Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൈസൂരിൽ ജനിച്ചു,  ബാംഗ്ലൂരിൽ പഠിച്ചു; ആദ്യം അഭിനയിച്ചത് കന്നഡ സിനിമയിൽ; എംജിആറിന്റെ ജോഡിയായി തമിഴ് ജനതയുടെ മനസ്സിൽദേവതയായി; എംജിആറിന്റെ മൃതദേഹത്തിന് അടുത്തുനിന്ന് പുറത്താക്കിയത് വഴിത്തിരിവായി; അഴിമതിയിൽ മുങ്ങി ആദ്യ മുഖ്രമന്ത്രിപദം കൈവിട്ടു: ജയലളിതയുടെ വളർച്ചാ വഴി ഇങ്ങനെ

മൈസൂരിൽ ജനിച്ചു,  ബാംഗ്ലൂരിൽ പഠിച്ചു; ആദ്യം അഭിനയിച്ചത് കന്നഡ സിനിമയിൽ; എംജിആറിന്റെ ജോഡിയായി തമിഴ് ജനതയുടെ മനസ്സിൽദേവതയായി; എംജിആറിന്റെ മൃതദേഹത്തിന് അടുത്തുനിന്ന് പുറത്താക്കിയത് വഴിത്തിരിവായി; അഴിമതിയിൽ മുങ്ങി ആദ്യ മുഖ്രമന്ത്രിപദം കൈവിട്ടു: ജയലളിതയുടെ വളർച്ചാ വഴി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: മൈസൂരിൽ ജനിച്ച കന്നഡപ്പെൺകൊടിയായിരുന്ന ജയലളിത ജയറാം തമിഴകത്തിന്റെ മുഖ്യമന്ത്രിയായി, ജനങ്ങളുടെ മനസ്സിലെ അമ്മയായി വളർന്നത് ഒരു സിനിമാ കഥപോലെ തന്നെ സംഭവ ബഹുലമായ നിരവധി ജീവിതരംഗങ്ങളിലൂടെയാണ്. തമിഴ് അയ്യങ്കാർ കുടുബംത്തിൽ ജയറാം-വേദവല്ലി ദമ്പതികളുടെ മകളായി 1948 ഫെബ്രുവരി 24ന് മൈസൂരിലാണ് ജയ ജനിച്ചത്. ജയലളിത ജയറാം എന്നാണ് യഥാർത്ഥ നാമം. ജയലളിതയുടെ മുത്തശ്ശൻ മൈസൂർ രാജാവിന്റെ ഡോക്ടറായിരുന്നു. അതിനാൽ മൈസൂർ രാജകുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്നു ജയയുടെ കുടുംബത്തിന്. 

ജയ ജനിക്കുന്ന കാലത്ത് ജയചാമരാജേന്ദ്ര വോഡയാർ ആയിരുന്നു മൈസൂർ രാജാവ്. ഇദ്ദേഹത്തോടുള്ള അടുപ്പം കാണിക്കാൻ കൂടിയാണ് ജയ എന്ന പേരുകൂടി കുഞ്ഞിന്റെ പേരിനൊപ്പം ചേർത്തത്. സ്‌കൂളിൽ കോമളവല്ലിയെന്നായിരുന്നു പേര്. ചർച്ച് പാർക്ക് കോൺവെന്റിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബംഗളുരു ബിഷപ് കോട്ടൺ ഗേൾസ് ഹൈസ്‌കൂൾ, ചെന്നൈ സേക്രട്ട് ഹാർട്ട് മെട്രിക്കുലേഷൻ സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പത്താം ക്ലാസിൽ സംസ്ഥാനതലത്തിൽ മികച്ച വിജയംനേടി. പ്രശസ്തമായ ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളജിൽ പ്രവേശനം വാഗ്ദാനം ചെയ്‌തെങ്കിലും പഠനം സാധ്യമായില്ല.

അമ്മയുടെ പാതയിൽ വെള്ളിത്തിരയിലേക്ക്

ജയലളിതയ്ക്കു രണ്ടുവയസുള്ളപ്പോൾ പിതാവ് മരിച്ചതോടെ കുടുംബം ബംഗളുരുവിലേക്കു മാറി. രണ്ടു വർഷത്തിനുശേഷം വീണ്ടും ചെന്നൈയിലേക്കു താമസംമാറ്റിയെങ്കിലും 1958ലാണ് ജയലളിത ചെന്നൈയിലേക്ക് എത്തിയത്. ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങിയിരുന്നു ഇക്കാലത്ത്. ക്ലാസിക്കൽ ഡാൻസിലും സംഗീതത്തിലും അവഗാഹം നേടിയ ജയ അഭിഭാഷകയാകാനുള്ള മോഹം ഉപേക്ഷിച്ച് അമ്മയുടെ പാത പിന്തുടരാൻ തീരുമാനിച്ചതോടെ 15-ാം വയസിലായിരുന്നു ജയയുടെ സിനിമാ അരങ്ങേറ്റം. ചിന്നദാ ഗോംബെ എന്ന കന്നഡചിത്രംതന്നെ ഹിറ്റായി. ഏതാനും ബോളിവുഡ് ചിത്രങ്ങളിലും ജയ അഭിനയിച്ചു. എം.ജി.രാമചന്ദ്രനൊപ്പം 28 ചിത്രങ്ങളിൽ അഭിനയിച്ചതോടെ ജയ തമിഴകത്തിന്റെ ഇദയക്കനിയായി. 1980ലെ 'നദിയെ തേടി വന്ത കാതൽ' ആയിരുന്നു അവരുടെ അവസാന സിനിമ.

ജയയ്ക്കു മുന്നിൽ തമിഴ് രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നതും പുരട്ചി തലൈവരുമായുള്ള ബന്ധമാണ്. എംജിആറിന്റെ 1982ൽ 34-ാം വയസിൽ ജയലളിത അണ്ണാ ഡി.എം.കെയിൽ ചേർന്നപ്പോൾ അവർ തലൈവരുടെ അനന്തരാവകാശിയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി പ്രചാരകയായിട്ടായിരുന്നു അവരുടെ രാഷ്ട്രീയ പ്രവേശം. കുറച്ചുകാലത്തിനകം അവരെ രാജ്യസഭയിൽ പാർട്ടിയുടെ എംപിയാക്കി നിയോഗിച്ചതോടെ എംജിആറുമായുള്ള അകൽച്ച മൂലമാണ് ഇതെന്നായി പ്രചരണം. ഇതിന് പിന്നിൽ ജയലളിത എംജിആറിന്റെ പിൻഗാമിയാകുന്നു എന്നു കരുതുന്നവരുടെ ആസൂത്രിത ശ്രമങ്ങളും ഉണ്ടായിരുന്നു.

പാർട്ടി പിളർത്തി പിടിച്ചെടുത്ത സാമ്രാജ്യം

മുഖ്യമന്ത്രിയായിരിക്കെ 1987ലാണ് എംജിആർ മരിച്ചചത്. അപ്പോഴേക്കും ജയ രാഷ്ട്രീയത്തിലെത്തി അഞ്ചുവർഷമേ ആയിരുന്നുള്ളൂ. തമിഴകം മുഴുവൻ കരഞ്ഞുകൊണ്ട് തൽസമയം കണ്ടുനിന്ന എംജിആറിന്റെ വിലാപയാത്രയ്ക്കിടെ ജയലളിതയെ അപമാനിച്ചിറക്കിവിട്ട രംഗം പിന്നീട് അവരുടെ രാഷ്ട്രീയത്തിലെ വളർച്ചയുടെ ആദ്യ ചവിട്ടുപടിയായി മാറി. എംജിആറിന്റെ മരണത്തോടെ പാർട്ടിയിൽ പിൻഗാമി ആരെന്ന ചോദ്യമുയർന്ന് അധികാരത്തർക്കം തുടങ്ങി. ഒരുവിഭാഗം എംജിആറിന്റെ പത്‌നി ജാനകിയെ അടുത്ത നേതാവാക്കി ഉയർത്തിക്കാട്ടിയെങ്കിലും ജനങ്ങളുടെ മനസ്സിൽ അദ്ദേഹത്തിന്റെ പങ്കാളി വെള്ളിത്തിരയിൽ അണ്ണന്റെ പ്രിയനായികയായി നിറഞ്ഞുനിന്ന ജയലളിതയായിരുന്നു. ഭാര്യയും ഇദയക്കനിയും തമ്മിലുള്ള തർക്കത്തിൽ പാർട്ടി പിളർന്നു. എംജിആർ മരിച്ചതിലെ സഹതാപതരംഗം നിലനിന്നെങ്കിലും എഐഎഡിഎംകെ പിളർന്നതു മുതലെടുത്ത് എതിർകക്ഷിയായ കരുണാനിധിയുടെ ഡിഎംകെ 1989ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തി.

എംജിആറിന്റെ പത്‌നിയെന്നതിനപ്പുറം രാഷ്ട്രീയത്തിൽ പയറ്റിത്തെളിയാത്ത ജാനകി രാമചന്ദ്രന് പിന്തുണകുറഞ്ഞതോടെ വീണ്ടും ജയ അണ്ണാ ഡിഎംകെയിലെ അവസാന വാക്കായി മാറി. ഇതോടെ ചോദ്യംചെയ്യാനാവാത്ത ആ സാമ്രാജ്യത്തിലെ റാണിയായി മാറി ജയലളിത. 1991ൽ വൻഭൂരിപക്ഷത്തിൽ ആദ്യമായി മുഖ്യമന്ത്രിക്കസേരയിലെത്തിയ ജയലളിതയ്ക്ക് പക്ഷേ, അഴിമതി ആരോപണം ഉയർന്നതോടെ 1996ലെ തെരഞ്ഞെടുപ്പിൽ അടിപതറി.

നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങി. ഇതിനു പിന്നാലെ കരുണാനിധി ഭരണത്തിലിരിക്കെ കളർ ടിവി കുംഭകോണക്കേസിൽ അവർ അറസ്റ്റ് ചെയ്യപ്പെട്ടു. 28 ദിവസം ജയിൽവാസം. പക്ഷേ പുറത്തിറങ്ങിയത് പ്രതികാര ദുർഗയായിരുന്നു. വീണ്ടും അധികാരത്തിലെത്തിയപ്പോൾ തന്നെ ജയിലിലടച്ച കരുണാനിധിയേയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ്റുചെയ്ത് ജയിലടച്ചുകൊണ്ടായിരുന്നു പകവീട്ടൽ.

മത്സരിക്കാൻ അയോഗ്യയാക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയായി ജയ

1998ൽ ബിജെപിയുമായി ചേർന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് കേന്ദ്രത്തിൽ അധികാരം പങ്കിട്ടു. 99ൽ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചു. ഇതിനിടെ അഴിമതിക്കഥകളും ആരോപണങ്ങളും വിടാതെ വേട്ടയാടിയെങ്കിലും ജയലളിത അതിനകം തമിഴ് ജനതയുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ ഉറപ്പിക്കുകയായിരുന്നു. 2001ലും 2011ലും ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയിൽ തിരിച്ചെത്തി. കളർ ടിവി കേസിൽ കുറ്റവിമുക്തയായെങ്കിലും 2000ൽ താൻസി ഭൂമി ഇടപാട് ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടു.

അതിനാൽ തൊട്ടടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ലെങ്കിലും അവരുടെ ജനസമ്മതിയുടെ പിൻബലത്തിൽ എ.ഐ.ഡി.എം.കെ. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. മത്സരിച്ച് ജയിക്കാതെ തന്നെ ജയ മുഖ്യമന്ത്രിയായി. ഇത് മറ്റൊരു നിയമയുദ്ധത്തിലേക്കാണ് നീണ്ടത്. നാലു മാസം കഴിഞ്ഞ് മുഖ്യമന്ത്രിയായി തുടരാൻ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്റ്റംബറിൽ സുപ്രീംകോടതി വിധിച്ചതോടെ അവർ ഭരണംവിട്ടിറങ്ങി. അന്നും വിശ്വസ്തനായിരുന്ന പന്നീർ ശെൽവത്തെ മുഖ്യമന്ത്രിയാക്കി ജയതന്നെ അണിയറയിൽ ഇരുന്ന് ഭരിച്ചു.

പിന്നീട് താൻസി ഉൾപ്പെടെയുള്ള കേസുകളിൽ ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ 2002ൽ ആണ്ടിപ്പെട്ടിയിൽനിന്നു മത്സരിച്ച് ജയിച്ച് ജയ വീണ്ടും മുഖ്യമന്ത്രിയായി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13 പാർട്ടികളുടെ സഖ്യം ജയയുടെ നേതൃത്വത്തിൽ വിജയംനേടി അധികാരത്തിലെത്തി. എന്നാൽ, 2014ൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലുവർഷം തടവിനും നൂറുകോടി രൂപ പിഴയടയ്ക്കാനും ബംഗളുരു പ്രത്യേക കോടതി ശിക്ഷിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടുവന്നു. 2015 മെയ്‌ 11ന് കർണാടക ഹൈക്കോടതി ജയയെ കുറ്റവിമുക്തയാക്കിയതോടെ വീണ്ടും മുഖ്യമന്ത്രിപദത്തിലേക്കു തിരിച്ചെത്തുന്നത്. 2015 മെയ്‌ 23ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2014ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 39 സീറ്റുകളിൽ 37 എണ്ണവും പിടിച്ചെടുത്താണ് എ.ഐ.എ.ഡി.എം.കെ. വെന്നിക്കൊടിപാറിച്ചത്. ബിജെപിക്കും കോൺഗ്രസിനും ശേഷം ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എ.ഐ.എ.ഡി.എം.കെ. മാറി. 2016നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.കെ. നഗറിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. ഇതോടെ എം.ജി.ആറിനുശേഷം തുടർച്ചയായി രണ്ടു തവണ തമിഴ്‌നാട് മുഖ്യമന്ത്രിപദത്തിലെത്തിയെന്ന ബഹുമതിയും ജയയ്ക്ക് സ്വന്തം. പക്ഷേ, രാഷ്ട്രീയ രംഗത്ത് എംജിആറിനു ശേഷം ഏതാണ്ട് മൂന്നു ദശാബ്ദത്തോളമായി അനിഷേധ്യ സാന്നിധ്യമായി മാറിക്കഴിഞ്ഞ ജയ ഇതിനകം ഒരു എതിരാളിപോലുമില്ലാതെ പാർട്ടിയിലെ ഏകാധിപതി ആയിക്കഴിഞ്ഞിരുന്നു.

സേവനങ്ങളുമായി അമ്മ എന്ന ബ്രാൻഡ്

അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി ഉയരുമ്പോഴും ജനങ്ങളുടെ മനസ്സിൽ ഇടംനേടുന്ന നിരവധി പ്രവർത്തനങ്ങളുടെ ജയലളിതയെന്ന ഭരണാധികാരി ജനങ്ങൾക്കുമുന്നിലെത്തിച്ചത്. ഇതിലെല്ലാം 'അമ്മ' എന്ന സ്വന്തം ബ്രാൻഡിംഗും ജയ നടത്തി. ഇന്ന് അതിനാൽത്തന്നെ തമിഴകത്ത് മറ്റൊരു രാഷ്ട്രീയ നേതാവിനും ഇല്ലാത്ത പ്രഭാവമാണ് ജയലളിത. അവരുടെ പേരുപോലും ഓർക്കാത്ത വിധം സാധാരണക്കാരുടെ ആപത് ബാന്ധവയായി, അശരണരുടെ ആശ്വാസമായി, അവരുടെ അമ്മയായി ജയ മാറിയത് അങ്ങനെയാണ്.

സമീപ വർഷങ്ങളിൽ തമിഴ്‌നാട്ടിൽ നടപ്പാക്കപ്പെട്ട പദ്ധതികളിലെല്ലാം ഈ ബ്രാൻഡിംഗിന്റെ ടച്ച് കാണാം. അമ്മ കാന്റീൻ മുതൽ അമ്മ മൊബൈൽ ഫോൺ വരെ നീളുന്ന പദ്ധതികളിലൂടെ ജനമനസ് കീഴടക്കുന്നതിനിടയിലാണ് ആരും പ്രതീക്ഷിക്കാതെ ജയ രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതും. ഇതോടെ കിംവദന്തികൾ വ്യാപിച്ചു. നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് പലയിടത്തുനിന്നും ആവശ്യമുയർന്നപ്പോൾ അവർ വീഡിയോ കോൺഫറൻസിലൂടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് വിമർശകരുടെ വായടച്ചു.

എന്നാൽ, സെപ്റ്റംബർ 23ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതോടെ ആരോഗ്യ നിലയെപ്പറ്റി വീണ്ടും ആശങ്കയുയർന്നു. ഇതോടെ കഴിഞ്ഞ രണ്ടരമാസമായി തങ്ങളുടെ മുഖ്യമന്ത്രിയുടെയല്ല, മറിച്ച്് ദൈവത്തിന്റെ തന്നെ മടങ്ങിവരവിനായി പ്രാർത്ഥനകളും പൂജകളുമായി കഴിയുകയായിരുന്നു തമിഴകം. അവരുടെ ഒരു ചിത്രമോ വാക്കോ അപ്പോളോ ആശുപത്രിയിൽ നിന്ന് ഇത്രയുംകാലം പുറത്തുവന്നില്ലെങ്കിലും അനുയായികളും അണ്ണാഡിഎംകെ പ്രവർത്തകർപോലും കാത്തിരിക്കുകയായിരുന്നു അമ്മയുടെ തിരിച്ചുവരവിനായി.

ഇടയ്ക്ക് അവരുടെ രോഗം കുറയുന്നുവെന്നും ഐസിയുവിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറിയെന്നും യന്ത്രത്തിന്റെ സഹായത്തോടെ സംസാരിച്ചുവെന്നുമെല്ലാമുള്ള വാർത്തകൾ പുറത്തുവന്നു. പക്ഷേ, ഞായറാഴ്ച എല്ലാ പ്രാർത്ഥനകളും വിഫലമാക്കി ആ വാർത്ത പുറത്തുവന്നു. ജയയ്ക്ക് കാർഡിയാക് അറസ്റ്റ്. പക്ഷേ, ഇത്തവണ മക്കളുടെ പ്രാർത്ഥനയ്ക്ക് അവരുടെ ദൈവത്തെ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP