Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതി അനുവദിച്ചതോടെ ചുംബന കൂട്ടായ്മ്മക്ക് ചൂടുകൂടി; റീമയും ആഷിഖും എത്തുമെന്ന് അണിയറ സംസാരം; ചൂരൽ കഷായം സമ്മാനിക്കുമെന്ന് ശിവസേന; ചാനൽ ചർച്ചയ്ക്കിടെ ചുംബിച്ചപ്പോൾ യുവമോർച്ചയുടെ അതിക്രമം

കോടതി അനുവദിച്ചതോടെ ചുംബന കൂട്ടായ്മ്മക്ക് ചൂടുകൂടി; റീമയും ആഷിഖും എത്തുമെന്ന് അണിയറ സംസാരം; ചൂരൽ കഷായം സമ്മാനിക്കുമെന്ന് ശിവസേന; ചാനൽ ചർച്ചയ്ക്കിടെ ചുംബിച്ചപ്പോൾ യുവമോർച്ചയുടെ അതിക്രമം

കൊച്ചി: കേരളത്തിൽ അങ്ങോളമിങ്ങോളം വ്യാപിക്കുന്ന സദാചാര ഗുണ്ടായിസത്തിനെതിരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ചുംബന കൂട്ടായ്മ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദഗതികൾ നടക്കുന്നതിനിടെ കൂട്ടായ്മയുമായി മുന്നോട്ട് പോകാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാർക്കെതിരെ അണിനിരക്കുക എന്ന സന്ദേശവുമായാണ് ചുംബനക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ 300 ലധികം പേർ അണിനിരക്കുമെന്ന് സംഘടാകർ പറഞ്ഞു.

പരിപാടിയെക്കുറിച്ചുള്ള പൂർണ വിവരം ഇന്ന് മാദ്ധ്യമ പ്രവർത്തകരുമായി പങ്കുവയ്ക്കുമെന്നും കിസ് ഒഫ് ലൗവ് കൂട്ടായ്മ കൺവീനർ രാഹുൽ പശുപാലൻ വ്യക്തമാക്കിയിട്ടണ്ട്. സിനിമാ സംവിധായകൻ ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്ന അണിയറ സംസാരം ശക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ ആഷിഖും റിമയും മൗനത്തിലാണ്. അതുകൊണ്ട് ഇക്കാര്യം ഉറപ്പിക്കാനും സാധിക്കില്ല. വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖരും പരിപാടിയിൽ അണിനിരക്കുമെന്നുണ്ട്. എന്നാൽ എന്തുവന്നാലും ചുംബനകൂട്ടായ്മ തടയുമെന്ന നിലപാടിലാണ് ചില തീവ്രനിലപാടുള്ള സംഘടനകൾ.

അതേസമയം, ഏതുസാഹചര്യവും നേരിടാൻ പൊലീസ് സജ്ജമാണെന്ന് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ആർ. നിശാന്തിനി പറഞ്ഞു. പരിപാടിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല. കൂട്ടായ്മയെ എങ്ങനെ നേരിടണമെന്ന് ഇന്ന് തീരുമാനിക്കും. സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും നിശാന്തിനി പറഞ്ഞു. പരിപാടി ക്രമസമാധാനത്തെ ബാധിക്കുന്ന കാര്യമായി മാറിയതോടെ വൻ പൊലീസ് സന്നാഹവും കൊച്ചിയിൽ പൊലീസ്. ഈ വിഷയത്തിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ചുംബനക്കൂട്ടായ്മ പ്രവർത്തകരെ ചാനൽ സ്റ്റുഡിയോയിൽ വച്ച് കൈയേറ്റം ചെയ്യുന്ന സ്ഥിതിവിശേഷവും ഇന്നലയുണ്ടായി. മാതൃഭൂമി ന്യൂസ് ചാനൽ സംഘടിപ്പിച്ച ചർച്ചക്കിടെയാണ് സംഘർഷമുണ്ടായത്. അപർണാ കുറുപ്പ് അവതാരകയായ ഞങ്ങൾക്കും പറയാനുണ്ട് എന്ന ഷോയുടെ ഷൂട്ടിംഗിനിടെയാണ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഇരുവിഭാഗങ്ങൾ തർക്കവും കയ്യേറ്റ ശ്രമവുമുണ്ടായത്. ചാനൽ സ്റ്റുഡിയോയിൽ നടന്ന ഷൂട്ടിംഗിൽ കിസ് ഓഫ് ലൗ ഫേസ്‌ബുക്ക് കൂട്ടായ്മയിലെ പ്രവർത്തകരെ യുവമോർച്ചാ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

ചർച്ച പുരോഗമിക്കമെ ഒരു ഘട്ടത്തിൽ പൊതുസ്ഥലങ്ങളിൽ ഉമ്മ വയ്ക്കാനുള്ള ധൈര്യമുണ്ടെയെന്ന ചോദ്യമുയർന്നതിനെ തുടർന്ന് കിസ് ഓഫ് ലൗ സംഘാടകൻ രാഹുൽ ഭാര്യ രശ്മിയുടെ കവിളത്ത് ചുംബിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ യുവമോർച്ച പ്രവർത്തകർ ഒച്ചയുണ്ടാക്കി എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ്, ജമാഅത്ത് കോൺഫെഡറേഷൻ കമ്മിറ്റി എന്നീ സംഘടനകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു. സംഘർഷതതെ തുടർന്ന് ജമാഅത്ത് ഫെഡറേഷൻ പ്രവർത്തകർ ഷോ ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതിനിടെ പ്രവർത്തകർ രാഹുലിനെയും രശ്മിയെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. അതേസമരം ചുംബന സംഗമത്തിന് തങ്ങൾക്ക് എതിർപ്പില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് അറിയിച്ചു.

നാളെ നടക്കുന്ന ചുംബനസമരത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ ചൂരലിന് അടിച്ചോടിക്കുമെന്ന് ശിവസേനയും ഭീഷണി മുഴക്കിയിട്ടുണ്ട്. ശിവസേന എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ മുപ്പതോളം നേതാക്കൾ പങ്കെടുത്ത രഹസ്യയോഗത്തിലാണ് തീരുമാനം. ഭാരതസംസ്‌കാരത്തിന് യോജിക്കാത്ത ചുംബന കൂട്ടായ്മയെ എന്തുവില കൊടുത്തും എതിർക്കാനാണ് നീക്കം. 2009ലെ പ്രണയദിനത്തിൽ മംഗലാപുരത്തെ പബ്ബുകളിലെത്തിയ കമിതാക്കളെ ശ്രീരാമസേനയുടെ നേതൃത്വത്തിൽ അടിച്ചോടിച്ചതുപോലെ മറൈൻഡ്രൈവിൽ ചുംബനകൂട്ടായ്മയിലെത്തുന്നവരെ തല്ലിയോടിക്കാനാണ് ആഹ്വാനം. ഇങ്ങനെ ചെയ്താൽ സംഘടനയ്ക്ക് എളുപ്പത്തിൽ പ്രശസ്തി നേടാമെന്നും സംഘടന കരുതുന്നു.

ചുംബന സമരക്കാരെ നേരിടുന്നതിനായി രണ്ടു പേരടങ്ങുന്ന പത്തു സ്‌ക്വാഡുകളെ നിയോഗിച്ചെന്നാണറിവ്. ഇവർക്കു പ്രത്യേക പരിശീലനം നൽകി. അഞ്ഞൂറോളം പ്രവർത്തകരെ അണിനിരത്താനാണ് പദ്ധതി. ഇവർക്കായി ചൂരൽക്കെട്ടുകളും എത്തിച്ചതായാണ് അറിയുന്നത്. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ വ്യാജ പ്രൊഫൈലിൽ ഫേസ് ബുക്കിലുള്ളവരാണ് ചുംബനക്കൂട്ടായ്മക്ക് പിന്നിലെന്നും യുവാക്കളെ ആകൃഷ്ടരാകുന്ന വിഷയങ്ങൾ ഏറ്റെടുത്ത് പ്രചാരണം നടത്തുന്ന ഇവർ ചില മത തീവ്രവാദ സംഘടനകളുടെ വക്താക്കളാണെന്നും ശിവസേന വിലയിരുത്തി.

കോളജ്, പ്രഫഷണൽ കോഴ്‌സ് വിദ്യാർത്ഥികളിലൂടെയാണ് ഇവരുടെ പ്രവർത്തനം. സൈബർ ലോകത്തിന് അടിമകളായ ന്യൂ ജനറേഷനെ അതേ മാർഗത്തിൽ വരുതിയിലാക്കുകയാണ് ഇവർ. ഹോസ്റ്റലുകളിലും ഹോം സ്‌റ്റേകളിലും താമസിക്കുന്ന വിദ്യാർത്ഥിനികളും ഇവർക്കൊപ്പം കൂടുന്നുണ്ട്. സ്ത്രീസാന്നിധ്യം എത്തുന്നതോടെ ന്യൂ ജനറേഷൻ യുവാക്കളും ആകൃഷ്ടരാകുന്നു. സംസ്‌കാരത്തിന് നിരക്കാത്ത പരിപാടികളെ എതിർക്കാൻ കഴിഞ്ഞ ബുധനാഴ്ച കൊല്ലം കല്ലമ്പലത്ത് ചേർന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റിയാണ് നിർദ്ദേശിച്ചത്. ഇത് പ്രകാരം മുന്നോട്ട് പോകാനാണ് ശിവസേനയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP