Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻജിനീയറാകാൻ എൻട്രൻസിന് കുത്തിയിരുന്ന് പഠിക്കേണ്ട; പ്രവേശന പരീക്ഷയിൽ പത്ത് മാർക്കില്ലെങ്കിലും പ്രവേശനം; +2വിന്റെ മാർക്ക് അടിസ്ഥാനത്തിൽ അഡ്‌മിഷൻ; സർക്കാർ നയംമാറ്റിയാൽ എൻജിനീയർമാരുടെ എണ്ണം പെരുകും

എൻജിനീയറാകാൻ എൻട്രൻസിന് കുത്തിയിരുന്ന് പഠിക്കേണ്ട; പ്രവേശന പരീക്ഷയിൽ പത്ത് മാർക്കില്ലെങ്കിലും പ്രവേശനം; +2വിന്റെ മാർക്ക് അടിസ്ഥാനത്തിൽ അഡ്‌മിഷൻ; സർക്കാർ നയംമാറ്റിയാൽ എൻജിനീയർമാരുടെ എണ്ണം പെരുകും

തിരുവനന്തപുരം: അടിമുടി മാറ്റങ്ങളുമായി എഞ്ചിനിയറിങ് കോളേജ് പ്രവേശനം ഒരുക്കാൻ സർക്കാർ നയത്തിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനം. പ്രവേശന പരീക്ഷ തോറ്റ വിദ്യാർത്ഥികൾക്കും എൻജിനീയറിങ് പ്രവേശത്തിന് അവസരമൊരുക്കി സർക്കാറും സ്വാശ്രയ മാനേജ്‌മെന്റുകളും തമ്മിൽ കരാർ. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്വാശ്രയ കോളേജുകളെ സഹായിക്കാനാണ് മാറ്റം. +2 മാർക്കും എഞ്ചിനിയറിങ് പ്രവേശനത്തിന് പ്രധാന മാനദണ്ഡം. +2 മാർക്കിനോടൊപ്പം എൻട്രൻസ് മാർക്കും കൂട്ടി പട്ടിക തയ്യാറാക്കും. എൻട്രൻസിന് പൂജ്യം മാർക്ക് കിട്ടിയാലും +2വിന് നല്ല മാർക്കുണ്ടെങ്കിൽ ഇനി എഞ്ചിനിയർമാരാകാം എന്നതാണ് പ്രത്യേകത. പ്രവേശ നടപടികളുടെ മേൽനോട്ട ചുമതലയുള്ള ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ എതിർപ്പോടെയാണ് നടപ്പാക്കിയതെന്നാണ് സൂചന. 

പ്രവേശ പരീക്ഷയിൽ മിനിമം മാർക്കായ 10 ലഭിക്കാത്ത കുട്ടിക്കും മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനത്തിന് അനുമതി നൽകുന്നതാണ് വ്യവസ്ഥ. ഇതിനായി പ്രവേശ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളുടെയും പട്ടിക സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന് ലഭ്യമാക്കാനും ഉത്തരവിലുണ്ട്. പട്ടികയിൽനിന്ന് കോളജുകൾക്ക് സീറ്റ് നികത്താം. ഈ വ്യവസ്ഥ 2015-16 വർഷത്തേക്ക് മാത്രമായിരിക്കുമെന്നും ഉത്തരവിലുണ്ട്. ഉത്തരവിൽ 18ാം നമ്പറായാണ് വിവാദ വ്യവസ്ഥ. ഇതോടെ പ്രവേശ പരീക്ഷ പാസായില്ലെങ്കിലും പ്‌ളസ് ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങൾക്ക് ഒന്നിച്ച് 45 ശതമാനം മാർക്കോടെ പാസായവർക്ക് മാനേജ്‌മെന്റ് സീറ്റിൽ പ്രവേശം നേടാനാകും.

എൻട്രൻസിന്റെ പ്രസക്തി എഞ്ചിനിയറിങ് മേഖലയിൽ ഇല്ലാതാക്കുന്നതാണ് നയം മാറ്റം. എന്നാൽ എൻട്രൻസ് ഒഴിവാക്കുന്നുമില്ല. എൻട്രൻസ് കോച്ചിങ്ങ് സെന്ററിന്റെ സാധ്യതകൾ നിലനിർത്തികൊണ്ട് സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകളെ സഹായിക്കാനാണ് തീരുമാനമെന്ന് വ്യക്തം. എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷയിൽ കുറഞ്ഞത് 10 മാർക്ക് എങ്കിലും ലഭിക്കാത്തവരെ അയോഗ്യരാക്കുന്ന വ്യവസ്ഥ ഇത്തവണ ഒഴിവാക്കും. പ്രവേശന പരീക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ചാലും പഌ് ടുവിനു നിശ്ചിത ശതമാനം മാർക്ക് ഉണ്ടെങ്കിൽ എൻജിനീയറിങ് പ്രവേശനം നേടാം. സർക്കാർ കോളേജുകളിലും സ്വാശ്രയ കോളേജുകളിലും രണ്ടു തരം മാനദണ്ഡവും എഞ്ചിനിയറിങ് പ്രവേശനത്തിൽ ഉണ്ട്.

കഴിഞ്ഞ വർഷം വരെ പ്‌ളസ് ടുവിന് മാത്സിന് പ്രത്യേകമായും ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവക്ക് ഒന്നിച്ചും 50 ശതമാനം മാർക്ക് നേടുകയും പ്രവേശ പരീക്ഷയിൽ മിനിമം മാർക്കായ 10 ലഭിക്കുകയും ചെയ്തവർക്കായിരുന്നു എൻജിനീയറിങ് പ്രവേശം അനുവദിച്ചത്. ഈ വ്യവസ്ഥ ഇത്തവണ സർക്കാർ സീറ്റിലേക്ക് മാത്രമാക്കി. എ.ഐ.സി.ടി.ഇ നിബന്ധന ഉയർത്തിയായിരുന്നു പ്‌ളസ് ടു പരീക്ഷയിൽ 45 ശതമാനം മതിയെന്ന വ്യവസ്ഥക്കായി മാനേജ്‌മെന്റുകൾ വാദിച്ചത്. ഇത് മാനേജ്‌മെന്റ് സീറ്റിൽ ബാധകമാക്കി നേരത്തേതന്നെ സർക്കാർ ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് പ്രവേശപരീക്ഷ പാസാകണമെന്ന നിബന്ധന എടുത്തുകളഞ്ഞത്. പതിനായിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന വാദം ഉയർത്തിയാണ് മാനേജ്‌മെന്റുകൾ തോറ്റവർക്കും പ്രവേശത്തിന് അനുമതി നൽകുന്ന കരാറിൽ എത്തിയത്.

പ്രവേശ പരീക്ഷയിൽ നേടിയ മാർക്കും പ്‌ളസ് ടു പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവയിൽ നേടിയ മാർക്കും തുല്യ അനുപാതത്തിൽ സമീകരണ പ്രക്രിയക്ക് വിധേയമാക്കിയാണ് എൻജിനീയറിങ് പ്രവേശത്തിനുള്ള റാങ്ക് പട്ടിക തയാറാക്കുന്നത്. സമീകരണ പ്രക്രിയക്ക് മുമ്പേയുള്ള എൻജിനീയറിങ് പ്രവേശ പരീക്ഷ എഴുതിയവരുടെ പട്ടിക പ്രത്യേകം തയാറാക്കി മാനേജ്‌മെന്റുകൾക്ക് നൽകാനാണ് പ്രവേശ പരീക്ഷാ കമീഷണർക്കുള്ള നിർദ്ദേശം.

+2 മാർക്ക് മാനദണ്ഡമാക്കുമ്പോൾ എൻട്രൻസ് പരീക്ഷ ഒഴിവാക്കുന്നതേയുള്ളൂ. മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുമ്പോൾ സംസ്ഥാനത്തെ എഞ്ചിനിയറിങ് എൻട്രൻസ് കോച്ചിങ്ങ് കേന്ദ്രങ്ങൾ പൂട്ടേണ്ടിവരും. ഇതൊഴിവാക്കാനാണ് എൻട്രൻസിന്റെ സാധ്യത നിലനിർത്തിക്കൊണ്ട് മാർക്കിനെ അടിസ്ഥാന യോഗ്യതയാക്കി മാറ്റുന്നത്. എഞ്ചിനിയറിങ് എൻട്രൻസ് കോച്ചിങ്ങ് സെന്ററുകളുടെ സമ്മർദ്ദം തന്നെയാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്. +2 മാർക്ക് അടിസ്ഥാന യോഗ്യതയാക്കിയാലേ സ്വാശ്രയ കോളേജുകൾക്ക് പിടിച്ചു നിൽക്കാനാകൂ എന്ന മാനേജ്‌മെന്റുകളുടെ നിലപാട് അംഗീകരിച്ചാണ് പുതിയ തീരുമാനങ്ങൾ.

എഞ്ചിനീയറിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയിലെ മിനിമം മാർക്ക് ഒഴിവാക്കാനുള്ള തീരുമാനം വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇതേ തുടർന്ന് ഈ തീരുമാനം സർക്കാർ ഒരിക്കൽ പിൻവലിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ പത്ത് മാർക്ക് വേണമെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എന്നാൽ സ്വാശ്രയ കോളേജുകളുടെ സമ്മർദ്ദം ശക്തമായപ്പോൾ വീണ്ടും സർക്കാർ വഴങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP