Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർ ചട്ടം നോക്കി പറക്കുന്നവനു നല്ല പോരാളിയാവാൻ സാധിക്കില്ല; തലനാരിഴയ്ക്കാണു ഞാൻ രക്ഷപ്പെട്ടത്; മറ്റൊരു മേലധികാരി ആയിരുന്നുവെങ്കിൽ അന്നോടെ എന്റെ ജോലി പോകുമായിരുന്നു; നിരാശനായ എയർമാനെ വീട്ടൂകാരെ കാണിക്കാൻ യുദ്ധവിമാനം കോഴിക്കോട്ടിന് മുന്നിൽ താഴ്‌ത്തി പറത്തി; ഇന്ത്യൻ എയർഫോഴ്‌സിന് പഞ്ച നക്ഷത്ര പദവി നേടി കൊടുത്ത പോരാളിയുടെ കഥ

സർ ചട്ടം നോക്കി പറക്കുന്നവനു നല്ല പോരാളിയാവാൻ സാധിക്കില്ല; തലനാരിഴയ്ക്കാണു ഞാൻ രക്ഷപ്പെട്ടത്; മറ്റൊരു മേലധികാരി ആയിരുന്നുവെങ്കിൽ അന്നോടെ എന്റെ ജോലി പോകുമായിരുന്നു; നിരാശനായ എയർമാനെ വീട്ടൂകാരെ കാണിക്കാൻ യുദ്ധവിമാനം കോഴിക്കോട്ടിന് മുന്നിൽ താഴ്‌ത്തി പറത്തി; ഇന്ത്യൻ എയർഫോഴ്‌സിന് പഞ്ച നക്ഷത്ര പദവി നേടി കൊടുത്ത പോരാളിയുടെ കഥ

ന്യൂഡൽഹി: പഞ്ചനക്ഷത്ര റാങ്ക് ലഭിച്ച ഇന്ത്യൻ വ്യോമസേനയുടെ ഈ ഏക മാർഷലൽ. പാക്കിസ്ഥാനെ വിറപ്പിച്ച പോരാളി. അപ്പോഴും മനസ്സ് നിറയെ സ്‌നേഹവും കരുതലുമായിരുന്നു അർജൻ സിങിന്. ഇതിലൊരു കഥയിൽ മലയാളിയും താരമാണ്. രണ്ടാം ലോക മഹായുദ്ധകാലത്തായിരുന്നു ഇത്. വീട്ടുകാരെ കാണാതെ വേദനിച്ചിരുന്ന കോഴിക്കോട്ടുകാരനെ ഞെട്ടിച്ച അർജൻ സിങ്.

രണ്ടാം ലോകയുദ്ധകാലത്ത് തെക്കേ ഇന്ത്യയിലായിരുന്നു അർജൻ സിങിന്റെ സ്‌ക്വാഡ്രൺ. തന്റെ കൂടെയുള്ള എയർമാൻ എപ്പോഴും മുഷിഞ്ഞിരിക്കുന്നതു കണ്ടപ്പോൾ അദ്ദേഹം കാരണം തിരക്കി. അവനു ഭാര്യയെയും കുഞ്ഞുങ്ങളെയും പിരിഞ്ഞിരിക്കുന്നതിന്റെ വിഷമമാണെന്നു മനസ്സിലായി. പിറ്റേന്നു പരിശീലനപ്പറക്കലിനായി ഇറങ്ങിയപ്പോൾ അവനോടു വീടെവിടെയാണെന്നു ചോദിച്ചു. കോഴിക്കോട്ടാണെന്നു പറഞ്ഞു. അവനെയും കൂട്ടി അർജൻ പറന്നുപൊങ്ങി. അക്കാലത്തു ബോംബർ വിമാനങ്ങളിൽ പൈലറ്റിനെകൂടാതെ ക്രൂ ഉണ്ടായിരുന്നു. യാത്ര കോഴിക്കോട്ടേക്കായിരുന്നു.

കോഴിക്കോടിനു മുകളിലെത്തിയപ്പോൾ താഴ്ന്നു പറത്തി, കൂട്ടാളിയുടെ വീടിനു മുകളിലൂടെ പലതവണ വട്ടമിട്ടു പറന്നു. തലയ്ക്കു മുകളിൽ യുദ്ധവിമാനത്തിന്റെ ശബ്ദം കേട്ടു വീട്ടുകാർ പുറത്തിറങ്ങി നോക്കി. എയർമാൻ തന്റെ ഭാര്യയെയും മക്കളെയും ആകാശത്തു നിന്നു കണ്ടു സംതൃപ്തനായി. വിമാനം അനുവദനീയമായതിലും താഴ്‌ത്തിപ്പറത്തി പൈലറ്റ് 'സ്റ്റണ്ട്' കാട്ടിയതായി സ്‌ക്വാഡ്രൺ കമാൻഡർക്ക് പരാതി കിട്ടി. മേലധികാരി വിളിപ്പിച്ചു. കോർട്ട്മാർഷൽ ചെയ്യപ്പെടാവുന്ന കുറ്റം. ചിരിച്ചുകൊണ്ട് അർജൻ കാര്യങ്ങൾ വിവരിച്ചു. ഒടുവിൽ ഇതും പറഞ്ഞു: ''സർ, ചട്ടം നോക്കി പറക്കുന്നവനു നല്ല പോരാളിയാവാൻ സാധിക്കില്ല.''അർജൻ പറയുമായിരുന്നു:

''തലനാരിഴയ്ക്കാണു ഞാൻ രക്ഷപ്പെട്ടത്. മറ്റൊരു മേലധികാരിയായിരുന്നുവെങ്കിൽ അന്നോടെ എന്റെ ജോലി പോകുമായിരുന്നു.'' അന്നത്തെ സ്‌ക്വാഡ്രൺ കമാൻഡർ ചട്ടപ്പടിക്കാരനായിരുന്നുവെങ്കിൽ പാക്കിസ്ഥാനെ വിറപ്പിക്കാൻ അർജന് കഴിയുമായിരുന്നില്ല. നാൽപത്തിയഞ്ചാം വയസ്സിൽ, 1964 ഓഗസ്റ്റ് ഒന്നിനാണ്, അർജൻ സിങ് ഇന്ത്യൻ വ്യോമസേനയുടെ തലപ്പത്ത് എത്തുന്നത്. ഒരു വർഷം പൂർത്തിയാക്കിയതിനു പിന്നാലെ എത്തിയത് ഇന്ത്യ-പാക് യുദ്ധം. 1965 സെപ്റ്റംബറിൽ നടന്ന ആ യുദ്ധത്തിൽ ആകാശതന്ത്രങ്ങളാൽ പാക്കിസ്ഥാനെ വിറപ്പിക്കുകയായിരുന്നു അർജൻ സിങ്. മൂന്നു വർഷം മുൻപുണ്ടായ ഇന്ത്യചൈന യുദ്ധത്തിലേതു പോലെ ഇന്ത്യ വ്യോമസേനയെ ഉപയോഗപ്പെടുത്തില്ലെന്നു കരുതിയിരുന്ന പാക്കിസ്ഥാന്റെ കണക്ക് കൂട്ടലാണ് തെറ്റിയത്. ഇന്ത്യൻ വ്യോമസേന മിന്നിൽ പിണറായി.

എന്നാൽ യുദ്ധം തുടങ്ങി അധികം വൈകാതെ തന്നെ ഐക്യരാഷ്ട്ര സഭ ഇടപെട്ട് വെടിനിർത്തൽ കരാറുണ്ടാക്കിയത് തിരിച്ചടിയായി. മൂന്നു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കിൽ യുദ്ധത്തിൽ ഇന്ത്യ വിജയക്കൊടി പാറിച്ചേനേയെന്നാണ് ഇതിനെപ്പറ്റി അർജൻ സിങ് പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞത്. യുദ്ധസമയത്ത് ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ടായിരുന്നതു ബ്രിട്ടിഷുകാർ ഉപേക്ഷിച്ചുപോയ മിസ്റ്റീർ, കാൻബെറ, നാറ്റ്, ഹണ്ടർ, വാംപയർ തുടങ്ങിയ യുദ്ധവിമാനങ്ങൾ മാത്രം. പാക്കിസ്ഥാന്റെ കയ്യിലാകട്ടെ സ്റ്റാർഫൈറ്റർ, സാബർജെറ്റ് തുടങ്ങിയ ആധുനിക വിമാനങ്ങളും. ഒപ്പം അമേരിക്കയുടെ കനത്ത പിന്തുണ. ഏറ്റവും പുതിയ റഡാർ സംവിധാനമാണ് പാക്കിസ്ഥാന്റെ കയ്യിലുള്ളത്. പത്താൻകോട്ടിലെ ഉൾപ്പെടെ സേനാകേന്ദ്രങ്ങളെ പാക് വ്യോമസേന ആക്രമിച്ചതും തുടക്കത്തിൽ തന്നെ തിരിച്ചടിയായി.

എന്നാൽ തൊട്ടുപിന്നാലെ വ്യോമാക്രമണത്തിന് അന്നത്തെ പ്രതിരോധ മന്ത്രി വൈ.ബി. ചവാൻ പച്ചക്കൊടി കാണിക്കുകയായിരുന്നു. ഇന്ത്യൻ വ്യോമസേന ഒന്നനങ്ങിയാൽ തങ്ങൾ അറിയുമെന്ന പാക്കിസ്ഥാന്റെ 'റഡാർ അഹങ്കാര'ത്തിന്റെ കണ്ണുവെട്ടിച്ച് അതോടെ ഇന്ത്യൻ ഫൈറ്റർ വിമാനങ്ങൾ പറന്നുയർന്നു. കശ്മീർ താഴ്‌വരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയുള്ള തന്ത്രപരമായ ഇടപെടലാണ് റഡാറിന്റെ കണ്ണുവെട്ടിക്കാൻ സഹായിച്ചത്. പടിഞ്ഞാറൻ അതിർത്തിയിൽ ചെറു നാറ്റുകൾ ഉപയോഗിച്ച് പാക്കിസ്ഥാന്റെ സാബർജെറ്റുകളെ ഇന്ത്യ തകർത്തു. അങ്ങനെ ഇന്ത്യ കരുത്ത് കാട്ടി. ഇന്ദിരാഗാന്ധി 1966 ജനുവരിയിൽ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയെന്ന നിലയിൽ ഇന്ദിരയുടെ ആദ്യനടപടികളിലൊന്ന് വ്യോമസേനാ മേധാവിയുടെ പദവി കരസേനാ മേധാവിക്കൊപ്പം ആക്കുകയായിരുന്നു. അങ്ങനെ അർജൻ നാലു നക്ഷത്രങ്ങളുള്ള എയർ ചീഫ് മാർഷലായി.

2002ൽ അർജനു പഞ്ചനക്ഷത്ര റാങ്കായ 'മാർഷൽ ഓഫ് ദി എയർ ഫോഴ്‌സ്' പദവി നൽകാൻ കാരണക്കാരനായ അന്നത്തെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് ഒരിക്കൽ പറഞ്ഞു: ''എല്ലാവർക്കും പ്രായം കൂടുന്തോറും സൗന്ദര്യം കുറഞ്ഞുവരുന്നു. പക്ഷേ, അർജൻ സാഹിബിനു മാത്രം ഓരോ കൊല്ലം കൂടുന്തോറും സൗന്ദര്യം കൂടിക്കൂടി വരികയാണ്.'' അങ്ങനെ തൊണ്ണൂറ്റെട്ടാം വയസ്സിൽ അതിസുന്ദരനായാണ് അർജൻ അഞ്ചു നക്ഷത്രങ്ങള്ൾ നേടിയത്. കരസേനയിൽ ഫീൽഡ് മാർഷൽ, നാവികസേനയിൽ അഡ്‌മിറൽ ഓഫ് ദ് ഫ്‌ലീറ്റ്, വ്യോമസേനയിൽ മാർഷൽ ഓഫ് ദി എയർ ഫോഴ്‌സ് എന്നിവയാണു പഞ്ചനക്ഷത്രപദവികൾ.

കരസേനയിൽ സാം മനേക് ഷായ്ക്കും കരിയപ്പയ്ക്കും വ്യോമസേനയിൽ അർജനുമാണ് ഇന്നുവരെ ഈ പദവികൾ ലഭിച്ചിട്ടുള്ളത്. ഇന്ത്യപാക്ക് യുദ്ധ മികവിനാണ് 1973ൽ മനേക് ഷായ്ക്കു ഫീൽഡ് മാർഷൽ പദവി നൽകിയത്. വിരമിച്ചശേഷം 1986ൽ കരിയപ്പയെ ഫീൽഡ് മാർഷലാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP