാൻ ഭാഗ്യംസിദ്ധിച്ച കൊളച്ചേരിയിലെ തവിടാട്ടുവളപ്പിൽ രാമൻ പെരുമലയന് വൈകിയെത്തിയ വസന്തമായിരുന്നു ഫോക്ലോർ അക്കാദമി അവാർഡ്. വിശ്രമജീവിതം നയിക്കുന്നതിനിടയിലാണ് ഈ വന്ദ്യവയോധികനെ തേടി 110ാം വയസിൽ അവാർഡ് എത്തുന്നത്.

കൊളച്ചേരി കരുവാര ഇല്ലത്തിന് സമീപം താമസിക്കുന്ന രാമൻ പെരുമലയൻ മലയസമുദായം കെട്ടിയാടുന്ന എല്ലാ തെയ്യങ്ങളേയും ഇതിനകം കെട്ടിയാടിയിട്ടുണ്ട്. തെയ്യകലാകാരന്മാർ അപൂർവമായിരുന്ന ഇദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് മൂന്നാം വയസ്സിൽ ആടിവേടൻ കെട്ടിയാണ് തെയ്യം കലയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട് ജീവിതംതന്നെ തെയ്യം ഉപാസനക്കായി മാറ്റിവെക്കുകയായിരുന്നു.

ഒറ്റക്കോലം, ഘണ്ടകർണൻ, പൊട്ടൻ തെയ്യം തുടങ്ങി കൊളച്ചേരി പ്രദേശത്ത് മാത്രം ഓണക്കാലത്ത് കെട്ടിയാടിയിരുന്ന കഥകളിരൂപത്തോട് സാദൃശ്യമുള്ള തെയ്യവും മാവേലിയും ഒത്തുചേരുന്ന കൃഷ്ണപ്പാട്ട് എന്ന വേറിട്ട കോലവും ഇദ്ദേഹം കെട്ടിയിരുന്നു. ഇപ്പോൾ കാഴ്ചയിൽ 111ന്റെ അവശതകൾ അലട്ടിയിരുന്നെങ്കിലും തെയ്യത്തിന്റെ അനുഷ്ഠാനങ്ങളെ കുറിച്ച്, തന്നെ തേടിയെത്തുന്ന പുതുതലമുറക്ക് അറിവുപകരാൻ ഇദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നു. തെയ്യങ്ങളുടെ തോറ്റംപാട്ടിലും അണിയലം നിർമ്മാണത്തിലും ചെണ്ടമേളത്തിലും അപാരമായ കഴിവായിരുന്നു ഇദ്ദേഹത്തിന്.

ഈ തെയ്യക്കാരൻ അവശകലാകാരനുള്ള പെൻഷനോ മറ്റ് അംഗീകാരങ്ങളോ നല്കാൻ അധികൃതർ തയ്യാറായിട്ടില്ലെങ്കിലും ആരോടുമില്ല പരിഭവമില്ലായിരുന്നു. വാർധക്യപെൻഷനും ലഭിച്ചിട്ടില്ല.കൊളച്ചേരി ദേശത്തിന്റെ ഈ പെരുമലയൻ പ്രായാധിക്യം മൂലം തെയ്യപ്പറമ്പുകളോട് വിട പറഞ്ഞെങ്കിലും കനലാട്ടം നടത്തിയ കോലങ്ങളുടെ ഓർമ്മകളുമായിട്ടായിരുന്നു പിന്നെയുള്ള വിശ്രമജീവിതം.

കൊളച്ചേരിയിലെ ആപ്പപണിക്കരുടെയും ചെറിയ പൈതലിന്റെയും അഞ്ചു മക്കളിൽ മൂന്നാമനാണ് ഇദ്ദേഹം. ചെറിയ വയസിൽ അച്ഛനൊപ്പം ആടിവേടന് കെട്ടി. അച്ഛന്തന്നെയാണ് തെയ്യവും തോറ്റവും പഠിപ്പിച്ചത്. ബാല്യംമുതൽ അച്ഛനൊപ്പം തെയ്യാട്ടക്കാവുകളില് സഞ്ചരിച്ച് അനുഷ്ഠാനത്തിന്റെ എല്ലാകാര്യങ്ങളും ഹൃദിസ്ഥമാക്കി.

കരുമാരത്തില്ലത്തുനിന്ന് പണിക്കരായി ആചാരപ്പെട്ടു. മലയസമുദായം കെട്ടിയാടുന്ന എല്ലാ തെയ്യങ്ങളെയും അരങ്ങിലെത്തിച്ചു. കെട്ടിയാടാന് ഏറെ പ്രയാസമുള്ള അഗ്‌നികണ്ഠാകർണ്ണൻ 16 പ്രാവശ്യം കെട്ടിയിട്ടുണ്ട്. തീച്ചാമുണ്ഡി, ഭൈരവന്, പൊട്ടന്, ഗുളികന്, പൂക്കുട്ടിച്ചാത്തന്, കരിങ്കുട്ടിശാസ്തന്, രക്തചാമുണ്ഡി, കരുവാള് അടക്കം നിരവധി തെയ്യങ്ങളിലൂടെ ദേശത്തിന്റെ ആദരം സമ്പാദിച്ചു.

അണിയലങ്ങളായ കൂപ്പി, ലക്ഷ്മിക്കാത്, കുട്ടിക്കാല്, തലമല്ലിക, വളയന്, ചൂടകം, ഒടിച്ചുകുത്തി, തണ്ടവള തുടങ്ങിയവ നിര്മിക്കുന്നതിലും വാദ്യത്തിലും പ്രാഗത്ഭ്യം നേടി. ബാലചികിത്സയിലും കേമനായിരുന്നു. പ്രസവശുശ്രൂക്ഷയില് വിദഗ്ധയായ ഭാര്യ ചെറിയ വർഷങ്ങള്ക്ക് മുമ്പ് മരിച്ചു.മൂത്ത മകളായ ചിരുതേയിക്കുട്ടിക്കൊപ്പം തളിപ്പറമ്പ് കുറ്റിക്കോല് മുണ്ടപ്രയിലായിരുന്നു താമസം

മക്കൾ:ചിരുതൈ (കുറ്റിക്കോൽ), ശാംബവി (വടക്കാച്ചേരി), പ്രേമി (കൂടാളി), ശ്രീമണി (കുറുമാത്തൂർ), ശ്രീദേവി (കോറോം), പരേതയായ തങ്കം. മരുമക്കൾ: ലക്ഷ്മണൻ (കൂടാളി ഗ്രാമപഞ്ചായത്ത് അംഗം), കൃഷ്ണൻ പണിക്കർ (കുറുമാത്തൂർ), പരേതരായ കുഞ്ഞിക്കണ്ണൻ, കണ്ണൻ പണിക്കർ. സംസ്‌കാരം ചൊവാഴ്ച രാവിലെ പത്തിന് കൊളച്ചേരിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP