Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യാ വിഷനിലെ വാർത്താ അവതാരക എന്ന നിലയിൽ പ്രശംസനേടി; സിനിമാ പരിപാടിയുടെ അവതാരകയായി സിനിമാ ലോകത്തിന്റെ കയ്യടിയും; വീണാ ജോർജിന്റെ നിഴലായി വളർന്നു; ഇരുപത്തെട്ടാം വയസ്സിൽ വിടപറഞ്ഞ അനുശ്രീയെ മറക്കാനാവാതെ മാദ്ധ്യമലോകം

ഇന്ത്യാ വിഷനിലെ വാർത്താ അവതാരക എന്ന നിലയിൽ പ്രശംസനേടി; സിനിമാ പരിപാടിയുടെ അവതാരകയായി സിനിമാ ലോകത്തിന്റെ കയ്യടിയും; വീണാ ജോർജിന്റെ നിഴലായി വളർന്നു; ഇരുപത്തെട്ടാം വയസ്സിൽ വിടപറഞ്ഞ അനുശ്രീയെ മറക്കാനാവാതെ മാദ്ധ്യമലോകം

പത്തനംതിട്ട: എപ്പോഴും ചിരിക്കുന്ന മുഖം. പ്രസന്നമായ പെരുമാറ്റം. സഹപ്രവർത്തകർക്കെല്ലാം അടുത്ത കൂട്ടുകാരി. ഇന്ത്യാവിഷനിൽ മികച്ചൊരു ന്യൂസ് റീഡർ എന്ന നിലയിലും 'മ്യാവൂ' എന്റർടെയിന്മെന്റ് പ്രോഗ്രാമിന്റെ അവതാരകയെന്ന നിലയിലും ശ്രദ്ധേയയായ അനുശ്രീപിള്ള അകാലത്തിൽ വിട്ടുപിരിയുമ്പോൾ കൂട്ടുകാർക്കാർക്കും അത് ഉൾക്കൊള്ളാനാവുന്നില്ല. നല്ല സുഹൃത്ത് പൊടുന്നനെ വിട്ടുപോയതിന്റെ ഞെട്ടലിാണ് മാദ്ധ്യമലോകം ഒന്നടങ്കം. ഇന്നലെ രാത്രി വയറുവേദനയെത്തുടർന്ന് ചുങ്കപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ മാദ്ധ്യമ പ്രവർത്തക അനുശ്രീ പിള്ള കുത്തിയവയ്‌പെടുത്തതിനെ തുടർന്ന് പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാദ്ധ്യമലോകത്ത് നിരവധി പ്രതീക്ഷകളും മോഹങ്ങളും ബാക്കിവച്ചാണ് തന്റെ ഇരുപത്തെട്ടാം വയസ്സിൽ അനുശ്രീ യാത്രയാകുന്നത്.

ഇന്ത്യാവിഷനിൽ ന്യൂസ് റീഡറായിരുന്ന പ്രശസ്ത മാദ്ധ്യമപ്രവർത്തകയും എംഎൽഎയുമായ വീണാ ജോർജിന്റെ അടുത്ത കൂട്ടുകാരിയാണ് അനുശ്രീ. വീണയ്‌ക്കൊപ്പം നിഴലുപോലെ നിലകൊണ്ട അനുശ്രീ അവർ ഇന്ത്യാവിഷൻ വിട്ട് ടി വി ന്യൂവിൽ എത്തിയപ്പോഴും കൂടെയുണ്ടായിരുന്നു. അവിടെ നിന്ന് വീണ രാഷ്ട്രീയ രംഗത്തേക്കെത്തിയപ്പോൾ അനുശ്രീ ടൈംസ്ഓഫ് ഇന്ത്യയുടെ ഓൺലൈൻ പോർട്ടലിൽ ചേ്‌ക്കേറി.

പത്തനംതിട്ട ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിയായ അനുശ്രീയുടെ നിരവധി മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു. അതിനാൽത്തന്നെ മാദ്ധ്യമലോകത്തും പൊതുരംഗത്തുമായി വലിയൊരു സുഹൃദ്‌വലയമുണ്ട് അനുശ്രീയ്ക്ക്. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ പാത പിന്തുടരാനായിരുന്നു ഇഷ്ടമെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. ആ നിലയ്ക്കായിരുന്നു ബിരുദകാലം വരെ പഠനം.

പിന്നീട് കേരളത്തിൽ ഇലക്ട്രോണിക് മീഡിയ ശക്തിപ്രാപിച്ച കാലത്ത് താൽപര്യങ്ങൾ മാറിയതോടെ അനുശ്രീ മാദ്ധ്യമ പഠനരംഗത്തെത്തി. എംജി സർവകലാശാലയിൽ നിന്ന് മാദ്ധ്യമപഠനത്തിൽ പിജി നേടിയാണ് മാദ്ധ്യമരംഗത്തെത്തിയത്. ആദ്യം കേരളാവിഷനിൽ മാദ്ധ്യമ പരിശീലനം നേടിയ അനുശ്രീ ജയ്ഹിന്ദ് ടിവിയിലും തുടർന്ന് ഇന്ത്യാവിഷനിലുമെത്തുകയായിരുന്നു.

ഇന്ത്യാവിഷനിലെ ശ്രദ്ധേയമായ റിപ്പോർട്ടുകളും അനുശ്രീ നേതൃത്വം നൽകിയ പ്രോഗ്രാമുകളും ശ്രദ്ധിക്കപ്പെട്ടതോടെ പ്രശസ്തയായി. ഇന്ത്യാവിഷൻ ചാനലിലെ മ്യാവൂ എന്ന വിനോദ പരിപാടിയുടെ അവതാരകയായതോടെ അനുശ്രീ കുടുതൽ തിളങ്ങി. മ്യാവുവിനെ പുത്തൻ അവതരണ പഥത്തിൽ എത്തിച്ചതോടെ പരിപാടിക്ക് കൂടുതൽ ആരാധകരുണ്ടായി. ഇതോടെ ചലച്ചിത്ര താരങ്ങളുടേയും അടുത്ത സുഹൃത്തായി അനുശ്രീ പിള്ള. ഈ പ്രോഗ്രാമിലൂടെ മാദ്ധ്യമരംഗത്തെ ആദ്യ അവാർഡും അവരെ തേടിയെത്തി.

ഇന്ത്യാവിഷനിലെ ന്യൂസ് റീഡർ എന്ന നിലയിൽ ശ്രദ്ധനേടിയ അനുശ്രീ മുതിർന്ന സഹപ്രവർത്തക വീണാ ജോർജിന്റെ വലംകൈയായി. അനുശ്രീയുടെ വേർപാട് സുഹൃത്തുക്കളിൽ പലരും അറിഞ്ഞതും വീണയിലൂടെയായിരുന്നു. ഇന്ത്യാവിഷൻ പ്രതിസന്ധിയിലായ അവസാന കാലത്ത് വീണാ ജോർജ് ചാനൽവിട്ട് ടിവി ന്യൂവിലേക്ക് ചേക്കേറിയപ്പോൾ അവർക്കൊപ്പം അനുശ്രീയും ടിവി ന്യൂവിൽ എത്തുകയായിരുന്നു. ഇപ്പോൾ ഓൺലൈൻ രംഗത്തെത്തിയെങ്കിലും വിഷ്വൽ മീഡിയ മേഖലയിൽ തുടരാനും നിരവധി പ്രോഗ്രാമുകൾ തുടർന്നും ചെയ്യാനും അനുശ്രീ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അനുശ്രീയുടെ വേർപാടെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിച്ച് പോസ്റ്റ്‌മോർട്ടത്തിനു ശേഷം പത്തനംതിട്ടയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ചികിത്സയിലെ പിഴവാണ് അനുശ്രീയുടെ മരണത്തിനു കാരണമെന്ന് അമ്മ രത്‌നമ്മ ആരോപിക്കുന്നുണ്ട്. രാത്രിയിൽ റാന്നിയിലെ ക്ലിനിക്കിൽ നൽകിയ കുത്തിവയ്പിൽ പിഴവുപറ്റിയെന്നാണ് സംശയമുണരുന്നത്. പോസ്റ്റുമോർട്ടത്തിലേ മരണകാരണം വ്യക്തമാകൂ. അനുശ്രീയുടെ സഹോദരി അപർണ പിള്ള വിവാഹശേഷം ദുബായിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP