Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കളെ നഴ്‌സുമാരാക്കി ജീവിതം സുരക്ഷിതമാക്കാൻ കാത്തിരിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക; കർണാടകത്തിലെ നഴ്‌സിങ് കോളജുകൾക്കുള്ള അംഗീകാരം നൽകുന്നത് ഐഎൻസി നിർത്തി; നിലവിലെ വിദ്യാർത്ഥികൾക്ക് ആശങ്കയില്ലെന്ന് കർണാടക കൗൺസിൽ

മക്കളെ നഴ്‌സുമാരാക്കി ജീവിതം സുരക്ഷിതമാക്കാൻ കാത്തിരിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക; കർണാടകത്തിലെ നഴ്‌സിങ് കോളജുകൾക്കുള്ള അംഗീകാരം നൽകുന്നത് ഐഎൻസി നിർത്തി; നിലവിലെ വിദ്യാർത്ഥികൾക്ക് ആശങ്കയില്ലെന്ന് കർണാടക കൗൺസിൽ

ബംഗളുരു: പ്ലസ്ടു ഫലം വന്നതിനുപിന്നാലെ വിദേശജോലി സ്വപ്‌നം കണ്ടു മക്കളെ നഴ്‌സിംഗിനു വിടാൻ കാത്തിരിക്കുന്ന മാതാപിതാക്കൾ അറിയുക. കർണാടകത്തിലാണ് നിങ്ങളുടെ മക്കളെ ചേർക്കുന്നതെങ്കിൽ ചിലപ്പോൾ എല്ലാം സ്വപ്‌നമായേക്കും. കർണാടത്തിലെ നഴ്‌സിങ് കോളജുകൾക്ക് അംഗീകാരം നൽകുന്നതു നിർത്താൻ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ തീരുമാനിച്ചു. ഏറെക്കാലമായി കർണാടക നഴ്‌സിങ് കൗൺസിലും ഇന്ത്യൻ നഴ്‌സിങ് കൗൺസിലും തമ്മിൽ തുടരുന്ന ശീതസമരത്തിന്റെ തുടർച്ചയാണിത്.

വിദ്യാർത്ഥികളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് കർണാടക നഴ്‌സിങ് കൗൺസിൽ വ്യക്തമാക്കുന്നത്. കോളജുകൾക്ക് അംഗീകാരം നൽകേണ്ടത് ഐൻഎസി അല്ലെന്നും അതിനാൽ അംഗീകാരം റദ്ദാകുന്നത് വിദ്യാർത്ഥികളെ ബാധിക്കില്ലെന്നുമാണ് കർണാടക നഴ്‌സിങ് കൗൺസിലിന്റെ വാദം.

ഐഎൻസിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ സർവകലാശാലകളാണ് കോഴ്‌സുകൾ നടത്തുന്നത്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു സർട്ടിഫിക്കേറ്റ് നൽകുകയും സംസ്ഥാന നഴ്‌സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യുകയുമാണ് ഇപ്പോഴത്തെ നടപടിക്രമം. പാഠ്യപദ്ധതി തയാറാക്കുകയും മറ്റുമാണ് ഐഎൻസിയുടെ ചുമതലയെന്നും അംഗീകാരം പിൻവലിച്ചതിലൂടെ ഒന്നും സംഭവിക്കില്ലെന്നും കർണാടക കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കർണാടക നഴ്‌സിങ് കൗൺസിലിന്റെ വാദങ്ങൾ പൊള്ളയാണെന്നാണ് ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ വാദം. തങ്ങളുടെ നിർദ്ദേശങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചാണു സർവകലാശാലകൾ കോഴ്‌സുകൾ നടത്തുന്നതെന്നും രാജ്യത്തെ കോളജുകളിലെല്ലാം ഏകീകൃത പാഠ്യപദ്ധതിയാണ് പാലിക്കുന്നതെന്നുറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും ഐഎൻസി വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോളജുകളിൽ പഠിക്കുന്നത് ആശങ്കയുള്ള കാര്യമാണെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നത്. കോഴ്‌സ് കഴിയുന്ന സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ കിട്ടിയില്ലെങ്കിൽ ഭാവിതന്നെ അവതാളത്തിലാകും. ഇന്ത്യൻ നഴ്‌സസ് രജിസ്റ്റർ സൂക്ഷിക്കുന്നതും ഐഎൻസിയാണ്. നഴ്‌സസ്് രജിസ്റ്ററിൽ പേര് ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ തൊഴിൽ സാധ്യതകൾ അടയുകയും ചെയ്യും.

ഐഎൻസി അംഗീകാരമില്ലാത്ത കോളജുകളിൽ പഠിക്കാൻ ബാങ്കുകൾ വിദ്യാഭ്യാസ വായ്പ അനുവദിക്കാറില്ല. ഇതും വിദ്യാർത്ഥികൾക്ക് ആശങ്കയാകുന്ന കാര്യമാണ്. മലയാളികളായ പല വിദ്യാർത്ഥികളും നഴ്‌സിങ് പഠനത്തിന് വിദ്യാഭ്യാസ വായ്പയെടുക്കുന്നവരാണ്. നിലവിലുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ നീക്കുപോക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, വരുന്ന അധ്യയന വർഷം പഠിക്കാൻ ചേരുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

കർണാടകത്തിലാണു പഠിച്ചതെങ്കിലും വിദ്യാർത്ഥികൾ തൊഴിൽ ആവശ്യത്തിനു പോകുന്നത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലുമാണ്. ഇവിടങ്ങളിൽ ജോലി ചെയ്യാൻ ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ അംഗീകാരം വേണം. നിലവിലെ സാഹചര്യത്തിൽ ഐഎൻസിയുടെ അംഗീകാരമില്ലെങ്കിലും തങ്ങൾ അംഗീകാരം നൽകുമെന്നും രജിസ്‌ട്രേഷൻ നൽകുമെന്നുമാണ് കർണാടക കൗൺസിൽ പറയുന്നത്. അതുകൊണ്ടു പക്ഷേ, കർണാടകത്തിനു പുറത്തു ജോലി ലഭിക്കില്ല. ഇതാണ് പുതിയ തീരുമാനം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ പ്രത്യാഘാതം.

കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഗൾഫ് രാജ്യങ്ങളിലും ജോലി ലക്ഷ്യമിട്ടാണ് പല വിദ്യാർത്ഥികളും നഴ്‌സിങ് കോഴ്‌സുകൾക്കു ചേരുക. ഇന്ത്യയിൽ നഴ്‌സിങ് മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവരും നിരവധിയാണ്. പക്ഷേ, കർണാടകത്തിലെ കൗൺസിലിന്റെ അംഗീകാരവുമായി കേരളത്തിൽ പോലും ജോലി കിട്ടാൻ സാധ്യതയില്ലെന്നതാണ് സത്യം. അതിനാൽ, ഇക്കുറി മക്കളെ നഴ്‌സിംഗിനു ചേർക്കും മുമ്പ് ഈ സാഹചര്യം വ്യക്തമായി പരിശോധിക്കണമെന്നാണ് മാതാപിതാക്കൾക്കു വിദ്യാഭ്യാസ വിദഗ്ദ്ധർ നൽകുന്ന ഉപദേശം. നഴ്‌സിങ് കോളജുകളിൽ നിരവധി ചതിക്കുഴികളുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോൾ അംഗീകാരത്തിന്റെ പ്രശ്‌നവും വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP