Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രവാസികളായിരുന്ന സുഹൃത്തുക്കളുടെ കുടുംബത്തിന് ഉണ്ടായ ദുരന്തത്തിൽ ഞെട്ടി മീനടത്തൂരുകാർ; രാമനാട്ടുകരയിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ടു കുടുംബങ്ങളിലെ അഞ്ചുപേരുടെ ജീവൻ; അപകടം ഉണ്ടായത് എട്ടുവയസ്സുകാരിയെ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിച്ച് മടങ്ങുന്നതിനിടെ; മാതാവും സഹോദരനും ബന്ധുക്കളും വിടപറഞ്ഞത് അറിയാതെ ഷസ ഇപ്പോഴും ആശുപത്രിയിൽ

പ്രവാസികളായിരുന്ന സുഹൃത്തുക്കളുടെ കുടുംബത്തിന് ഉണ്ടായ ദുരന്തത്തിൽ ഞെട്ടി മീനടത്തൂരുകാർ; രാമനാട്ടുകരയിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ടു കുടുംബങ്ങളിലെ അഞ്ചുപേരുടെ ജീവൻ; അപകടം ഉണ്ടായത് എട്ടുവയസ്സുകാരിയെ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിച്ച് മടങ്ങുന്നതിനിടെ; മാതാവും സഹോദരനും ബന്ധുക്കളും വിടപറഞ്ഞത് അറിയാതെ ഷസ ഇപ്പോഴും ആശുപത്രിയിൽ

എം പി റാഫി

മലപ്പുറം: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളിലെ അഞ്ചു പേർ. പ്രവാസികളായ രണ്ട് സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പെട്ടെന്നുള്ള വിയോഗത്തിൽ വിതുമ്പലടക്കാനാകാതെ അക്ഷരാർത്ഥത്തിൽ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ് മീനടത്തൂർ ഗ്രാമം. കോഴിക്കോട്ടെ കോംട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് താനൂർ മീനടത്തൂരിൽ നിന്നും കുടുംബത്തിലെ എട്ടു വയസുകാരി ഷസയുടെ ചികിത്സക്കായി കാറിൽ പുറപ്പെട്ടതായിരുന്നു.

എന്നാൽ തിരികെയുള്ള യാത്രയിൽ സഞ്ചരിച്ച കാറും ടിപ്പർ ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് ജീവനുകൾ പൊലിയുകയായിരുന്നു. മാതാവും സഹോദരനും മറ്റു കുടംബാംഗങ്ങളും മരണപ്പെട്ടതറിയാതെ ഷസ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയാണ്. രണ്ട് കുടുംബത്തിലെ അഞ്ചു പേർ ഒന്നിച്ച് മരണപ്പെട്ടതിലുള്ള അടങ്ങാത്ത വേദന മീനടത്തൂർ ഗ്രാമത്തെ ദുഃഖ സാന്ദ്രമാക്കിയിരിക്കുകയാണ്. അപകട വിവരം അറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മരണപ്പെട്ട സൈനുദ്ദീന്റെയും യാഹുട്ടിയുടെയും വീട്ടിലേക്കൊഴുകിയെത്തി.

വർഷങ്ങളായി ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കഴിയുന്നവരായിരുന്നു സുഹൃത്തുക്കളായ യാഹുട്ടിയും സൈനുദ്ദീനും. ബന്ധുക്കൾ കൂടിയായ ഇരുവരും നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു. സൈനുദ്ദീനെ താൽക്കാലികമായി ഡ്രൈവറായി വിളിച്ചാണ് യാഹുട്ടിയുടെ കുടുംബം കോഴിക്കോട് കണ്ണാശുപത്രിയിലേക്ക് പോയത്. ഷസയുടെ കണ്ണ് പരിശോധന കഴിഞ്ഞ് തിരിച്ചു വരുമ്പോൾ രാമനാട്ടുകര ബൈപാസിൽ വച്ചാണ് ടിപ്പർ ലോറി കാറിലിടിച്ചത്. ഡ്രൈവർ സൈനുദ്ദീനും യാഹുട്ടിയുടെ ഭാര്യ നഫീസയും തൽക്ഷണം മരണപ്പെടുകയും അപകടത്തിൽ സാരമായി പരിക്കേറ്റ യാഹുട്ടിയും മകൾ സഹീറയും മണിക്കൂറുകൾക്കകം മരണപ്പെടുകയും ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെ ചികിത്സയിലായിരുന്ന നാലരവയസുകാരൻ മുഹമ്മദ് ഷഫിനും മരണപ്പെട്ടു.

രണ്ട് പേരുടെ മരണവാർത്ത കേട്ടതോടെ അപകട വാർത്ത നാടൊട്ടുക്കും പ്രചരിക്കുന്നതിനിടയിലാണ് മറ്റു രണ്ട് പേരുടെ വേർപ്പാടിന്റെ വാർത്തയും വന്നെത്തിയത്. സൈനുദ്ദീന്റെ മയ്യിത്ത് ഇന്നലെ രാത്രി തന്നെ ഖബറടക്കി. സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് ആളുകൾ പിരിയുമ്പോയാണ് നാലരവയസുകാരൻ മുഹമ്മദ് ഷഫിന്റെ മരണവാർത്ത അറിയുന്നത്. അഞ്ചാമത്തെ മരണവാർത്ത കൂടി എത്തിയതോടെ ഗ്രാമം കണ്ണീരിൽ മുങ്ങി. ചികിത്സയിൽ കഴിയുന്ന ഷസയുടെ ഉമ്മ, സഹോദരൻ, വല്ല്യുപ്പ, വല്ല്യുമ്മ എന്നിവരെല്ലാം മരണത്തിന് കീഴടങ്ങി. ഷസയുടെ പിതാവ് യൂനുസ് സൗദിയിലാണ്. മരണപ്പെട്ട സാഹിറ കുടുംബത്തോടൊപ്പം സൗദിയിൽ താമസിക്കുകയായിരുന്നു. ഒരുവർഷമായി മക്കളോടൊപ്പം നാട്ടിലാണ് താമസിക്കുന്നത്.

മരണമടഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ മീനടത്തൂർ വെസ്റ്റ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഒരു പ്രദേശത്തെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തിയ അഞ്ച് പേരുടെ വേർപാടിന്റെ വേദന വിട്ടുമാറാതെ മീനടത്തൂർ ഗ്രാമം വിതുമ്പുകയാണ്. മരിച്ച സൈനുദ്ദീൻ മീനടത്തൂർമിസ്ബാഹുൽ അനാം മദ്‌റസ കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ ചാരിറ്റി കമ്മിറ്റിയുടെയും അംഗമാണ്. സൈനുദ്ദീനും യാഹുട്ടിയും മുസ്ലിം ലീഗ് പ്രവർത്തകരാണ്. ഇരുവരും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കഴിയുകയായിരുന്നു. എംഎ‍ൽഎമാർ, വിവിധ രാഷ്ട്രീയ മത നേതാക്കൾ കുടുംബത്തിലും ആശുപത്രിയിലുമായി സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP