Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർജിക്കുന്ന സിംഹം ബനാത്ത് വാലയ്ക്ക് ശേഷം ദേശീയതലത്തിൽ ലീഗിനെ നയിച്ചുതുടങ്ങി; രണ്ട് യുപിഎ സർക്കാരുകളിൽ വിദേശങ്ങളിൽ ഇന്ത്യയുടെ മുഖമായി; മലബാർ മേഖലയുടെ വികസനങ്ങളിലും കയ്യൊപ്പു വീഴ്‌ത്തിയ ജനനേതാവ്; പാർലമെന്റിൽ കാൽനൂറ്റാണ്ടുപിന്നിട്ട അഹമ്മദ് സാഹിബ് വിടപറയുമ്പോൾ

ഗർജിക്കുന്ന സിംഹം ബനാത്ത് വാലയ്ക്ക് ശേഷം ദേശീയതലത്തിൽ ലീഗിനെ നയിച്ചുതുടങ്ങി; രണ്ട് യുപിഎ സർക്കാരുകളിൽ വിദേശങ്ങളിൽ ഇന്ത്യയുടെ മുഖമായി; മലബാർ മേഖലയുടെ വികസനങ്ങളിലും കയ്യൊപ്പു വീഴ്‌ത്തിയ ജനനേതാവ്; പാർലമെന്റിൽ കാൽനൂറ്റാണ്ടുപിന്നിട്ട അഹമ്മദ് സാഹിബ് വിടപറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആയിരക്കണക്കിന് ജനപ്രതിനിധികൾ വന്നെത്തി പടിയിറങ്ങിപ്പോയ ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ഗർജിക്കുന്ന സിംഹമായി അറിയപ്പെട്ട നേതാവായിരുന്നു ജിഎം ബനാത്ത് വാല. പണ്ഡിതനെന്ന നിലയിലും വാഗ്മിയെന്ന നിലയിലും ഭാഷാപരമായ ഇടപെടലുകൾ കൊണ്ടും മനുഷ്യ്‌സ്‌നേഹിയെന്ന നിലയിലും വേറിട്ടുനിന്ന അദ്ദേഹം 1984ലെ ലോക്‌സഭാ കാലത്ത് രാജ്യത്തെ മികച്ച പത്ത് പാർലമെന്റേറിയന്മാരിൽ ഒരാളായി.

ന്യൂനപക്ഷങ്ങളുടെ ശബ്ദമായി, അവർക്കുവേണ്ടി ഗർജിക്കുന്ന സിംഹമായി നിന്ന ബനാത്ത് വാലയ്ക്കുശേഷം മുസഌംലീഗിനെ നയിക്കാനുള്ള ചുമതല വന്നുചേർന്നത് ഇ അഹമ്മദിലാണ്. ബനാത്ത് വാലയ്ക്ക് പുറമെ തന്റെ മുൻഗാമികളായ ഖാഇദേമില്ലത്തിന്റെയും പോക്കർ സാഹിബിന്റെയും സിഎച്ചിന്റെയും പാത പിൻതുടരാൻ നിയോഗിക്കപ്പെട്ട ഇ അഹമ്മദ് പാർട്ടിയുടെ ദേശീയ ശബ്ദമായി ഇത്രയും കാലം ശക്തിദുർഗമായി നിലകൊണ്ടു.

പൂർവ്വകാല നേതാക്കളിൽ നിന്നും ആർജ്ജിച്ച പരിശീലനവും, പുതിയ തലമുറയിൽ നിന്നുള്ള ആവേശം ഉൾക്കൊണ്ട് പ്രവർത്തകരെ സജീവമാക്കാൻ കഴിഞ്ഞിരുന്നു അഹമ്മദിന്. ജനാധിപത്യ കേരളത്തിൽ നിറസാന്നിധ്യമായി നിന്ന കെ.എം. സീതി സാഹിബിന്റ ശിഷ്യൻ എന്ന നിലയിലൂടെ പാകപ്പെടുത്തിയതാണ് അഹമ്മദ് സാഹിബിന്റെ പൊതു പ്രവർത്തനരീതി.

വിദ്യാർത്ഥി ജീവിതകാലം മുതൽ രാഷ്ട്രീയത്തെ കൂടെ കൊണ്ടുനടന്ന അഹമ്മദ് ലീഗിന്റെ അഞ്ചാം പ്രസിഡന്റായാണ് സ്ഥാനമേറ്റത്. തൊട്ടതെല്ലാം പൊന്നാക്കിയതെന്നു പറയാവുന്ന പാരമ്പര്യത്തിന്റ ഉടമയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചിരുന്ന നേതൃത്വവുമായി വളരെ അടുത്തു പ്രവർത്തിച്ച അഹമ്മദിനെ അവരിൽ നിന്നുള്ള പരിശീലനമാണ് മികച്ച രാഷ്ട്രീയപ്രവർത്തകനാക്കി മാറ്റിയതെന്നു പറയാം.

മുസ്‌ലിം ലീഗിന്റെ ദേശീയ അദ്ധ്യക്ഷൻ ഇ. അഹമ്മദിനെ കേരളം പാർലമെന്റിലേക്ക് പറഞ്ഞയച്ചിട്ട് 25 വർഷം തികഞ്ഞത് ഇക്കഴിഞ്ഞ വർഷം ജൂലായിലാണ്. ഇബ്രാഹിം സുലൈമാൻ സേട്ടിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ഒരേയൊരാൾ ആയിരുന്നു അദ്ദേഹം. 2014 ലെ തിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടത് റെക്കോർഡ് ഭൂരിപക്ഷത്തോടെയായിരുന്നു.

1,94,739 വോട്ടുകളാണ് കൂടുതലായി അഹമ്മദ് സ്വന്തമാക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. കാലത്ത് വോട്ടുകളെണ്ണിയത് മൂതൽ അവസാനിക്കുന്നതു വരെയും ലീഡ് ഉയർത്തിക്കൊണ്ടേയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1,15,597 ആയിരുന്നു അഹമ്മദിന്റെ ലീഡ്.

യുപിഎയുടെ രണ്ട് സർക്കാറിലും മന്ത്രിയെന്ന നിലയിൽ നടത്തിയ സേവനങ്ങൾ പ്രകീർത്തിക്കപ്പെട്ടു. അഹമ്മദിന്റെ മിടുക്ക് ദർശിച്ചാണ് ഓരോ ഘട്ടത്തിലും വിദേശരാജ്യ സമ്മേളനങ്ങളിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അഹമ്മദിനെ നിയോഗിച്ചത്. മലപ്പുറത്തും പൊന്നാനിയിലും വികസന മുന്നേറ്റമുണ്ടാക്കാൻ അഹമ്മദിന് കഴിഞ്ഞു. കരിപ്പൂർ വിമാന താവളം വികസനം. മഞ്ചേരി എഫ്എം സ്റ്റേഷൻസ്ഥാപനം തുടങ്ങിയവയിലും അദ്ദേഹത്തിന്റ കയ്യൊപ്പുണ്ട്.

പാർലമെന്റ് അഷ്വറൻസ് കമ്മിറ്റി, ഫുഡ് മാനേജ് മെന്റ് കമ്മിറ്റി ഉൾപ്പെടെ വിവിധ കമ്മിറ്റികളിൽ ചെയർമാനായും ശോഭിച്ചു. ഒന്നാം യുപിഎ സർക്കാറിൽ വിദേശകാര്യ സഹ മന്ത്രിയായ ഉടൻ മലപ്പുറത്ത് പാസ്‌പോർട്ട് ഓഫീസ് അനുവദിച്ചു. പാസ്‌പോർട്ട് സേവാകേന്ദ്രം തുടങ്ങി.

അലീഗഡ് സർവകലാശാലയുടെ മലപ്പുറം ഓഫ് കാമ്പസ് ചേലാമലയിൽ യാഥാർത്ഥ്യമാക്കി. മലപ്പുറത്ത് ഇഫൽ കാമ്പസ്, കാസർകോട് കേന്ദ്രസർവകലാശാല കാമ്പസ്, ശ്രദ്ധേയമാണ്. കേന്ദ്രസർക്കാറിന്റെ മോഡൽകോളജ് സ്ഥാപിക്കാൻ മലപ്പുറത്തെ തെരഞ്ഞെടുത്തു. ഹാജിമാരുടെ ചിരകാല സ്വപ്‌നമായ കരിപ്പൂർ ഹജ്ജ് ഹൗസ് യാഥാർത്ഥ്യമാക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചു. റെയിൽവെ മന്ത്രിയായപ്പോൾ 19 മാസം കൊണ്ട് കേരളത്തിന് 19 ട്രെയിനുകൾ അനുവദിച്ചു. ജില്ലയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളും വികസിപ്പിക്കാൻ അഹമ്മദിന് കഴിഞ്ഞു.

നിരവധി ട്രെയിനുകൾക്ക് ജില്ലയിൽ സ്‌റ്റോപ്പ് അനുവദിച്ചു. കോട്ടയം വഴിക്കും ആലപ്പുഴ വഴിക്കും കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ജനശതാബ്ദി എക്സ്‌പ്രസ്സുകൾ, നിലമ്പൂരിലേക്ക് രാജ്യറാണി എക്സ്‌പ്രസ്സ്, നാഗർകോവിൽ നിന്ന് മംഗലാപുരത്തേക്ക് ഏറനാട് എക്സ്‌പ്രസ്സ് തുടങ്ങിയവ പൂവണിഞ്ഞ ചിരകാല സ്വപ്‌നങ്ങളാണ്. കോഴിക്കോട്, എറണാംകുളം, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. ഇതെല്ലാം നാട്ടിൽ നടത്തിയ പ്രവർത്തനങ്ങൾ.ഇതിനപ്പുറത്ത് പ്രവാസിക്ഷേമത്തിനായും ഇന്ത്യയിലേക്ക് നിരവധി വിദേശ രാഷ്ട്ര നേതാക്കളെയും ഭരണാധികാരികളേയും അടുപ്പിക്കാനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP