Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു യാത്രപോകാൻ തോന്നുന്നു, എവിടേക്കെങ്കിലും.. ഫേസ്‌ബുക്കിൽ കുറിപ്പെഴുതി തിരിച്ചുവരാത്ത ലോകത്തേക്ക് രാഹുൽ യാത്രയായി; ഏഷ്യാനെറ്റിലെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ആത്മഹത്യ ചെയ്തത് എന്തിന്?

ഒരു യാത്രപോകാൻ തോന്നുന്നു, എവിടേക്കെങ്കിലും.. ഫേസ്‌ബുക്കിൽ കുറിപ്പെഴുതി തിരിച്ചുവരാത്ത ലോകത്തേക്ക് രാഹുൽ യാത്രയായി; ഏഷ്യാനെറ്റിലെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ആത്മഹത്യ ചെയ്തത് എന്തിന്?

തിരുവനന്തപുരം: ഇതായിരുന്നോ രാഹുൽ നിന്റെ മനസിൽ. അവസാന യാത്രയ്ക്കുള്ള ഒരുക്കത്തെക്കുറിച്ചാണോ ഫേസ്‌ബുക്കിലെ കുറിപ്പിൽ നീ സൂചിപ്പിച്ചത്. തിരിച്ചുവരാത്ത ലോകത്തേക്കുള്ള ഈ യാത്ര എന്തിനായിരുന്നു.

സുഹൃത്തുക്കളുടെയും അടുത്തറിയുന്നവരുടെയും മനസിൽ നിരവധി ചോദ്യങ്ങൾ ബാക്കിയാക്കിയാണ് ജീവിതത്തിൽ നിന്ന് രാഹുൽ വിജയ് എന്ന ഇരുപത്തിയൊമ്പതുകാരൻ നടന്നുനീങ്ങിയത്. കൂട്ടുകാർക്കും സഹപ്രവർത്തകർക്കുമൊന്നും രാഹുൽ തങ്ങളെ വിട്ടുപിരിഞ്ഞുവെന്ന കാര്യം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗത്തിലെ സോഷ്യൽ മീഡിയാ കോ ഓർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു വയനാട് സുൽത്താൻ ബത്തേരി കുപ്പാടി സുദർശന ഭവനിൽ വിജയന്റെയും വനജയുടെയും മകനായ രാഹുൽ. ശനിയാഴ്ചയാണ് രാഹുൽ അന്തരിച്ചത്. ജീവിതത്തോട് മടുപ്പ് വർധിച്ചശേഷം രാഹുൽ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ടിന് നടക്കും.

കേരളത്തിലെ ചുരുക്കം യൂ ട്യൂബ് സർടിഫൈഡ് പ്രൊഫഷണലുകളിൽ ഒരാളെന്ന നേട്ടം രാഹുൽ കൈവരിച്ചത് രണ്ടു മാസം മുമ്പാണ്. മലയാളത്തിലെ വെബ് സാങ്കേതികത വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുൽ. പത്രപ്രവർത്തകനായി തുടങ്ങി വെബ് മേഖലയിലേക്ക് മാറുകയായിരുന്നു. കേരള പ്രസ് അക്കാദമിയിൽനിന്ന് 2008ൽ പത്രപ്രവർത്തനത്തിൽ ഡിപ്ലോമ നേടിയ ശേഷം വീക്ഷണം, കേരള കൗമുദി ദിനപത്രങ്ങളിൽ പ്രവർത്തിച്ചു. കേരള കൗമുദി വയനാട് ബ്യൂറോ ചീഫ് ആയിരുന്നു. മുൻ മന്ത്രി സുരേന്ദ്രൻ പിള്ളയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ചു.

പത്രപ്രവർത്തന രംഗത്തു നിന്ന് ഭാഷാ സാങ്കേതിക രംഗത്തേക്ക് എത്തിയ രാഹുൽ ഓൺലൈനിൽ മലയാളം ഉപയോഗിക്കാൻ ലോകമെങ്ങും നടന്ന ശ്രമങ്ങളിലെ മുഖ്യ പങ്കാളിയായിരുന്നു. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിലും മലയാള ഭാഷാ സാങ്കേതിക രംഗത്തെ പ്രധാന കൂട്ടായ്മകളിലും സജീവമായി.

മലയാളത്തിൽ ആദ്യമായി പത്ര പ്രസാധനത്തിൽ യൂണികോഡ് ഉപയോഗിച്ചത് രാഹുലിന്റെ നേതൃത്വത്തിലായിരുന്നു. കേരള കൗമുദി ദിനപത്രം യൂണികോഡ് ഉപയോഗിച്ച് പുറത്തു വരുന്നതിൽ പ്രധാന പങ്ക് രാഹുലിന്റേതായിരുന്നു. ആൻഡ്രോയ്ഡ് ഫോണുകളിൽ തെറ്റില്ലാതെ മലയാളം ടൈപ്പ് ചെയ്യാനുള്ള ആപ്ലിക്കേഷനുകൾ രാഹുൽ വികസിപ്പിച്ചു. ഇന്നുപയോഗിക്കുന്ന പല മൊബൈൽ ആപ്ലിക്കേഷനുകളുടെയും മലയാളം മാനുവൽ തയ്യാറാക്കിയത് രാഹുൽ ആയിരുന്നു.

മലയാളം കമ്പ്യൂട്ടിങ് രംഗത്തെ മുൻനിരക്കാരിൽ ഒരാളായിരുന്നു. ലിപി രൂപകൽപ്പന, ഭാഷാ സാങ്കേതികത എന്നീ മേഖലകളിൽ സജീവമായിരുന്നു. ഓൺലൈനിൽ മലയാളം ടൈപ്പ് ചെയ്യാൻ കഴിയുന്ന പ്രോഗ്രാമുകൾക്ക് രൂപം നൽകി. രാഹുൽ ഡിസൈൻ ചെയ്ത ലിപിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്‌ബുക്ക് പ്രൊമോകളിൽ ഉപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP