Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്യൂണിസം സ്വീകരിച്ചതിനാൽ പതിനഞ്ചാം വയസിൽ വീട്ടിൽ നിന്നു പുറത്തായ വ്യക്തി; കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്ന് ആഗ്രഹിച്ച നേതാവ്; വലിപ്പച്ചെറുപ്പം നോക്കാത്ത ഉജ്വല സംഘാടകൻ: കാലയവനികയിൽ മറഞ്ഞത് ജാടകളില്ലാത്ത ജനകീയ നേതാവ്

കമ്യൂണിസം സ്വീകരിച്ചതിനാൽ പതിനഞ്ചാം വയസിൽ വീട്ടിൽ നിന്നു പുറത്തായ വ്യക്തി; കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്ന് ആഗ്രഹിച്ച നേതാവ്; വലിപ്പച്ചെറുപ്പം നോക്കാത്ത ഉജ്വല സംഘാടകൻ: കാലയവനികയിൽ മറഞ്ഞത് ജാടകളില്ലാത്ത ജനകീയ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിപിഐയുടെ മുതിർന്ന നേതാവ് എ ബി ബർദാൻ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ ഒരു കാലഘട്ടം തന്നെയാണ് കടന്നുപോകുന്നത്. കമ്യൂണിസ്റ്റുകാരനായതിനാൽ പതിനഞ്ചാം വയസിൽ വീട്ടിൽ നിന്നു പുറത്താകുകവരെ ചെയ്ത ഈ ജനകീയ നേതാവ് രോഗശയ്യയിലേക്കു വീഴുംവരെ പാർട്ടിക്കുവേണ്ടി ഓരോ നിമിഷവും ജീവിച്ച വ്യക്തിയാണ്.

കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്ന് ആഗ്രഹിച്ച നേതാവായിരുന്നു ബർദാൻ. തന്നെ സമീപിക്കുന്ന ആരെയും വലിപ്പച്ചെറുപ്പം നോക്കാതെ സ്വീകരിക്കുകയും ഇടപെടുകയും ചെയ്യുന്ന അദ്ദേഹം ഉജ്വല സംഘാടകൻ എന്ന നിലയിലും പേരെടുത്തു. ജാടകളില്ലാത്ത ഈ ജനകീയ നേതാവ് വിടപറയുമ്പോൾ കേരളവും കണ്ണീരോടെയാണു വിട നൽകുന്നത്.

കുട്ടിക്കാലത്തു തന്നെ ബംഗ്ലാദേശിൽ നിന്ന് നാഗ്പുരിലെത്തിയ ബർദാൻ എഐഎസ്എഫിലൂടെയാണു രാഷ്ട്രീയരംഗത്തെത്തുന്നത്. 14-ാം വയസ്സിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ബർദാൻ തൊട്ടടുത്ത വർഷം തന്നെ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായി. കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി മുഴുവൻ സമയവും പാർട്ടിപ്രവർത്തനത്തിനു വിനിയോഗിച്ച അദ്ദേഹത്തിനു പക്ഷേ, അതിന്റെ പേരിൽ തന്നെ പതിനഞ്ചാം വയസിൽ വീടുപേക്ഷിക്കേണ്ടിവന്നു.

കമ്യൂണിസ്റ്റുകാരനെ തങ്ങളുടെ വീട്ടിൽ ആവശ്യമില്ലെന്ന വീട്ടുകാരുടെ നിർബന്ധമാണു വീട്ടിൽ നിന്നു പുറത്തുപോകാൻ കാരണമായത്.

എന്നാൽ, പിന്നോട്ടുപോകാൻ ഈ യുവാവ് ഒരുക്കമായിരുന്നില്ല. പാർട്ടിക്കൊപ്പം പോരാടിയ ബർദാൻ നാഗ്പൂർ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമവും പഠിച്ചു. വിദ്യാർത്ഥി യൂണിയൻ അധ്യക്ഷനായി. രാജ്യത്തിനു സ്വാതന്ത്രം ലഭിക്കും മുമ്പ് തൊഴിലാളി യൂണിയൻ പ്രവർത്തനത്തിലും ഭാഗഭാക്കായ ബർദൻ നാലുവർഷത്തോളം ജയിൽവാസം അനുഭവിച്ചു. മൂന്നരവർഷത്തോളം ഒളിവിലും കഴിഞ്ഞു. സർവകലാശാലയിൽ നിന്നിറങ്ങിയ ബർദാൻ സംയുക്ത മഹാരാഷ്ട്രാ സമരമുന്നണിയിലും പ്രവർത്തിച്ചു.

ബർദാന്റെ ആവേശ്വോജ്വലമായ പ്രസംഗം എന്നും അണികളുടെ ഓർമയിൽ തങ്ങിനിൽക്കുന്നതാണ്. പൗരുഷവും ആജ്ഞാശ്കതിയും നിറഞ്ഞു നിൽക്കുന്ന ശബ്ദവും ജാടയില്ലാത്ത ഇടപെടലുകളും അദ്ദേഹത്തെ പ്രിയപ്പെട്ട നേതാവാക്കി. മുന്നിലെത്തുന്നവരെ വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ പരിഗണിക്കുന്ന ഈ നേതാവിന്റെ സംഘാടനശേഷിയും സിപിഐയുടെ ഉയർന്ന സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ ടെക്‌സ്‌റ്റൈൽ, വൈദ്യുതി, ഖനി മേഖലകളിലുള്ള തൊഴിലാളികളുടെ നേതാവായി പ്രവർത്തിച്ച അദ്ദേഹം. 1957-62 കാലഘട്ടത്തിൽ നിയമസഭയിൽ നാഗ്പൂർ സിറ്റിമണ്ഡലത്തിന്റെ പ്രതിനിധിയായി. എന്നാൽ, രണ്ടുതവണ ലോക്‌സഭയിലേക്കു മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.

പാർട്ടി ദേശീയ കൗൺസിലിൽ 1964ലും എക്‌സിക്യൂട്ടീവിൽ 1978ലും അംഗമായി. 1995ൽ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി. 1996ൽ അന്നത്തെ ദേശീയ ജനറൽ സെക്രട്ടറിയായ ഇന്ദ്രജിത്ത് ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രിയായപ്പോൾ പകരം ചുമതല കിട്ടിയത് ബർദനായിരുന്നു. തുടർന്നു ചെന്നൈയിൽ നടന്ന 17-ാം പാർട്ടി കോൺഗ്രസിലും തുടർന്നുവന്ന നാലു പാർട്ടി കോൺഗ്രസുകളിലും ബർദൻ സെക്രട്ടറിയായി തുടരുകയായിരുന്നു. 2012ൽ അദ്ദേഹം സിപിഐ ദേശീയ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP