Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രാഞ്ചിയേട്ടന്മാർക്ക് മാത്രം മതിയോ പത്മശ്രീ? പ്രകൃതിയേയും മനുഷ്യനേയും ഒരുപോലെ സ്‌നേഹിക്കുന്ന വാവ സുരേഷിന് പത്മശ്രീ കൊടുക്കാൻ വകുപ്പില്ലേ? ഈ കാമ്പയിനിൽ മനുഷ്യസ്‌നേഹികൾ എല്ലാം ഒരുമിച്ച് അണിനിരക്കട്ടെ

പ്രാഞ്ചിയേട്ടന്മാർക്ക് മാത്രം മതിയോ പത്മശ്രീ? പ്രകൃതിയേയും മനുഷ്യനേയും ഒരുപോലെ സ്‌നേഹിക്കുന്ന വാവ സുരേഷിന് പത്മശ്രീ കൊടുക്കാൻ വകുപ്പില്ലേ? ഈ കാമ്പയിനിൽ മനുഷ്യസ്‌നേഹികൾ എല്ലാം ഒരുമിച്ച് അണിനിരക്കട്ടെ

തിരുവനന്തപുരം: മറ്റൊരു പത്മ സീസണിന് കൂടി സമയമായിരിക്കുന്നു. പത്മശ്രീ ലഭിക്കാൻ പേരുകൾ നോമിനേറ്റ് ചെയ്യേണ്ട അവസാന തീയതി ഇന്ന് സമാപിച്ചതോടെ രാജ്യമെമ്പാടു നിന്നും അവാർഡ് മോഹികളായ 2000 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകളും വിവിധ സർക്കാർ വകുപ്പുകളും ഒക്കെയാണ് ഇങ്ങനെ പേരുകൾ ശുപാർശ ചെയ്തവരിൽ ഭൂരിപക്ഷം എങ്കിലും നോമിനേഷൻ ലഭിച്ച പകുതിയോളം പേർ സ്വന്തമായും ബന്ധുക്കൾ വഴിയും ശുപാർശ ചെയ്തവരാണ്. കേരളത്തിലെ അറിയപ്പെടുന്ന പ്രാഞ്ചിയേട്ടന്മാർ പലരും ഇക്കുറിയും പത്മശ്രീ മോഹത്തോടെ നോമിനേഷൻ സമർപ്പിച്ച് കഴിഞ്ഞു.

ഇനി ഈ വർഷം ആർക്കും നോമിനേഷൻ നല്കാൻ സാധ്യമല്ലെങ്കിലും കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി സ്‌നേഹിയും മനുഷ്യസ്നേഹികളിൽ ഒരാളുമായ വാവാ സുരേഷിന് വേണ്ടി മറുനാടന്റെ പിന്തുണയോടെ ഒരു കാംപയ്ൻ ആരംഭിക്കുകയാണ്. വരുന്ന ജനുവരി 26 ന് പ്രഖ്യാപിക്കുന്ന അവാർഡിന് വേണ്ടിയല്ല 2016 ലെ അവാർഡിന് വേണ്ടിയാണ് ഈ കാംപയ്‌നിങ് ആരംഭിക്കുന്നത്. വാവ സുരേഷിന് പത്മശ്രീ അവാർഡിന് അർഹത ഉണ്ട് എന്ന് അധികൃതരെ ബോധ്യപ്പെടുത്താനും അതൊരു ജനകീയ ആവശ്യമായി ഉയർത്തിക്കൊണ്ടുവരാനും ആയിരിക്കും ആദ്യ ശ്രമം. രാഷ്ട്രീയവും മതവും മറ്റും തലയ്ക്ക് പിടിച്ചിട്ടില്ലാത്ത നല്ലവരായ മലയാളികളെ മുഴുവൻ ഒരുമിച്ച് നിർത്തി ഈ ആവശ്യം നേടി എടുക്കാൻ മുൻപിൽ നിന്ന് പോരാടാൻ ആണ് ഞങ്ങളുടെ തീരുമാനം.

പത്മശ്രീയ്ക്ക് നോമിനേഷൻ നൽകാൻ സർക്കാരുകൾക്ക് മാത്രമല്ല ഓരോ ഇന്ത്യൻ പൗരനും അധികാരമുണ്ട്. ആ അധികാരം ഉപയോഗിച്ച് പരമാവധി നോമിനേഷനുകൾ നൽകി വാവയുടെ പേര് കേന്ദ്രസർക്കാരിന് ഒഴിവാക്കാൻ വയ്യാത്ത സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. പ്രാഞ്ചിയേട്ടന്മാരുടെ പേര് നോമിനേറ്റ് ചെയ്യാൻ മത്സരിക്കുന്ന മന്ത്രിമാരും എംഎൽഎമാരും ഒക്കെ വാവയുടെ പേര് തള്ളിക്കളയുമോ എന്ന് നമുക്ക് ആദ്യം പരീക്ഷിക്കാം. ആയിരക്കണക്കിന് ആളുകൾ ഒരുപോലെ നോമിനേറ്റ് ചെയ്താൽ തിരസ്‌കരിക്കാൻ മാത്രം മനുഷ്യത്വം ഇല്ലാത്ത ആളാകാൻ ഇടയില്ല നമ്മുടെ പ്രധാനമന്ത്രി എന്നത് ഈ കാമ്പയിന് ആവേശം നൽകുന്ന കാര്യമാണ്.

ഈ കാമ്പയിന്റെ ആദ്യഘട്ടം എന്ന നിലയിൽ വി വാണ്ട് പത്മശ്രീ ഫോർ വാവ സുരേഷ് എന്ന ഫേസ്‌ബുക്ക് പേജിനെ പരമാവധി പ്രമോട്ട് ചെയ്യാനാണ് മറുനാടൻ ടീമിന്റെ തീരുമാനം. ഈ കാമ്പയിനിൽ പങ്ക് ചേരാൻ ഈ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയുമാണ് വായനക്കാർ ചെയ്യേണ്ടത്. ആയിരക്കണക്കിന് പേർ ലൈക്ക് ചെയ്താൽ തീർച്ചയായും ഇതൊരു ജനകീയ വിഷയമായി അധികൃതർക്ക് മനസ്സിലാകും. പത്മശ്രീയുടെ ചരിത്രത്തിൽ ഇതുപോലെ ഒരു ശ്രമം ഒരുപക്ഷേ, ഇതിന് മുമ്പ് ഉണ്ടായിട്ടില്ല എന്നും വരാം. എങ്കിലും ജനങ്ങൾ വാവ സുരേഷിനെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളമായി ഇത് മാറും. രണ്ട് ദിവസം മുമ്പ് മാത്രം ആരംഭിച്ച ഈ ഫേസ്‌ബുക്ക് പേജ് ഇതിനോടകം 600 പേർ ലൈക്ക് ചെയ്ത് കഴിഞ്ഞു. ഇത് ലക്ഷമായി മാറ്റാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. വാവാ സുരേഷിന് പത്മശ്രീ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കാമ്പയിനെ പിന്തുണയ്ക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്ത് ലൈക്ക് ചെയ്യുക.

ഒരു വർഷം തുടർച്ചയായി ഈ കാമ്പനിയുമായി മുന്നോട്ട് പോകാൻ ആണ് മറുനാടൻ മലയാളിയുടെ തീരുമാനം. ഇതേ ആവശ്യം ഉപയോഗിച്ചുള്ള നിവേദനങ്ങൾ വിദഗ്ധരുടെ പ്രതികരണങ്ങൾ തുടങ്ങിയവ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്. ആദ്യപടി എന്ന നിലയിൽ ഈ ഫേസ്‌ബുക്ക് കാമ്പയിനെ പിന്തുണയ്ക്കുക. വലിയൊരു ജനകീയ ആവേശമായി ഇത് മാറുമ്പോൾ അധികൃതർക്ക് മാറി നിൽക്കാൻ സാധിക്കില്ലെന്നു തീർച്ചയാണ്.

പത്മവിഭൂഷൻ, പത്മഭൂഷൻ പത്മശ്രീ എന്നിങ്ങനെ മൂന്നു അവാർഡുകളാണ് റിപ്പബ്ലിക് ഡേ ദിനത്തിൽ രാഷ്ട്രപതി സമ്മാനിക്കുന്നത്. സെപ്റ്റംബർ 15 വരെ ലഭിക്കുന്ന നോമിനേഷനുകൾ പത്മകമ്മറ്റി പരിഗണിച്ച ശേഷം പ്രധാനമന്ത്രിയാണ് അന്തിമ ലിസ്റ്റ് തീരുമാനിക്കുന്നത്. കോടികൾ മുടക്കിയാണ് പല പ്രമുഖരും പത്മ അവാർഡുകൾ കരസ്ഥമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഓരോ തവണയും അവാർഡ് പ്രഖ്യാപന സമയത്ത് വൻ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. പേര് നോമിനേറ്റ് ചെയ്യുന്നത് മുതൽ ലഭിക്കുന്നതുവരെയുള്ള കാലത്ത് പല തട്ടുകളിൽ പണം കൊടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പാതിയോളം അവാർഡുകൾ കഴിവും പ്രതിഭയും പരിഗണിച്ച് മാത്രമാണ് നൽകുന്നത്.

കൈക്കൂലി വാങ്ങി അവാർഡ് കൊടുക്കുന്നതായി പ്രധാനമായും ആരോപണങ്ങൾ ഉയരുന്നത് ബിസിനസ്സ് മേഖലയിൽ കൊടുക്കുന്ന അവാർഡുകൾക്കാണ്. പത്ത് വിവിധ മേഖലകളിലാണ് പത്മ അവാർഡുകൾ നല്കുന്നത്. ആർട്ട്, സോഷ്യൽ വർക്ക്, പബ്ലിക് അഫയേഴ്‌സ്, സയൻസ് ആന്റ് എഞ്ചിനീയറിങ്, ട്രെഡ് ആന്റ് ഇൻഡസ്ട്രി, മെഡിസിൻ, ലിറ്ററേച്ചർ ആന്റ് എഡുക്കേഷൻ, സിവിൽ സർവ്വീസ്, സ്പോർട്സ്, അതേസ് എന്നിങ്ങനെയാണ് ഈ മേഖല. മുകളിൽ സൂചിപ്പിക്കാത്ത ആർക്കും അതേഴ്സിൽ ഉൾപ്പെടുത്തി അപേക്ഷ നൽകാം. സോഷ്യൽ വർക്ക് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി വാവയ്ക്ക് അവാർഡ് നല്കാം എന്നതാണ് ഞങ്ങൾ ഉന്നയിക്കുന്ന ആവശ്യം. അതേഴ്‌സ് എന്ന വിഭാഗത്തിലും സുരേഷിനെ ഉൾപ്പെടുത്താം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ, കൺസർവേഷൻ ഇവ രണ്ടും ഇതിൽ പെടുന്നതാണ്.

ഈ വർഷം 1878 അപേക്ഷകൾ ആയിരുന്നു ലഭിച്ചത്. ഇവരിൽ 127 പേർക്ക് അവാർഡ് നൽകി. അടുത്ത വർഷം കേരളത്തിൽ നിന്നും ശുപാർശ ചെയ്തിട്ടുള്ളവരുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാൽ വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ പേര് പത്മഭൂഷണായി ശുപാർശ ചെയ്തിട്ടുണ്ട് എന്നു റിപ്പോർട്ടുകൾ ഉണ്ട്. 2016ലെ പത്മലിസ്റ്റിൽ നമ്മുടെ വാവാ സുരേഷിന്റെ പേര് കൂടി ഉൾപ്പെടുത്തേണ്ടേ? അതിനുള്ള ഈ കാമ്പയിനിൽ ദയവായി നിങ്ങളും പങ്കുകാരാകുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP