Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭിന്നലിംഗക്കാർ കൈകൊട്ടി പാട്ടുപാടി ജീവിക്കാൻ മാത്രം വിധിക്കപ്പെട്ടവരാണെന്ന ധാരണ മാറ്റിക്കൊള്ളൂ; ലോകത്തെ ആദ്യഭിന്ന ലിംഗ കോളേജ് പ്രിൻസിപ്പലായി ചുമതലയേറ്റ് മനാബി ബാന്ധ്യോപധ്യായ

ഭിന്നലിംഗക്കാർ കൈകൊട്ടി പാട്ടുപാടി ജീവിക്കാൻ മാത്രം വിധിക്കപ്പെട്ടവരാണെന്ന ധാരണ മാറ്റിക്കൊള്ളൂ; ലോകത്തെ ആദ്യഭിന്ന ലിംഗ കോളേജ് പ്രിൻസിപ്പലായി ചുമതലയേറ്റ് മനാബി ബാന്ധ്യോപധ്യായ

കൊൽക്കത്ത: ഭിന്ന ലിംഗക്കാരായ ആൾക്കാരെ അടുത്തകാലം വരെ ഒരു നിശ്ചിത ദൂരത്തിലാണ് എല്ലാവരും നിർത്തിയിരുന്നത്. കൈകൊട്ടി പാട്ടുപാടി തങ്ങളുടെ വരുമാനം തേടിയിരുന്ന ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തന്നെ കൊണ്ടുവന്നത് ഈയടുത്തകാലത്താണ്. സമൂഹത്തിൽ നിന്നും ഏറെ അവഗണനകൾ ഏറ്റുവാങ്ങിയിരുന്ന ഇക്കൂട്ടർക്ക് ഇപ്പോൾ അഭിമാനിക്കാം. തങ്ങളുടെ ഇടയിൽ നിന്ന് ഒരു കോളേജ് പ്രിൻസിപ്പൽ ഉയർന്നുവന്നതിനെ കുറിച്ച്.

ഒരുപക്ഷേ ലോകത്തിൽ തന്നെ ആദ്യമായിട്ടായിരിക്കാം ഒരു ഭിന്നലിംഗക്കാരിക്ക് കോളേജ് പ്രിൻസിപ്പലായി നിയമനം ലഭിക്കുന്നത്. വെസ്റ്റ് ബംഗാൾ കൃഷ്ണനഗർ വിമൻസ് കോളേജ് പ്രിൻസിപ്പലായി മനാബി ബാന്ധ്യോപധ്യായ ജൂൺ 9ന് ചാർജെടുക്കുമ്പോൾ അത് ഭിന്നലിംഗക്കാരുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. നിലവിൽ വിവേകാനന്ദ സതോബാർഷിക്കി മഹാവിദ്യാലയയിൽ അസോസിയേറ്റ് പ്രഫസറാണ് മനാബി. അവിടെ നിന്നാണ് കോളേജ് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.

ഒരു ഭിന്നലിംഗക്കാരിയെ കോളേജ് പ്രിൻസിപ്പലായി നിയമിക്കാനുള്ള തുറന്ന മനോഭാവം കാട്ടിയത് കോളേജ് സർവീസ് കമ്മീഷനാണ്. അതേസമയം കമ്മീഷന്റെ തീരുമാനം ഉചിതമാണെന്നും ഇതിൽ താൻ സന്തോഷിക്കുന്നുവെന്നുമാണ് വിദ്യാഭ്യാസ മന്ത്രി പാർഥാ ചാറ്റർജി അഭിപ്രായപ്പെട്ടത്. അതേസമയം കോളേജിന് ശക്തമായ വ്യക്തിത്വമുള്ള ഒരു പ്രിൻസിപ്പലിനെ ആവശ്യമുണ്ടായിരുന്നുവെന്നും കോളേജിന്റെ പ്രവർത്തനങ്ങൾ വളരെ സുഗമമായി കൊണ്ടുപോകാൻ തക്ക കഴിവുള്ള വ്യക്തിയെയാണ് അന്വേഷിച്ചിരുന്നുവെന്ന് കോളേജ് ഗവേണിങ് ബോഡി ചെയർമാൻ കൂടിയായ ടെക്‌നിക്കൽ എഡ്യൂക്കേഷൻ മിനിസ്റ്റർ ഉജ്ജ്വൽ ബിശ്വാസ് പറയുന്നു. മനാബിയുടെ നിയമനത്തോടെ അതു സാധ്യമായെന്നാണ് ഉജ്വൽ ബിശ്വാസിന്റെ അഭിപ്രായം.

കഴിവുറ്റ വ്യക്തിത്വത്തിന്റെ ഉടമയാണ് മനാബിയെന്നും കോളേജ് പ്രിൻസിപ്പലായുള്ള മനാബിയുടെ നിയമനത്തോടെ ഭിന്നലിംഗക്കാരായവരുടെ ഉന്നമനം കൂടുതൽ ശക്തിപ്പെടുമെന്നുമാണ് കൃഷ്ണനഗർ കോളേജ് ഉൾപ്പെടുന്ന കല്യാണി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ രത്തൻലാൽ ഹംഗ്ലൂ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പുതിയ നിയമനത്തിൽ മതിമറന്ന് ആഹ്ലാദിക്കാനൊന്നും മനാബിയില്ല. തന്റെ 92-കാരനായ പിതാവ് കോളേജിന് സമീപത്തുള്ള സ്ഥലത്താണ് ജീവിക്കുന്നതെന്നും അദ്ദേഹത്തെ ശുശ്രൂഷിക്കാൻ അവസരമൊത്തു കിട്ടിയതിനാലാണ് ഈ ഓഫർ സ്വീകരിച്ചതെന്നുമാണ് മനാബി പറയുന്നത്. ഒരു ആൺകുട്ടിയെ ദത്തെടുത്ത് വളർത്തുന്നുമുണ്ട് മനാബി.

കോളേജ് പ്രിൻസിപ്പലായി മനാബിയെ നിയമിച്ചതു വഴി ഒട്ടേറെ ഭിന്നലിംഗക്കാർക്ക് സമൂഹത്തിൽ പെട്ടെന്ന് സ്വീകാര്യത കൈവന്ന സ്ഥിയാണ് കാണുന്നതെന്ന് പൊതുവേ വിലയിരുത്തുന്നുണ്ട്. പലർക്കും മനാബിയുടെ ജീവിതം ഒരു പ്രചോദനമായിട്ടുണ്ടെന്നും ഭിന്നലിംഗക്കാരായി അറിയപ്പെടുന്നത് ഒരു നാണക്കേടായി കരുതുന്നവർക്ക് ഇവരുടെ വിജയം ഒരു പാഠപുസ്തകമാണെന്നുമാണ് മനാബിയുടെ സുഹൃത്തുക്കൾ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP