Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അച്ഛന്റെ സിനിമയിൽ ബാലതാരമായി; ഐടി രംഗത്തെ ജോലി ഉപേക്ഷിച്ച് 'നമ്മളിൽ' നായകനായി; ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലും; പുഞ്ചിരിയോടെ മരണത്തെ വരിച്ച് ജിഷ്ണുവിന്റെ മടക്കവും

അച്ഛന്റെ സിനിമയിൽ ബാലതാരമായി; ഐടി രംഗത്തെ ജോലി ഉപേക്ഷിച്ച് 'നമ്മളിൽ' നായകനായി; ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലും; പുഞ്ചിരിയോടെ മരണത്തെ വരിച്ച് ജിഷ്ണുവിന്റെ മടക്കവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമാരംഗത്ത് ഹൃദ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായി മാറിയ നടനായിരുന്നു ജിഷ്ണു. അച്ഛൻ രാഘവന്റെ പാതയിലൂടെ മലയാളിത്തിലെത്തിയ നടൻ. ബാലതാരമായി എത്തി നായകപദവിയിലെത്തിയ ജിഷ്ണു സിനിമയ്‌ക്കൊപ്പം സഞ്ചരിക്കാനാണ് എന്നും ആഗ്രഹിച്ചത്.

അച്ഛന്റെ പേരും സ്വാധീനവും ഉപയോഗിക്കാതെ ചലച്ചിത്ര രംഗത്ത് സജീവമാകാനായിരുന്നു ആഗ്രഹം. അതുമാത്രമാണ് ചെയ്തും. അപ്പോഴും എഴുപതുകളിൽ അച്ഛനുണ്ടാക്കായി സ്വഭാവമഹിമ കാത്ത് സൂക്ഷിക്കുകയും ചെയ്തു. ആരെകൊണ്ടും മോശം പറയിക്കാതെയായിരുന്നു പ്രവർത്തനം. അതുകൊണ്ട് കൂടിയാണ് ഈ നടന്റെ വിയോഗം മലയാള സിനിമയും സഹപ്രവർത്തകരും അതീവ വേദനയോടെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത്. കണ്ണൂരുകാരനായ ജിഷ്ണു 2002 ൽ കമൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം നമ്മളിൽ രണ്ടു നായകന്മാരിൽ ഒരാളായിട്ടായിരുന്നു ശ്രദ്ധ നേടിയത്. 1987 ൽ പിതാവ് സംവിധാനം ചെയ്ത കിളിപ്പാട്ടിലൂടെ മലയാള സിനിമയിൽ എത്തിയ ജിഷ്ണു തുടർന്ന് നായകനായും സഹനടനായും 25 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുന്ദർദാസ് സംവിധാനം ചെയ്ത റബേക്കാ ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലായിരുന്നു അവസാനമായി അഭിനയിച്ചത്.

റിലീസ് ചെയ്യാൻ നാലോളം ചിത്രങ്ങൾ ബാക്കി നിൽക്കേയാണ് അദ്ദേഹം മരണമടഞ്ഞത്. ചൂണ്ട, ഫ്രീഡം, പ്രണയം, നേരറിയാൻ സിബിഐ, പൗരൻ, ചക്കരമുത്ത്, ബാങ്കിങ് അവേഴ്‌സ്, അന്നും ഇന്നും എന്നും, നിദ്ര, ഉസ്താദ്‌ഹോട്ടൽ, ഓർഡിനറി തുടങ്ങി അനേകം സിനിമകളിൽ അഭിനയിച്ചു. തമിഴിൽ മിസ്സിസ് രാഘവൻ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. മദ്രാസിലും തിരുവനന്തപുരത്തും കോഴിക്കോടുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ജിഷ്ണു ഐടി രംഗത്ത് നിന്നുമായിരുന്നു സിനിമയിൽ എത്തിയത്. കോഴിക്കോട് എൻഐടിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം ഐടി രംഗത്ത് ജോലി നോക്കുന്നതിനിടയിലാണ് നമ്മളിലേക്ക് എത്തിയത്.

ഏതാനും നാൾ മുമ്പ് താൻ കാൻസർബാധിതനാണെന്ന വിവരം സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ഇദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു. ചികിത്സയിലാണെന്നും താൻ തിരിച്ചുവരുമെന്നും ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. തനിക്ക് ക്യാൻസറാണെന്ന് ജിഷ്ണു തന്നെയാണ് സോഷ്യൽ മീഡിയിലൂടെ പുറം ലോകത്തെ അറിയിച്ചത്. രണ്ടാഴ്ച മുമ്പ് വരെയും അദ്ദേഹം സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. താൻ ഐസിയുവിലാണെന്ന് ഈ മാസം എട്ടാം തീയ്യതി അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞിരുന്നു. അങ്ങനെ അസുഖത്തേയും പുഞ്ചിരിയോടെ ജിഷ്ണു നേരിട്ടു. അസുഖത്തിന് മുന്നിൽ ഒരിക്കലും പതറിയില്ല. രോഗ ശേഷമുള്ള ഫോട്ടോകളും ഫെയ്‌സ് ബുക്കിലൂടെ ഷെയർ ചെയ്തു.

ഒരു ഇടവേളയ്ക്ക് ശേഷം 2012ൽ ഓർഡിനറി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമാ രംഗത്ത് ജീവമായത്. ഇതിനിടെയാണ് കാൻസർ രോഗം ജീവിതത്തിൽ വില്ലനായി എത്തുന്നത്. വിവിധ ഭാഷകളിലായി 25ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലും ജിഷ്ണു സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. പലപ്പോഴും ജിഷ്ണുവിന്റെ വിയോഗ വാർത്തകൾ സമൂഹമാദ്ധ്യമങ്ങൾ ചർച്ചയാക്കി. അപ്പോഴൊന്നും ആരേയും കടന്നാക്രമിച്ചില്ല. പകരം തനിക്ക് രോഗമുണ്ടെന്നും തിരിച്ചുവരുമെന്നും മാത്രമായിരുന്നു പ്രതികരണം. അവിടേയും പ്രതികരണങ്ങളിലെ മിതത്വത്തിലൂടെ ജിഷ്ണു മാതൃകയായി. വിവാദങ്ങളിൽപെടാതെ ജീവിക്കണമെന്ന അച്ഛൻ രാഘവന്റെ മാർഗ്ഗ നിർദ്ദേശം തന്നെയായിരുന്നു ജിഷ്ണുവിന്റെ കരുത്തും.

മരണമെന്ന യാഥാർത്ഥ്യത്തെ പൂർണ്ണമായും ഉൾക്കൊണ്ടാണ് ജിഷ്ണുവിന്റെ മടക്കം. അതിന് മുമ്പിൽ ഒരിക്കലും പതറിയില്ല. അച്ഛനേയും ഭാര്യയേയും സുഹൃത്തുക്കളേയുമെല്ലാം ഈ യാഥാർത്ഥ്യം ഉൾക്കൊള്ളിപ്പിക്കാൻ പാടുപെടുകയും ചെയ്തു. എന്തിനേയും പുഞ്ചിരിയോടെ നേരിടണമെന്നാണ് ജിഷ്ണു പകർന്ന് നൽകിയ പാഠം. പക്ഷേ ഈ വിയോഗം കുടുംബത്തിനും മലയാള സിനിയയ്ക്കും താങ്ങാവുന്നതിലും അപ്പുറമാണ്. സ്‌നേഹ സമ്പന്നനായ സഹപ്രവർത്തകനേയും കൂട്ടുകാരനേയുമാണ് അവർക്ക് നഷ്ടമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP