Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2016ന്റെ നഷ്ടങ്ങളുടെ പട്ടികയിലേക്ക് കലാഭവൻ മണിയും; കൽപ്പനയ്ക്കും ഒ എൻ വിക്കും രാജാമണിക്കും രാജേഷ് പിള്ളയ്ക്കും പിന്നാലെ ഈ ചാലക്കുടിക്കാരനും അനശ്വരതയിലേക്ക്

2016ന്റെ നഷ്ടങ്ങളുടെ പട്ടികയിലേക്ക് കലാഭവൻ മണിയും; കൽപ്പനയ്ക്കും ഒ എൻ വിക്കും രാജാമണിക്കും രാജേഷ് പിള്ളയ്ക്കും പിന്നാലെ ഈ ചാലക്കുടിക്കാരനും അനശ്വരതയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2016 മലയാള സിനിമയ്ക്കും സാഹിത്യത്തിനും വിയോഗങ്ങളുടെ വർഷമായിരുന്നു. ഈ നഷ്ടങ്ങളുടെ പട്ടികയിലേക്കാണിപ്പോൾ കലാഭവൻ മണിയും നടന്നുകയറുന്നത്.

നടി കൽപ്പനയും ജ്ഞാനപീഠം ജേതാവ് ഒ എൻ വി കുറുപ്പും കഥാകാരൻ അക്‌ബർ കക്കട്ടിലും സംഗീതജ്ഞരായ രാജാമണിയും ഷാൻ ജോൺസണും ഛായാഗ്രാഹകൻ ആനന്ദക്കുട്ടനും സംവിധായകരായ രാജേഷ് പിള്ളയും മോഹൻ രൂപും ഫിലിം ആർക്കൈവ്‌സ് സ്ഥാപകൻ പി കെ നായരും വിടപറഞ്ഞതിനു പിന്നാലെയാണ് കലാഭവൻ മണിയും മരണത്തിലേക്ക് നടന്നുകയറിയത്.

നടൻ സുധീഷിന്റെ പിതാവും പ്രമുഖ നാടക സിനിമാ നടനുമായ സുധാകരനാണ് ഇക്കൊല്ലം ആദ്യം അന്തരിച്ച സിനിമാപ്രവർത്തകൻ. 73 വയസുള്ള അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജനുവരി നാലിനാണ് അന്തരിച്ചത്.

തൊട്ടുപിന്നാലെ സിനിമാനിർമ്മാതാവ് മഞ്ഞിലാസ് ജോസഫിന്റെ മരണവാർത്തയും മലയാളികൾ കേട്ടു. ജനുവരി എട്ടിനായിരുന്നു 86കാരനായ മഞ്ഞിലാസ് ജോസഫിന്റെ അന്ത്യം.

തിരക്കഥാകൃത്തും സംവിധായകനുമായ വി ആർ ഗോപാലകൃഷ്ണനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ജനുവരി 11നാണ്. വന്ദനത്തിന്റെയും ഈ പറക്കും തളികയുടെയും തിരക്കഥാകൃത്തും ഗോപാലകൃഷ്ണനായിരുന്നു.

ഇതിനു പിന്നാലെയാണ് മലയാളികളുടെ പ്രിയതാരം കൽപ്പന വിടപറഞ്ഞത്. തെലുങ്ക് സിനിമാ ചിത്രീകരണത്തിനിടെ ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. 51 വയസായിരുന്നു കൽപ്പനയ്ക്ക്. ജനുവരി 25നായിരുന്നു അന്ത്യം.

മാദ്ധ്യമപ്രവർത്തകനും ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പ്രശസ്ത പരിപാടിയുടെ ഉപജ്ഞാതാവുമായ ടി എൻ ഗോപകുമാർ അന്തരിച്ചത് ജനുവരി 30നാണ്. കരൾരോഗത്തിൽ നിന്നു മടങ്ങിവരുന്നതിനിടെയാണ് 58 കാരനായ ഗോപകുമാർ അന്തരിച്ചത്.

തൊട്ടടുത്ത ദിവസമാണ് കൊല്ലം ജി കെ പിള്ള അന്തരിച്ചത്. നാടകരംഗത്തുനിന്നു സിനിമയിലെത്തിയ ജി കെ പിള്ള 84-ാം വയസിലാണു വിടപറഞ്ഞത്.

ഫെബ്രുവരിയുടെ തുടക്കത്തിൽ തിരക്കഥാകൃത്ത് മണി ഷൊർണൂർ 71-ാം വയസിൽ അന്തരിച്ചു. 90 വയസുള്ള വിദ്യാഭ്യാസവിചക്ഷണൻ ഡോ. എൻ എ കരീം അന്തരിച്ചത് ഫെബ്രുവരി നാലിനാണ്.

മലയാള സംഗീതലോകത്തെ പ്രിയ കലാകാരൻ ജോൺസന്റെ മകൾ ഷാൻ ജോൺസന്റെ വിയോഗവും മലയാളികളുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തിയത് ഫെബ്രുവരി അഞ്ചിനാണ്. 29കാരിയായ ഷാൻ ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.


ലോകമെങ്ങുമറിയപ്പെട്ട മലയാളികളുടെ പ്രിയ എഴുത്തുകാരൻ ഒ എൻ വി കുറുപ്പ് ഫെബ്രുവരി 13ന് വിടപറഞ്ഞു. 84ാം വയസിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തൊട്ടടുത്ത ദിവസമായിരുന്നു ഛായാഗ്രാഹകൻ ആനന്ദക്കുട്ടന്റെ അന്ത്യം. 62-ാം വയസിലായിരുന്നു ആനന്ദക്കുട്ടന്റെ മരണം സംഭവിച്ചത്. മരണം തട്ടിയെടുത്ത മറ്റൊരു പ്രശസ്ത കലാകാരൻ രാജാമണിയുടെയും വിയോഗം കേരളക്കരയെ ഞെട്ടിച്ചത് ഫെബ്രുവരി 15ന്ാണ്. ശ്വാസതടസത്തെതുടർന്നു ചെന്നൈയിലെ ആശുപത്രിയിലായിരുന്നു 60 കാരനായ ഈ സംഗീതസംവിധായകന്റെ നിര്യാണം.

17ന് പ്രമുഖ സാഹിത്യകാരൻ അക്‌ബർ കക്കട്ടിലിനെയും മരണം വിളിച്ചു. 62ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.

ഫെബ്രുവരി 27നാണ് മറ്റൊരു വേദനിപ്പിക്കുന്ന വാർത്ത മലയാള സിനിമാലോകത്തുനിന്നും എത്തിയത്. ട്രാഫിക്കിലൂടെ മലയാള സിനിമയിൽ പുതുതലമുറാസിനിമകൾക്കു തുടക്കം കുറിച്ച രാജേഷ് പിള്ളയുടെ നിര്യാണം. വേട്ട എന്ന പുതിയ ചിത്രം റിലീസായ ദിവസം തന്നെയായിരുന്നു അദ്ദേഹത്തെ മരണം തട്ടിയെടുത്തത്.

1984ലെ വേട്ട എന്ന സിനിമ സംവിധാനം ചെയ്ത മോഹൻ രൂപ് അന്തരിച്ചത് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ്. മാർച്ച് ഒന്നിനാണ് മോഹനെ തൃശൂരിലെ ക്വാർടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിനു പി കെ നായരുടെ മരണവാർത്തയുമെത്തി. പുനെ നാഷനൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടറായ ഈ തിരുവനന്തപുരത്തുകാരൻ 86-ാം വയസിൽ മുംബൈയിലായിരുന്നു അന്തരിച്ചത്.

ഏറ്റവുമൊടുവിലായി കലാഭവൻ മണിയും മരണത്തിനു കീഴടങ്ങുമ്പോൾ മലയാളികൾ 2016നെ വിയോഗങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP