Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണത്തിനും പ്രാർത്ഥനയ്ക്കും ആൻവിയുടേയും അമലിന്റെയും ജീവനെ പിടിച്ചു നിർത്താനായില്ല; മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ദീർഘ നാളത്തെ ചികിത്സയ്ക്കും ഒടുവിൽ ഇരു കുരുന്നുകളും വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി: ഇടുക്കി ജില്ലയെ ഇന്നലെ സങ്കടക്കടലിൽ ആക്കിയത് രണ്ട് കുരുന്നുകളുടെ മരണം

പണത്തിനും പ്രാർത്ഥനയ്ക്കും ആൻവിയുടേയും അമലിന്റെയും ജീവനെ പിടിച്ചു നിർത്താനായില്ല; മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ദീർഘ നാളത്തെ ചികിത്സയ്ക്കും ഒടുവിൽ ഇരു കുരുന്നുകളും വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി: ഇടുക്കി ജില്ലയെ ഇന്നലെ സങ്കടക്കടലിൽ ആക്കിയത് രണ്ട് കുരുന്നുകളുടെ മരണം

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: ഇടുക്കി ജില്ലയെ ഇന്നലെ സങ്കടക്കടലിൽ ആക്കിയത് രണ്ട് കുരുന്നുകളുടെ മരണ വാർത്തയാണ്. ആൻവി എന്ന ആറു വയസ്സുകാരിയുടെയും അമൽ സുകു എന്ന 14കാരന്റെയും മരണം അത്രമേൽ ഇവിടുത്തെ ജനങ്ങളെ തളർത്തി കളഞ്ഞു. ഏറെ നാളായി അമലിന്റെയും ആൻവിയുടെയും പ്രാണനു വേണ്ടിയുള്ള നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാർത്തനകൾ വിഫലമാക്കിയാണ് ഇരുവരും ഇന്നലെ ഈ ലോകത്തു നിന്നും വിടപറഞ്ഞത്.

രക്താർബുദത്തെ തുടർന്ന് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികളാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയ അടിമാലി സ്വദേശിനി ആൻവിയും തൊടുപുഴ സ്വദേശിയായ അമലും. ഇരുവരുടേയും ചികിത്സയ്ക്കായി ലക്ഷങ്ങൾ നാട്ടുകാർ പിരിവെടുത്തു നൽകിയിരുന്നു. എന്നാൽ ഈ പണത്തിനും പ്രാർത്ഥനയ്ക്കും ഇരുവരുടേയും ജീവന് കാവലാവാൻ സാധിച്ചില്ല.

തോക്കുപാറ കല്ലുങ്കൽ റോബിന്റെയും സോണിയുടെയും മകൾ ആൻവിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാൻ അരക്കോടിയോളം രൂപ ഇതിനകം ചിലവഴിച്ചു കഴിഞ്ഞു. രക്താർബുദം ബാധിച്ച ബാലിക കഴിഞ്ഞ ഒൻപതു മാസത്തോളമായി ചികിത്സയിലായിരുന്നു. തുടർന്ന് മജ്ജമാറ്റിവെയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. 90 ദിവസം മുൻപാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ മജ്ജ മാറ്റിവച്ചത്.

ആൻവിയയുടെ സഹോദരനായ ഒന്നര വയസുകാരൻ വർഗീസിന്റെ (അപ്പു) മജ്ജ എടുക്കാൻ ക്രമീകരണം ചെയ്തങ്കിലും അവസാന ഘട്ട പരിശോധനയിൽ നടന്നില്ല. പിന്നീട് എട്ടു ലക്ഷത്തോളം മുടക്കി ചെന്നൈ സ്വദേശിയുടെ മജ്ജ സ്വീകരിക്കുകയായിരുന്നു. തുടർ ചികിത്സക്കിടെ അണുബാധ പ്രശ്നമായി. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്ന ബാലിക ഇന്നലെ രാവിലെ മരിച്ചതായി വെല്ലൂർ ആശൂപത്രി അധികൃതർ അറിയിച്ചു.

ഇതുവരെയുള്ള ചികിത്സക്കായി അൻപതു ലക്ഷത്തിൽപരം രൂപയാണ് വെല്ലൂർ ആശുപത്രിയിൽ ചെലവായത്. കുഞ്ഞിന്റെ മരണശേഷം ബാക്കി പത്തു ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞിന്റെ മൃതദേഹം ആശുപത്രി അധികൃതർ തടഞ്ഞുവച്ചതായും ബന്ധുക്കൾ ആരോപിച്ചു. അടിമാലിയിലെ കുറ്റപാല എൽദോസ് കോർ എപ്പിസ്‌കോപ്പയുടെ ഇടപെടലിനെ തുടർന്ന് വെല്ലൂരിലെ മലയാളിയായ ടയർ വ്യാപാരിയാണ് താൽക്കാലിക സഹായമെന്ന നിലയിൽ ഈ പണം ഇന്നലെ ആശുപത്രിയിൽ കെട്ടിവച്ചത്.

തുടർന്ന് വൈകുന്നേരത്തോടെ മൃതദേഹം എംബാം നടപടികൾക്കായി വിട്ടു നൽകി. ഇന്നു രാവിലെ മൃതദേഹം തോക്കുപാറയിലെ വീട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്‌കരിക്കും. ഓടക്കാസിറ്റി കൂനംപാറ കുടുംബാംഗം സോണിയയാണ് മാതാവ്. ഓട്ടോറിക്ഷാ ഡ്രൈവറായ റോബിന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കിയിരുന്നു. തുടർന്ന് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണം സ്വരൂപിച്ചത്.

ഒളമറ്റം തോട്ടത്തിൽ സുകുവിന്റേയും മഞ്ജുവിന്റേയും മകനായ അമൽ സുകു (14) വും രക്താർബുദത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു ശേഷം രോഗത്തിൽ നിന്നും സുഖം പ്രാപിച്ചു വരുന്നതിനിടെ തിങ്കളാഴ്ചയാണ് മരണം ന്യൂമോണിയയുടെ രൂപത്തിൽ അമലിന്റെ ജീവൻ കവർന്നത്.

തലവേദനയും തലയിൽ മുഴയും കണ്ടതിനെത്തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് അക്യൂട്ട് മയലോയിഡ് ലുക്കീമിയ എന്ന രക്താർബുദമെന്ന് തിരിച്ചറിയുന്നത്. തിരുവനന്തപുരം ആർ.സി.സിയിൽ നടത്തിയ പരിശോധനയിൽ രക്തമൂലകോശം മാറ്റിവയ്ക്കുക മാത്രമാണ് ഏക പരിഹാരമെന്ന് ഡോക്ടർമാർ വിധിയെഴുതി.

വളരെ പാവപ്പെട്ട ഈ കുടുംബത്തിന് ഇതിന്റെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടർന്ന് നാട്ടുകാരും സ്വകാര്യ ബസുടമകളും സ്‌കൂൾ വിദ്യാർത്ഥികളും ചികിത്സ സഹായത്തിനായി കൈകോർത്തു. അമലിനായി അഞ്ച് ബസുകൾ സൗജന്യമായി ഓടി ഒറ്റ ദിവസം കൊണ്ട് ഒന്നരലക്ഷം രൂപാ സ്വരുക്കൂട്ടി. സ്‌കൂൾ വിദ്യാർത്ഥികൾ 65,000 രൂപ സ്നേഹ ബക്കറ്റ് ചലഞ്ചിലൂടെയും ചികിത്സക്കായി പണം കണ്ടെത്തി.

ഈ തുകയും നാട്ടുകാരുടേയും സുമനസുകളുടേയും സഹായവുമായാണ് പോണ്ടിച്ചേരിയിലെ ജിംപെർ ആശുപത്രിയിലേക്ക് തുടർ ചികിത്സക്കായി അമൽ പോയത്. സഹോദരി ആദിത്യയുടെ രക്തമൂല കോശം ജനുവരി പകുതിയോടെ അമലിനു മാറ്റിവച്ചു. തുടർന്ന് ചികിത്സയിലായിരുന്ന അമലിന് ഒരാഴ്ച മുമ്പാണ് ന്യൂമോണിയ ബാധിച്ചത്. സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അമൽ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP